ഓഹരിവിലയിലെ വളർച്ചയും തളർച്ചയും കമ്പനിയുടെ സാമ്പത്തികസ്ഥിതിയെ എങ്ങനെ ബാധിക്കും?​

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന കമ്പനികളുടെ ഓഹരികളില്‍ ലാഭനഷ്ടങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് കമ്പനിയെ എങ്ങനെയാണ് ബാധിക്കുക?

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഓഹരികള്‍ നിക്ഷേപകര്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ അത് ഫലത്തില്‍ ഓഹരിവിലയില്‍ കയറ്റിറക്കങ്ങളുണ്ടാക്കുന്നു. എന്നാല്‍, ഇത് കമ്പനിയുടെ സാമ്പത്തികസ്ഥിതിയെ നേരിട്ട് ബാധിക്കില്ല.
നിക്ഷേപകരുടെ ലാഭവും നഷ്ടവും ഓഹരിവിലയിലെ മാറ്റത്തിന് അനുസരിച്ചാണ് നിര്‍ണയിക്കപ്പെടുക. നിക്ഷേപ തീരുമാനങ്ങളും ഇതിനെ സ്വാധീനിക്കും. പക്ഷേ, ഇതൊന്നും കമ്പനിയുടെ ദൈനംദിന സാമ്പത്തികസ്ഥിതിയെ ബാധിക്കുന്ന കാര്യങ്ങളല്ല.
കമ്പനിയുടെ ലാഭക്ഷമത നിര്‍ണയിക്കപ്പെടുന്നത് അതിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമായാണ്. വില്‍പന വരുമാനം, ചെലവ് നിയന്ത്രണം, ഉത്പന്ന വിപുലീകരണം, വിപണിയിലെ സാന്നിദ്ധ്യം തുടങ്ങിയവയിലൂടെയാണ് കമ്പനികള്‍ ലാഭം നേടുന്നത്. കമ്പനിയുടെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി ഓഹരിവിലയില്‍ കയറ്റിറക്കങ്ങളുണ്ടാകും. നിക്ഷേപകര്‍ക്ക് കമ്പനിയോടുള്ള താത്പര്യത്തെയും ഓഹരിവിലയിലെ കയറ്റിറക്കങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഓഹരിവില ചിലപ്പോഴൊക്കെ പരോക്ഷമായി കമ്പനിയുടെ ലാഭക്ഷമതയെ ബാധിക്കാറുണ്ട്. അവ എന്തെന്ന് നോക്കാം.
1. നിക്ഷേപക താത്പര്യവും മൂലധന സമാഹരണവും - ഓഹരിവിലയിലെ ഉണര്‍വ് നിക്ഷേപകര്‍ക്കിടയില്‍ കമ്പനിയെ സംബന്ധിച്ച് നല്ല മതിപ്പ് സൃഷ്ടിക്കാന്‍ വഴിയൊരുക്കും. ഓഹരിവില സ്ഥിരതയോടെ മെച്ചപ്പെടുമ്പോള്‍, ആ ഓഹരി ദീര്‍ഘകാലം കൈവശം വയ്ക്കാനും നിക്ഷേപകന്‍ തയ്യാറാകും. ഇത് മികച്ചതലത്തില്‍ മൂലധനം സമാഹരിക്കാന്‍ കമ്പനിക്ക് സഹായകമാകും.
അതായത്,​ ഫോളോ ഓൺ പബ്ലിക് ഓഫർ (എഫ്.പി.ഒ) വഴിയോ അവകാശ ഓഹരി (Rights Issue) വഴിയോ കമ്പനി മൂലധനം സമാഹരിക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ നിക്ഷേപക പങ്കാളിത്തം ഉറപ്പാക്കാൻ ഓഹരികളുടെ പ്രകടനമികവ് സഹായിക്കും. കൂടുതൽ ഉയർന്ന സമാഹരണം നടത്താൻ കമ്പനിക്ക് ഇത് സഹായകവുമാകും. പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനും വിപണി വിപുലീകരിക്കാനും ഇത് സഹായിക്കും.
2. കോസ്റ്റ് ഓഫ് കാപ്പിറ്റല്‍ - ഓഹരിവില മെച്ചപ്പെട്ട് നില്‍ക്കുകയാണെങ്കില്‍ കൂടുതല്‍ മൂലധനം മികച്ചനിരക്കിൽ സമാഹരിക്കാന്‍ കമ്പനിക്ക് സാധിക്കും. കമ്പനിയുടെ പ്രവര്‍ത്തനം മെച്ചമാണെന്ന വിലയിരുത്തലോടെ ബാങ്കുകളും മറ്റും കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കും. അതേസമയം, ഓഹരിവില ഇടിവിലാണുള്ളതെങ്കില്‍ മൂലധന സമാഹരണം കഠിനമാകും. പലിശഭാരവും കൂടുതലായിരിക്കും.
