സ്വര്‍ണമോ ഓഹരി വിപണിയോ, 2023ല്‍ കൂടുതല്‍ നേട്ടം നല്‍കിയ നിക്ഷേപമേത്‌?

നിക്ഷേപ ലോകത്തെ സംബന്ധിച്ച് ഏറെ സംഭവ ബഹുലമായ വര്‍ഷമായിരുന്നു 2023. വലിയ വീഴ്ചകളും കയറ്റിറക്കങ്ങളും ദേശീയവും അന്തര്‍ദേശീയവുമായ പ്രശ്‌നങ്ങളുമൊക്കെ നിറഞ്ഞു നിന്ന വര്‍ഷം. പണപ്പെരുപ്പവും പലിശ ഭീതിയും റഷ്യ-യുക്രെയിന്‍, ഇസ്രായേല്‍-ഹമാസ് യുദ്ധങ്ങളുമൊക്കെ ആശങ്കയും ഭീഷണിയും സമ്മാനിച്ചെങ്കിലും റെക്കോഡുകള്‍ മറികടന്ന് ഓഹരി വിപണിയും സ്വര്‍ണ വിപണിയും പരസ്പരം മത്സരിച്ച് മുന്നേറുന്ന കാഴ്ചയാണുണ്ടായത്. നേട്ടത്തിന്റെ കണക്കെടുക്കുമ്പോള്‍ പക്ഷേ ഇതിലേതാണ് മെച്ചമെന്നാണ് നിക്ഷേപകര്‍ ഇപ്പോള്‍ നോക്കുന്നത്.

അതിവേഗം ബഹുദൂരം

സെന്‍സെക്‌സിന്റെ കുതിപ്പ് പ്രതീക്ഷകളെയും മറികടക്കുന്നതായിരുന്നു. 2023ന്റെ തുടക്കത്തില്‍ 60,840 പോയിന്റിലായിരുന്നു സെന്‍സെക്‌സ്. ഇപ്പോഴുള്ളത് 72,240 പോയിന്റില്‍. 18.74 ശതമാനമാണ് വളര്‍ച്ച. ഡിസംബര്‍ 28ന് കുറിച്ച 72,484 പോയിന്റാണ് റെക്കോഡ്.

2023ലെ സെൻസെക്സ്, നിഫ്റ്റി എന്നിവയുടെ നേട്ടം

നിഫ്റ്റിയാകട്ടെ 18,105ല്‍ നിന്ന് 20.03 ശതമാനം ഉയര്‍ന്ന് 21,731ലെത്തി. നിഫ്റ്റിയുടെ റെക്കോഡും ഡിസംബര്‍ 28ലെ 21,801 ആണ്.

സാധാരണ ഓഹരി വിപണിയുടെ പ്രകടനം വിലയിരുത്താന്‍ നിഫ്റ്റിയും സെന്‍സെക്‌സുമാണ് നോക്കാറുള്ളത്. എന്നാല് ഈ വര്‍ഷം അത് മാത്രം നോക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാകും. വിശാല വിപണിയും മികച്ച വളര്‍ച്ചയാണ് കാഴ്ചവച്ചത്. നിഫ്റ്റി മിഡ്‌ ക്യാപ് 100 ഈ വര്‍ഷത്തിന്റെ തുടക്കത്തിലെ 31,509.10 പോയിന്റില്‍ നിന്ന് 46.57 ശതമാനം ഉയര്‍ന്ന് 31,509 പോയിന്റിലെത്തി. ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്ന മിഡ്ക്യാപ് ഓഹരികളുടെ നേട്ടം കാണിക്കുന്ന സൂചികയാണ് നിഫ്റ്റി മിഡ് ക്യാപ് 100. സ്‌മോള്‍ ക്യാപ് 100 ആകട്ടെ 55.62 ശതമാനം ഉയര്‍ന്ന് 15,143.65 പോയിന്റിലും.

മിന്നിത്തിളങ്ങി മഞ്ഞലോഹം

സ്വര്‍ണത്തെ സംബന്ധിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു 2023. യു.എസില്‍ അടുത്ത വര്‍ഷമാദ്യം പലിശ നിരയ്ക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും യുക്രെയിന്‍ യുദ്ധവും ഗള്‍ഫ് രാജ്യങ്ങളിലെ സംഘര്‍ഷാവസ്ഥയുമൊക്കെയാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തിയത്.

