പുതിയ ഉയരം തേടി വിപണി; ഏഷ്യൻ വിപണികൾ നേട്ടത്തിൽ; വളർച്ച നിഗമനം താഴ്ത്തി എസ്ബിഐ

മറ്റെല്ലാ വിപണികളും ചുവപ്പണിഞ്ഞപ്പോൾ ഇന്ത്യൻ വിപണി ഇന്നലെ പച്ച മേലങ്കി ധരിച്ചു. നിഫ്റ്റി 13 മാസത്തിനു ശേഷം റിക്കാർഡ് തിരുത്തി. ഇനിയും ഉയരം തേടിയുള്ള യാത്ര തുടരാനുള്ള മനാേഭാവമാണു ബുള്ളുകൾ പ്രകടിപ്പിക്കുന്നത്. എന്നാൽ ജിഡിപി വളർച്ചയെപ്പറ്റി പുതിയ ആശങ്കകൾ ഉയർന്നിട്ടുണ്ട്.


ഇന്നു വിദേശ വിപണികൾ ഉണർവിലേക്കു തിരിഞ്ഞു. ഇന്നലെ യുഎസ് സൂചികകൾ ഒന്നര ശതമാനം താഴ്ചയിലാണു ക്ലോസ് ചെയ്തത്. എന്നാൽ യുഎസ് ഫ്യൂച്ചേഴ്സ് രാവിലെ നേട്ടത്തിലാണ്. ഓസ്ട്രേലിയൻ വിപണി നഷ്ടത്തിൽ തുടങ്ങി ലാഭത്തിലായി. ഏഷ്യൻ വിപണികളിൽ പൊതുവേ കയറ്റമാണ്. എന്നാൽ ജപ്പാനിലെ നിക്കൈ അര ശതമാനത്തോളം താഴ്ന്നു. ജപ്പാൻ്റെ കറൻസിയുടെ നിരക്ക് കൂടുന്നതു കയറ്റുമതിയെ ബാധിക്കും എന്നതാണു കാരണം. കൊറിയൻ വിപണി നേട്ടത്തിലാണ്. ഹോങ് കോങ്ങിലും ഷാങ് ഹായിയിലും തായ് വാനിലും സൂചികകൾ നല്ല മുന്നേറ്റത്തിലായി.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 18,729-ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 18,647-ൽ തുടങ്ങിയിട്ട് 18,670-ലേക്കു കയറി.

തിങ്കളാഴ്ച ഇന്ത്യൻ സൂചികകൾ തുടക്കത്തിൽ താഴ്ന്നെങ്കിലും പിന്നീടു നല്ല കുതിപ്പാണു നടത്തിയത്. സെൻസെക്സ് 62,701 വരെയും നിഫ്റ്റി 18,614 വരെയും ഉയർന്നു. 2021 ഒക്ടോബറിൽ കുറിച്ച 18,604 എന്ന റിക്കാർഡാണ് നിഫ്റ്റി തിരുത്തിയത്. അവസാന മണിക്കൂറിൽ സൂചികകൾ വേഗം ഇടിയുകയായിരുന്നു. സെൻസെക്സ് 211.16 പോയിൻ്റ് (0.34%) നേട്ടത്തിൽ 62,504.8-ലും നിഫ്റ്റി 50 പോയിൻ്റ് (0.27%) ഉയർച്ചയിൽ 18,562.75 ലും ക്ലോസ് ചെയ്തു. വിശാല വിപണി കുറേക്കൂടി ഉയർന്നു. മിഡ് ക്യാപ് സൂചിക 0.72 ഉം സ്മോൾ ക്യാപ് സൂചിക 0.77-ഉം ശതമാനം നേട്ടമുണ്ടാക്കി.

വിദേശ നിക്ഷേപകർ ഇന്നലെ 935.88 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു. സ്വദേശി ഫണ്ടുകൾ 87.93 കോടിയുടെ ഓഹരികൾ വാങ്ങി.

