Begin typing your search above and press return to search.
മുന്നേറ്റം കാത്തു വിപണി; നോട്ടം പലിശയിലേക്ക്; വിലക്കയറ്റത്തിൽ ആശ്വാസം; ക്രൂഡ് ഓയിൽ 80 ഡോളറിനു മുകളിൽ
വിലക്കയറ്റത്തിനു മാറ്റം വന്നു തുടങ്ങി. ഇനി പലിശവർധനയുടെ തോതും കുറഞ്ഞു തുടങ്ങും. 2022-ന്റെ അവസാന ആഴ്ചകൾ പ്രത്യാശയും പ്രതീക്ഷയും നൽകുന്നതാകും. ഇന്നലെ ലോകവിപണികൾ ആ സന്തോഷം കാണിക്കുന്നതായി മാറി. ഇന്നും സന്തോഷം തുടരും എന്ന സൂചനയാണുള്ളത്. ഡോളർ താഴുകയും ക്രൂഡ് ഓയിൽ 80 ഡോളറിനു മുകളിലേക്കു കയറുകയും ചെയ്തു. ഇന്നു രാത്രി യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലിന്റെ വാക്കുകൾ ആകും തുടർന്നുള്ള വിപണിഗതി നിർണയിക്കുക.
ചൊവ്വാഴ്ച ഇന്ത്യൻ വിപണി ചെറിയ നേട്ടത്തിൽ തുടങ്ങി ദിവസത്തിലെ ഉയർന്ന നിരക്കിനു സമീപം ക്ലോസ് ചെയ്തു. മിക്ക ഏഷ്യൻ വിപണികളും നേട്ടത്തിൽ അവസാനിച്ചു. യൂറോപ്യൻ സൂചികകൾ മികച്ച നേട്ടത്താേടെ ക്ലോസ് ചെയ്തു.
നവംബറിലെ യുഎസ് ചില്ലറ വിലക്കയറ്റം 7.1 ശതമാനത്തിലേക്കു താഴ്ന്നതിന്റെ ആവേശത്തിലാണു യുഎസ് വിപണി തുടങ്ങിയത്. ഡൗ ജോൺസ് അടക്കമുളള സൂചികകൾ രണ്ടു ശതമാനത്തിലേറെ കുതിച്ചു. എന്നാൽ പിന്നീടു താണു. വിലക്കയറ്റത്തിലെ ഇടിവിന് ആനുപാതികമായി വേതന നിലവാരത്തിൽ താഴ്ചയില്ല. അതു നാലു ശതമാനത്തിലേക്കു വരും വരെ ഫെഡ് നിരക്കു വർധന തുടരും എന്ന വിലയിരുത്തലിലായി വിപണി. ദിവസത്തിലെ ഉയർന്ന നിലയിൽ നിന്ന് ഡൗ 600 - ഉം നാസ്ഡാക് 300 - ഉം പോയിന്റ് താഴ്ന്നാണു ക്ലാേസ് ചെയ്തത്. ഡൗ 0.3 ശതമാനവും നാസ് ഡാക് 1.01 ശതമാനവും നേട്ടമുണ്ടാക്കി. യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ നേട്ടത്തിലാണ്.
ഏഷ്യൻ വിപണികൾ ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങി. ചൈനീസ് വിപണികളും രാവിലെ കയറ്റത്തിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,909 വരെ കയറിയിട്ട് 18,756-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 18,790ലെത്തി. ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്ത്യൻ വിപണി ഇന്നലെ തുടക്കം മുതൽ കയറ്റത്തിലായിരുന്നു. സെൻസെക്സ് 402.73 പോയിന്റ് (0.65%) ഉയർന്ന് 62,533.3 ലും നിഫ്റ്റി 110.85 പോയിന്റ് (0.6%) ഉയർന്ന് 18,608 -ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.54 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.43 ശതമാനവും ഉയർന്നു.
വിപണി ഇനിയും കയറ്റത്തിനു സന്നദ്ധമാണ്. 18,520 -ലും 18,440 -ലും വിപണിക്കു പിന്തുണയുണ്ട്. ഉയരുമ്പോൾ 18,620 -ഉം 18,700 - ഉം തടസങ്ങളാകാം.
വിദേശനിക്ഷേപകർ കുറേ ദിവസത്തിനു ശേഷം നിക്ഷേപകരായി. ഇന്നലെ ക്യാഷ് വിപണിയിൽ 619.92 കോടിയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 36.75 കോടിയുടെ ഓഹരികൾ വാങ്ങി.
റിയൽറ്റി, എഫ്എംസിജി, കൺസ്യൂമർ ഡ്യുറബിൾസ്, മീഡിയ, ഓയിൽ തുടങ്ങിയവ ഇന്നലെ താഴ്ചയിലായി. 3.81 ശതമാനം കുതിച്ച പിഎസ് യു ബാങ്കുകളാണ് ഇന്നലെ താരമായത്. ദിവസങ്ങൾക്കു ശേഷം തിരിച്ചു കയറിയ ഐടി സൂചിക 1.12 ശതമാനം ഉയർന്നു.
ക്രൂഡ് ഓയിൽ വില ശക്തമായി തിരിച്ചു കയറി. ഡോളർ നിരക്കു താഴ്ന്നതാണു പ്രധാന കാരണം. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ മൂന്നു ശതമാനം കുതിച്ച് 80.1 ഡോളറിലെത്തി. ഇന്നു രാവിലെ 80.68 ഡോളറിലേക്കു കയറി.
വ്യാവസായിക ലോഹങ്ങൾ ചെറിയ നേട്ടം ഉണ്ടാക്കി. അലൂമിനിയവും നിക്കലും ടിന്നും രണ്ടു ശതമാനം വീതം ഉയർന്നപ്പോൾ ചെമ്പ് നാമമാത്ര നേട്ടമേ കുറിച്ചുള്ളു.
സ്വർണം ഇന്നലെ വലിയ കയറ്റം നടത്തിയെങ്കിലും അതു നിലനിർത്താനായില്ല. 1782-ൽ നിന്ന് 1826 ഡോളർ വരെ സ്വർണം കയറി. എന്നാൽ 1810 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 1809-1810 ഡോളറിലാണു വ്യാപാരം നടക്കുന്നത്. ഡോളർ സൂചികയുടെ കയറ്റിറക്കങ്ങളാണ് സ്വർണത്തെ നയിക്കുന്നത്.
രൂപയ്ക്ക് ഇന്നലെ ക്ഷീണമായിരുന്നു. 29 പൈസ നേട്ടത്തിൽ 82.82 രൂപയിലാണു ഡോളർ ക്ലോസ് ചെയ്തത്.
ഡോളർ സൂചിക ഇന്നലെ കുത്തനെ താണ് 103.98 - ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.06ലേക്കു കയറി. യുഎസ് ഫെഡ് അധ്യക്ഷൻ ജെറോം പവൽ നടത്തുന്ന വിശദീകരണത്തിൽ പറയുന്ന കാര്യങ്ങളാണു തുടർന്നു ഡോളർ നിരക്കു നിർണയിക്കുക. ഫെഡ് നിരക്ക് 3.75 - 4.00 ശതമാനത്തിൽ നിന്ന് 4.25 - 4.50 ശതമാനത്തിലേക്കു കൂട്ടും എന്നാണു പൊതുനിഗമനം. ഈ വർഷം ആറു തവണ നിരക്ക് വർധിപ്പിച്ചിരുന്നു.
Next Story
Videos