പലിശതീരുമാനത്തിനു മുമ്പ് അനിശ്ചിതത്വം; കുതിപ്പ് തുടരാൻ വിദേശികളുടെ നിക്ഷേപം; ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിൽ

ഫെഡ് തീരുമാനം ഇന്നു രാത്രി വരാനിരിക്കെ അതു സംബന്ധിച്ച അഭ്യൂഹങ്ങളാണു വിപണിയെ നയിക്കുന്നത്. യുഎസ് വിപണി ആവേശത്തോടെ തുടങ്ങിയിട്ട് ആശങ്കയിൽ അവസാനിച്ചു. ഡൗ ജോൺസ് 0.24 ശതമാനവും നാസ്ഡാക് 0.89 ശതമാനവും താഴ്ന്നു. അതേ ആശങ്കകൾ ഇന്നു രാവിലെ ഏഷ്യൻ വിപണികളിലും കാണാം. ജപ്പാനിലെ നിക്കൈ ചെറിയ താഴ്ചയിലാണ്. കൊറിയയിലെ കോസ്പി ചെറിയ നേട്ടം കാണിക്കുന്നു.

ചൈനീസ് വിപണികൾ ഇന്നലെ വലിയ കുതിപ്പ് നടത്തി. സീറോ കോവിഡ് നയം ഉപേക്ഷിച്ച് നിയന്ത്രണങ്ങൾ ഇല്ലാതാക്കാൻ തീരുമാനിച്ചു എന്ന റിപ്പോർട്ടുകളെ തുടർന്നാണു വിപണികൾ ഉയർന്നത്. ഷാങ് ഹായ് സൂചിക 2.7 ശതമാനം നേട്ടത്തിലായി. ഹോങ് കോങ്ങിലെ ഹാങ് സെങ് 5.7 ശതമാനം കുതിച്ച് ക്ലോസ് ചെയ്തു. ഇന്നു പക്ഷേ ഹാങ് സെങ് ചെറിയ താഴ്ചയിലും ഷാങ്ഹായ് ചെറിയ നേട്ടത്തിലുമാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,286 വരെ കയറിയിട്ട് 18,195-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 18, 240 ലെത്തി. ഇന്ത്യൻ വിപണി നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
ചൊവ്വാഴ്ച ഇന്ത്യൻ വിപണി കരുതലോടെയുള്ള മുന്നേറ്റമാണു നടത്തിയത്. സെൻസെക്സ് 374.76 പോയിൻ്റ് (0.62%) ഉയർന്ന് 61,121.35 ലും നിഫ്റ്റി 133.2 പോയിൻ്റ് (0.74%) ഉയർന്ന് 18,145.4 ലും ക്ലോസ് ചെയ്തു. ഐടി, ഹെൽത്ത് കെയർ, പവർ മേഖലകളുടെ കുതിപ്പും എച്ച്ഡിഎഫ്സി ദ്വയങ്ങളുടെ വിലവർധനയുമാണു സൂചികകളെ ഉയർത്തിയത്.
കഴിഞ്ഞ 12 ദിവസം കൊണ്ട് സെൻസെക്സ് 3886 പോയിൻ്റ് (ഏഴു ശതമാനം) വർധന കൈവരിച്ചു. സെൻസെക്സും നിഫ്റ്റിയും ഇപ്പോൾ സർവകാല റിക്കാർഡിനടുത്താണ്. 2021 ഒക്ടോബർ 19-ലെ 62,245.43 ആണ് സെൻസെക്സ് റിക്കാർഡ്; അതേ തീയതിയിലെ 18,604.45 ആണു നിഫ്റ്റിയുടെ റിക്കാർഡും.
വിദേശികൾ ആവേശത്തോടെ
വിദേശ നിക്ഷേപകർ സജീവമായി രംഗത്തുണ്ടായിരുന്നതാണ് ഇന്നലെ സൂചികകളെ ഉയർത്തിയത്. വിദേശികൾ ഇന്നലെ 2610 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഒക്ടോബറിൽ വിദേശ നിക്ഷേപകർ അറ്റ കണക്കിൽ 8430 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചു. സെപ്റ്റംബറിൽ 13,405 കോടി രൂപ പിൻവലിച്ച സ്ഥാനത്താണിത്. ഈ വർഷം മൂന്നു മാസമേ വിദേശികൾ അറ്റ നിക്ഷേപകർ ആയുള്ളു - ജൂലൈയും (6720 കോടി) ഓഗസ്റ്റും (53,994 കോടി) ഒക്ടോബറും.
യുഎസ് ഫെഡ് ഡിസംബർ മുതൽ പലിശ വർധനയുടെ തോതും വേഗവും കുറയ്ക്കുകയാണെന്ന് ഉറപ്പായാൽ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ വിദേശ നിക്ഷേപം പ്രതീക്ഷിക്കാം. അതു സൂചികകളെ പുതിയ റിക്കാർഡ് ഉയരങ്ങളിലേക്കു കയറ്റും.
