ആശങ്കകൾ മാറുന്നില്ല; ബുള്ളുകൾ പ്രതീക്ഷ കൈവിടുന്നുമില്ല; വിലക്കയറ്റത്തിൽ ആശ്വാസം; ക്രൂഡ് ഓയിൽ താഴാേട്ട്

ആശങ്കകൾ പാടേ മാറിയെന്ന നിഗമനങ്ങൾ തിരുത്തി. അമിതമായ കുതിപ്പിൽ നിന്നു വിപണി പിന്നോട്ടു മാറി. അതാണ് ഇന്നലെ സംഭവിച്ചത്. ഒപ്പം അപ്രതീക്ഷിതമായി ജപ്പാൻ്റെ ജിഡിപി കുറയുക കൂടി ചെയ്തപ്പോൾ ആഴ്ചയുടെ തുടക്കം എങ്ങും ചെറിയ നഷ്ടത്തോടെയായി. പലിശയിൽ ആശ്വാസത്തിനു സമയമായിട്ടില്ലെന്ന് യുഎസ് ഫെഡിലെ ഗവർണർമാർ ഇന്നലെ വ്യക്തമാക്കുകയും ചെയ്തു. പക്ഷേ വിപണിയുടെ മുന്നേറ്റത്തിനു വലിയ തടസം ഉണ്ടാവുകയില്ലെന്ന് നിരീക്ഷകർ കരുതുന്നു. ഇന്ന് യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലായത് ഇതിൻ്റെ സൂചനയായി കണക്കാക്കുന്നു. ഇന്നു രാവിലെ ജപ്പാനിലടക്കം ഓഹരി സൂചികകൾ നേട്ടത്തിലുമാണ്.

യുഎസ് സൂചികകൾ ഇന്നലെ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ടെക്നോളജി ഓഹരികളാണു കൂടുതൽ താണത്. നാസ്ഡാക് സൂചിക ഒരു ശതമാനത്തിലധികം താഴെയായി. യൂറോപ്യൻ സൂചികകൾ ഇന്നലെ ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു.
സിംഗപ്പുർ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 18,478-ൽ എത്തിയിട്ട് 18,405-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 18,377-ലേക്കു താണു. പിന്നീട് 18,430-നു മുകളിലായി . ഇന്ത്യൻ വിപണി ചെറിയ നേട്ടത്തോടെ തുടങ്ങുമെന്നാണ് ഇതിലെ സൂചന.
തിങ്കളാഴ്ച വിപണി അൽപം താഴ്ന്നത് ഹ്രസ്വകാല മുന്നേറ്റത്തിൽ നിന്നുള്ള തിരിച്ചു പോക്കല്ല. വിപണി തലേ ആഴ്ചത്തെ നേട്ടങ്ങൾ സമാഹരിക്കുകയായിരുന്നു. വെള്ളിയാഴ്ച രണ്ടു ശതമാനം കുതിപ്പ് ഉണ്ടായതു മുതലെടുത്തു ലാഭം എടുക്കാനുള്ള ശ്രമവും നടന്നു. നിഫ്റ്റി 19,000-നു മുകളിൽ കയറാനുള്ള ഹ്രസ്വകാല മുന്നേറ്റപാത ഇപ്പോഴും തെളിഞ്ഞു നിൽക്കുകയാണ്.വിദേശ നിക്ഷേപകർ രംഗത്തു സജീവമായി തുടരുന്നതും പോസിറ്റീവ് ഘടകമാണ്.
ഇന്നലെ സെൻസെക്സ് 170.89 പോയിൻ്റ് (0.28%) താഴ്ന്ന് 61,624.15-ലും നിഫ്റ്റി 20.55 പോയിൻ്റ് (0.11%) താണ് 18,329.15 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.05-ഉം സ്മോൾ ക്യാപ് സൂചിക 0.25-ഉം ശതമാനം ഉയർന്നു. ലോഹങ്ങൾ, ഹെൽത്ത് കെയർ, ഐടി, വാഹനങ്ങൾ തുടങ്ങിയ മേഖലകൾ ഉയർന്നു.
വിദേശ നിക്ഷേപകർ ഇന്നലെയും നിക്ഷേപം തുടർന്നു. 1089.41 കോടി രൂപയാണ് അവർ ഓഹരികൾ വാങ്ങാൻ ഉപയോഗിച്ചത്. സ്വദേശി ഫണ്ടുകൾ 47.18 കോടി രൂപ മാത്രം നിക്ഷേപിച്ചു.

വിപണിയിൽ ഗതിമാറ്റ സൂചനകൾ ഇല്ലെന്നും ഇനിയും ഉയർന്നു നീങ്ങുന്നതിനുള്ള പ്രവണതയാണു ചാർട്ടുകൾ കാണിക്കുന്നതെന്നും നിക്ഷേപ വിദഗ്ധർ പറയുന്നു. എങ്കിലും ഒന്നു രണ്ടു ദിവസം ചെറിയ മേഖലയിൽ സൂചികകൾ കയറിയിറങ്ങുന്ന സമാഹരണത്തിൻ്റെ സാധ്യത നിലനിൽക്കുന്നു. എന്നാൽ ബാങ്ക് നിഫ്റ്റിയിൽ ബെയറിഷ് സൂചന ദൃശ്യമാണ്. നിഫ്റ്റിക്ക് 18,315-ലും 18,250-ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 18,380-ലും 18,440 ലും തടസം ഉണ്ടാകും.

