Begin typing your search above and press return to search.
റിക്കാർഡിനടുത്തും അനിശ്ചിതത്വം; ഏഷ്യൻ വിപണികളിൽ താഴ്ന്ന തുടക്കം; ക്രിപ്റ്റോ തകർച്ച വിപണികളെ ബാധിക്കുമോ?
സർവകാല റിക്കാർഡിനു തൊട്ടടുത്തു നിൽക്കുമ്പോഴും മുന്നോട്ട് എന്താണു വഴി എന്നു വ്യക്തമല്ലാത്ത നിലയാണു വിപണിയിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ വിപണി ഇന്നലെ നഷ്ടത്തിലല്ലാതെ അവസാനിച്ചതും യൂറോപ്യൻ, യുഎസ് വിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തതും ഇതു കൊണ്ടു തന്നെ. യുഎസ് ഫെഡ് പലിശവർധനയുടെ തോതു കുറയ്ക്കാനിടയില്ല എന്ന നിഗമനത്തിലേക്കു വിപണി വീണ്ടും എത്തുകയാണ്. അത് ഓഹരികൾ താഴാൻ കാരണമാകും. ഇന്ന് ഏഷ്യൻ വിപണികൾ ചെറിയ താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്.
തെക്കൻ റഷ്യയിൽ ഒരു വലിയ ഇന്ധന ഡിപ്പോ ഡ്രോൺ ആക്രമണത്തിൽ പൊട്ടിത്തെറിച്ചത് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. യുക്രെയ്ൻ അതിർത്തിയിൽ നിന്ന് 200 കിലാേമീറ്റർ അകലെയാണ് ഡിപ്പോ. യുക്രെയ്‌നിലെ വ്യാപകമായ റഷ്യൻ മിസൈൽ ആക്രമണത്തിനുള്ള പകരം വീട്ടലാണിതെന്നു കരുതപ്പെടുന്നു.
ഇന്നലെ യുഎസ് വിപണിയിൽ ഭിന്നഭിന്ന നിലപാടുകളാണു കണ്ടത്. ഡൗ ജോൺസ് സൂചിക 0.12 ശതമാനം മാത്രം താഴ്ന്നപ്പോൾ എസ് ആൻഡ് പി 0.83 ശതമാനവും നാസ്ഡാക് 1.54 ശതമാനവും ഇടിഞ്ഞു. ജപ്പാനിൽ നിക്കൈ സൂചിക താഴ്ന്നു തുടങ്ങി കൂടുതൽ താഴ്ചയിലേക്കു നീങ്ങി. ദക്ഷിണ കൊറിയയിലും സൂചിക ഇടിവിലാണ്. ചൈനീസ് സൂചികകൾ തുടക്കത്തിൽ താഴ്ന്നു.
യുഎസ് വിപണിയുടെ ഫ്യൂച്ചേഴ്സ് ഇന്നലെ കാര്യമായ മാറ്റം കാണിച്ചില്ല.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,413 ലാണു ക്ലോസ് ചെയ്തത്.18,394 വരെ താഴുകയും 18,499 വരെ ഉയരുകയും ചെയ്ത ശേഷമായിരുന്നു ഇത്. ഇന്നു രാവിലെ സൂചിക 18,440-ലേക്കു കയറി. ഇന്ത്യൻ വിപണി കാര്യമായ നേട്ടമില്ലാതെ വ്യാപാരം തുടങ്ങും എന്നാണു സൂചന.
ബുധനാഴ്ച ഇന്ത്യൻ വിപണി വലിയ ചാഞ്ചാട്ടത്തിലൂടെയാണു കടന്നു പോയത്. മുഖ്യ സൂചികകൾ നാലു തവണ നേട്ടത്തിലായി. അത്ര തന്നെ തവണ നഷ്ടത്തിലും. ഒടുവിൽ സെൻസെക്സ് 107.73 പോയിൻ്റ് (0.17%) ഉയർന്ന് 61,980.72 ലും നിഫ്റ്റി 6.25 പോയിൻ്റ് (0.03%) ഉയർന്ന് 18,409.65ലും ക്ലോസ് ചെയതു. ക്ലോസിംഗ് റിക്കാർഡ് നിലയിലാണ്. എന്നാൽ വിശാലവിപണി താഴ്ചയിലായിരുന്നു. എൻഎസ്ഇയിൽ 1057 ഓഹരികൾ ഉയർന്നപ്പോൾ 1773 എണ്ണം ഇടിഞ്ഞു. മിഡ് ക്യാപ് സൂചിക 0.65 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.83 ശതമാനവും താഴ്ന്നു.
വിദേശ നിക്ഷേപകർ ഇന്നലെയും വിൽപനക്കാരായി. 386 കോടിയുടെ ഓഹരികൾ അവർ വിറ്റഴിച്ചു. സ്വദേശി ഫണ്ടുകൾ 1437.4 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ബാങ്ക്, ധനകാര്യ, ഐടി മേഖലകൾ ഉയർന്നപ്പോൾ മെറ്റൽ, മീഡിയ, റിയൽറ്റി, വാഹന, ഹെൽത്ത് കെയർ, ഫാർമ, ഓയിൽ - ഗ്യാസ് മേഖലകൾ ഇടിഞ്ഞു.