സ്‌പോട്ട് ഗോള്‍ഡ് ഈ വര്‍ഷം ഇത് വരെ 14 ശതമാനം വളര്‍ച്ചയാണ് നേടിയത്. 2020 മുതലുള്ള ഏറ്റവും ഉയര്‍ന്ന വാര്‍ഷിക നേട്ടമാണിത്.


2023ലെ വിവിധ മാസങ്ങളിലെ സ്വര്‍ണവില

ഓരോ മാസവുമെന്നപോലെ പുതിയ റെക്കോഡിട്ടാണ് കേരളത്തില്‍ സ്വര്‍ണ വിലയും 2023 കടന്നു പോന്നത്. ജനുവരി ഒന്നിന് പവന് 40,360 രൂപയായിരുന്ന സ്വര്‍ണ വില ഇപ്പോള്‍ എത്തി നില്‍ക്കുന്നത് 46,840 രൂപയില്‍. 16.1 ശതമാനമാണ് ഉയര്‍ച്ച. ഡിസംബര്‍ 28ന് 47,120 രൂപയെന്ന റെക്കോഡും പിന്നിട്ടിരുന്നു. 2023 ഏപ്രില്‍ 14നാണ് സ്വര്‍ണം ആദ്യമായി 45,000 രൂപ മറികടന്നത്. നവംബറില്‍ അത് 46,000വും ഡിസംബറില്‍ 47,000വും പിന്നിട്ടു. പക്ഷെ, ഓഹരി വിപണിയുമായി നോക്കുമ്പോള്‍ രണ്ട് ശതമാനത്തോളം താഴെയാണ് സ്വര്‍ണത്തിന്റെ പ്രകടനം.
മുന്നേറ്റത്തിന് കാരണം
കൊവിഡ് കാലത്തിനു ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപകരുടെ വിശ്വാസം വര്‍ധിച്ചതാണ് ഓഹരി വിപണിയുടെ കുതിപ്പ് പ്രധാന കാരണം. ഡിസംബറില്‍ വരെ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് പണമൊഴുക്കികൊണ്ടേയിരുന്നു. സാധാരണ ഗതിയിൽ വര്ഷം അവസാനിക്കുമ്പോൾ ലാഭമെടുക്കലിലേക്കാണ് നിക്ഷേപാർ നീങ്ങാറുള്ളത്. മാത്രമല്ല ഉയര്‍ന്ന റിട്ടേണ്‍ പ്രതീക്ഷിച്ച് താരതമ്യേന സുരക്ഷിതമായ മറ്റു നിക്ഷേപങ്ങളില്‍ നിന്ന് കൂടുതൽ നിക്ഷേപാർ ഓഹരി വിപണിയിലേക്ക് നീങ്ങുകയും ചെയ്തു.
ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ സജീവ വാങ്ങലുകാരായി നിന്നതും വിപണിക്ക് ഗുണമായി. ജി.ഡി.പി വളര്‍ച്ച, പണപ്പെരുപ്പം കുറയുന്നത്, പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന സുചനകള്‍, കേന്ദ്രത്തില്‍ അധികാര തുടര്‍ച്ചയുണ്ടായേക്കാമെന്ന വിലയിരുത്തലുകള്‍, കമ്പനികളുടെ മെച്ചപ്പെട്ട പ്രവര്‍ത്തന ഫലങ്ങള്‍, ഐ.പി.ഒയുമായെത്തിയ കമ്പനികള്‍ക്ക് ലഭിച്ച സ്വീകരണം എന്നിവയും കുതിപ്പിന് കാരണമായി. നിലവിലെ ആഗോള സാമ്പത്തിക സാഹചര്യങ്ങളില്‍ 2024ലും ഓഹരി വിപണി മുന്നേറ്റം തുടരുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചനകള്‍.

(Past performance is not indicative of future returns. Equity investing is subject to market risk. Always do your own research or consult a financial expert before investing)

Related Articles
Next Story
Videos
Share it