വിപണി സൂചനകൾ നെഗറ്റീവ്; അദാനിക്ക് വായ്പ കിട്ടിയെന്നും ഇല്ലെന്നും; വേദാന്തയുടെ പ്രശ്നങ്ങൾ തുടരുന്നു

ചൈനീസ് ആവേശവും അദാനി ഗ്രൂപ്പിന്റെ ആശ്വാസവും ഇന്നലെ ഇന്ത്യൻ വിപണിക്കു വലിയ കുതിപ്പ് സമ്മാനിച്ചു. ഇന്ന് അതു തുടരാൻ ബുള്ളുകൾ ആഗ്രഹിക്കുമ്പോൾ ആഗോള സൂചനകൾ വിപരീത ദിശയിലാണ്. യുഎസിലെ പലിശപ്പേടി മുതൽ അദാനിക്കു വായ്പാസഹായം കിട്ടിയില്ലെന്ന റിപ്പോർട്ട് വരെ പലതരം നെഗറ്റീവുകൾ ഉണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലത്തിൽ അവിചാരിതമായ ഒന്നും സംഭവിക്കുന്നില്ലെങ്കിൽ വിപണിക്കു കാര്യമായ താൽപര്യമാെന്നും ഇല്ല.

ചൈനീസ് വ്യവസായമേഖലയുടെ കയറ്റം യൂറോപ്യൻ, യുഎസ് വിപണികൾക്ക് ആവേശമായില്ല. ഈ മാസം യുഎസ് ഫെഡ് എത്ര പലിശവർധന പ്രഖ്യാപിക്കും എനതായിരുന്നു അവയുടെ ചിന്താവിഷയം. 50 ബേസിസ് പോയിന്റ് വർധന പ്രഖ്യാപിക്കും എന്ന നിഗമനം ഈയിടെ പ്രബലമായി വരുന്നുണ്ട്. കൂടിയ നിരക്ക് 5.5 ശതമാനം എന്നതിൽ നിന്ന് ആറു ശതമാനത്തിലേക്ക് ഉയർത്തിയ ബാങ്ക് ഓഫ് അമേരിക്ക റിപ്പോർട്ടിൽ ആരും അവിശ്വാസം പ്രകടിപ്പിക്കുന്നില്ല. 10 വർഷ യുഎസ് സർക്കാർ കടപ്പത്രങ്ങൾ നാലു ശതമാനം നിക്ഷേപനേട്ടത്തിലേക്ക് ഉയരുകയും ചെയ്തു.

വിപണികൾ

യുറോപ്യൻ വിപണികൾ ഇന്നലെ അരശതമാനം താഴ്ന്നു ക്ലോസ് ചെയ്തു. യുഎസ് സൂചികകൾ വലിയ ചാഞ്ചാട്ടത്തിലായിരുന്നു. ഡൗ ജോൺസ് വെറും ഏഴു പോയിന്റ് കയറി ക്ലോസ് ചെയ്തു. എസ് ആൻഡ് പി 0.45 ശതമാനവും നാസ്ഡാക് 0.67 ശതമാനവും താഴ്ന്നു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ദിന്ന ദിശകളിലാണ്. ഡൗ 42 പോയിന്റ് ഉയർന്നപ്പാേൾ എസ് ആൻഡ് പി യും നാസ്ഡാക്കും ഇടിഞ്ഞു.

ഏഷ്യൻ വിപണികളും ഇന്നു രാവിലെ ഭിന്ന ദിശകളിലാണ്. ഇന്നലെ നഷ്ടത്തിൽ തുടങ്ങി നല്ല നേട്ടത്തിലാണ് സൂചികകൾ അവസാനിച്ചത്. ചെെനയിലെ ഫാക്ടറി ഉൽപാദനത്തിന്റെ പിഎംഐ സൂചിക അപ്രതീക്ഷിത കുതിപ്പ് നടത്തിയതാണു നേട്ടത്തിനു വഴി തെളിച്ചത്. 52.6 ആണു പുതിയ സൂചിക. പ്രതീക്ഷിച്ചത് 50.5 ആയിരുന്നു. കോവിഡ് സീറോ നയങ്ങൾ പിൻവലിച്ചതിനെ തുടർന്നു വ്യവസായ മേഖല ശക്തമായ തിരിച്ചു വരവിലാണെന്നു പിഎംഐ കാണിക്കുന്നു. 2012 ഏപ്രിലിനു ശേഷമുളള ഏറ്റവും ഉയർന്ന സൂചികയാണിത്.

