മുന്നിൽ അനിശ്ചിതത്വം; കരടികൾ പിടിമുറുക്കുന്നു; ആശ്വാസ റാലിയിൽ പ്രതീക്ഷ; ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിൽ

വർഷത്തിലെ അവസാന ആഴ്ച വിപണി അനിശ്ചിതത്വത്തിന്റെ പിടിയിലാണ്. ഡിസംബറിലെ ആറു ശതമാനം വീഴ്ചയിലേക്ക് ഇന്ത്യൻ വിപണിയെ നയിച്ച ദൗർബല്യം മറികടക്കാനുള്ള താങ്ങുകളാെന്നും കാണുന്നില്ല. ചെറിയ ആശ്വാസ റാലി ഉണ്ടാകുമെന്ന പ്രതീക്ഷ ബ്രോക്കറേജുകൾ പ്രകടിപ്പിക്കുന്നു.

ഇന്ത്യൻ വിപണി വലിയ വീഴ്ച കണ്ട വെള്ളിയാഴ്ച പാശ്ചാത്യ വിപണികളും തിരിച്ചു കയറാൻ തക്ക സൂചനകൾ ശേഷിപ്പിച്ചില്ല. യുഎസ് വിപണിയിൽ ഡൗ ജോൺസ് അര ശതമാനം ഉയർന്നപ്പോൾ നാസ്ഡാക് 0.2 ശതമാനമേ കയറിയുള്ളു. ഇന്നു യുഎസ് വിപണി അവധിയിലാണ്. ഓസ്ട്രേലിയൻ വിപണിയും പ്രവർത്തിക്കുന്നില്ല.
ജപ്പാനിലെ നിക്കൈ സൂചിക തുടക്കത്തിൽ നല്ല കയറ്റം നടത്തിയിട്ട് പിന്നീടു നേട്ടം കുറച്ചു. കൊറിയൻ വിപണി താഴ്ചയിലാണ്. ചൈനയിൽ ഷാങ് ഹായ് സൂചിക ചെ റിയ. കോവിഡ് വ്യാപനം തുടരുന്നതായാണു റിപ്പോർട്ടുകൾ.
സിംഗപ്പുരിലെ എസ്‌ജി എക്സ് നിഫ്റ്റി വെള്ളിയാഴ്ച 17,864 വരെ താഴ്ന്നിട്ട് 17,900 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 17,882 ലേക്കു താഴ്ന്നിട്ട് അൽപം കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ താഴ്ചയോടെ വ്യാപാരം തുടങ്ങാം എന്നാണ് സൂചന.
വെള്ളിയാഴ്ച സെൻസെക്സ് 980.93 പോയിന്റ് (1.61%) ഇടിഞ്ഞ് 59,845.29 ലും നിഫ്റ്റി 320.5 പോയിന്റ് (1.77%) ഇടിഞ്ഞ് 17,806.8-ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 3.8 ഉം സ്മോൾ ക്യാപ് സൂചിക 4.7- ഉം ശതമാനം താഴ്ന്നു. 137 ഓഹരികൾ ഉയർന്നപ്പോൾ 1920 എണ്ണം താഴുകയായിരുന്നു എൻഎസ്ഇയിൽ. എല്ലാ വ്യവസായമേഖലകളുടെയും സൂചികകൾ കുത്തനേ താണു. പൊതു മേഖലാ ബാങ്കുകൾ 6.06 ശതമാനം ഇടിഞ്ഞു. മെറ്റൽ കമ്പനികൾ 4.47 ശതമാനം വീഴ്ചയിലായി.
തുടർച്ചയായ മൂന്നാം ആഴ്ചയാണ് ഓഹരി സൂചികകൾ ഇടിഞ്ഞത്. ഡിസംബർ ഒന്നിലെ റിക്കാർഡിൽ നിന്ന് ആറു ശതമാനം താഴ്ചയിലായി മുഖ്യ സൂചികകൾ. കഴിഞ്ഞ ആഴ്ച മാത്രം രണ്ടര ശതമാനം ഇടിവാണ് സൂചികകൾക്കുണ്ടായത്.
വെള്ളിയാഴ്ച വിദേശ നിക്ഷേപകർ 706.84 കോടിയുടെ ഓഹരികൾ വിറ്റു, സ്വദേശി ഫണ്ടുകൾ 3398.98 കാേടിയുടെ ഓഹരികൾ വാങ്ങി. കഴിഞ്ഞയാഴ്ച വിദേശ നിക്ഷേപകർ ആയിരം കോടിയോളം രൂപ വിപണിയിൽ നിന്നു പിൻവലിച്ചു. ഇതോടെ ഡിസംബറിലെ അവരുടെ പിൻവലിക്കൽ 8500 കോടി രൂപ കടന്നു. ഇതേ സമയം സ്വദേശി ഫണ്ടുകൾ ഡിസംബറിൽ 19,000 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു.
