Begin typing your search above and press return to search.
നല്ല തുടക്കത്തിനു ശേഷം ആശങ്ക; ഫാക്ടറി ഉൽപാദനത്തിൽ ഉയർച്ച; സാെമാറ്റോയിൽ വീണ്ടും രാജി; ടെക് മേഖല റിക്രൂട്ട്മെന്റ് ഇടിഞ്ഞു
പുതുവർഷം ആശങ്കാജനകമാണെന്ന് ഐഎഎഫ് നവവത്സര സന്ദേശത്തിൽ ആവർത്തിച്ചു മുന്നറിയിപ്പ് നൽകി. പക്ഷേ 2023 -ലെ ആദ്യ വ്യാപാര ദിനത്തിൽ വിപണികളെല്ലാം ഉണർവിലായിരന്നു. മിതമായ ആവേശം എങ്ങും കാണപ്പെട്ടു. എന്നാൽ ഇന്ന് അതു തുടരണമെന്നില്ല.
ഇന്ത്യൻ വിപണിയുടെ മുഖ്യ സൂചികകൾ ഇന്നലെ അര ശതമാനത്തിലധികം ഉയർന്നു ക്ലോസ് ചെയ്തു. ചൈനീസ് വിപണിയും നല്ല നേട്ടത്തോടെ അവസാനിച്ചു. യൂറോപ്പിൽ ഒരു ശതമാനം വരെ നേട്ടമുണ്ടായി. യുഎസ് വിപണി ഇന്നലെ അവധിയിലായിരുന്നു. എന്നാൽ യുഎസ് ഫ്യൂച്ചേഴ്സ് ഉണർവ് കാണിച്ചു.
ഓസ്ട്രേലിയയിലെ എഎസ്എക്സ് 200 സൂചിക ഇന്നു രാവിലെ ഒന്നര ശതമാനം ഇടിഞ്ഞു. ഏഷ്യൻ വിപണികൾ ഇന്നു രാവിലെ താഴ്ന്നാണു വ്യാപാരം ആരംഭിച്ചത്. ജപ്പാനിലെ നിക്കൈ അവധിയിലാണ്. ദക്ഷിണെ കൊറിയയിലെ കാേസ്പി ഒന്നേകാൽ ശതമാനം താഴ്ചയിൽ വ്യാപാരം തുടങ്ങി. ചൈനയിലെ ഷാങ്ഹായ് എക്സ്ചേഞ്ച് താഴ്ന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,223 - ൽ നിന്ന് 18,286-ലേക്കു കയറി. പക്ഷേ ഇന്നു രാവിലെ 18,148 ലേക്കു സൂചിക താണു. പിന്നീടു 18,162 ലേക്കു കയറി. ഇന്ത്യൻ വിപണി താഴ്ന്നു വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
തിങ്കളാഴ്ച ഇന്ത്യൻ വിപണി ഉയർന്ന നിലയുടെ അടുത്തു ക്ലാേസ് ചെയ്തു. സെൻസെക്സ് 327.05 പോയിന്റ് (0.54%) ഉയർന്ന് 61,167.79-ലും നിഫ്റ്റി 92.15 പോയിന്റ് (0.51%) ഉയർന്ന് 18,197.5 -ലും ക്ലോസ് ചെയ്തു. വിശാലവിപണി കൂടുതൽ ഉണർവ് കാണിച്ചു. മിഡ് ക്യാപ് സൂചിക 0.88 ഉം സ്മോൾ ക്യാപ് സൂചിക 0.69 ഉം ശതമാനം ഉയർച്ചയിലായി.
ലോഹ വ്യവസായങ്ങളാണ് ഇന്നലെ വലിയ നേട്ടമുണ്ടാക്കിയത്. നിഫ്റ്റി മെറ്റൽ സൂചിക 2.43 ശതമാനം കയറി. ചൈന കോവിഡ് നിയന്ത്രണങ്ങൾ നീക്കിയ നിലയ്ക്ക് അവിടെ ഡിമാൻഡ് കൂടുമെന്നും അതിൽ നേട്ടമെടുക്കാൻ ഇന്ത്യൻ കമ്പനികൾക്കു കഴിയുമെന്നും വിദേശ ബ്രാേക്കറേജ് ജെഫെറീസ് റിപ്പോർട്ട് ചെയ്തത് വിപണിയെ സഹായിച്ചു.
ടാറ്റാ സ്റ്റീലും ഹിൻഡാൽകോയും വാങ്ങാവുന്നവയുടെ പട്ടികയിലേക്ക് അവർ പെടുത്തി. ടാറ്റാ സ്റ്റീൽ 5.73 ശതമാനവും ഹിൻഡാൽകോ 2.78 ശതമാനവും ഉയർന്നു. സെയിൽ ഓഹരി 7.62 ശതമാനം കയറി. ഗോദാവരി പവർ ആൻഡ് ഇസ്പാത് 6.31 ശതമാനം ഉയർന്നു. വേദാന്ത ലിമിറ്റഡും ഗ്രൂപ്പ് കമ്പനികളും കയറ്റത്തിലാണ്.