ഇന്നു രാവിലെ കയറ്റത്തോടെ തുടങ്ങിയ ജാപ്പനീസ് വിപണി ഒരു മണിക്കൂറിനകം നഷ്ടത്തിലായി. കൊറിയൻ വിപണി നേട്ടം തുടർന്നു. തായ്‌വാൻ നഷ്ടത്തിലാണ്.

ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക ഒന്നര ശതമാനം ഇടിഞ്ഞു. ഷാങ്ഹായ് സൂചിക കാൽ ശതമാനം താഴ്ന്നു വ്യാപാരം തുടങ്ങി.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ബുധനാഴ്‌ച 17,519 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 17,477 ലേക്കു താഴ്ന്നു. ഇന്നു രാവിലെ സൂചിക 17,490 നു മുകളിലേക്കു കയറിയിട്ടു പിനീടു താഴ്ന്ന് 17,455 ലെത്തി. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.

ഇന്ത്യൻ വിപണി ഇന്നലെ തുടക്കം മുതലേ കുതിപ്പിലായിരുന്നു. എട്ടു ദിവസത്തെ തുടർച്ചയായ ഇടിവിനു ശേഷം ലഭിച്ച ആശ്വാസക്കുതിപ്പ്. സെൻസെക്സ് 448.96 പോയിന്റ് (0.76%) ഉയർന്ന് 59,411.08ലും നിഫ്റ്റി 146.9 പോയിന്റ് (0.87%) കുതിച്ച് 17,450.9ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.5 ഉം സ്മോൾ ക്യാപ് സൂചിക 1.3 ഉം ശതമാനം ഉയർന്നു ക്ലോസ് ചെയ്തു.

ബുള്ളുകൾക്കു താൽക്കാലികമെങ്കിലും ശക്തമായ തിരിച്ചു വരവാണു സാധിച്ചിരിക്കുന്നത്. അതു തുടരാൻ പറ്റുമോ എന്നതാണു ചിന്താവിഷയം. ബെയർ വിപണിയിലെ ഹ്രസ്വകാല പുൾ ബായ്ക്ക് റാലി മാത്രമായി ഇതിനെ ചിലർ കാണുന്നുണ്ട്. 17,600 ന്റെ തടസം മറികടന്നാലേ മുന്നേറ്റം തുടരാനാകൂ എന്നാണ് അവർ പറയുന്നത്. ഇന്നു നിഫ്റ്റിക്ക് 17,375ലും 17,300 ലും സപ്പോർട്ട് ഉണ്ട്. 17,470 ലും 17,545 ലും തടസങ്ങൾ ഉണ്ടാകാം.

വിദേശനിക്ഷേപകരുടെ വിൽപന പത്തിലാെന്നായി കുറഞ്ഞു. ഇന്നലെ 424.88 കോടി രൂപയുടെ ഓഹരികൾ മാത്രമാണ് അവർ വിറ്റത്. സ്വദേശി ഫണ്ടുകൾ 1498.66 കോടിയുടെ ഓഹരികൾ വാങ്ങി.

ക്രൂഡ് ഓയിൽ

ക്രൂഡ് ഓയിൽ വില അൽപം ഉയർന്നു. 1.2 ശതമാനം കയറി ബ്രെന്റ്‌ ഇനം 84.42 ഡോളറിൽ ക്ലോസ് ചെയ്തു. ചൈനീസ് ഉണർവിൽ വ്യാവസായിക ലോഹങ്ങൾ കുതിച്ചു കയറി. ചെമ്പ് 2.52 ശതമാനം ഉയർന്നു ടണ്ണിന് 9067 ഡോളറിലായി. അലൂമിനിയം 2.71% കയറ്റി 2435 ഡോളറിൽ എത്തി. സിങ്ക്, ലെഡ്, ടിൻ, നിക്കൽ എന്നിവയെല്ലാം ഒന്നു മുതൽ മൂന്നു വരെ ശതമാനം ഉയർന്നു. ലോഹ വ്യവസായവുമായി ബന്ധപ്പെട്ട ഓഹരികൾക്ക് ഇന്നലെ നല്ല നേട്ടമുണ്ടായി.

