ഇന്ത്യ: ലോകസംഘര്‍ഷങ്ങള്‍ക്കിടെ ഉദിച്ചുയരുന്ന ജേതാവ്

യുക്രെയ്‌നിലെ ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷം ഓഹരി വിപണി ഡിസ്‌കൗണ്ട് ചെയ്തുകഴിഞ്ഞതായാണ് സൂചന. ഈ സംഘര്‍ഷം ഉടലെടുത്ത ആദ്യനാളുകളില്‍ വിപണിയില്‍ പരിഭ്രാന്തി ഉടലെടുത്തിരുന്നുവെന്നത് വാസ്തവമാണ്. അത് ഞങ്ങളെ പോലുള്ള വാല്യു ഇന്‍വെസ്‌റ്റേഴ്‌സിന് നല്ല സ്‌റ്റോക്കുകള്‍ ഡിസ്‌കൗണ്ടില്‍ വാങ്ങാനുള്ള അവസരവുമായി. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അതില്‍ നിന്നേറെ പുരോഗമിച്ചു. നിഫ്റ്റി അതിന്റെ സര്‍വകാല റെക്കോര്‍ഡില്‍ നിന്ന് നേര്‍ത്ത അകലത്തില്‍ മാത്രമാണ് നില്‍ക്കുന്നത്. സ്‌റ്റോക്ക് മാര്‍ക്കറ്റ് അതിന്റെ പ്രകടനത്തിലൂടെ പറയുന്നത്; നിലവിലുള്ള ആഗോള ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ത്യ ജേതാവായി ഉയര്‍ന്നുവരുന്നുവെന്നതാണ്. പാശ്ചാത്യ ശക്തികളും റഷ്യ/ചൈന ചേരികളും ഇന്ത്യയെ അവരവരുടെ ഭാഗത്ത് നിര്‍ത്താന്‍ മത്സരിക്കുകയാണ്. ഇത് ഗ്ലോബല്‍ ലീഡര്‍ എന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനവും ഉദിച്ചുയരുന്ന ആഗോള സൂപ്പര്‍ പവര്‍ എന്ന വസ്തുതയുമാണ് ഉറക്കെ വിളിച്ചുപറയുന്നത്.

ഇന്ത്യ ഏറ്റവും അനുകൂലമായ ഘടകങ്ങളുടെ മധ്യത്തിലാണ്. യുക്രെയ്ന്‍ സംഘര്‍ഷവും ലോകരാജ്യങ്ങള്‍ പിന്തുടരുന്ന 'ചൈന പ്ലസ് വണ്‍' ശൈലിയും ഇന്ത്യയ്ക്ക് ഗുണകരമായിട്ടേയുള്ളൂ. കഴിഞ്ഞ ദശാബ്ദത്തില്‍ നാം ഒട്ടനവധി വെല്ലുവിളികളും ഡിസ്‌റപ്ഷനുകളും അഭിമുഖീകരിച്ചു. എന്‍ പി എ പ്രശ്‌നം, ജിഎസ്ടി നടപ്പാക്കലിനെ തുടര്‍ന്നുണ്ടായ കീഴ്‌മേല്‍മറിക്കലുകള്‍, നോട്ട് പിന്‍വലിക്കല്‍ അങ്ങനെ പലതും. അവ മൂലമുണ്ടായ താല്‍ക്കാലിക പ്രശ്‌നങ്ങളെയെല്ലാം നാം പിന്നിട്ടുകഴിഞ്ഞു. ജിഎസ്ടി പോലുള്ള പരിഷ്‌കാര നടപടികളും പിഎല്‍ഐ സ്‌കീം പോലുള്ള നയങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിന് നല്‍കുന്ന ഊന്നലും - അത് സമര്‍പ്പിത ട്രെയ്ന്‍ ചരക്ക് ഗതാഗത ഇടനാഴിയാകട്ടേ, എക്‌സ്പ്രസ് ഹൈവേയാകട്ടേ, ദേശീയപാതകളാകട്ടേ, ഇവയെല്ലാം രാജ്യത്തെ അടുത്തതലത്തിലേക്ക് ഉയര്‍ത്താനുള്ള ത്വരകങ്ങളായിരിക്കുന്നു.

നിരവധി ആളുകള്‍ പിഎല്‍ഐ സ്‌കീമിനെ വിലകുറച്ച് കാണുന്നുണ്ട്. ശരിയായ സമയത്ത് ശരിയായ രീതിയില്‍ ഫലപ്രദമായി നടപ്പാക്കപ്പെട്ട പദ്ധതിയാണിത്. ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിച്ച ആദ്യവര്‍ഷം തന്നെ 10,000 കോടി രൂപയുടെ ഐഫോണുകള്‍ ഇവിടെ നിന്ന് കയറ്റുമതി ചെയ്യുമെന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ? ചരിത്രത്തില്‍ ആദ്യമായി ഒരു വര്‍ഷത്തില്‍ നമ്മുടെ ചരക്ക് കയറ്റുമതി 400 ബില്യണ്‍ യുഎസ് ഡോളര്‍ കടന്നു. ഇത് വലിയൊരു നേട്ടമാണ്. ചരിത്രത്തിലാദ്യമായി മാനുഫാക്ചറിംഗ് എക്‌സ്‌പോര്‍ട്ടും നിര്‍ണായകമായ സംഖ്യയിലെത്തിയിരിക്കുന്നു.