ബാങ്ക്, ധനകാര്യ സേവന, വാഹന, ഐടി, ഓയിൽ - ഗ്യാസ് മേഖലകളും ഇന്നലെ നേട്ടമുണ്ടാക്കി. വിദേശനിക്ഷേപകർ ഇന്നലെ 212.57 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു. സ്വദേശി ഫണ്ടുകൾ 743.35 കോടി രൂപ ഓഹരികളിൽ മുടക്കി.
വിപണി ഒരു മുന്നേറ്റത്തിനുള്ള മനോഭാവത്തിലാണെന്നു വിദഗ്ധർ പറയുന്നു. 18,500 ലക്ഷ്യമിട്ടാകും നിഫ്റ്റി നീങ്ങുക. നിഫ്റ്റിക്കു 18,115 -ലും 18,035 ലും പിന്തുണ ഉണ്ട്. 18,215 -ലും 18,295 ലും തടസം നേരിടാം.
ക്രൂഡ് ഓയിൽ, ലോഹ വിപണികൾ ഇന്നലെ അവധിയിലായിരുന്നു. ബ്രെന്റ് ഇനം ക്രൂഡ് ഇന്ന് 86 ഡോളറിൽ നിന്ന് 85.05 ഡോളറിലേക്കു താഴ്ന്നു.
സ്വർണ വിപണി ഇന്നലെ അവധിയിലായിരുന്നു. ഇന്നു രാവിലെ സ്വർണം കുതിപ്പ് തുടർന്നു. 1824 ഡോളറിൽ നിന്ന് 1831-1832 ഡോളറിലേക്ക് ഒരൗൺസ് സ്വർണം എത്തി. പിന്നീട് 1827 -1829 ലേയ്ക്കു താണു. വെള്ളി 24.12 ഡോളർ ആയി.
കേരളത്തിൽ ഇന്നലെ സ്വർണം പവന് 120 രൂപ കുറഞ്ഞ് 40,360 രൂപയായി. ഇന്നു വില ഉയർന്നേക്കാം.
ഡോളർ ഇന്നലെ രണ്ടു പെെസ നഷ്ടത്തിൽ 82.72 രൂപയിലേക്കു താണു. ലോക വിപണിയിൽ ഡോളർ സൂചിക 103.52-ൽ ക്ലോസ് ചെയ്തിട്ട് ഇന്നു രാവിലെ 103.74 ലേക്കു കയറി.
വാർത്തകൾ
ഡിസംബറിൽ ഇന്ത്യയിലെ ഫാക്ടറി പ്രവർത്തനം മെച്ചപ്പെട്ടതായി പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് (പിഎംഐ) കാണിക്കുന്നു. നവംബറിലെ 55.7 ൽ നിന്ന് 57.8 ലേക്ക് പിഎംഐ കയറി. 26 മാസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്.
സൊമാറ്റോയുടെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറു (സിടിഒ) മായ ഗുൻജാൻ പാട്ടീദാർ രാജി പ്രഖ്യാപിച്ചു. കമ്പനിയിൽ നിന്നു മാറുന്ന നാലാമത്തെ സഹ സ്ഥാപകനാണു പാട്ടീദാർ. പകരം നിയമനമായിട്ടില്ല.
ഭക്ഷ്യ - പലചരക്ക് വിതരണ കമ്പനി സ്വിഗ്ഗിയുടെ 2021 - 22-ലെ വരുമാനം ഇരട്ടിയിലധികമായെങ്കിലും നഷ്ടവും അതുപോലെ കൂടി. 5705 കോടി രൂപ വരുമാനത്തിൽ 9574 കോടി രൂപയാണു നഷ്ടം.
ടെക്നോളജി കമ്പനികൾ ജോലിക്കാരെ എടുക്കുന്നതു കുത്തനേ കുറച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ 1.1 ലക്ഷം ജീവനക്കാരെ എടുത്ത ടെക് മേഖല ഇത്തവണ അതിന്റെ പത്തിലൊന്ന് ആൾക്കാരെയേ എടുത്തിട്ടുള്ളു. ജൂണിലാണു റിക്രൂട്ട്മെന്റ് കുറച്ചു തുടങ്ങിയത്. അതേ സമയം വിശേഷ യോഗ്യതയും വൈദഗ്ധ്യവും ഉള്ളവർക്കു ഡിമാൻഡിൽ കുറവില്ല.
ഓൺലൈൻ ഗെയിമിംഗിനു കമ്പനികളുടെ സ്വയം നിയന്ത്രണ സംവിധാനം കൊണ്ടുവരും എന്നു കേന്ദ്രം അറിയിച്ചു. ഇതിനുള്ള കരടുചട്ടങ്ങൾ ഇന്നലെ പ്രസിദ്ധീകരിച്ചു. ഈ രംഗത്തുള്ള നസാറ ടെക്നോളജീസിന്റെ ഓഹരി വില ഇന്നലെ എഴു ശതമാനത്താേളം കുതിച്ചിരുന്നു.
Next Story
Videos