വിപണിയുടെ മുഖ്യസൂചികകൾ ചെറിയ അനിശ്ചിതത്വം കാണിക്കുന്നതായി വിശകലന വിദഗ്ധർ പറയുന്നു. ഫെഡ് തീരുമാനം അറിയും വരെ അതു തുടരാം. എങ്കിലും 18,100-ലെ തടസത്തിനു മുകളിലായ നിഫ്റ്റി 18,350 - 18,600 പാതയിൽ മുന്നേറുമെന്നാണു പ്രതീക്ഷ. നിഫ്റ്റിക്ക് 18,080-ലും 18,010ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പാേൾ 18,170-ലും 18, 245 ലും തടസം ഉണ്ടാകാം.
ക്രൂഡും ലോഹങ്ങളും ഉയരുന്നു
ക്രൂഡ് ഓയിൽ വില താഴ്ചയിൽ നിന്നു കയറി. മാന്ദ്യവും ചൈനയിലെ നിയന്ത്രണങ്ങളും ക്രൂഡ് ഡിമാൻഡ് കുറയ്ക്കും എന്നായിരുന്നു നിഗമനം. ചൈന നിയന്ത്രണങ്ങൾ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടും ഫെഡ് നിലപാട് മാറ്റുമെന്ന അഭ്യൂഹവും വിപണിഗതി തിരിച്ചു. ബ്രെൻ്റ്‌ ഇനം ക്രൂഡ് 95.50 ഡോളറിലേക്കു തിരിച്ചു കയറി.
വ്യാവസായിക ലോഹങ്ങൾ നല്ല കുതിപ്പോടെയാണു നവംബറിനെ സ്വാഗതം ചെയ്തത്. ചൈന നിയന്ത്രണങ്ങൾ നീക്കുന്നു എന്ന സൂചനയാണു കാരണം. ചെമ്പുവില മൂന്നു ശതമാനത്തോളം കുതിച്ച് ടണ്ണിന് 7742 ഡോളറിൽ എത്തി. അലൂമിനിയം 2247 ഡോളറിലേക്കും നിക്കൽ 22702 ഡോളറിലേക്കും കുതിച്ചു. മറ്റു ലോഹങ്ങളും ഒന്നര മുതൽ മൂന്നു വരെ ശതമാനം ഉയർന്നു. എന്നാൽ സ്റ്റീൽ വിപണി മാന്ദ്യത്തിൽ തന്നെയാണ്. അതിനാൽ ഇരുമ്പയിര് വില താഴ്ന്നു 92 ഡോളറിലെത്തി.
സ്വർണം ഇന്നലെ ചെറിയ മേഖലയിൽ (1636-1659 ഡോളർ) കയറിയിറങ്ങി. ഇന്നു രാവിലെ 1649- 1651 ഡോളറിലാണു വ്യാപാരം.
ഡോളർ ഇന്നലെ ചാഞ്ചാടി. അതനുസരിച്ചു രൂപ കയറിയിറങ്ങി. ഒടുവിൽ ഡോളർ എട്ടു പൈസ നഷ്ടത്തിൽ 82.69 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക ഇന്നലെ 109 -നടുത്തു വരെ താഴ്ന്നിട്ട് 111.6 വരെ കയറി. ക്ലോസിംഗ് 111.48 ലായിരുന്നു. ഇന്നു രാവിലെ 111.39 ലാണു സൂചിക.
വിപണിയിൽ കിംവദന്തികൾ
നിർണായക തീരുമാനങ്ങൾക്കു മുൻപേ ആശങ്ക കലർന്ന കിംവദന്തികളും പ്രചാരണങ്ങളും പതിവാണ്. യുഎസ് ഫെഡ് ഇന്നു രാത്രി പലിശവർധന പ്രഖ്യാപിക്കാനിരിക്കെ അത്തരം കിംവദന്തികളും അഭ്യൂഹങ്ങളും ശക്തിപ്പെട്ടു. ഓരാേ സാമ്പത്തിക ഡാറ്റയും സൂക്ഷ്മമായി വിലയിരുത്തപ്പെട്ടു. അതിൻ്റെ ഫലം? കഴിഞ്ഞ മാസം 14 ശതമാനത്തിലധികം ഉയർന്ന ഡൗ ജോൺസ് സൂചിക ഇന്നലെ കാൽ ശതമാനം താഴ്ന്നു.
ഇന്നു ഫെഡ് പലിശ 3.00-ൽ നിന്ന് 3.75 ശതമാനമാക്കുമെന്നു വിപണിക്ക് ഉറപ്പാണ്. എന്നാൽ ഡിസംബറിൽ എന്തു ചെയ്യും എന്നതിനെപ്പറ്റിയാണു തീർച്ചയില്ലാത്തത്. വിപണി ആഗ്രഹിക്കുന്നത് ഡിസംബർ മുതൽ വർധനയുടെ തോതു കുറയണം, അഥവാ ഫെഡ് നയം തിരിക്കണം. ഡിസംബറിൽ 50
ബേസിസ് പോയിൻ്റ് വർധനയിൽ ഒതുങ്ങണം. അങ്ങനെയൊക്കെ നടക്കാം എന്നു കരുതിയിരുന്നപ്പോൾ ഇന്നലെ രണ്ടു കണക്കുകൾ പുറത്തുവന്നു. ഒന്ന് ഫാക്ടറി ഉത്പാദനത്തിൻ്റെ പിഎംഐ (പർച്ചേസ് മാനേജേഴ്സ് ഇൻഡെക്സ്). ഒക്ടോബറിലെ സൂചിക 50.4 മാത്രം. ഉൽപാദന വർധന മിതമായി എന്നർഥം.