സ്വർണവും കയറ്റത്തിലാണ്. ഡോളർ സൂചിക താഴ്ന്നതാണു കാരണം. 1829-1847 ഡോളറിൽ കയറിയിറങ്ങിയ സ്വർണം ഇന്നു രാവിലെ 1837 -1839 ഡോളറിലാണ്.

കേരളത്തിൽ സ്വർണം പവന് 120 രൂപ വർധിച്ച് 41,280 രൂപയായി. രൂപ ഇന്നലെയും മികച്ച നേട്ടമുണ്ടാക്കി. ഡോളർ 16 പൈസ നഷ്ടപെടുത്തി 82.50 രൂപയിൽ ക്ലോസ് ചെയ്തു.

അദാനിക്കു വായ്പ കിട്ടിയെന്നും ഇല്ലെന്നും

അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നലെ ശക്തമായ തിരിച്ചു കയറ്റം നടത്തി. ശരാശരി ആറു ശതമാനം ഉയർച്ച. വിപണി മൂല്യം 44,000 കോടി രൂപ വർധിച്ചു. ജനുവരി 24 നു ശേഷം ഗ്രൂപ്പിനുണ്ടായ മൂല്യ നഷ്ടം 11.6 ലക്ഷം കോടി രൂപയായി കുറഞ്ഞു. അദാനി എന്റർപ്രൈസസ് ഓഹരി 14.7 ശതമാനം ഉയർന്നു. എൽഐസി ഓഹരിയും ഇന്നലെ കയറി. നാലു ശതമാനം ഉയർന്ന് 600 രൂപയ്ക്കു മുകളിൽ എത്തി.

വായ്പ എവിടെ

ഒരു സോവറിൻ വെൽത്ത് ഫണ്ടിൽ നിന്നു 300 കോടി ഡോളർ (25,000 കാേടി രൂപ) വായ്പ അദാനി ഗ്രൂപ്പ് ഉറപ്പാക്കി എന്ന റിപ്പോർട്ട് ഓഹരികളുടെ കയറ്റത്തിനു സഹായമായി. വായ്പ 500 കോടി ഡോളർ വരെ ആകാം എന്നും റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറഞ്ഞു. ഏതു രാജ്യത്തിന്റെ നിക്ഷേപനിധിയാണു സഹായിക്കുക എന്നു റിപ്പോർട്ടിൽ പറഞ്ഞില്ല. അബുദാബി ഭരണകൂടത്തിന്റെ നിക്ഷേപനിധിയാകാം എന്നു കിംവദന്തി ഉണ്ടായി. പക്ഷേ അങ്ങനെ വായ്പാ സഹായ വാഗ്ദാനം ഇല്ലെന്ന് ബ്ലൂംബർഗ് ന്യൂസ് പിന്നീടു റിപ്പോർട്ട് ചെയ്തു.

സിംഗപ്പുരിലും ഹോങ് കോങ്ങിലും നിക്ഷേപകസംഗമം നടത്തിയ അദാനി ഗ്രൂപ്പ് കടങ്ങൾ തിരിച്ചടയ്ക്കുമെന്ന് ആവർത്തിച്ച് ഉറപ്പു നൽകി. മൂന്നു വിദേശ ബാങ്കുകളുമായി 80 കോടി ഡോളർ വായ്പയ്ക്കു ചർച്ച നടത്തിവരികയാണ്. 7.0 -7.5 ശതമാനം പലിശ നൽകേണ്ടിവരാം. 2024-ൽ 200 കോടി ഡോളർ തിരിച്ചടയ്ക്കേണ്ടതുണ്ട്. ഇതിനായി വിദേശ കറൻസി ബോണ്ടുകൾ ഇറക്കാൻ ആലോചിക്കുന്നുണ്ടെന്നാണ് ഗ്രൂപ്പ് വിശദീകരിച്ചത്. ഇവയോടുള്ള വിപണിയുടെ പ്രതികരണം ഇന്ന് അറിയാനാകും.