3. ഓഹരി കറന്‍സി! - ഒരു കമ്പനി മറ്റൊന്നിനെ ഏറ്റെടുക്കാന്‍ തീരുമാനിച്ചുവെന്നിരിക്കട്ടെ. ഓഹരികള്‍ മികച്ച നിലയിലാണെങ്കില്‍ പണത്തിന് പകരം സ്റ്റോക്ക് (ഓഹരി) ഉപയോഗിച്ച് തന്നെ ഏറ്റെടുക്കല്‍ നടത്താം. ഇത് കറന്‍സിയായി സ്റ്റോക്കിനെ ഉപയോഗിക്കുന്നതിന് സമാനമാണ്.
4. എംപ്ലോയീ സ്റ്റോക്ക്-ബേസ്ഡ് കോമ്പന്‍സേഷന്‍ - കമ്പനികളുടെ എംപ്ലോയീ സ്റ്റോക്ക് ഓപ്ഷനെയും ഇക്വിറ്റി അധിഷ്ഠിത വേതനത്തെയും ഓഹരിവിലയിലെ കയറ്റിറക്കം ബാധിക്കാറുണ്ട്. ഓഹരിവില കൂടുമ്പോള്‍ ഇത്തരം ഇന്‍സെന്റീവുകളും ഉയരും. ഇത് ജീവനക്കാര്‍ക്ക് വലിയ പ്രോത്സാഹനമാകും. കമ്പനിയുടെ ഉത്പാദനക്ഷമത മെച്ചപ്പെടുത്താനായി കൂടുതല്‍ ഉഷാറോടെ പ്രവര്‍ത്തിക്കാന്‍ ഇത് ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കമ്പനിയുടെ ലാഭക്ഷമത കൂടാനും ഇത് സഹായിക്കും.
എന്താണ് പി ആന്‍ഡ് എല്‍?
ലാഭവും നഷ്ടവും അഥവാ പ്രോഫിറ്റ് ആന്‍ഡ് ലോസ് ആണ് പി ആന്‍ഡ് എല്‍ എന്നറിയപ്പെടുന്നത്. കമ്പനിയുടെ പ്രവര്‍ത്തനക്ഷമത വ്യക്തമാക്കുന്ന സുപ്രധാനമായ സൂചികയാണിത്.
മാസം, ത്രൈമാസം, അര്‍ദ്ധവര്‍ഷം, വാര്‍ഷം എന്നിങ്ങനെ കാലയളവില്‍ കമ്പനി ലാഭമോ നഷ്ടമോ രേഖപ്പെടുത്തിയോ എന്ന് പി ആന്‍ഡ് എല്‍ റിപ്പോര്‍ട്ടിലൂടെ മനസിലാക്കാം.
പി ആന്‍ഡ് എല്‍ കണക്കാക്കാനും ചില മാനദണ്ഡങ്ങളുണ്ട്. അവ പരിശോധിക്കാം.
1. വരുമാനം/വില്‍പന : പ്രാഥമിക പ്രവര്‍ത്തനങ്ങളിലൂടെ അഥവാ ഉത്പന്ന/സേവന വില്‍പനയിലൂടെ കമ്പനി നേടുന്ന തുകയാണിത്.
2. ഉത്പന്നങ്ങളുടെ സാമ്പത്തികച്ചെലവ് (Cost of Goods Sold/C.O.G.S) : ഉത്പന്നം നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നത് വരെ കമ്പനിക്കുണ്ടാകുന്ന ചെലവാണ് കോസ്റ്റ് ഓഫ് ഗുഡ്‌സ് സോള്‍ഡ് (സി.ഒ.ജി.എസ്).
3. ഗ്രോസ് പ്രോഫിറ്റ് (Gross Profit) : വരുമാനത്തില്‍ നിന്ന് സി.ഒ.ജി.എസ് കുറയ്ക്കുമ്പോള്‍ കിട്ടുന്ന തുകയാണിത്. കമ്പനിയുടെ മറ്റ് ബാദ്ധ്യതകള്‍ കിഴിക്കാതെയുള്ളതാണ് ഈ തുക.
4. പ്രവര്‍ത്തനച്ചെലവ് (Operating Expenses): ജീവനക്കാരുടെ ശമ്പളം, വാടക, മാര്‍ക്കറ്റിംഗ് ചെലവ്, അഡ്മിനിസ്‌ട്രേറ്റീവ് ചെലവ്, യൂട്ടിലിറ്റി ചെലവ് തുടങ്ങിയ ചെലവുകളിലാണിത്. ഗ്രോസ് പ്രോഫിറ്റിൽ നിന്ന് ഇത് കുറച്ചാണ് പ്രവര്‍ത്തനലാഭം (Operating Profit) കണക്കാക്കുന്നത്. ഇതില്‍ നിന്ന് കമ്പനിയുടെ പലിശ, നികുതി തുടങ്ങിയ ബാദ്ധ്യതകള്‍ കുറച്ചിട്ടുണ്ടാകില്ല.
