Begin typing your search above and press return to search.
ഉണർവിനു വഴി തേടി പുതുവർഷം; പാശ്ചാത്യ ആശങ്ക തള്ളി ഇന്ത്യ; വിദേശികൾ വിറ്റൊഴിഞ്ഞിട്ടും ഇന്ത്യൻ വിപണി പിടിച്ചു നിന്നു; ക്രൂഡ് ഓയിൽ ഉയരത്തിൽ
വലിയ ആവേശത്തോടെയാണ് 2022-ൽ ഓഹരി വിപണി വ്യാപാരമാരംഭിച്ചത്. സെൻസെക്സ് 1.6 ശതമാനവും നിഫ്റ്റി 1.57 ശതമാനവും കുതിപ്പാണ് കഴിഞ്ഞ വർഷം ജനുവരി മൂന്നിലെ വ്യാപാരത്തിൽ നടത്തിയത്. ആഗാേള വിപണികളും വലിയ ആവേശം അന്നു കാണിച്ചു. എന്നാൽ 2023 ലെ ആദ്യ വ്യാപാരദിനമായ ഇന്ന് അത്ര ആവേശം വിപണി കാണിക്കില്ല. നിരവധി വിപണികൾ അവധിയിലായതും ആവേശക്കുറവിനു കാരണമാണ്. മാന്ദ്യഭീതിയിലാണു വിപണികൾ പുതു വർഷത്തിലേക്കു കടക്കുന്നത്.
വെള്ളിയാഴ്ച ഇന്ത്യൻ വിപണിക്കു പിന്നാലെ യൂറോപ്യൻ, യുഎസ് വിപണികളും നഷ്ടത്തിലാണ് അവസാനിച്ചത്. ഇന്നു ജപ്പാനും ഓസ്ട്രേലിയയും അടക്കം മിക്ക രാജ്യങ്ങളിലും വിപണി അവധിയിലാണ്. ദക്ഷിണ കാെറിയൻ വിപണി ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ചൈനീസ് മാർക്കറ്റും ഉയർന്നു.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി വെള്ളിയാഴ്ച 18, 223 - ൽ ക്ലോസ് ചെയ്ത ശേഷം 18,145 ലേക്കു താഴ്ന്നിരുന്നു. ഇന്നു രാവിലെ സൂചിക 18,183 ലേക്കു കയറി. ഇന്ത്യൻ വിപണി വലിയ മാറ്റമില്ലാതെ വ്യാപാരം തുടങ്ങുമെന്നാണു സൂചന.
ഇന്ത്യൻ വിപണി പിടിച്ചു നിന്നു
വികസിത രാജ്യങ്ങളിലെയും വികസ്വര രാജ്യങ്ങളിലെയും വിപണികൾ നഷ്ടത്തിൽ അവസാനിച്ച ഒരു വർഷം ഇന്ത്യൻ വിപണിയുടെ മുഖ്യ സൂചികകൾ അഞ്ചു ശതമാനത്തിലധികം നേട്ടം ഉണ്ടാക്കി. യുദ്ധം, രൂക്ഷമായ വിലക്കയറ്റം, പലിശ വർധന, രൂപയുടെ 11 ശതമാനം വിലയിടിവ്, വിദേശനിക്ഷേപകരുടെ റിക്കാർഡ് വിൽപന - വിപണിയെ വലിച്ചു താഴ്ത്താൻ ഒട്ടേറെ കാര്യങ്ങൾ ഉണ്ടായിരുന്നു. അവയ്ക്കെല്ലാമിടയിൽ സെൻസെക്സ് 5.3 ഉം നിഫ്റ്റി 5.2 ഉം ശതമാനം നേട്ടത്തോടെ 2022 - നു വിട ചൊല്ലി.