കമോഡിറ്റികളുടെ കാര്യത്തിലുള്ള ഹ്രസ്വകാല വെല്ലുവിളികള്‍ക്കും ക്രൂഡ് ഓയ്ല്‍ വില വര്‍ധനവിനും അപ്പുറം വലിയ അവസരങ്ങളാണ് മുന്നിലുള്ളത്. നമ്മുടെ അടിസ്ഥാനഘടകങ്ങള്‍ കരുത്തുറ്റതാണ്. ജിഎസ്ടി നടപ്പാക്കല്‍, മുന്‍പെന്നത്തേക്കാളും മെച്ചപ്പെട്ടതും തടസ്സങ്ങള്‍ കുറഞ്ഞതുമായ കണക്റ്റിവിറ്റി, ശരിയായ നയങ്ങള്‍ എന്നിവ ഒത്തുചേര്‍ന്നത് ആഭ്യന്തര സപ്ലെയുടെ സാധ്യതകള്‍ പൂര്‍ണമായും പുറത്തെടുക്കാന്‍ സഹായകരമായിട്ടുണ്ട്.

ഇത് വിലക്കയറ്റ സമര്‍ദ്ദത്തെ ഒരു പരിധിവരെ തടഞ്ഞേക്കും. കാര്‍ഷിക ബില്ലുകള്‍ കൂടി പാസാക്കപ്പെട്ടിരുന്നുവെങ്കില്‍ ഭക്ഷ്യവിലക്കയറ്റം കുറച്ചെങ്കിലും തടയാന്‍ അത് ഉപകരിച്ചേനെ. എങ്ങനെയായാലും, ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കാര്‍ഷിക ബില്ലുകളെ എതിര്‍ത്ത കക്ഷികളുടെ പരാജയം ഈ ബില്ലുകള്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പുനഃരവതരിപ്പിക്കാനുള്ള അവസരവും തുറന്നുതരുന്നുണ്ട്.

പലരും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ 1.5 ലക്ഷം കോടി രൂപയുടെ വില്‍പ്പന വലിയൊരു കാര്യമായാണ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. എന്നാല്‍ ഞാന്‍ പറയട്ടേ, രാജ്യത്തെ റീറ്റെയ്ല്‍ നിക്ഷേപകരുടെ സാധ്യത കണക്കിലെടുക്കുമ്പോള്‍ ഇതൊരു ചെറിയ സംഖ്യ മാത്രമാണ്. വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഇത്ര വലിയ വില്‍പ്പന അത്രമാത്രം ബാധിക്കാതിരുന്നതിന് കാരണം റീറ്റെയ്ല്‍ നിക്ഷേപകരുടെ പ്രാതിനിധ്യവും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും വാങ്ങലും കാരണമാണ്. പ്രതിമാസ എസ് ഐ പി ഒഴുക്ക് തന്നെ 12,300 കോടി രൂപ കവിഞ്ഞു.

അതുപോലെ തന്നെ റീറ്റെയ്ല്‍ നിക്ഷേപകരുടെ പങ്കാളിത്തത്തെയും വിലകുറച്ച് കാണാനാവില്ല. 2019ലെ 3.6 കോടി എക്കൗണ്ടില്‍ നിന്ന് ഇപ്പോള്‍ ഒന്‍പത് കോടി എന്ന നിലയിലേക്ക് ഡിമാറ്റ് എക്കൗണ്ടുകള്‍ വര്‍ധിച്ചിരിക്കുന്നു. ഇപ്പോഴും ഇന്ത്യന്‍ ആഭ്യന്തര സമ്പത്തിന്റെ വളരെ ചെറിയൊരു ശതമാനം മാത്രമേ ഇക്വിറ്റി മാര്‍ക്കറ്റിലേക്ക് വന്നിട്ടുള്ളൂ.

2003-2010 കാലത്തുണ്ടായതുപോലുള്ള ഒരു ബുള്‍ മാര്‍ക്കറ്റ്, സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ മാത്രമല്ല സമ്പദ് വ്യവസ്ഥയില്‍ ആകമാനമുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്തരത്തിലുള്ള വലിയ വളര്‍ച്ച സാധ്യമാക്കാനുള്ള എല്ലാ ചേരുവകളും ഇപ്പോള്‍ ഒത്തിണങ്ങിയിട്ടുണ്ട്. ഇപ്പോള്‍ 2.8 ട്രില്യണ്‍ ഡോളര്‍ വലിപ്പമുള്ള നമ്മുടെ ജിഡിപി 2025-26ല്‍ അഞ്ച് ട്രില്യണ്‍ ഡോളറാകുമെന്ന കാര്യമാണ് നാമിപ്പോള്‍ സംസാരിക്കുന്നത്. 2030കളില്‍ ജിഡിപി പത്ത് ട്രില്യണ്‍ ഡോളറിന് മുകളിലാകും; 8-9 ശതമാനം യഥാര്‍ത്ഥ വളര്‍ച്ച കൈവരിക്കാനായാല്‍.