ക്രൂഡ് ഓയിൽ വീണ്ടും താഴോട്ട്

ക്രൂഡ് ഓയിൽ വില ഇന്നലെ താഴാേട്ടു നീങ്ങി. ആഗാേള വളർച്ച കൂടുതൽ വെല്ലുവിളികൾ നേരിടുകയാണെന്നും 2023-ലെ വളർച്ച കഴിഞ്ഞ മാസം കണക്കാക്കിയതിലും കുറവാകാൻ സാധ്യതയുണ്ടെന്നും ഐഎംഎഫ് ഇന്നലെ മുന്നറിയിപ്പ് നൽകി. ഇക്കൊല്ലത്തെയും അടുത്ത വർഷത്തെയും ക്രൂഡ് ഓയിൽ ഡിമാൻഡ് കുറവാകുമെന്ന ഒപെക് (പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന) വിലയിരുത്തലും ഇന്നലെ പുറത്തുവന്നു. ഇതു രണ്ടും ക്രൂഡ് വില താഴ്ത്താൻ പ്രേരണയായി. ബ്രെൻ്റ് ഇനം ക്രൂഡ് 96 ഡോളറിൽ നിന്ന് 93.14 ഡോളറിലേക്കു താണു ക്ലോസ് ചെയ്തു. ഇടിവ് മൂന്നു ശതമാനം.

വ്യാവസായിക ലോഹങ്ങൾ ഇന്നലെ സമ്മിശ്ര ചിത്രം കാഴ്ചവച്ചു. വെള്ളിയാഴ്ചത്തെ വലിയ കുതിപ്പിൽ നിന്നു ചെമ്പും അലൂമിനിയവും ചെറിയ തോതിൽ പിന്നോട്ടു പോന്നപ്പോൾ മറ്റു ലോഹങ്ങൾ മുന്നേറ്റം തുടർന്നു. ചെമ്പ് ടണ്ണിന് 8345 ഡോളറിലും അലൂമിനിയം 2435 ഡോളറിലുമാണ് ഇന്നലെ ക്ലോസ് ചെയ്തത്. സിങ്ക്, ടിൻ, നിക്കൽ തുടങ്ങിയവ രണ്ടര മുതൽ നാലു വരെ ശതമാനം ഉയർന്നു.
സ്വർണം ഇന്നലെ ഇറങ്ങിക്കയറി. രാവിലെ 1766 ഡോളറിൽ നിന്ന് 1753 വരെ താഴ്ന്ന സ്വർണം പിന്നീട് 1775 വരര കയറിയിട്ട് 1770-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1768-1770 ഡോളറിലാണു വ്യാപാരം. വെള്ളി 21.91 ഡോളറിലേക്കു താണു. കേരളത്തിൽ സ്വർണ വില ഇന്നലെ മാറ്റമില്ലാതെ 38,560 രൂപയിൽ തുടർന്നു.
രൂപ ഇന്നലെ ദുർബലമായി. ഡോളർ 50 പൈസ നേട്ടത്തോടെ 81.28 രൂപയിൽ ക്ലോസ് ചെയ്തു. രാവിലെ 26 പൈസ കുറഞ്ഞ് 80.52 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീടു ഡോളർ കയറ്റത്തിലായി. ഡോളർ സൂചിക ഉയർന്നതാണു കാരണം.
ഡോളർ സൂചിക ഇന്നലെ 106.66-ൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു സൂചിക 107 നു മുകളിലേക്കു കയറി. പലിശ വർധനയുടെ തോതും വേഗവും കുറയില്ലെന്ന സൂചനയാണു കാരണം. യുഎസ് ഫെഡിലെ ഒരു ഗവർണറും വൈസ് ചെയർപേഴ്സണും പലിശ കാര്യത്തിൽ പുനരാലോചന എന്നു കരുതാറായിട്ടില്ലെന്ന് ഇന്നലെ പറഞ്ഞു.

വിലക്കയറ്റത്തിൽ ആശ്വാസം

ഒക്ടോബറിലെ ചില്ലറ വിലക്കയറ്റ (സിപിഐ) വും മൊത്ത വിലക്കയറ്റവും ഗണ്യമായ കുറവ് കാണിച്ചു. എന്നാൽ റിസർവ് ബാങ്കിൻ്റെ സഹന പരിധിയായ ആറു ശതമാനത്തിനുള്ളിലേക്കു ചില്ലറ വിലക്കയറ്റം എത്തിയില്ല. സെപ്റ്റംബറിൽ 7.41 ശതമാനമായിരുന്നു സിപിഐ. ഇത് ഒക്ടോബറിൽ 6.77 ശതമാനമായി. മിക്ക സർവേകളും പ്രവചിച്ചിരുന്നത് ഇതിനടുത്താണ്. തുടർച്ചയായ പത്താം മാസമാണ് ആറു ശതമാനത്തിനു മുകളിൽ വിലക്കയറ്റം നിൽക്കുന്നത്. നാലു ശതമാനം എന്ന ലക്ഷ്യം കണക്കിലെടുത്താൽ ഇതു 37-ാം മാസമാണ് വിലക്കയറ്റം ഉയർന്നു നിൽക്കുന്നത്.