കഴിഞ്ഞ വർഷം ധാരാളം ഇന്ത്യക്കാർ നിക്ഷേപത്തിനു യുഎസ് വിപണിയെ ആശ്രയിക്കുകയുണ്ടായി. കൂടുതൽ ഉറച്ച വളർച്ച പ്രതീക്ഷിച്ചുള്ള ആ യാത്ര പലർക്കും തൽക്കാലം നഷ്ടമായി. ഡൗ ജോൺസ് 9.4 ഉം എസ് ആൻഡ് പി 20-ഉം നാസ് ഡാക് 33.5 ഉം ശതമാനം ഇടിവിലാണ് അവസാനിച്ചത്. 2008-നു ശേഷമുള്ള ഏറ്റവും മോശം വർഷമായി യുഎസ് വിപണിക്കു 2022. എങ്കിലും ആദ്യ മൂന്നു പാദങ്ങളിലെ വൻ തകർച്ചയിൽ നിന്നു വിപണി അവസാന മൂന്നു മാസങ്ങളിൽ വലിയ തിരിച്ചു വരവ് നടത്തി.
പ്രവചനങ്ങളിൽ ആവേശമില്ല
ഇന്നാരംഭിക്കുന്ന 2023 -ലെ വ്യാപാര വർഷത്തിലേക്കു പ്രവചനങ്ങൾ അത്ര ആവേശകരമല്ല. എല്ലാവരും അമേരിക്കയും യൂറോപ്പും മാന്ദ്യത്തിലാകും എന്ന ആശങ്കയിലാണ്. അവിടത്തെ
ജലദോഷം ഇവിടെ തുമ്മൽ ഉണ്ടാക്കും എന്നതു കണക്കാക്കി പലരും പ്രവചന ലക്ഷ്യങ്ങൾ താഴ്ത്തി. പലിശ നിരക്ക് ഇനിയും കൂടും, വിലക്കയറ്റം കുറയുന്നുണ്ടെങ്കിലും വേണ്ടത്ര വേഗം താഴുന്നില്ല, രൂപ ദൗർബല്യം തുടരും, കമ്പനികളുടെ ലാഭം ഇടിയുന്നു, ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു തുടങ്ങിയ ആശങ്കകളും ഉണ്ട്. ഭക്ഷ്യവിളകൾ അടക്കം കാർഷികോൽപാദനം വീണ്ടും വർധിക്കുന്നതും സർക്കാരിന്റെ മൂലധനച്ചെലവ് കൂടുന്നതും ആശ്വാസകരമാണ്.
ബാങ്ക് ഓഫ് അമേരിക്ക അഞ്ചും നൊമുറ മൂന്നും ശതമാനം വളർച്ചയാണ് ഇന്ത്യൻ വിപണിക്കു പ്രവചിക്കുന്നത്. ഐഐഎഫ്എ എൽ സെക്യൂരിറ്റീസ് നിഫ്റ്റി 22,000-23,000 മേഖലയിലും സെൻസെക്സ് 68,000-70,000 മേഖലയിലും എത്തുമെന്നാണു കണക്കാക്കുന്നത്. സർവകാല റിക്കാർഡ് കുറിക്കുന്നതിന്റെ പിറ്റേ വർഷം ഇരട്ടയക്ക നേട്ടം കുറിക്കുന്നതാണ് ഇന്ത്യൻ വിപണിയുടെ വഴക്കം എന്നതുകൊണ്ട് 2023 -ലേക്കു വലിയ പ്രതീക്ഷയാണു നിക്ഷേപകർക്കുള്ളത്.
വർഷാവസാനം നഷ്ടം
വർഷാവസാന ദിനങ്ങൾ ഇന്ത്യൻ വിപണി നഷ്ടത്തിലാണു ക്ലോസ് ചെയ്തത്. എങ്കിലും കഴിഞ്ഞ ആഴ്ച സെൻസെക്സും നിഫ്റ്റിയും 1.7 ശതമാനം വീതം ഉയർന്നു. അതേ സമയം ഡിസംബറിൽ മുഖ്യ സൂചിക ക മൂന്നര ശതമാനം ഇടിഞ്ഞു.
വെള്ളിയാഴ്ച സെൻസെക്സ് 293.14 പോയിന്റ് (0.48%) താഴ്ന്ന് 60,840.74ലും നിഫ്റ്റി 85.7 പോയിന്റ് (0.47%) താഴ്ന്ന് 18,105.3 ലും ക്ലോസ് ചെയ്തു. എന്നാൽ മിഡ് ക്യാപ് സൂചിക 0.38 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.76 ശതമാനവും ഉയർന്നു.