ഇന്ത്യ 14 ശതമാനമെന്ന നോമിനല്‍ നിരക്കില്‍ വളര്‍ന്നാല്‍ ഓഹരി നിക്ഷേപകര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ വിപണിയില്‍ നിന്ന് സമ്പത്ത് വാരിക്കോരിയെടുക്കാനാവും. ഡാറ്റ അടിസ്ഥാനമാക്കിയുള്ള യഥാര്‍ത്ഥ ഫണ്ടമെന്റലുകള്‍ പരിശോധിക്കുമ്പോള്‍ ഇത് ഇന്ത്യയുടെ ബുള്ളിഷ് സമയമാണ്. 2030കളുടെ തുടക്കത്തില്‍ പത്ത് ട്രില്യണ്‍ ഡോളര്‍ ഇക്കോണമിയാകും എന്നുള്ള ആവേശമാണ് എമര്‍ജിംഗ് മാര്‍ക്കറ്റുകള്‍ക്കിടയില്‍ ഇന്ത്യയെ വ്യത്യസ്തമാക്കുന്നത്.

ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല
ഇപ്പോഴും എപ്പോഴും ഒന്നേ പറയാനുള്ളൂ, മൂല്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. ഒട്ടനവധി പുതിയ ഓഹരി നിക്ഷേപകര്‍ കമ്പനിയുടെ മൂല്യം ശ്രദ്ധിക്കാതെ ചില ഓഹരികളുടെ ഊതിപ്പെരുപ്പിച്ച കണക്കുകളുടെ പിന്നാലെ പായുകയും നിക്ഷേപം നടത്തി കൈ പൊള്ളുകയും ചെയ്യുന്നുണ്ട്. അത്തരം അനുഭവങ്ങളില്‍ നിന്ന് മൂല്യത്തിന്റെ പ്രാധാന്യം പഠിക്കേണ്ടിയിരിക്കുന്നു.

അടുത്ത രണ്ടു വര്‍ഷത്തില്‍ നാം ഉറ്റുനോക്കേണ്ട വിസ്മകരമായ തീം പൊതുമേഖലാ കമ്പനികളുടെ സ്വകാര്യവല്‍ക്കരണമാണ്. രാജ്യത്ത് 350ലേറെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും ഒട്ടനവധി സംസ്ഥാന പൊതുമേഖലാ കമ്പനികളുമുണ്ട്. പൊതുമേഖലയിലെ മൂന്നിലൊരു ഭാഗം കമ്പനികളും നിഷ്‌ക്രിയമാണ്. ഓരോ വര്‍ഷവും കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും അവയുടെ ബജറ്റിന്റെ വലിയൊരു ഭാഗം കാര്യക്ഷമതയില്ലാത്ത ഈ പൊതുമേഖലാ കമ്പനികള്‍ക്കുവേണ്ടി വിനിയോഗിക്കുകയാണ്. ഇതില്‍ വലിയൊരു ഭാഗം മൂലധനവും കാര്യക്ഷമതയില്ലാതെ വിനിയോഗിച്ച് പാഴായി പോവുകയും ചെയ്യുന്നു.

ഈ കമ്പനികളുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞ് കാര്യശേഷിയുള്ള സ്വകാര്യ മാനേജ്‌മെന്റിന് കീഴില്‍ കൊണ്ടുവന്നാല്‍ ആ ബിസിനസുകള്‍ ടേണ്‍ എറൗണ്ട് ചെയ്യപ്പെടുമെന്ന് മാത്രമല്ല പൊതുസമൂഹത്തിന് തന്നെ വലിയൊരു ഗുണം അതുകൊണ്ടുണ്ടാവുകയും ചെയ്യും. 110 ഓളം പൊതുമേഖലാ കമ്പനികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടേക്കും. അതില്‍ പലതും വരും വര്‍ഷങ്ങളില്‍ മള്‍ട്ടി ബാഗറുകളാകാനുമാണ് സാധ്യത. പ്രത്യേകിച്ച്, ഓഹരി വില്‍പ്പനയ്ക്കായി സജ്ജമായി നില്‍ക്കുന്ന കമ്പനികളും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട പൊതുമേഖലാ കമ്പനികളും. മികച്ചവയില്‍ മികച്ചതിനെ നിങ്ങള്‍ തെരഞ്ഞെടുക്കുക. നിക്ഷേപം തുടരുക.


Porinju Veliyath
Porinju Veliyath  

ഇക്വിറ്റി ഇന്റലിജന്‍സ് മാനേജിങ് ഡയറക്ടർസിഇഒ. പ്രശസ്ത പോർട്ട്ഫോളിയോ മാനേജർ ആണ്.

Related Articles

Next Story

Videos

Share it