ചാഞ്ചാട്ടം തുടരുന്നു; സാന്താ റാലി പുനരാരംഭിക്കുമെന്നു ബുള്ളുകൾ; വിദേശ സൂചനകൾ പോസിറ്റീവ്; പുതിയ കോവിഡ് വകഭേദം തീവ്രത കൂടിയത്

വിപണികൾ ചാഞ്ചാട്ടം തുടരുകയാണ്. ഒരു സാന്താ റാലി എങ്ങനെയും തരപ്പെടുത്താൻ വിപണി ശ്രമിക്കുന്ന മട്ടിലായിരുന്നു ബുധനാഴ്ച പാശ്ചാത്യ വിപണികളുടെ പ്രവർത്തനം. ഏഷ്യൻ വിപണികൾ പൊതുവേ താഴ്ചയിലായിരുന്നു. യൂറോപ്പ് പിന്നീട് ഒരു ശതമാനത്തിലധികം കയറി.

യുഎസ് വിപണി ഒന്നര ശതമാനത്തിലധികം നേട്ടത്തിൽ ക്ലോസ് ചെയ്തു. കോൺഫറൻസ് ബോർഡിന്റെ കൺസ്യൂമർ കോൺഫിഡൻസ് സൂചിക ഏപ്രിലിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലായി. നൈകിയുടെ വിൽപനയിൽ വലിയ കുതിപ്പ് ഉണ്ടായി. ഇതു രണ്ടുമാണു യുഎസ് വിപണികളെ ഉയർത്തിയത്. ഒരു വർഷാന്ത്യ റാലിക്ക് ഇത്രയുമൊക്കെ മതി എന്ന സമീപനമാണു വിപണിയിൽ കണ്ടത്.
ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ ഉയർച്ച കാണിക്കുന്നുണ്ട്. ഏഷ്യൻ വിപണികൾ രാവിലെ നല്ല നേട്ടത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക അര ശതമാനം ഉയർന്നു തുടങ്ങിയെങ്കിലും പിന്നീടു നേട്ടം കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഇടിഞ്ഞ ചൈനീസ് വിപണി ഇന്നു രാവിലെ നല്ല ഉയരത്തിലാണു വ്യാപാരം ആരംഭിച്ചത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 18,250 - ൽ നിന്ന് 18,337 ലേക്കുയർന്ന് ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 18,360 -നു മുകളിലെത്തി. ഇന്ത്യൻ വിപണി നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.

