യുഎസ് ഫെഡ് വീണ്ടും നിരക്ക് കൂട്ടി; ബാങ്കിംഗ് തകര്‍ച്ച സംബന്ധിച്ച് ഭയം വര്‍ധിക്കുന്നു
പലിശപ്പേടി മാറി. പകരം ബാങ്കിംഗ് തകർച്ചയെപ്പറ്റി ആധിയായി. ഇന്നലെ അമേരിക്കയിൽ സംഭവിച്ചത് അതാണ്. യുഎസ് ഫെഡ് പലിശ കാൽ ശതമാനം കൂട്ടി 5.00 - 5.25 ശതമാനമാക്കി. മാത്രമല്ല തൽക്കാലം പലിശ വർധന നിർത്തി വയ്ക്കുകയാണെന്നു പറയാതെ പറഞ്ഞു. ഇതു വിപണിക്കു വലിയ ആശ്വാസമായി. പക്ഷേ പിന്നീടു പ്രാദേശിക ബാങ്കുകൾ കുഴപ്പത്തിലാണെന്ന ധാരണ പടർന്നതോടെ യുഎസ് സൂചികകളും ഫ്യൂച്ചേഴ്സും ഇടിഞ്ഞു. ഇന്ന് ഈ വിഷയം ഇന്ത്യൻ വിപണിയിലടക്കം പ്രത്യാഘാതമുണ്ടാക്കും.
പുതിയ ആശങ്കകളുടെ വെളിച്ചത്തിൽ ഓഹരി വിപണികൾ ഇടിഞ്ഞു. ഡോളർ സൂചിക താഴ്ന്നു. ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. സ്വർണം കുതിച്ചു കയറി. സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ബുധൻ രാത്രി ഒന്നാം സെഷനിൽ 18,160.50 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,115 ലേക്ക് ഇടിഞ്ഞു. ഇന്നു രാവിലെ 18,078 വരെ താഴ്ന്നിട്ട് 18,100 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങുമെന്നാണു സൂചന.
യൂറോപ്യൻ വിപണികൾ ഇന്നലെ ചെറിയ താഴ്ചയിൽ ക്ലോസ് ചെയ്തു. യൂറോപ്യൻ കേന്ദ്രബാങ്കിന്റെ പലിശ തീരുമാനം ഇന്നു വരും. കേന്ദ്രബാങ്ക് ഡിസ്കൗണ്ട് നിരക്ക് മൂന്നിൽ നിന്ന് 3.5 ശതമാനമാക്കുമോ എന്നു പലരും ഭയപ്പെടുന്നുണ്ട്.
യുഎസ് വിപണി തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞു. പലിശ വർധന പ്രതീക്ഷ പോലെ വന്നതിന്റെ ആശ്വാസം മാറും മുൻപ് ബാങ്കിംഗ് പ്രതിസന്ധിയെപ്പറ്റിയുള്ള ആശങ്കയിലേക്കു വിപണി വീണതാണു കാരണം. പസഫിക് വെസ്റ്റ്, വെസ്റ്റേൺ അലയൻസ് തുടങ്ങിയ പ്രാദേശിക ബാങ്കുകളുടെ ഓഹരികളിൽ വലിയ വിൽപന നടക്കുന്നു. കൂടുതൽ ബാങ്കുകൾ കുഴപ്പത്തിലാകും എന്നാണു വിപണിയുടെ വിലയിരുത്തൽ. വ്യാപാരസമയം കഴിഞ്ഞു നടന്ന ഫ്യൂച്ചേഴ്സിൽ ബാങ്ക് ഓഹരികൾ കുത്തനേ ഇടിഞ്ഞു. പസഫിക് വെസ്റ്റ് ഓഹരി 58 ശതമാനം വരെ താണു. ബാങ്കിനെ വിൽക്കാൻ ആലോചന തകൃതിയായി നടക്കുന്നു.
ഡൗ ജോൺസ് ഇന്നലെ 270.29 പോയിന്റും (0.80 ശതമാനം) എസ് ആൻഡ് പി 28.83 പോയിന്റും (0.70%) നാസ്ഡാക് 55.18 പോയിന്റും (0.46%) താഴ്ന്നാണു വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ് ഫ്യൂച്ചേഴ്സ് നല്ല താഴ്ചയിലാണ്. ഡൗവും എസ് ആൻഡ് പിയും 0.51 ശതമാനം വീതം ഇടിഞ്ഞു. നാസ്ഡാക് 0.16 ശതമാനം താഴ്ന്നു. ഏഷ്യൻ, ഓസ്ട്രേലിയൻ സൂചികകൾ ഇന്നു താഴ്ന്നു. ജാപ്പനീസ് വിപണി ഇന്ന് അവധിയിലാണ്. ചെെനീസ് വിപണി തുടക്കത്തിലേ താഴ്ന്നു. ആറു ദിവസത്തെ തുടർച്ചയായ കയറ്റത്തിനു ശേഷം ഇന്നലെ ഇന്ത്യൻ വിപണി നഷ്ടത്തിലേക്കു മാറി.