നിഫ്റ്റിക്ക് 18,080-ലും 17,965-ലും സപ്പോർട്ട് ഉണ്ട്. 18,220 ലും 18,335 ലും തടസങ്ങൾ പ്രതീക്ഷിക്കാം.
വിദേശികൾ വിറ്റു, നാട്ടുകാർ വാങ്ങി
വിദേശനിക്ഷേപകർ വെള്ളിയാഴ്ച 2950.89 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 2266.2 കോടിയുടെ ഓഹരികൾ വാങ്ങി. ഡിസംബറിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 14,231 കോടി രൂപ വിപണിയിൽ നിന്നു പിൻവലിച്ചു. സ്വദേശികൾ 24,159 കോടി രൂപ വിപണിയിൽ നിക്ഷേപിച്ചു.
2022 മൊത്തം എടുത്താൽ വിദേശ നിക്ഷേപകർ 1.22 ലക്ഷം കോടി രൂപ (1473 കോടി ഡോളർ) പിൻവലിച്ചിട്ടുണ്ട്. ഇതു റിക്കാർഡാണ്. അതേ സമയം സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2.73 ലക്ഷം കോടി രൂപ വിപണിയിൽ നിക്ഷേപിച്ചു. വിദേശ നിക്ഷേപകരുടെ അവിശ്വാസത്തെ മറികടക്കുന്നതായി രാജ്യത്തെ ചില്ലറ നിക്ഷേപകർ വിപണിയിൽ അർപിച്ച വിശ്വാസം.
ചെെനയിലും ജപ്പാനിലും ഒക്കെ വിപണികൾ ഇടിഞ്ഞപ്പോൾ ഇന്ത്യൻ വിപണി ഉയർന്നത് ഈ വിശ്വാസ പ്രകടനം കൊണ്ടാണ്.
അമേരിക്കയിലെ തൊഴിൽ കണക്കുകളും ഫെഡ് മിനിറ്റ്സും ഫാക്ടറി ഉൽപാദന സൂചികയും ഈയാഴ്ചത്തെ വിപണി ഗതിയെ നിയന്ത്രിക്കും.
ക്രൂഡ് ഓയിൽ വില വാരാന്ത്യത്തിൽ കുതിച്ചു കയറി. ഡോളർ സൂചിക താഴ്ന്നതാണു കാരണം. ബ്രെന്റ് ഇനം ക്രൂഡ് 85.91 ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ ചെറിയ താഴ്ചയോടെ വർഷം അവസാനിപ്പിച്ചു. കഴിഞ്ഞ വർഷം 6995-നും 10,730 നും ഇടയിൽ ചാഞ്ചാടിയ ചെമ്പുവില 8386.25 ഡോളറിൽ അവസാനിച്ചു. അലൂമിനിയം 2092 നും 4063 - നുമിടയിൽ ചാഞ്ചാടിയിട്ട് 2371 ഡോളറിൽ ക്ലോസ് ചെയ്തു. ഇരുമ്പയിരു വില 111 ഡോളറിലാണ് അവസാനിച്ചത്. നിക്കൽ റിക്കാർഡിനരികെ 30,424 ഡോളറിൽ ക്ലോസ് ചെയ്തു.
സ്വർണം വാർഷികാടിസ്ഥാനത്തിൽ നാമമാത്ര ഉയർച്ചയോടെ വ്യാപാരം അവസാനിപ്പിച്ചു. 202-ൽ 10 ഡോളർ കയറി 1825 ഡോളറിലാണു വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. യുഎസ് പലിശയും ഡോളർ നിരക്കുമാകും സ്വർണവിലയെ നിയന്ത്രിക്കുക. സ്വർണ ബുള്ളുകൾ വില 2000 ഡോളറിലെത്തുമെന്ന പ്രതീക്ഷയിലാണ്.