സെപ്റ്റംബറിനെ അപേക്ഷിച്ചു വിലക്കയറ്റ സൂചികയിൽ 0.77 ശതമാനം വർധനയാണ് ഒക്ടോബറിലുണ്ടായത്. ഭക്ഷ്യവില തലേ മാസത്തേക്കാൾ 1.1 ശതമാനം കൂടി. ധാന്യ വിലയിൽ ഒരു ശതമാനവും പച്ചക്കറി വിലയിൽ നാലു ശതമാനവുമാണു തലേമാസത്തേക്കാൾ ഉയർന്നത്. ഭക്ഷ്യവിലസൂചിക ഉയർന്നെങ്കിലും ഭക്ഷ്യ വിലക്കയറ്റം ഒക്ടോബറിൽ കുറഞ്ഞു. 8.6 ശതമാനത്തിൽ നിന്ന് 7.01 ശതമാനത്തിലേക്ക്.
മൊത്ത വിലക്കയറ്റം 19 മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 8.39 ശതമാനമായി കുറഞ്ഞു. സെപ്റ്റംബറിൽ 10.7 ശതമാനമായിരുന്നു.

റീപോ നിരക്ക് വർധന തുടരും

വിലക്കയറ്റത്തിൽ ചെറിയ ആശ്വാസമുണ്ടെങ്കിലും റിസർവ് ബാങ്കിൻ്റെ നിരക്കു വർധനയ്ക്കു മാറ്റം ഉണ്ടാകില്ലെന്നാണു സൂചന. ഡിസംബർ 5-7 തീയതികളിലാണു റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി (എംപിസി) ചേരുന്നത്. ഈ വർഷം ഇതു വരെ നാലു തവണയായി റീപോ നിരക്ക് നാലിൽ നിന്ന് 5.9 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്. ഡിസംബറിലെ യോഗത്തിൽ റീപാേ 6.25 ശതമാനത്തിലേക്ക് ഉയർത്തും എന്നാണ് നിഗമനം. പിന്നീടു ഫെബ്രുവരിയിലോ ഏപ്രിലിലോ നിരക്ക് 6.5 ശതമാനമാക്കുന്നതാേടെ ഇപ്പോഴത്തെ നിരക്കു വർധന സമാപിക്കുമെന്നാണു പ്രതീക്ഷ.

റീപോയും റിവേഴ്സ് റീപോയും

വാണിജ്യ ബാങ്കുകൾക്ക് അടിയന്തര ഘട്ടങ്ങളിൽ റിസർവ് ബാങ്ക് നൽകുന്ന ഏകദിന/ഹ്രസ്വകാല വായ്പയുടെ പലിശയാണ് റീപോ നിരക്ക്. ബാങ്കുകൾക്കു തങ്ങളുടെ റിസർവ് നിബന്ധനകൾ പാലിക്കാനും മറ്റുമാണ് ഇങ്ങനെ വായ്പാ സഹായം വേണ്ടിവരുന്നത്.
റിസർവ് ബാങ്കിനു സാധാരണ വായ്പ അനുവദിക്കുന്ന വ്യവസ്ഥ ഇല്ല. അതിനാൽ ബാങ്കുകൾ തങ്ങളുടെ പക്കലുള്ള സർക്കാർ കടപ്പത്രങ്ങൾ റിസർവ് ബാങ്കിനു നൽകി പണം കൈപ്പറ്റുകയാണു ചെയ്യുന്നത്. പിന്നീട് അവ പണം നൽകി തിരിച്ചു വാങ്ങും. ആ ക്രമീകരണത്തിനുള്ള പലിശയാണു റീപാേ (റീ പർച്ചേസ് ) നിരക്ക്.
ബാങ്കുകളുടെ പക്കൽ അധിക പണം (മിച്ചം) ഉള്ളപ്പോൾ അതു കൊടുത്തു റിസർവ് ബാങ്കിൽ നിന്ന് കടപ്പത്രം വാങ്ങാറുണ്ട്. ഇതും ഏകദിന ക്രമീകരണമാണ്. ഇതിൻ്റെ പലിശയാണു റിവേഴ്സ് റീപോ.
ബാങ്ക് വിപണിയിൽ പണലഭ്യത കുറയുമ്പോൾ റീപോ നിരക്കു താഴ്ത്തി നിർത്തും. പണലഭ്യത കൂടുമ്പോൾ റിവേഴ്സ് റീപാേ നിരക്ക് കൂട്ടി ബാങ്കുകൾക്കു കൂടുതൽ പണം കിട്ടാൻ സൗകര്യം ചെയ്യും.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it