ട്രംപ് മുന്നേറ്റത്തില്‍ വിപണികള്‍ കയറുന്നു; രൂപയ്ക്കു ക്ഷീണം; ക്രൂഡ് ഓയില്‍ താഴോട്ട്

യുഎസ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും മുന്നേറുന്നത് വിപണികളെ ഉത്സാഹത്തിലാക്കി. ഡോളറും ക്രിപ്‌റ്റോ കറന്‍സികളും കുതിച്ചു. ക്രൂഡ് ഓയിലും സ്വര്‍ണവും താഴ്ന്നു.
മുഖ്യ സൂചികകള്‍ ഇന്നു തുടക്കം മുതലേ കയറ്റത്തിലായിരുന്നു. സെന്‍സെക്‌സ് 80,115 വരെയും നിഫ്റ്റി 24,415 വരെയും കയറി. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനത്തിലധികം ഉയര്‍ന്നു.
മെറ്റല്‍ ഒഴികെ എല്ലാ മേഖലകളും രാവിലെ ഉയര്‍ന്നു. ഐടി, റിയല്‍റ്റി, ഓട്ടോ, ഓയില്‍ - ഗ്യാസ് മേഖലകളാണു കൂടുതല്‍ ഉയര്‍ന്നത്.
ട്രംപ് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് കനത്ത ചുങ്കം ചുമത്തുമെന്നും അത് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയെ സഹായിക്കുമെന്നും സംസാരമുണ്ട്. ചൈനയില്‍ നിന്ന് കമ്പനികള്‍ ഇന്ത്യയിലേക്കു മാറുന്ന പ്രവണതയും പലരും മുന്നില്‍ കാണുന്നു.
ട്രംപിനു യുഎസ് കോണ്‍ഗ്രസിലും ഭൂരിപക്ഷ പിന്തുണ ലഭിച്ചതു നിയമനിര്‍മാണം സുഗമമാക്കും. തീരുമാനങ്ങള്‍ വേഗം നടപ്പാക്കാനും പറ്റും.
ഫെഡറല്‍ ബാങ്ക് ഓഹരി 206.90 രൂപയില്‍ വ്യാപാരം തുടങ്ങിയ ശേഷം 204 രൂപയ്ക്കു താഴെയായി.
ടൈറ്റന്‍ ലിമിറ്റഡ് രണ്ടാംപാദ ലാഭം കുറഞ്ഞതിനെ തുടര്‍ന്ന് ഓഹരി മൂന്നര ശതമാനം ഇടിഞ്ഞു.
രണ്ടാം പാദത്തില്‍ ലാഭമാര്‍ജിന്‍ ഗണ്യമായി താഴ്ന്ന ജെകെ ടയര്‍ ഓഹരി രണ്ടര ശതമാനം ഇടിവിലായി.
ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡിന്റെ ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴി വില്‍ക്കുന്നത് ഓഹരിവില എട്ടു ശതമാനം ഇടിയാന്‍ കാരണമായി.
ഗെയില്‍ ലാഭവും ലാഭമാര്‍ജിനും വര്‍ധിപ്പിച്ചത് ഓഹരിവിലയെ ആറു ശതമാനം ഉയര്‍ത്തി. വിദേശ ബ്രോക്കറേജ് ജെഫറീസ് ഓഹരിക്ക് 240 രൂപ ലക്ഷ്യവിലയായി നിശ്ചയിച്ചു.
രൂപ ഇന്നു കൂടുതല്‍ ദുര്‍ബലമായി. ഡോളര്‍ ആറു പൈസ കൂടി 84.17 രൂപ എന്ന റെക്കോര്‍ഡ് നിരക്കില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 84.19 രൂപയായി. ഡോളര്‍ സൂചിക 105 നടുത്തേക്കു കയറിയ സാഹചര്യത്തിലാണിത്. യുഎസ് തെരഞ്ഞെടുപ്പു ചിത്രം കൂടുതല്‍ വ്യക്തമാകുമ്പോള്‍ നിരക്കില്‍ കാര്യമായ മാറ്റം വരും.
സ്വര്‍ണം ലോകവിപണിയില്‍ ചാഞ്ചാട്ടത്തിലാണ്. യുഎസില്‍ ആരു ജയിക്കുന്നു എന്നതു ഹ്രസ്വകാല അടിസ്ഥാനത്തില്‍ സ്വര്‍ണവിലയെ കാര്യമായി സ്വാധീനിക്കും. ഇന്നു രാവിലെ സ്വര്‍ണം 2730- 2747 ഡോളര്‍ മേഖലയില്‍ കയറിയിറങ്ങി. ട്രംപിന്റെ നില മെച്ചപ്പെട്ടപ്പോള്‍ ഔണ്‍സിനു 2735 ഡോളറിനു താഴെയായി സ്വര്‍ണം.
കേരളത്തില്‍ ആഭരണസ്വര്‍ണം പവന് 80 രൂപ കൂടി 58,920 രൂപയായി.
ക്രൂഡ് ഓയില്‍ വില രാവിലെ ഒരു ശതമാനം താഴ്ന്നു. ട്രംപിന്റെ മുന്നേറ്റമാണു കാരണം. ബ്രെന്റ് ഇനം 74.79 ഡോളര്‍ ആയി.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it