ആഗോള പ്രവണതകളുടെ ഫലമായിരുന്നത്. സെൻസെക്സ് 161.41 പോയിന്റ് (0.26%) താഴ്ന്ന് 61,193.3 ലും നിഫ്റ്റി 57.8 പോയിന്റ് (0.32%) ഇടിഞ്ഞ് 18,089.85 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.26 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.07 ശതമാനം താഴ്ന്നാണു ക്ലോസ് ചെയ്തത്. വിപണി ദുർബല പ്രവണതയാണു കാണിച്ചത്. നിഫ്റ്റിക്കു 18,050 ലും 18,005 ലും സപ്പോർട്ട് ഉണ്ട്. 18,110 ലും 18,160 ലും തടസങ്ങൾ നേരിടാം.
മണപ്പുറം ഓഹരികളിൽ ഇടിവ്
മണപ്പുറം ഫിനാൻസിന്റെ ഓഫീസുകളിൽ എൻഫാേഴ്സ്മെന്റ് വിഭാഗം (ഇഡി) പരിശോധന നടത്തിയത് ഓഹരി വില 14 ശതമാനം ഇടിയാൻ കാരണമായി. നിബന്ധനകൾ പാലിക്കാതെ നിക്ഷേപങ്ങൾ സ്വീകരിക്കുന്നു എന്നതുപോലുള്ള പരാതികൾ വച്ചാണ് പരിശോധന. കമ്പനി പരിശോധനയുമായി സഹകരിക്കുന്നുണ്ടെന്നു മാനേജ്മെന്റ് അറിയിച്ചു. ഇഡി പത്രക്കുറിപ്പ് നൽകിയിട്ടില്ല.
വിദേശനിക്ഷേപകർ ബുധനാഴ്ച 1338 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 583.99 കോടിയുടെ ഓഹരികൾ വിറ്റു.
ക്രൂഡ് ഓയിൽ ഇടിവു തുടരുകയാണ്. ചൊവ്വാഴ്ച അഞ്ചു ശതമാനം താഴ്ന്നതിൽ നിന്നു ബുധനാഴ്ച നാലു ശതമാനം കൂടി താഴ്ചയിലായി. ബ്രെന്റ് ഇനം ക്രൂഡ് 71.93 ഡോളറിൽ ക്ലോസ് ചെയ്തു. പിന്നീട് 73 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ ഇനം 66.62 ഡോളർ ആയി കുറഞ്ഞു. ഡോളറിന്റെ നില അനുസരിച്ചു ക്രൂഡ് വില മാറും.
സ്വർണം
സ്വർണം കുതിച്ചു കയറ്റം തുടരുകയാണ്. പലിശവർധന പ്രഖ്യാപിച്ചതോടെ 2020 ഡോളറിൽ നിന്നു 2040 ഡോളറിലേക്കു മഞ്ഞലാേഹം കയറി. പിന്നീടു പ്രാദേശിക ബാങ്കുകൾ പ്രതിസന്ധിയിലാണെന്ന ആശങ്കയിൽ 2075 ഡോളർ വരെ ഉയർന്നു. ഇന്നു രാവിലെ 2045- 2046 ഡോളറിലാണു വ്യാപാരം.
കേരളത്തിൽ പവൻവില ഇന്നലെ കുതിച്ചുയർന്നു. 640 രൂപ വർധിച്ച് 45,200 രൂപയായി. ഏപ്രിൽ 14 -നു വന്ന 45,320 രൂപയാണു കേരളത്തിലെ റിക്കാർഡ് വില. ഇന്നു വില വീണ്ടും പുതിയ റിക്കാർഡ് കുറിക്കും.
ഇന്നലെയും വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിൽ നീങ്ങി. ചെമ്പ് 0.05 ശതമാനം താണ് ടണ്ണിന് 8485 ഡോളറിലായി. അലൂമിനിയം 1.08 ശതമാനം ഇടിഞ്ഞ് 2340 ഡോളറിൽ ക്ലാേസ് ചെയ്തു. ലെഡും സിങ്കും ഒരു ശതമാനം വരെ താഴ്ന്നു. നിക്കൽ 3.5 ശതമാനവും ടിൻ 1.22 ശതമാനവും ഉയർന്നു. ക്രിപ്റ്റോ കറൻസികൾ അൽപം ഉയർന്നു. ബിറ്റ്കോയിൻ 29,300 ലേക്കു കയറി.
