ബുള്ളുകൾ ആവേശത്തിൽ; മിസൈൽ ആക്രമണത്തിൽ വിപണിക്കു ഭീതി; കയറ്റുമതിയിൽ വലിയ ഇടിവ് ആശങ്കാജനകം

ചെറിയ നേട്ടത്തിൽ തുടങ്ങി, പിന്നെ താഴ്ന്നു, ഒടുവിൽ നല്ല നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ ഇന്ത്യൻ വിപണി ആവേശത്തോടെ മുന്നേറിയപ്പോൾ പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കാവുന്ന അടുത്തായി. പിന്നീട് യൂറോപ്പിലും അമേരിക്കയിലും ഓഹരികൾ ഉയർന്നു. യുഎസിൽ മൊത്ത വിലക്കയറ്റം കുറഞ്ഞത് വിപണിക്ക് പ്രതീക്ഷ പകർന്നു. എന്നാൽ യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു വലിയ താഴ്ചയിലാണ്. റഷ്യൻ മിസൈലുകൾ പോളണ്ടിൽ പതിച്ചതാണു ഫ്യൂച്ചേഴ്സിനെ താഴ്ത്തിയത്. യുക്രെയ്നിലേക്ക് അയച്ച മിസൈൽ ലക്ഷ്യം തെറ്റിയാണ് അയൽ രാജ്യമായ പോളണ്ടിൽ പതിച്ചത്. രണ്ടു പേർ കൊല്ലപ്പെട്ടു. യാദൃച്ഛിക അപകടം ആണിതെന്നു പോളിഷ് പ്രസിഡൻ്റ് പറഞ്ഞതു സംഘർഷാന്തരീക്ഷം കുറച്ചു. എങ്കിലും വിപണികളിൽ ആശങ്ക ഉണ്ട്.

ഇതിൻ്റെ തുടർച്ചയായി ഇന്നു രാവിലെ ജപ്പാനിലടക്കം ഏഷ്യൻ ഓഹരികൾ ഒരു ശതമാനത്തോളം താഴ്ന്നു. ഓസ്ട്രേലിയൻ സൂചികയും താഴ്ചയിലാണ്. ചൈനീസ് വിപണിയും താഴോട്ടു നീങ്ങി.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,588 വരെ കയറിയിട്ട് 18,494-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 18,530-ൽ തുടങ്ങിയ സൂചിക 18,379- ലേക്ക് ഇടിഞ്ഞു. പിന്നീടു കയറി 18,430-നു മുകളിലായി. ഇന്ത്യൻ വിപണി നേട്ടത്തോടെ തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്നലെ സെൻസെക്സ് 248.84 പോയിൻ്റ് (0.4%) ഉയർന്ന് 61,872.99-ലും നിഫ്റ്റി 74.25 പോയിൻ്റ് (0.41%) കയറി 18,403.4 -ലും ക്ലോസ് ചെയ്തു. സെൻസെക്സിൻ്റെ ഏറ്റവും ഉയർന്ന ക്ലോസിംഗ് നിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. മിഡ് ക്യാപ് സൂചിക 0.01 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.26 ശതമാനവും മാത്രമേ ഉയർന്നുള്ളു. റിയൽറ്റി, എഫ്എംസിജി, മീഡിയ ഒഴികെയുള്ള മേഖലകളെല്ലാം നേട്ടത്തിലാണ് അവസാനിച്ചത്. ഓയിൽ - ഗ്യാസ്, ബാങ്ക്, വാഹന, ധനകാര്യ, മെറ്റൽ ഓഹരികൾ നല്ല നേട്ടമുണ്ടാക്കി.
വിദേശ നിക്ഷേപകർ ഇന്നലെ വിൽപനക്കാരായി .221.32 കോടി രൂപയുടെ ഓഹരികൾ അവർ വിറ്റു. സ്വദേശി ഫണ്ടുകൾ 549.28 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു. ഇവരെല്ലാം വിൽപനക്കാരായിട്ടും സൂചികകൾ ഉയർന്നു എന്നതു ശ്രദ്ധേയമാണ്.
വിപണികൾ ബുള്ളിഷ് ആയാണു ക്ലോസ് ചെയ്തതെന്ന് നിക്ഷേപവിദഗ്ധർ പറയുന്നു. സർവകാല റിക്കാർഡ് മറികടന്നു മുന്നാേട്ടു പോകാനുള്ള ആക്കം ഇപ്പോഴത്തെ മുന്നേറ്റത്തിനുണ്ടെന്ന് അവർ കരുതുന്നു. നിഫ്റ്റിക്ക് 18,315 ലും 18,225-ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 18,450-ലും 18,520-ലും തടസങ്ങൾ ഉണ്ടാകാം.
ക്രൂഡ് ഓയിൽ വില അൽപം ഉയർന്നു. ലഭ്യതയിൽ കുറവ് വരുമെന്ന നിഗമനമാണു കാരണം.ബ്രെൻ്റ് ഇനം ക്രൂഡ് 93.86 ഡോളറിലേക്കു കയറി.
വ്യാവസായിക ലോഹങ്ങൾ ഉയർന്നു തുടരുന്നു. അഞ്ചു മാസത്തിനിടയിലെ ഉയർന്ന വിലയിലെത്തിയ ചെമ്പ് നാമമാത്രമായ ഇടിവോടെ ടണ്ണിന് 8343 ഡോളറിലാണ്. അലൂമിനിയം 2435-ലും തുടരുന്നു. നിക്കലും ടിന്നും ഇന്നലെ വലിയ കുതിപ്പ് നടത്തി.നിക്കൽ 9.61 ശതമാനം നേട്ടത്തിൽ 29,597.5 ഡോളറിലും ടിൻ 8.77 ശതമാനം കുതിപ്പിൽ 23,792.5 ലും എത്തി. ഇരുമ്പയിര് 92 ഡോളറിനു മുകളിലേക്കു കയറി.
സ്വർണം ഇന്നലെ ചെറിയ മേഖലയിൽ കയറിയിറങ്ങി. 1768-ൽ നിന്ന് 1786 ഡോളറിൽ എത്തിയിട്ട് 1777 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 1775-1777 ഡോളറിലാണു വ്യാപാരം.
കേരളത്തിൽ ഇന്നലെ സ്വർണം പവന് 320 രൂപ കുറഞ്ഞ് 38,240 രൂപയായി. രാവിലെ വില ഉയർന്ന ശേഷമാണ് താഴ്ച.
രൂപ ഇന്നലെ നേട്ടമുണ്ടാക്കി. ഡോളർ 17 പൈസ നഷ്ടത്തിൽ 81.09 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നലെ ഡോളർ സൂചിക 106.4 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ സൂചിക 106.6 ലേക്കു കയറി.

