ഓഹരി വിപണി: സാങ്കേതിക വിശകലനം
ഷെയര്‍ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയ സമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന പംക്തി -സാങ്കേതിക വിശകലനം
സാങ്കേതിക വിശകലനം
ഒക്ടോബർ 19-ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി സാങ്കേതിക വീക്ഷണം
ഹ്രസ്വകാല പ്രവണത: പോസിറ്റീവ് ചായ്‌വ്
നിഫ്റ്റി 25.30 പോയിന്റ് (0.14%)ഉയർന്ന് 17,512.25ലാണ് ക്ലോസ് ചെയ്തത്. 17,568.20 എന്ന ഉയർന്ന നിലയിൽ വ്യാപാരം ആരംഭിച്ച സൂചിക 17,607.60 എന്ന ഏറ്റവും ഉയർന്ന നിലയിലെത്തി. പിന്നീട് ക്രമേണ താണ് 17,472.80 എന്ന ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തുകയും ഒടുവിൽ 17,512.25 ൽ ക്ലോസ് ചെയ്യുകയും ചെയ്തു. എഫ്എംസിജി, റിയൽറ്റി, ഫിനാൻഷ്യൽ സർവീസസ്, സ്വകാര്യ ബാങ്കുകൾ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഐടി, മെറ്റൽ, പൊതുമേഖലാ ബാങ്കുകൾ, മാധ്യമങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. വിശാല മാർക്കറ്റ് നെഗറ്റീവ് ആയി. 1015 ഓഹരികൾ ഉയർന്നു, 1153 എണ്ണം ഇടിഞ്ഞു, 138 മാറ്റമില്ലാതെ തുടർന്നു.
ആക്കസൂചകങ്ങളും മൂവിംഗ് ശരാശരികളും ഇപ്പോഴും പോസിറ്റീവ് പ്രവണതയെ സൂചിപ്പിക്കുന്നു. എന്നാൽ ഡെയ്‌ലി ചാർട്ടിൽ ഒരു ചെറിയ കറുത്ത മെഴുകുതിരി രൂപപ്പെട്ട് ദിവസത്തിലെ താഴ്ന്നനിലയ്ക്കു സമീപം ക്ലോസ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയായ17,472.80 സൂചികയ്ക്ക് ഇൻട്രാഡേ പിന്തുണയായി പ്രവർത്തിക്കുന്നു. ഈ ലെവലിന് താഴെ, സൂചിക രണ്ട് ദിവസം മുമ്പ് രൂപപ്പെട്ട വിടവ് നികത്തിയേക്കാം. 17,350-300 മേഖലയിലാണ് ഏറ്റവും അടുത്ത ഹ്രസ്വകാല പിന്തുണ. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടരുന്നിടത്തോളം, ബുള്ളിഷ് ട്രെൻഡ് തുടരും. ഉയരുമ്പോൾ 17,600 ലെവലിൽ ചെറിയ പ്രതിരോധമുണ്ട്.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17435-17350-17270 റെസിസ്റ്റൻസ് ലെവലുകൾ 17,530-17,600-17,675 (15 മിനിറ്റ് ചാർട്ടുകൾ)
യൂറോപ്യൻ, യുഎസ് വിപണികൾ താഴ്ചയിലാണ് അവസാനിച്ചത്. ഏഷ്യൻ വിപണികളും താഴ്ന്ന നിലയിലാണ്. രാവിലെ എസ്‌ജിഎക്‌സ് നിഫ്റ്റി 17,315 എന്ന നിലയിലാണ്. നിഫ്റ്റി ഇന്ന് താഴ്ചയോടെ വ്യാപാരം തുടങ്ങാം.
വിദേശ നിക്ഷേപകർ 453.91 കോടി രൂപയുടെ അറ്റ വിൽപനക്കാരായിരുന്നു. സ്വദേശിഫണ്ടുകളുംസ്ഥാപനങ്ങളും 908.42 കോടി രൂപയുടെ വാങ്ങലുകാരായി.
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത: പോസിറ്റീവ്
ബാങ്ക് നിഫ്റ്റി 54.45 പോയിന്റ് ഉയർന്ന് 40,373.20 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും ഉണർവിനെ സൂചിപ്പിക്കുന്നു. സൂചിക ഒരു ചെറിയ കറുത്ത മെഴുകുതിരി രൂപപ്പെടുത്തിയെങ്കിലും മുൻ ക്ലോസിംഗിനു മുകളിലാണു ക്ലോസിംഗ്. സൂചികയ്ക്ക് 40,600ൽ പ്രതിരോധമുണ്ട്. മുന്നേറ്റംതുടരാൻ ഈ ലെവലിന് മുകളിൽ സൂചിക ക്ലോസ് ചെയ്യണം. ഈ നിലയ്ക്ക് താഴെ തുടരുകയാണെങ്കിൽ, സൂചിക കുറച്ച് ദിവസത്തേക്ക് സമാഹരണത്തിലാകും.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 40,200-40,000- 39,750
റെസിസ്റ്റൻസ് ലെവലുകൾ 40,435-40,600-40,800 (15 മിനിറ്റ് ചാർട്ടുകൾ)
സാങ്കേതിക വിശകലന പദാവലി
മെഴുകുതിരി വിശകലനം 10
(Candlestick Analysis 10)
ഡ്രാഗൺ ഫ്ലൈ ഡോജി
(Dragonfly Doji candlestick Pattern)
അനിശ്ചിതത്വത്തിൻ്റെയും സൂചനയായും വിപണിഗതി തിരിയുന്നതിൻ്റെയും സൂചനയാണ് ഡ്രാഗൺ ഫ്ലൈ ഡോജി നൽകുന്നത്. ചാർട്ടിലെ "T" ആകൃതി കാരണം ഇത് കണ്ടെത്താൻ എളുപ്പമാണ്. ഡ്രാഗൺഫ്ലൈ ഡോജിയുടെ കാര്യത്തിൽ, ഓപ്പണിംഗ്, ക്ലോസിംഗ് വിലകളും ദിവസത്തിലെ ഉയർന്ന വിലയും ഏകദേശം തുല്യമാണ്. മാർക്കറ്റ് താഴേക്ക് നീങ്ങിയിട്ടു തിരികെ കയറുമ്പോൾ ഓപ്പണിംഗ് വിലയ്ക്ക് മുകളിൽ കടക്കാതിരുന്നാലാണ് ഈ പാറ്റേൺ ഉണ്ടാവുക. വില വർദ്ധനവിന് ശേഷം ഡ്രാഗൺഫ്ലൈ ഡോജി പ്രത്യക്ഷപ്പെടുമ്പോൾഅത് വിലയിടിവിൻ്റെ സാധ്യത സൂചിപ്പിക്കുന്നു. അടുത്ത മെഴുകുതിരി താഴേക്ക് നീങ്ങുകയാണെങ്കിൽ അത് സ്ഥിരീകരണം നൽകും. വില കുറയുന്ന സമയത്ത്, ഒരു ഡ്രാഗൺഫ്ലൈ ഡോജി വില ഉയർന്നേക്കാമെന്ന് സൂചന നൽകുന്നു. സ്ഥിരീകരണത്തിന് അടുത്ത മെഴുകുതിരി വെളുത്തതായിരിക്കണം.