കേരളത്തിൽ സ്വർണവില പവന് 40,480 രൂപയിലാണു 2022 ക്ലോസ് ചെയ്തത്. രൂപ 2022-ൽ 11.3 ശതമാനം താഴ്ന്നു. ഡോളർ നിരക്ക് 74.33-ൽ നിന്ന് 82.72 രൂപയായി.
ജിഎസ്ടി യും കാർ വിൽപനയും ഉയർന്നു
ഡിസംബറിലെ ജിഎസ്ടി പിരിവ് 1.5 ലക്ഷം കോടി രൂപയ്ക്കു തൊട്ടടുത്തായി. 15 ശതമാനമാണ് വളർച്ച. തുടർച്ചയായ പത്താം മാസമാണ് ജിഎസ്ടി 1.4 ലക്ഷം കോടിക്കു മുകളിലായത്. ഉൽപന്ന വിലക്കയറ്റമാണ് നികുതി പിരിവിലെ കുതിപ്പിനു കാരണം.
ഡിസംബറിലെ കണക്കുകൾ കൂടി വന്നതോടെ രാജ്യത്തു 2022 ലെ യാത്രാ വാഹന വിൽപന 37.93 ലക്ഷം എന്ന സർവകാല റിക്കാർഡായി. 2018 - ലെ 33.3 ലക്ഷം എന്ന റിക്കാർഡാണു മറികടന്നത്. വിൽപനയിൽ 42.3 ശതമാനം എസ് യു വികളാണ്. 10 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ളവയാണു വിറ്റ വാഹനങ്ങളിൽ 40 ശതമാനത്തിലധികം. മാരുതി സുസുകി 16 ശതമാനം വർധനയോടെ 15.76 ലക്ഷം വാഹനങ്ങൾ വിറ്റു. ഹ്യുണ്ടായി 5.57 ലക്ഷവും ടാറ്റാ മോട്ടോഴ്സ് 5.27 ലക്ഷവും വിറ്റു. ടാെയോട്ട 1.6 ലക്ഷം വാഹനങ്ങൾ വിറ്റു.
4.4 ശതമാനം വളർന്നെന്നു ചെെന; വിശ്വാസം പോരെന്നു ലോകം
ചൈനയുടെ വ്യവസായ ഉൽപാദനം അവസാന പാദത്തിൽ കുറഞ്ഞതായി സർവേകൾ കാണിച്ചെങ്കിലും 2022 ലെ ജിഡിപി വളർച്ച പല നിഗമനങ്ങളേക്കാളും മെച്ചമായി എന്നു സൂചന. 2022-ലെ ചൈനീസ് ജിഡിപി 4.4 ശതമാനം വളർന്നെന്നു പ്രസിഡന്റ് ഷി ചിൻപിംഗ് പറഞ്ഞു. 17.4 ലക്ഷം കോടി ഡോളർ (120 ലക്ഷം കോടി യുവാൻ) ആണ് ഷി പുറത്തു വിട്ട ജിഡിപി തുക.
ഈ വർഷം 5.5 ശതമാനം വളർച്ചയാണു ചൈന ലക്ഷ്യമാക്കിയിരുന്നത്. എന്നാൽ അതു സാധിക്കില്ലെന്നു നേരത്തേ തന്നെ വ്യക്തമായിരുന്നു. ഒക്ടോബറിൽ ഐഎംഎഫ് വേൾഡ് ഇക്കണോമിക് ഔട്ലുക്കിൽ കണക്കാക്കിയത് 3.2 ശതമാനം വളർച്ചയാണ്. ചൈനീസ് കണക്കുകൾ പ്രകാരം ജനുവരി- സെപ്റ്റംബറിലെ വളർച്ച 3.2 ശതമാനമായിരുന്നു. എന്നാൽ ഇപ്പോൾ വാർഷിക വളർച്ച 4.4 ശതമാനമായത് എങ്ങനെ എന്ന് ഔദ്യോഗിക വക്താക്കൾ വിശദീകരിച്ചിട്ടില്ല.
പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് (പിഎംഐ) പ്രകാരം ഒക്ടോബർ-ഡിസംബർ കാലയളവിൽ ചൈനയുടെ വ്യവസായ ഉൽപാദനം കുറയുകയാണു ചെയ്തത്. നവംബറിൽ 48-ഉം ഡിസംബറിൽ 47-ഉം ആണു ഫാക്ടറി ഉൽപാദന പിഎംഐ. ഉൽപാദനേതര പിഎംഐ നവംബറിലെ 46.7 ൽ നിന്ന് ഡിസംബറിൽ 41.6 ആയി ഇടിഞ്ഞു.
ഷി പുറത്തുവിട്ട കണക്കുകളിൽ നിരീക്ഷകർ പൂർണ വിശ്വാസം അർപ്പിക്കുന്നില്ല.
കാതൽ മേഖലയിൽ ഉണർവ്
നവംബറിൽ ഇന്ത്യയിലെ കാതൽ മേഖലയിലെ വ്യവസായ ഉൽപാദനം വലിയ വളർച്ച കാണിച്ചു. തലേ വർഷം നവംബറിനെ അപേക്ഷിച്ച് ഉൽപാദനം 5.4 ശതമാനം കൂടി. ഒക്ടോബറിലെ ഉൽപാദന വളർച്ച 0.9 ശതമാനം മാത്രമായിരുന്നു. ഒക്ടോബറിലേത് 20 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു.
എട്ടു കാതൽ മേഖലകളിൽ അഞ്ചെണ്ണം വളർച്ച കാണിച്ചു. കൽക്കരി (12.3% വളർച്ച ), രാസവളം (6.4), സ്റ്റീൽ (10.8), സിമന്റ് (28.6),
വൈദ്യുതി (12.1) എന്നിവ ഉയർന്നു. ക്രൂഡ് ഓയിൽ (-1.1 ), പ്രകൃതിവാതകം (-0.7), റിഫൈനറി ഉൽപന്നങ്ങൾ (-9.3) എന്നിവ ഇടിഞ്ഞു.
കാതൽ മേഖലയ്ക്ക് .വ്യവസായ ഉൽപാദന സൂചിക (ഐഐപി) യിൽ 40 ശതമാനം പങ്കുണ്ട്. ഈ വളർച്ച നവംബറിലെ ഐഐപി ഉയരാൻ സഹായിക്കും. ഒക്ടോബറിലെ ഐഐപി നാലു ശതമാനം ചുരുങ്ങിയതാണ്.
സമ്പാദ്യ പദ്ധതികളുടെ പലിശ വർധിപ്പിച്ചു
ലഘു സമ്പാദ്യ പദ്ധതികളിൽ ചിലതിന്റെ പലിശ നിരക്ക് കൂട്ടി. ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെയുള്ള കാലയളവിലാണു വർധിച്ച നിരക്ക്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (7.1%), സുകന്യ സമൃദ്ധി യോജന (7.6%), അഞ്ചു വർഷ പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡിപ്പോസിറ്റ് (5.8%), പോസ്റ്റ് ഓഫീസ് സേവിംഗ്സ് ഡിപ്പോസിറ്റ് (4%) എന്നിവയ്ക്കു പലിശ മാറ്റമില്ല.മാറ്റം വരുത്തിയവ (ബ്രായ്ക്കറ്റിൽ പഴയ നിരക്ക്) ശതമാനത്തിൽ:
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം 8.0 (7.6)
കിസാൻ വികാസ് പത്ര 7.2 (7.0)
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് 7.0 (6.8)
പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം 7.1 (6.7)
പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ്
ഒരു വർഷം 6.6 (5.5)
രണ്ടു വർഷം 6.8 (5.7)
മൂന്നു വർഷം 6.9 (5.8)
അഞ്ചു വർഷം 7.0 (6.7)
ബാങ്കുകൾ നിക്ഷേപ പലിശ വർധിപ്പിച്ച സാഹചര്യത്തിലാണ് സമ്പാദ്യ പദ്ധതികളിലെ പലിശ കൂട്ടിയത്. പൊതുമേഖലാ ബാങ്കുകൾ ഒരു വർഷ നിക്ഷേപത്തിന് 7.25 ശതമാനം വരെ പലിശ നൽകുന്നുണ്ട്.
Next Story
Videos