ക്രൂഡ് ഓയിൽ വില ഇന്നലെ ചെറിയ താഴ്ച കാണിച്ചു. ബ്രെൻ്റ് ഇനം ക്രൂഡ് 92.8 ഡോളർ വരെ താണു. എന്നാൽ ഇന്നു രാവിലെ വില ഉയരുമെന്ന സൂചനയാണുള്ളത്.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ കയറ്റിറക്കങ്ങൾക്കു ശേഷം ചെറിയ താഴ്ചയിൽ ക്ലാേസ് ചെയ്തു. ചെമ്പും അലൂമിനിയും മറ്റും ഒരു ശതമാനത്തിൽ താഴെ മാത്രം താണു. തലേന്ന് ഏറെ കുതിച്ച നിക്കൽ നാലു ശതമാനം ഇടിഞ്ഞു.
സ്വർണം ഇന്നലെ ഉയർന്നു നിന്നു. 1786 ഡോളർ വരെ കയറിയ ശേഷം 1774 ലേക്കു താണു. ഇന്നു രാവിലെ 1774-1775 ഡോളറിലാണു വ്യാപാരം. കേരളത്തിൽ ഇന്നലെ സ്വർണം പവന് 160 രൂപ വർധിച്ച് 38,400 രൂപയായി.
രൂപ ഇന്നലെ താഴാേട്ടു നീങ്ങി. ഡോളർ 20 പൈസ നേട്ടത്തിൽ 81.29 രൂപയിൽ ക്ലോസ് ചെയ്തു. മറ്റു കറൻസികൾ ഡോളറുമായുള്ള നിരക്കിൽ നേട്ടം ഉണ്ടാക്കുമ്പോഴാണു രൂപയുടെ താഴ്ച. കയറ്റുമതിയിലെ തിരിച്ചടിയാണ് പ്രധാന കാരണം.
ഡോളർ സൂചിക 106.28 ലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 106.4 ലേക്കു കയറി.
ഗൂഢകറൻസി തകർച്ച തുടരുന്നു
ഗൂഢ കറൻസി വിപണിയുടെ തകർച്ച തുടരുകയാണ്. വിങ്ക്ൾവോസ് ഇരട്ടകൾ പാപ്പർ ഹർജി നൽകാൻ ഒരുങ്ങുന്നു എന്നാണ് പുതിയ വിവരം. അവർ തുടങ്ങിയ ജമിനി എക്സ്ചേഞ്ചും മറ്റു സ്ഥാപനങ്ങളും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. കാമറോൺ, ടൈലർ എന്നീ ഇരട്ടകൾ മുൻപ് അമേരിക്കയുടെ ഒളിമ്പിക് റോവിംഗ് ടീമിൽ അംഗങ്ങളായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് 600 കോടിയിലേറെ ഡോളർ സമ്പാദിച്ച ഇവർക്കു സമീപ കാലം വരെ വലിയ താരപരിവേഷം ഉണ്ടായിരുന്നു.
അര ഡസനോളം ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ ഇതിനകം തകർന്നു. യഥാർഥ കറൻസികളെയും സമ്പദ്ഘഘടനയെയും ക്രിപ്റ്റോ കുഴപ്പങ്ങൾ ബാധിക്കില്ല എന്ന ധാരണ അതീവേഗം മാറി വരികയാണ്. യഥാർഥ വിപണിയിലെ തിരിച്ചടി എത്ര വലുതാകും എന്ന ആശങ്ക പലരും തുറന്നു ചോദിച്ചു തുടങ്ങി.
പരസ്പരവിരുദ്ധ സൂചനകൾ
അമേരിക്കയിൽ ചില്ലറ വിലക്കയറ്റം പ്രതീക്ഷയിലും കുറവായി. വിപണി സന്തോഷിച്ചു. മൊത്തവിലക്കയറ്റവും ഇടിഞ്ഞു. കൂടുതൽ സന്തോഷിച്ചു. അപ്പോൾ വരുന്നു റീട്ടെയിൽ വിൽപനയുടെ കണക്ക്. അതു പ്രതീക്ഷയിലും മെച്ചം. റീട്ടെയിൽ വിൽപന കൂടുന്നതിൻ്റെ അർഥമെന്താണ്? ജനങ്ങൾക്കു വില പ്രശ്നമല്ല. അവർ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നു. ആദ്യ വിവരങ്ങൾ പലിശ വർധനയുടെ തോതു കുറയുമെന്ന പ്രതീക്ഷ നൽകി; വിൽപനക്കണക്ക് മറിച്ചും.
ഓരോ കണക്കു വരുമ്പോഴും നിഗമനങ്ങൾ തിരുത്തുകയും തുടർന്ന് കംപ്യൂട്ടർ അൽഗോരിതം ഉപയോഗിച്ചു വ്യാപാരം നടത്തുകയും ചെയ്യുന്നതു മൂലം പലതിനോടുമുള്ള പ്രതികരണം അമിതമാകാറുമുണ്ട്.
Next Story
Videos