ഷിപ്പ്‌യാര്‍ഡ് താഴുന്നു, മെറ്റല്‍ ഓഹരികളിലും തിരിച്ചടി; വിപണി നഷ്ടത്തില്‍

റിസല്‍ട്ട് പ്രതീക്ഷ പോലെ വരാത്തതിനാല്‍ ആക്‌സിസ് ബാങ്ക് ഓഹരി ആറു ശതമാനത്തോളം നഷ്ടത്തിലായി

ആഗോള പ്രവണതയുടെ ചുവടുപിടിച്ചു രാവിലെ താഴ്ന്ന ഇന്ത്യന്‍ വിപണി പിന്നീടു നഷ്ടം കുറച്ചു. എഴുന്നൂറോളം പോയിന്റ് താഴ്ന്നു വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് പിന്നീടു ഗണ്യമായി തിരിച്ചു കയറി. നിഫ്റ്റി 24,230ല്‍ വ്യാപാരം തുടങ്ങിയിട്ട് 24,210 വരെ താണു. പിന്നീട് 24,300 വരെ കയറിയിട്ട് അല്‍പം താഴ്ന്നു നീങ്ങുന്നു.
ബാങ്ക് നിഫ്റ്റി, നിഫ്റ്റി ഫിനാന്‍സ്, മിഡ് ക്യാപ് സൂചിക തുടങ്ങിയവയ്ക്കും ക്ഷീണമാണ്.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡും മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സും ഗാര്‍ഡന്‍ റീച്ചും ഇന്ന് നാലര ശതമാനം വരെ ഇടിഞ്ഞു.
ആര്‍ബിഎല്‍ ബാങ്കിലെ തങ്ങളുടെ 7.9 ശതമാനം ഓഹരി ബേറിംഗ് പ്രൈവറ്റ് ഇക്വിറ്റി വിറ്റു. 1080 കോടിയുടെ ഈ ബള്‍ക്ക് ഇടപാടിനെ തുടര്‍ന്ന് മൂന്നര ശതമാനം ഇടിഞ്ഞു.
റിസല്‍ട്ട് പ്രതീക്ഷ പോലെ വരാത്തതിനാല്‍ ആക്‌സിസ് ബാങ്ക് ഓഹരി ആറു ശതമാനത്തോളം നഷ്ടത്തിലായി.
മെറ്റല്‍ ഓഹരികള്‍ വീണ്ടും ഇടിവിലാണ്. ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, വേദാന്ത, ജെ.എസ്.പി.എല്‍ തുടങ്ങിയവ ഇന്നു താണു.
റിസല്‍ട്ട് മികച്ചതിനെ തുടര്‍ന്ന് എല്‍.ആന്‍ഡ്.ടിയുടെ ലക്ഷ്യവില ബ്രോക്കറേജുകള്‍ ഉയര്‍ത്തി. ഓഹരി രണ്ടു ശതമാനത്തിലധികം ഉയര്‍ന്നു.
രൂപ ഇന്നു തുടക്കത്തില്‍ നാമമാത്ര നേട്ടം ഉണ്ടാക്കി. ഡോളര്‍ രണ്ടു പൈസ കുറഞ്ഞ് 83.70 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോകവിപണിയില്‍ കുത്തനെ താണ് 2374 ഡോളറില്‍ എത്തി. കേരളത്തില്‍ സ്വര്‍ണം പവന് 760 രൂപ കുറഞ്ഞ് 51,200 രൂപയായി.
ലോകവിപണിയില്‍ വെളളിവില 27.8 ഡോളറിലേക്ക് ഇടിഞ്ഞിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില വീണ്ടും താഴ്ചയിലാണ്. ബ്രെന്റ് ഇനം 81.05 ഡോളറിലേക്കു താണു.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it