ഈ സൂചിക കുഴപ്പമില്ലാത്തതാണ്. രണ്ടാമത്തേത് തൊഴിൽ അവസരങ്ങളുടെ കണക്ക്. അതു 107 ലക്ഷമായി ഉയർന്നു. പ്രതീക്ഷയിലും കൂടുതൽ. ഇതോടെ കിംവദന്തിയായി. ഫെഡ് ഡിസംബറിൽ ഗതി തിരിക്കാനിടയില്ല. ഉയർന്ന പലിശവർധന ഡിസംബറിലും തുടരും എന്നായി നിഗമനം. ഇതാേടെ ഡൗ ജോൺസ് നേട്ടത്തിൽ നിന്നു നഷ്ടത്തിലേക്കു മാറി.

വാഹന വിപണിയിൽ പ്രതീക്ഷയുടെ കണക്കുകൾ
വാഹന വിപണിയുടെ ഒക്ടോബറിലെ കണക്കുകൾ പ്രതീക്ഷ പകരുന്നതായി. കമ്പനികളിൽ നിന്നു ഡീലർമാരിലേക്കു വാഹനങ്ങൾ അയയ്ക്കുന്നതിൻ്റെ കണക്കായ മൊത്തവ്യാപാര സംഖ്യ മികച്ച നേട്ടം കാണിച്ചു.
കാർ വിൽപനയിൽ മാരുതി 29 ശതമാനവും ഹ്യൂണ്ടായി 30 ശതമാനവും ടാറ്റാ മോട്ടോഴ്സ് 33 ശതമാനവും വർധന നേടി.മാരുതി 1,40,337- ഉം ഹ്യൂണ്ടായി 48,001-ഉം ടാറ്റാ 45,423-ഉം വാഹനങ്ങൾ വിറ്റു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര 60 ശതമാനം വളർച്ചയോടെ 32,298 കാറുകൾ വിറ്റു. 43 ശതമാനം വളർന്ന കിയായുടെ വിൽപന 23,323 എണ്ണം. ടൊയോട്ട ആറു ശതമാനം വളർച്ചയോടെ 13,143 കാറുകൾ വിറ്റു.
ടൂ വീലർ വിപണി ചുരുങ്ങുകയാണ്. ഹീറോയുടെ വിൽപന 16 ശതമാനം ഇടിഞ്ഞ് 4.43 ലക്ഷമായി. ഹോണ്ട എട്ടു ശതമാനം വളർന്ന് 4.26 ലക്ഷം വാഹനങ്ങൾ വിറ്റു. ബജാജ് നാലും (2.06ലക്ഷം) ടിവിഎസ് ഏഴും (2.76 ലക്ഷം) ശതമാനം വളർച്ചയേ നേടിയുള്ളു.
വാണിജ്യ വാഹന വിപണിയിൽ ഒന്നാം സ്ഥാനത്തുള്ള (31,320 എണ്ണം) ടാറ്റാ മോട്ടോഴ്സിൻ്റെ വിൽപന 0.3 ശതമാനമേ കൂടിയുള്ളു. മഹീന്ദ്ര 39 ശതമാനം വർധനയോടെ 20,980 വണ്ടികൾ വിറ്റു. ലെയ്ലാൻഡ് 38 ശതമാനം വളർന്നു. വിറ്റത് 13,860 വാഹനങ്ങൾ.
ഉൽപ്പാദനവും വിൽപ്പനയും കൂടുന്നു
ഒക്ടോബറിലെ പിഎംഐ (പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് ) 55.3 ആയി. ഫാക്ടറി ഉൽപാദനം വളർന്നു എന്നാണ് ഇതു കാണിക്കുന്നത്. സെപ്റ്റംബറിൽ 55.1 ആയിരുന്നു സൂചിക. ഇതേ സമയം ചൈനയിൽ പിഎംഐ 50.9-ൽ നിന്ന് 50.2 ആയി കുറഞ്ഞു.
ഒക്ടോബറിലെ ജിഎസ്ടി പിരിവ് 1,51,718 കോടി രൂപയായി. കഴിഞ്ഞ ഏപ്രിലിലെ 1,67,540 കോടി രൂപയുടെ പിരിവ് കഴിഞ്ഞാലുള്ള റിക്കാർഡ് പിരിവാണിത്. കഴിഞ്ഞ ഒൻപതു മാസമായി ജിഎസ്ടി പിരിവ് 1.4 ലക്ഷം കോടി രൂപയ്ക്കു മുകളിലാണ്. സെപ്റ്റംബറിലെ ഉത്സവകാല വിൽപനയാണ് ഒക്ടോബറിലെ ഉയർന്ന പിരിവിൽ പ്രതിഫലിക്കുന്നത്.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it