5. പ്രവര്‍ത്തനേതര വരുമാനം/ചെലവ് (Non-Operating Income and Expenses): കമ്പനിയുടെ പ്രധാന വരുമാന സ്രോതസില്‍ നിന്നുള്ളത് പുറമേയുള്ള വരുമാനമാണ് പ്രവര്‍ത്തനേതര വരുമാനം. ഉദാഹരണത്തിന് നിക്ഷേപസമാഹരണം.
പ്രവര്‍ത്തനത്തിന് പുറമേയുണ്ടാകുന്ന ബാദ്ധ്യതകളാണ് പ്രവര്‍ത്തനേതര ചെലവ്. പലിശച്ചെലവ്, നിക്ഷേപത്തില്‍ നിന്നുള്ള നഷ്ടം, വിദേശനാണ്യ വിനിമയത്തിലെ ഇടിവ് വഴിയുള്ള നഷ്ടം തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്.
6. അറ്റാദായം/അറ്റനഷ്ടം (Net Profti/loss/Net Income) : കമ്പനിയുടെ പ്രവര്‍ത്തന ലാഭവും പ്രവര്‍ത്തനേതര വരുമാനവും കൂട്ടിച്ചേര്‍ത്തശേഷം അതില്‍നിന്ന് പ്രവര്‍ത്തനേതര ചെലവ്, നികുതി തുടങ്ങിയ ബാദ്ധ്യതകള്‍ കുറയ്ക്കുമ്പോള്‍ കിട്ടുന്ന തുകയാണിത്.
തുക പോസിറ്റീവ് ആണെങ്കില്‍ കമ്പനി ആ പ്രത്യേക കാലയളവില്‍ ലാഭം നേടിയെന്നും നെഗറ്റീവ് ആണെങ്കിലും നഷ്ടത്തിലാണെന്നും വിലയിരുത്താം. നമുക്കൊരു ഉദാഹരണം നോക്കാം.
എ.ബി.സി എന്ന കമ്പനിയുടെ 2022-23ലെ പ്രകടനം സാങ്കല്‍പികമായി വിലയിരുത്താം.
കമ്പനിയുടെ വരുമാനം : 50 ലക്ഷം രൂപ.
സി.ഒ.ജി.എസ് : 18 ലക്ഷം രൂപ.
അപ്പോള്‍ ഗ്രോസ് പ്രോഫിറ്റ് : 32 ലക്ഷം രൂപ. (50 ലക്ഷം-18 ലക്ഷം)​
പ്രവര്‍ത്തനച്ചെലവ് : 17 ലക്ഷം രൂപ.
അപ്പോള്‍ പ്രവര്‍ത്തനലാഭം : 15 ലക്ഷം രൂപ. (32 ലക്ഷം-17 ലക്ഷം)​
പ്രവര്‍ത്തനേതര വരുമാനം : 2 ലക്ഷം രൂപ.
അതായത് ഇപ്പോള്‍ ലാഭം : 17 ലക്ഷം രൂപ. (15 ലക്ഷം+2 ലക്ഷം)​
പ്രവര്‍ത്തനേതരച്ചെലവ് : 50,000 രൂപ.
ഇത് കിഴിച്ചുള്ള ലാഭം : 16.50 ലക്ഷം രൂപ. (17 ലക്ഷം-50,​000)​
നികുതിബാദ്ധ്യത : 6.50 ലക്ഷം രൂപ.
ഇതുകൂടി കിഴിച്ചുള്ള ലാഭം : 10 ലക്ഷം രൂപ. (16.50 ലക്ഷം-6.50 ലക്ഷം)​
ഇതാണ് കമ്പനിയുടെ അറ്റാദായം.
എന്താണ് പി ആന്‍ഡ് എല്‍ എന്ന് മനസിലാക്കാന്‍ സാങ്കല്‍പികമായി എ.ബി.സി എന്നൊരു കമ്പനിയുണ്ടെന്ന് കല്‍പ്പിച്ചുള്ള ഉദാഹരണമാണിത്. ഒരു കമ്പനിയുടെ പി ആന്‍ഡ് എല്‍ നിര്‍ണയത്തില്‍ ചിലപ്പോള്‍ ഇതിലും കടുപ്പമേറിയ കണക്കുകള്‍ ഉണ്ടായേക്കാം.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it