ആവേശത്തിനു മേലേ ആശങ്ക; ചൈനീസ് പ്രക്ഷോഭം വിപണിയെ ഉലയ്ക്കുന്നു; ഏഷ്യൻ സൂചികകൾ താഴ്ചയിൽ; ക്രൂഡ് ഓയിലിനു വലിയ ഇടിവ്

ചൈനയിലെ കോവിഡ് നിയന്ത്രണങ്ങളെ എതിർക്കുന്ന വിദ്യാർഥികളും തൊഴിലാളികളും നടത്തുന്ന പ്രക്ഷാേഭങ്ങൾ ഈയാഴ്ച ശ്രദ്ധാകേന്ദ്രമാകും. ഇന്ത്യയുടെ രണ്ടാം പാദ ജിഡിപി വളർച്ചക്കണക്കു ബുധനാഴ്ച വൈകുന്നേരം പുറത്തുവരും. ഇന്ത്യയടക്കം പല രാജ്യങ്ങളിലെയും ഫാക്ടറി ഉൽപാദന സൂചികയും ഈയാഴ്ചയാണ് അറിയുക. വാരാന്ത്യത്തോടെ നവംബറിലെ യുഎസ് തൊഴിൽ കണക്കും വരും. ഇവയെല്ലാം വിപണിയുടെ ഗതി നിർണയിക്കുന്നതിൽ നിർണായകമാണ്.