ഇന്ത്യൻ വിപണി ഇന്നലെ ചെറിയ നേട്ടത്തിൽ തുടങ്ങി കുറേക്കൂടി കയറിയ ശേഷമാണു താഴ്ചയിലേക്കു മാറിയത്. ഒടുവിൽ മുഖ്യ സൂചികകൾ ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. ചെെനയിലെ കോവിഡ് വ്യാപനവും പുതിയ കോവിഡ് വകഭേദം ഇന്ത്യയിൽ എത്തിയതും വിപണികളെ ഭയപ്പെടുത്തി. വ്യാപന തീവ്രത കൂടിയതാണ് പുതിയ വകഭേദം എന്നാണു റിപ്പോർട്ടുകൾ.
സെൻസെക്സ് ഇന്നലെ 635.05 പോയിന്റ് (1.03%) നഷ്ടത്തിൽ 61,067.24 ലും നിഫ്റ്റി 186.2 പോയിന്റ് (1.01%) നഷ്ടത്തിൽ 18,199.1 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.58-ഉം സ്മോൾ ക്യാപ് സൂചിക 2.24-ഉം ശതമാനം താഴ്ന്നാണ് അവസാനിച്ചത്.
ഹെൽത്ത് കെയർ, ഫാർമസ്യൂട്ടിക്കൽസ്, ഐടി എന്നീ മേഖലകൾ മാത്രമേ ഇന്നലെ നേട്ടത്തിൽ ക്ലോസ് ചെയ്തുള്ളൂ. കോവിഡ് വ്യാപന ഭീതിയാണ് ഹെൽത്ത്, ഫാർമ മേഖലകളിലെ കുതിപ്പിനു കാരണം. ഡയഗ്നോസ്റ്റിക് ലബോറട്ടറികളുടെ ഓഹരികൾ അഞ്ചു മുതൽ എട്ടു വരെ ശതമാനം ഉയർന്നു. ഗ്ലെൻമാർക്ക് ഫാർമയുടെ ഓഹരി വില എട്ടു ശതമാനം കുതിച്ചു.
മീഡിയ, മെറ്റൽ, പൊതുമേഖലാ ബാങ്കുകൾ, വാഹനങ്ങൾ, റിയൽറ്റി, ഓയിൽ, ബാങ്കുകൾ, ധനകാര്യ കമ്പനികൾ തുടങ്ങിയവ വലിയ വീഴ്ചയിലായി.
അഡാനി ഗ്രൂപ്പിലെ എല്ലാ കമ്പനികളുടെയും ഓഹരികൾ ഇന്നലെ രണ്ടു മുതൽ ഏഴു വരെ ശതമാനം ഇടിഞ്ഞു.
സിറ്റി യൂണിയൻ ബാങ്ക് നിഷ്ക്രിയ ആസ്തി (എൻപിഎ) കണക്കിൽ 259 കോടി രൂപയുടെ തെറ്റു വരുത്തിയതു റിസർവ് ബാങ്ക് കണ്ടെത്തി. ബാങ്കിന്റെ ഓഹരി വില ഒൻപതു ശതമാനം വരെ താണു.
വിദേശ നിക്ഷേപകർ വീണ്ടും വലിയ തോതിൽ വിറ്റൊഴിഞ്ഞു. 1119.11 കോടി രൂപയുടെ ഓഹരികളാണ് അവർ ക്യാഷ് വിപണിയിൽ വിറ്റത്. സ്വദേശി ഫണ്ടുകൾ 1757.37 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി ഹ്രസ്വകാല പിന്തുണകൾ നഷ്ടപ്പെടുത്തിയാണ് ഇന്നലെ ക്ലോസ് ചെയ്തത്. എങ്കിലും അനുകൂല ചലനങ്ങൾ ഉണ്ടായാൽ ഒരു മുന്നേറ്റത്തിനു ശ്രമിക്കും എന്നാണ് ബുള്ളുകൾ കരുതുന്നത്. നിഫ്റ്റി 18,070 -നു താഴെയായാൽ 17,700 -17,800 വരെ പോകാം എന്നാണ് വിലയിരുത്തൽ.
നിഫ്റ്റിക്ക് 18,160 - ലും 17,965 -ലും പിന്തുണയുണ്ട്. ഉയരുമ്പോൾ 18,400 - ലും 18,590 -ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.
ക്രൂഡ് ഓയിൽ ഉയർന്ന നിലയിൽ തുടരുന്നു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 2.75 ശതമാനം കയറി 82.5 ഡോളറിൽ എത്തി.
വ്യാവസായിക ലോഹങ്ങൾ ചെറിയ നേട്ടത്തിലാണ്. നിക്കലും സിങ്കും താഴ്ന്നപ്പോൾ അലൂമിനിയം, ചെമ്പ്, ലെഡ്, ടിൻ തുടങ്ങിയവ ഉയർന്നു.
സ്വർണം ഇന്നലെ 1826 ഡോളർ വരെ കയറിയിട്ട് 1814 ലേക്കു താഴ്ന്നു. എന്നാൽ ഇന്നു രാവിലെ വില 1819 -1820 ഡോളറിലേക്കു കയറി. കേരളത്തിൽ ഇന്നലെ പവൻ വില 400 രൂപ ഉയർന്ന് 40,080 രൂപയിലെത്തി. ഇന്നു വില വീണ്ടും കയറാം.
ഡോളർ ഇന്നലെ 82.81 രൂപയിലേക്ക് ഉയർന്നു. ഡോളർ സൂചിക ഇന്നലെ 104.16 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.03ലേക്കു താഴ്ന്നു.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it