വിപണിയിൽ ചാഞ്ചാട്ടം; സെൻസെക്സ് 44,000 കടന്ന ശേഷം താഴോട്ടു പോന്നു

തുടക്കം മുതലേ ഓഹരി വിപണി ഇന്നു ചാഞ്ചാടുകയാണ്. സെൻസെക്സ് 44,000 കടന്ന ശേഷം താഴോട്ടു പോന്നു. പിന്നീടു പലവട്ടം ചുവപ്പും പച്ചയുമായി സൂചികകൾ ചാഞ്ചാടി.

ബാങ്ക് ഓഹരികളാണ് വിപണിയിൽ സ്ഥിരതയോടെ ഉയർച്ച കാണിച്ചത്. ഐ ടി കമ്പനികൾക്കു ക്ഷീണമാണ്. ടിസിഎസും ഇൻഫിയുമെല്ലാം താഴോട്ടാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന ടാറ്റാ സ്റ്റീൽ താഴോട്ടു പോയി. ടാറ്റാ മോട്ടോഴ്സ് ഉയരുകയും ചെയ്തു. അഡാനി ഗ്രൂപ്പ് കമ്പനികൾക്ക് 10 മുതൽ 14 വരെ ശതമാനം വിലക്കയറ്റമുണ്ട്. ആറു വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കുമെന്ന റിപ്പോർട്ടും ഗ്രൂപ്പിനു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 5000 കോടിയുടെ വായ്പ കിട്ടുന്നതുമൊക്കെയാകാം കാരണം.

മോറട്ടോറിയത്തിലായ ലക്ഷ്മി വിലാസ് ബാങ്കിൻ്റെ ഓഹരികൾ 20 ശതമാനം ഇടിഞ്ഞു. ബാങ്കിൽ പണം നിക്ഷേപിച്ചവർക്കും ബാങ്കിൻ്റെ ബോണ്ടുകൾ വാങ്ങിയവർക്കും നഷ്ടം വരില്ല. എന്നാൽ ഓഹരിയിലെ നിക്ഷേപം പൂർണമായും നഷ്ടപ്പെടും. ബാങ്കിൻ്റെ അറ്റമൂല്യം നഷ്ടമായതാണു കാരണം.

ക്രൂഡ് ഓയിൽ ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 43.75 ഡോളറിനു സമീപത്താണ്. സ്വർണം ഔൺസിന് 1871 ഡോളറായി താണു. ഡോളർ ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. 74.43 രൂപയിൽ തുടങ്ങിയ ഡോളർ പിന്നീട് 74.50 രൂപയിലേക്കു കയറി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it