ഇന്ത്യൻ വിപണി റിക്കാർഡ് ഉയരത്തിൽ എത്തിയ കഴിഞ്ഞയാഴ്ച അവസാനിച്ചത് മുന്നേറ്റ ആവേശം നില നിർത്തിക്കൊണ്ടാണ്. ഈയാഴ്ച വീണ്ടും മുന്നേറും എന്ന വിശ്വാസമാണു ബ്രോക്കറേജുകൾ പ്രകടിപ്പിക്കുന്നത്. നിഫ്റ്റി 18,950-19,100 മേഖല ലക്ഷ്യമിട്ട് നീങ്ങുമെന്നു വിശകലന വിദഗ്ധർ കരുതുന്നു. എന്നാൽ ആഗോള ചലനങ്ങൾ തിങ്കളാഴ്ച വിപണിയെ അനിശ്ചിതത്വത്തിൽ ആക്കും. ചൈനയിലെ പ്രക്ഷോഭങ്ങൾ ഇന്ത്യക്കു ക്രമേണ നേട്ടമായി മാറുമെങ്കിലും ഇപ്പോൾ ആശങ്കയാണു മുന്നിൽ നിൽക്കുന്നത്. ചൈനയുടെ വളർച്ചയിൽ വലിയ തിരിച്ചടിക്കു പ്രക്ഷോഭം കാരണമാകുമെന്നാണു ഭീതി. ഇന്നു വിപണിയിൽ ആ ആശങ്ക പ്രകടമാകും.
കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി സൂചികകൾ ചെറിയ നേട്ടം മാത്രമേ കുറിച്ചുള്ളു. യൂറോപ്യൻ വിപണികൾ കാര്യമായ മാറ്റമില്ലാതെ ക്ലോസ് ചെയ്തു. യുഎസ് വിപണിയിൽ ഡൗ ജോൺസ് സൂചിക അര ശതമാനത്തോളം ഉയർന്നപ്പോൾ നാസ്ഡാക് സൂചിക അര ശതമാനം ഇടിഞ്ഞു. തൊഴിലാളി സമരം മൂലം ചൈനീസ് ഐഫോൺ ഫാക്ടറിയിലെ ഉൽപാദനം തടസപ്പെട്ടതിനെ തുടർന്ന് ആപ്പിൾ ഓഹരികൾ ഇടിഞ്ഞതാണു പ്രധാന കാരണം. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ അര ശതമാനത്തിലധികം താഴ്ചയിലാണ്.
ഓസ്ട്രേലിയയിലെ എഎസ്എക്സ് 200 സൂചിക ഇന്നു രാവിലെ താഴ്ന്നാണു വ്യാപാരം നടത്തുന്നത്. ജപ്പാനിലും ദക്ഷിണ കൊറിയയിലും സൂചികകൾ ഗണ്യമായി താഴ്ന്നു. ഹോങ് കോങ്ങിലും ഷാങ്ഹായിയിലും വിപണികൾ വലിയ ഇടിവോടെ വ്യാപാരം തുടങ്ങി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി വെള്ളിയാഴ്ച 18,695-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 18,570- നു താഴോട്ടു വീണു. ഇന്ത്യൻ വിപണി ഇന്നു താഴ്ന്നാകും വ്യാപാരം തുടങ്ങുക എന്നാണ് ഇതിലെ സൂചന.
വെള്ളിയാഴ്ച സെൻസെക്സ് 20.96 പോയിൻ്റ് (0.03 %) ഉയർന്ന് 62,293.64-ലും നിഫ്റ്റി 28.65 പോയിൻ്റ് (0.16%) ഉയർന്ന് 18,512.75 ലും ക്ലോസ് ചെയ്തു. വിശാല വിപണി കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കി. മിഡ് ക്യാപ് സൂചിക 1.12 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.95 ശതമാനവും കയറി. കഴിഞ്ഞ ആഴ്ചയിൽ സെൻസെക്‌സും നിഫ്റ്റിയും ഓരോ ശതമാനം നേട്ടമുണ്ടാക്കി. പവറും റിയൽറ്റിയും ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടമുണ്ടാക്കി. ഐടി, മെറ്റൽ, ഓട്ടോ, ബാങ്ക് മേഖലകൾ നേട്ടത്തിനു മുന്നിൽ നിന്നു.
നിഫ്റ്റി 18,605 നു മുകളിലേക്കു കയറിയാൽ 18,950 ഹ്രസ്വകാല ലക്ഷ്യമാകും എന്നാണു നിക്ഷേപ വിദഗ്ധർ കരുതുന്നത്. മധ്യകാല ലക്ഷ്യമായി 19,500-20,5001 മുൻ നിരയിലേക്കു വരും.
നിഫ്റ്റിക്ക് 18,460-ലും 18,405-ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 18,530-ലും 18,590-ലും തടസങ്ങൾ ഉണ്ടാകും.
വെള്ളിയാഴ്ച വിദേശ നിക്ഷേപകർ 369.08 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു. ഇതാേടെ ഈ മാസം 25 വരെ വിദേശികളുടെ നിക്ഷേപം 31,630 കോടി രൂപയായി.
ക്രൂഡ് ഓയിൽ കഴിഞ്ഞ വെള്ളിയാഴ്ച രണ്ടു ശതമാനം ഇടിഞ്ഞു. ബ്രെൻ്റ് ഇനം 83.63 ഡോളറും ഡബ്ള്യുടിഐ ഇനം 76.28 ഡോളറുമായി താണു. ഇന്നു രാവിലെ ബ്രെൻ്റ് 81.5 ഡോളറിലേക്ക് ഇടിഞ്ഞു. ഡബ്ള്യുടിഐ ഇനം 74 ഡോളറിനടുത്തായി. വീണ്ടും വില താഴുമെന്നാണു സൂചന. പ്രക്ഷോഭങ്ങൾ ചൈനയിലെ വ്യവസായ പ്രവർത്തനങ്ങളിൽ വലിയ
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ചെറിയ മാറ്റത്തിലായിരുന്നു. അലൂമിനിയം അൽപം താണു. ചെമ്പ് അടക്കമുള്ളവ ചെറിയ ഉയർച്ച കാണിച്ചു. ഇന്നു വില കുറയുമെന്നാണ് ചൈനയിലെ ഫ്യൂച്ചേഴ്സ് നൽകുന്ന സൂചന. ചൈനീസ് ഡിമാൻഡ് കുറഞ്ഞു വരികയാണ്.
ചെറിയ മേഖലയിൽ നീങ്ങിയ സ്വർണം ഇന്നു രാവിലെ ഇടിവിലാണ്. വെള്ളിയാഴ്ച 1749- 1757 ഡോളറിലായിരുന്നു വില. ഇന്നു രാവിലെ സ്വർണം 1755- ഡോളറിൽ നിന്ന് 1745-17466 മേഖലയിലേക്കു താണു.
വാരാന്ത്യത്തിൽ കേരളത്തിൽ സ്വർണം പവനു 38,840 രൂപയിൽ തുടർന്നു. ഇന്നു വില താഴ്ന്നേക്കാം.