കയറ്റുമതിയിൽ വലിയ ഇടിവ്

ഒക്ടോബറിലെ കയറ്റുമതിയിൽ വലിയ കുറവുണ്ടായത് ആശങ്ക ജനിപ്പിക്കുന്നതാണ്. കയറ്റുമതിയിൽ 16.65 ശതമാനമാണ് ഇടിവ്. ഇറക്കുമതിയിൽ 5.7 ശതമാനം മാത്രമേ വർധന രേഖപ്പെടുത്തിയുള്ളു. 2021 ഫെബ്രുവരിക്കു ശേഷം ഇതാദ്യമാണു കയറ്റുമതി കുറഞ്ഞത്.
ഒക്ടോബറിലെ കയറ്റുമതി 2978 കോടി ഡോളറാണ്. ഇറക്കുമതി 5669 കോടി ഡോളറും. വാണിജ്യകമ്മി 50 ശതമാനം വർധിച്ച് 2691 കോടി ഡോളർ ആയി.
സെപ്റ്റംബറിൽ 3545 കോടി ഡോളറിൻ്റെ കയറ്റുമതി നടന്നതാണ്. മാർച്ചിലെ 4200 കോടി ഡോളർ കയറ്റുമതിക്കു ശേഷം കയറ്റുമതി ഓരോ മാസവും കുറഞ്ഞു വരികയായിരുന്നു. വികസിത രാജ്യങ്ങൾ പലതും മാന്ദ്യത്തിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് കയറ്റുമതിയിൽ ഇടിവുണ്ടായത്. ഒക്ടോബറിൽ ഉത്സവങ്ങൾ പ്രമാണിച്ച് കൂടുതൽ അവധി ദിവസങ്ങൾ ഉണ്ടായതും കയറ്റുമതി കുറയാൻ കാരണമായെന്ന ഒരു മുടന്തൻ ന്യായം കേന്ദ്ര വാണിജ്യ സെക്രട്ടറി സുനിൽ ബർത്വാൽ പറയുകയുണ്ടായി. എന്തായാലും സാമ്പത്തിക വളർച്ചയെപ്പറ്റി പോലും ആശങ്ക വളർത്തുന്നതാണു കയറ്റുമതിയിലെ ഇടിവ്.
കഴിഞ്ഞ മാസം ആദ്യം പുറത്തുവിട്ട താൽക്കാലിക കണക്കിൽ സെപ്റ്റംബറിലെ കയറ്റുമതി കുറഞ്ഞതായാണ് കാണിച്ചത്. പിന്നീട് അവസാന കണക്കിൽ ചെറിയ വർധന കാണിച്ചിരുന്നു. ഈ മാസം താൽക്കാലിക കണക്ക് പുറത്തുവിട്ടതേയില്ല.
റെഡിമെയ്ഡ് വസ്ത്രങ്ങൾ (21.2 ശതമാനം ഇടിവ്), രത്നങ്ങളും ആഭരണങ്ങളും (21.6%), എൻജിനിയറിംഗ് സാധനങ്ങൾ (21.3%), രാസവസ്തുക്കൾ (16.4%) തുടങ്ങിയവയുടെ കയറ്റുമതിയിലാണ് വലിയ കുറവുണ്ടായത്.



T C Mathew
T C Mathew  
Related Articles
Next Story
Videos
Share it