വിപണി ബെയറുകളുടെ പിടിയിലാണെന്നാണ് നിക്ഷേപ വിദഗ്ധർ പറയുന്നത്. ഈ പോക്ക് തുടർന്നാൽ നിഫ്റ്റി 17,350-17,400 വരെ താഴാമെന്നു വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അവിടെ നിന്നില്ലെങ്കിൽ 16,900-17,000 ആകും തിരിച്ചു കയറ്റത്തിന്റെ അടിത്തറ. ഇന്നു നിഫ്റ്റിക്ക് 17,775 ലും 17,605-ലും പിന്തുണ പ്രതീക്ഷിക്കുന്നു. ഉയരുന്ന പക്ഷം 17,880-ലും 18,150-ലും തടസം ഉണ്ടാകാം.
വെള്ളിയാഴ്ച ലാൻഡ് മാർക്ക് കാർസും അബാൻ ഹോൾഡിംഗ്‌സും നഷ്ടത്തിലാണു ലിസ്റ്റ് ചെയ്തത്. ഓഹരികൾ പിന്നീടും താണു. ഹൈദരാബാദിലെ സുവേൻ ഫാർമസ്യൂട്ടിക്കൽസ്, ആഡ്വെന്റ് ഇന്റർനാഷണലിന്റെ കൈയിലാകുമെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോൺട്രാക്റ്റ് റിസർച്ചും മാനുഫാക്ചറിംഗും മാത്രമാണു കമ്പനി ചെയ്യുന്നത്. സ്വന്തം ഉൽപന്നങ്ങൾ സുവേൻ ലൈഫ് സയൻസസ് എന്ന കമ്പനിയിലാണ്.
ക്രൂഡ് ഓയിൽ വില വാരാന്ത്യത്തിൽ കുതിച്ചു കയറി. ഉൽപാദനം ഗണ്യമായി കുറയ്ക്കുമെന്ന റഷ്യൻ മുന്നറിയിപ്പിൽ വില മൂന്നര ശതമാനത്താളം ഉയർന്നു. ബ്രെന്റ് ഇനം ക്രൂഡ് 83.97 ഡോളറിലാണു ക്ലോസ് ചെയ്തത്.
വ്യാവസായിക ലോഹങ്ങൾ ചെറിയ നേട്ടത്തോടെയാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. വ്യക്തമായ ദിശാബോധം വിപണിയിൽ ഇല്ല. കോവിഡ് വ്യാപനത്തിന്റെ ഫലമായി. ചെെനീസ് വിപണി എങ്ങോട്ടു നീങ്ങും എന്ന അനിശ്ചിതത്വമാണ് വിപണിയിൽ.
സ്വർണം വാരാന്ത്യത്തിൽ 1800 ഡോളറിനു മുകളിൽ കയറിയെങ്കിലും നിലനിൽക്കാനായില്ല. 1805 ഡോളർ വരെ എത്തിയ ശേഷം 1798 - 1799-ൽ ക്ലോസ് ചെയ്തു. കേരളത്തിൽ ശനിയാഴ്ച സ്വർണം പവന് 39,880 രൂപയായി.
ഡോളർ കഴിഞ്ഞയാഴ്ച 82.5 രൂപയ്ക്കു മുകളിലായിരുന്നു. തലേന്നത്തേക്കാൾ 11 പൈസ വർധിച്ച് 82.87 രൂപയിലാണ് വെള്ളിയാഴ്ച ഡോളർ ക്ലോസ് ചെയ്തത്. രൂപ ഇനിയും ദുർബലമാകുമെന്നാണു വിപണി സൂചനകൾ. 83.5 രൂപയിലേക്കു ഡോളർ എത്തിപ്പെടാൻ അധികം താമസമില്ലെന്നു പലരും കരുതുന്നു.
ഡോളർ സൂചിക 104.43 ലാണു കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. കഴിഞ്ഞയാഴ്ച 103-നും 105-നും ഇടയിൽ കയറിയിറങ്ങിയ ഡോളർ സൂചിക ഈയാഴ്ചയും ചെറിയ മേഖലയിൽ നീങ്ങുമെന്നാണു നിഗമനം.
സാന്താ റാലി കാത്തു യുഎസ് വിപണി
സാന്താ റാലി പ്രതീക്ഷിച്ചാണ് യുഎസ് വിപണി ഈയാഴ്ച പ്രവർത്തിക്കുക. അവസാനിക്കുന്ന വർഷത്തിലെ അവസാന അഞ്ചും പുതുവർഷത്തിലെ ആദ്യ രണ്ടും ദിനങ്ങളിലെ വ്യാപാരം ഉൾപ്പെടുത്തിയാണു സാന്താ റാലി കണക്കാക്കുന്നത്. 1950 മുതൽ ഉള്ള ചരിത്രം പരിശോധിക്കുമ്പോൾ എസ് ആൻഡ് പി സൂചിക ഈ സീസണിൽ ശരാശരി 1.3 ശതമാനം ഉയർന്നിട്ടുണ്ട്.
സാന്താ റാലി ഉണ്ടാകാത്തപ്പോൾ ജനുവരിയിലേതു ബെയർ മാർക്കറ്റ് ആകാറാണു പതിവ്. ഈ സാഹചര്യത്തിൽ ഒരു സാന്താ റാലി വേണമെന്നു നിക്ഷേപകരും ബ്രോക്കർമാരും ഒരേ പോലെ ആഗ്രഹിക്കുന്നു.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it