രൂപ കഴിഞ്ഞയാഴ്ച ചെറിയ നേട്ടത്തിൽ അവസാനിച്ചു. ഡോളറിന് 81.66 രൂപ.

ഡോളർ സൂചിക വെള്ളിയാഴ്ച 105.96-ൽ ക്ലോസ് ചെയ്തു. ഇന്ന് 106.35 ലേക്കു സൂചിക കയറി. ചൈനീസ് യുവാൻ രാവിലെ ദുർബലമായി.

ഷിയുടെ വാഴ്ചയ്ക്കു വെല്ലുവിളിയായി പ്രക്ഷോഭ പരമ്പര

ചൈനയിലെ കോവിഡ് നിയന്ത്രണങ്ങൾക്കെതിരേ തുടങ്ങിയ പ്രക്ഷോഭം പ്രസിഡൻ്റ് ഷി ചിൻപിംഗിൻ്റെ വാഴ്ചയ്ക്കെതിരായ ജനകീയ പ്രക്ഷോഭമായി മാറി വരികയാണെന്നു പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1989-ലെ ടിയനാൻമെൻ പ്രക്ഷോഭം പോലൊന്നായി ഇതു വളരുമോ എന്നാണു നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഫാക്ടറികളിൽ തുടങ്ങിയ അസ്വസ്ഥതയും പ്രക്ഷോഭവും ഇപ്പോൾ യൂണിവേഴ്സിറ്റികളിലേക്ക് അതിവേഗം പടരുകയാണ്. പ്രക്ഷോഭം തല്ലിക്കെടുത്താനുള്ള ശ്രമങ്ങൾ വിഫലമായി. ഷി സ്ഥാനമൊഴിയാനാവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങളാണു കഴിഞ്ഞ വാരാന്ത്യത്തിൽ ഉയർന്നത്.
കമ്യൂണിസ്റ്റ് പാർട്ടിയിലെ വിമത ശബ്ദങ്ങളെല്ലാം ഒതുക്കി മൂന്നാം തവണയും പാർട്ടി ജനറൽ സെക്രട്ടറിയും കേന്ദ്ര മിലിട്ടറി കമ്മീഷൻ ചെയർമാനുമായ ഷി നേരിടുന്നതു ചെറുതല്ലാത്ത വെല്ലുവിളിയാണ്. പ്രക്ഷോഭം നീണ്ടു പോകുന്നതു ഷിയുടെ രാഷ്ട്രീയ ബലം കുറയ്ക്കും.. 1989-ൽ ടിയനാൻമെൻ പ്രക്ഷോഭത്തെ വലിയ കൂട്ടക്കുരുതിയിലൂടെയാണ് അടിച്ചമർത്തിയത്. അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറി ചാവാേ സിയംഗിനു പദവി നഷ്ടപ്പെടുകയും ചെയ്തു. പ്രക്ഷോഭകരോട് അദ്ദേഹത്തിന് അനുഭാവം ഉണ്ടായിരുന്നു എന്നതാണു കാരണം.
ചാവോയ്ക്കു പിൻഗാമിയായ ജിയാംഗ് സെമിൻ ജനാധിപത്യ വാദികളെ പാർട്ടിയിലും സമൂഹത്തിലും ഒതുക്കി. ഇപ്പോഴത്തെ എതിർപ്പുകളെ ഷി ഭരണകൂടം എങ്ങനെയാണു കൈകാര്യം ചെയ്യുക എന്നാണു ലോകം നിരീക്ഷിക്കുന്നത്. ഷിയുടെ രാഷ്ട്രീയബലം കുറയ്ക്കുന്നതിലേക്കാകും പ്രക്ഷോഭം ചെന്നെത്തുക എന്നാണു പാശ്ചാത്യ വിലയിരുത്തൽ.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it