ഡോളർ ഇന്നലെ ആറു പെെസ താഴ്ന്ന് 81.81 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക ഇന്നലെ 101.34 ലേക്കു താണു. രാവിലെ 101.1 ആയി കുറഞ്ഞു.
അദാനി ടോട്ടലിന്റെ ഓഡിറ്റർ രാജിവച്ചു
അദാനി ഗ്രൂപ്പിലെ അദാനി ടോട്ടൽ ഗ്യാസിന്റെ സ്റ്റാച്യൂട്ടറി ഓഡിറ്റർ സ്ഥാനത്തു നിന്ന് ഷാ ധൻധാരിയ എന്ന സ്ഥാപനം പിന്മാറി. വർഷങ്ങളായി സ്ഥാനത്തുള്ള ഈ സ്ഥാപനത്തിന്റെ യോഗ്യതയെ ഹിൻഡൻബർഗ് റിപ്പോർട്ടിൽ ചോദ്യം ചെയ്തിരുന്നു. അദാനി എന്റർപ്രൈസസിന്റെയും ഓഡിറ്ററാണ് ഇവർ. അതിൽ നിന്നു മാറിയിട്ടില്ല.
ജോലിത്തിരക്ക് കാരണമായി പറഞ്ഞാണ് ടോട്ടലിൽ നിന്നുള്ള പിന്മാറ്റം. നാലു പാർട്ട്നർമാരും 11 ജീവനക്കാരുമാണ് ഷാ ധൻധാരിയയ്ക്ക് ഉള്ളത്. അഹമ്മദാബാദ് ആണ് ആസ്ഥാനം. ഇവർക്കു പകരം ഗ്രാന്റ് താേൺടന്റെ അഫീലിയേറ്റ് ആയ വോക്കർ ചാൻഡിയോക്കിനെ നിയമിച്ചിട്ടുണ്ട്.
അദാനി ഗ്രൂപ്പ് ഓഹരികൾ എല്ലാം ഇന്നലെ വിപണിയിൽ താഴ്ചയിലായിരുന്നു. ലാഭം കുത്തനേ കുറഞ്ഞ അദാനി ഗ്രീനിന്റെ ഓഹരി അഞ്ചു ശതമാനം താണു. മറ്റുള്ളവ നാലു ശതമാനം വരെ ഇടിഞ്ഞു.
ഗോ ഫസ്റ്റ് തകർച്ച
ഗോ ഫസ്റ്റ് പാപ്പർ നടപടിയിലേക്കു നീങ്ങിയത് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെയും ബാങ്ക് ഓഫ് ബറോഡയുടെയും ഓഹരികളെ താഴ്ത്തി. സെൻട്രൽ ബാങ്കിന് 1987 കോടിയും ബാങ്ക് ഓഫ് ബറോഡയ്ക്ക് 1430 കോടിയും കിട്ടാനുണ്ട്. ഡോയിച്ച് ബാങ്കിന് 1320 കോടി രൂപയാണു കിട്ടാനുള്ളത്. ബാങ്കുകൾക്കു വലിയ ഭാഗം നഷ്ടമാകുമെന്നു വിപണി കരുതുന്നു.
വാഡിയാ ഗ്രൂപ്പിലെ ബോംബെ ബർമ ട്രേഡിംഗ് കോർപറേഷന്റെ ഓഹരിവില എട്ടു ശതമാനത്തോളം ഇടിഞ്ഞു. മറ്റു കമ്പനികളായ ബോംബെ ഡൈയിംഗിനും ബ്രിട്ടാനിയയ്ക്കും കാര്യമായ ക്ഷീണമില്ല. വിമാന കമ്പനിക്ക് തിരിച്ചു വരാൻ സാധ്യത കുറവാണെന്നു വിപണി കണക്കാക്കുന്നു.
ടയർ കമ്പനികൾ കുതിക്കുന്നു
ടയർ കമ്പനികളുടെ ഓഹരികൾ കുതിപ്പിലാണ്. വരുമാനവും ലാഭവും വർധിക്കുന്നതാണു കാരണം. ജെകെ ടയേഴ്സ് ഓഹരിഎട്ടും സിയറ്റ് 6.8 ഉം അപ്പാേളോ മൂന്നും ശതമാനം കയറി. അപ്പോളോ ഓഹരി 52 ആഴ്ചയിലെ ഉയർന്ന നിലയിലാണ്.