വേദാന്തയുടെ പ്രശ്നങ്ങൾ തുടരുന്നു


അനിൽ അഗർവാളിന്റെ വേദാന്ത ഗ്രൂപ്പിന്റെ ഭീമമായ കടബാധ്യതയും വിപണിയെ ഉലയ്ക്കുമെന്ന സാഹചര്യമുണ്ട്. ചൊവ്വാഴ്ച വലിയ വീഴ്ച സംഭവിച്ചെങ്കിലും ഇന്നലെ വേദാന്ത ഓഹരികൾ തിരിച്ചു കയറി. 200 കോടി ഡോളർ സമാഹരിച്ച് അടിയന്തര ബാധ്യതകൾ തീർക്കും എന്നു കമ്പനി ആവർത്തിച്ചു പറഞ്ഞത് വിപണിയെ അൽപം ആശ്വസിപ്പിച്ചു. 1530 കോടി ഡോളർ ബാധ്യതയാണു ഗ്രൂപ്പിനുള്ളത്. പഴയ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്കിന്റെ 300 കോടി ഡോളർ റിസർവ് ധനവും മറ്റു ചില തുകകളും കിഴിച്ചാൽ അറ്റ ബാധ്യത 1180 കോടി ഡോളർ. അദാനി ഗ്രൂപ്പിന്റെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണു വേദാന്ത ഓഹരിയിൽ നിക്ഷേപകർ ആശങ്ക പ്രകടിപ്പിക്കുന്നത്.


ചാഞ്ചാടി സാമ്പത്തിക സൂചകങ്ങൾ

ജിഡിപി വളർച്ചയുടെ നിരാശപ്പെടുത്തുന്ന കണക്കുകൾക്കു പിന്നാലെ ആവേശം പകരുന്ന ഇന്ധന ഉപയോഗ കണക്കുകൾ സർക്കാർ പുറത്തുവിട്ടു. ഫെബ്രുവരിയിൽ പെട്രോൾ ഉപയാേഗം 13 ശതമാനവും ഡീസൽ ഉപയോഗം 12 ശതമാനവും വർധിച്ചു. വിമാന ഇന്ധന വിൽപന 41 ശതമാനം കൂടി.

ഫെബ്രുവരിയിൽ രാജ്യത്തെ കാർ വിൽപന 11 ശതമാനം വർധിച്ച് 3.4 ലക്ഷം ആയി. മാരുതിക്കു വിൽപന 11 ശതമാനം കൂടി 1.55 ലക്ഷത്തിൽ എത്തി. ഹ്യുണ്ടായിയുടെ വർധന ഏഴു ശതമാനമാണ്. മഹീന്ദ്ര 10 ഉം ടാറ്റാ മോട്ടോഴ്സ് എട്ടും കിയ 36 ഉം ടൊയോട്ട 75-ഉം ശതമാനം വളർച്ച നേടി.

ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രശ്നങ്ങൾ ടൂവീലർ കയറ്റുമതിയെ സാരമായി ബാധിച്ചു. ബജാജ് ഓട്ടാേയുടെയും ടിവിഎസ് മോട്ടോഴ്സിന്റെയും വിൽപന കുറഞ്ഞു.

ഫെബ്രുവരിയിലെ ജിഎസ്ടി പിരിവ് 12.4 ശതമാനം കൂടി 1,49,577 കോടി രൂപയായി. പക്ഷേ ജനുവരിയെ അപേക്ഷിച്ച് 5.06 ശതമാനം കുറവാണ്. ഇറക്കുമതി കുറവായതാണു കാരണം.

ഫെബ്രുവരിയിലെ ഫാക്ടറി ഉൽപാദന പിഎംഐ 55.3 ആയി കുറഞ്ഞു. നാലു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ജനുവരിയിൽ 55.4 ഉം ഡിസംബറിൽ 57.8 ഉം ആയിരുന്നു പിഎംഐ.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it