ഇന്നലെ നാലാം പാദ റിസൽട്ട് പ്രഖ്യാപിച്ച എംആർഎഫ് ഓഹരി ആറു ശതമാനത്തിലധികം ഉയർന്ന് 94,390 രൂപ എത്തി. ക്ലോസിംഗിൽ 93,600 രൂപ. നേട്ടം 5003രൂപ. അറ്റാദായം ഇരട്ടിയിലേറെയായി. കമ്പനി രണ്ട് ഇടക്കാല ലാഭവീതങ്ങൾ അടക്കം 175 രൂപ ലാഭവീതം പ്രഖ്യാപിച്ചു. 10 രൂപയാണ് ഓഹരിയുടെ മുഖവില.
ടയർ ഡിമാൻഡ് വർധിച്ചതും സ്വാഭാവിക റബറിനും മറ്റു ഘടക പദാർഥങ്ങൾക്കും വില കുറവായതും ടയർ കമ്പനികളെ സഹായിക്കുന്നു.
യുഎസ് ബാങ്കിംഗ് പ്രതിസന്ധി നീങ്ങുന്നില്ല
യുഎസിൽ വീണ്ടും ബാങ്കിംഗ് പ്രതിസന്ധി വളരുകയാണ്. ഫസ്റ്റ് റിപ്പബ്ലിക്കിന്റെ ഭൂരിഭാഗം ആസ്തികളും നിക്ഷേപങ്ങളും ജെപി മാേർഗൻ ചേയ്സിനു കൈമാറിയതാേടെ തീർന്നെന്നു കരുതിയ കുഴപ്പങ്ങൾ വീണ്ടും തല പൊക്കി. പസഫിക് വെസ്റ്റ് ബാങ്കിംഗ് കോർപറേഷൻ രക്ഷാമാർഗം തേടി വലിയ ബാങ്കുകളെ സമീപിച്ചു കഴിഞ്ഞു.
വെസ്റ്റേൺ അലയൻസ്, വാലി നാഷണൽ, കൊമേരിക്ക, സയൺ ബാങ്ക് കോർപ് തുടങ്ങിയവയിലും വലിയ തോതിൽ ഷോർട് വ്യാപാരം നടക്കുന്നുണ്ട്. മൂന്നു മാസത്തിനിടെ മൂന്നു ബാങ്കുകൾ (ഫസ്റ്റ് റിപ്പബ്ലിക്, സിലിക്കൺ വാലി, സിഗ്‌നേച്ചർ) തകർന്നതും ഒരെണ്ണം (സിൽവർ ഗേറ്റ്) പ്രവർത്തനം നിർത്തിയതും യുഎസ് ബാങ്കിംഗ് മേഖലയുടെ ദൗർബല്യം കാണിക്കുന്നു. പലിശ നിരക്ക് ഉയർന്നു നിൽക്കുന്നത്
യുഎസിലെ 4000-ലധികം ഇടത്തരം ബാങ്കുകളിൽ പകുതി എണ്ണത്തെയും തകർച്ചയിലേക്കു നയിക്കുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. 2007 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണു യുഎസ് പലിശ ഇപ്പോൾ. കൂടിയ പലിശ കടം തിരിച്ചടവിൽ വീഴ്ചകൾ വരുത്തുന്നതാേടാെപ്പം കടപ്പത്ര നിക്ഷേപത്തിൽ നഷ്ടവും വരുത്തും. ചെറു ബാങ്കുകൾക്ക് അത് ഇരട്ട പ്രഹരമാകും.
യുഎസ് ബാങ്കുകളുടെ സോഫ്റ്റ് വേറുകൾ കൈകാര്യം ചെയ്യുന്ന ഇന്ത്യൻ ഐടി സേവന കമ്പനികൾക്കു ബാങ്കിംഗ് പ്രതിസന്ധി ചില്ലറയല്ലാത്ത പ്രശ്നം സൃഷ്ടിക്കാം.
വിപണി സൂചനകൾ
(2023 മേയ് 03, ബുധൻ)
സെൻസെക്സ് 30 61,193.30 -0.26%
നിഫ്റ്റി 50 18,089.85 -0.32%
ബാങ്ക് നിഫ്റ്റി 43,312.70 -0.09%
മിഡ് ക്യാപ് 100 32,186.20 +0.26%
സ്മോൾക്യാപ് 100 9732.55 -0.07%
ഡൗ ജോൺസ്30 33,414.20 - 0.80%
എസ് ആൻഡ് പി500 4090.75 - 0.70%
നാസ്ഡാക് 12,025.30 - 0.46%
ഡോളർ ($) ₹81.81 -06 പൈസ
ഡോളർ സൂചിക 101.34 -0.60
സ്വർണം(ഔൺസ്) $ 2040.10 +$23.30
സ്വർണം(പവൻ ) ₹44,560 -₹120.00
ക്രൂഡ്(ബ്രെന്റ്)ഓയിൽ $71.93 -$3.39