ഓയിൽ - ഗ്യാസ് മേഖലയുടെ കുതിപ്പിലാണു വിപണി നേട്ടമുണ്ടാക്കിയത്. നിഫ്റ്റി ഓയിൽ - ഗ്യാസ് സൂചിക 1.49 ശതമാനം ഉയർന്നു. റിലയൻസ് മൂന്നര ശതമാനം കയറി. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ അഞ്ചു ശതമാനം വരെ നേട്ടമുണ്ടാക്കി. മെറ്റൽ കമ്പനികൾക്കു വലിയ തിരിച്ചടിയായി. ഹിൻഡാൽകോയും ടാറ്റാ സ്റ്റീലും ജെഎസ്ഡബ്ള്യു സ്റ്റീലും ഇടിഞ്ഞു.

വിപണി ബുളളിഷ് ആണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. നിഫ്റ്റിക്കു 18,420-ലും 18,265-ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 18,610 ലും 18,760-ലും തടസം ഉണ്ടാകാം.

ക്രൂഡ് ഓയിൽ വില അൽപം ഉയർന്നെങ്കിലും താഴ്ന്ന നിലവാരത്തിൽ നിന്നു കയറിയിട്ടില്ല. തിങ്കളാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് 82 ഡോളറിലേക്കു താണെങ്കിലും ഒടുവിൽ 82.6-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 83.2 ഡോളർ ആയി. വാരാന്ത്യത്തിലെ ചർച്ചകൾക്കു ശേഷം ഒപെക് പ്ലസ് ജനുവരിയിലെ ഉൽപാദനം എത്ര കണ്ട് കുറയ്ക്കാൻ തീരുമാനിക്കും എന്നതിലാണ് എല്ലാവരുടെയും ശ്രദ്ധ. ഡിമാൻഡ് കുറഞ്ഞു വരുന്നതായാണ് ഒപെക് വിലയിരുത്തൽ.

വ്യാവസായിക ലോഹങ്ങൾ ദുർബലമായി തുടരുന്നു. ചെമ്പുവില വീണ്ടും ടണ്ണിന് 8000 ഡോളറിൽ താഴെയായി. മറ്റു ലോഹങ്ങളും ചെറുതായി താഴ്ന്നു. ചൈനയിലെ ഡിമാൻഡും ഉൽപ്പാദനവും കുറയുകയാണ്.
സ്വർണം ഇന്നലെ വലിയ തിരിച്ചടി നേരിട്ടു. ഡോളർ സൂചിക വീണ്ടും ഉയർന്നത് സ്വർണ ബുള്ളുകളെ വിൽപനയ്ക്കു പ്രേരിപ്പിച്ചു. 1764 ഡോളർ വരെ കയറിയ സ്വർണം 1739 വരെ ഇടിഞ്ഞു. ഇന്നു രാവിലെ 1741- 1742 ഡോളറിലാണു വ്യാപാരം. കേരളത്തിൽ സ്വർണവില ഇന്നലെ 38,840-ൽ തുടർന്നു.
രൂപ ഇന്നലെ രാവിലെ ചാഞ്ചാടിയെങ്കിലും ഒടുവിൽ കാര്യമായ മാറ്റമില്ലാതെ ക്ലോസ് ചെയ്തു. ഡോളറിന് 81.68 രൂപ.

ഡോളർ സൂചിക ഇന്നലെ 106.68-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 106.59 -ലാണ്. ഇന്നു കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല.

വളർച്ച പ്രതീക്ഷ താഴ്ത്തി എസ്ബിഐ റിസർച്ച്

നാളെ ഇന്ത്യയുടെ രണ്ടാം പാദ ജിഡിപി കണക്ക് പുറത്തുവിടും. ജൂലൈ - സെപ്റ്റംബർ കാലയളവിൽ 6.3 ശതമാനം വളർച്ചയാണു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. വിവിധ റേറ്റിംഗ് - വിശകലന ഏജൻസികൾ 6.2 മുതൽ 7.2 വരെ ശതമാനം വളർച്ചയാണു പ്രവചിച്ചത്. കൂടുതൽ സ്ഥാപനങ്ങൾ 6.5 ശതമാനം പ്രവചിച്ചു. ക്രിസിൽ, ഇക്ര എന്നീ റേറ്റിംഗ് ഏജൻസികളും ബാങ്ക് ഓഫ് ബറോഡയുടെ ചീഫ് ഇക്കണോമിസ്റ്റും ആ നിലപാടിലാണ്.
എന്നാൽ എസ്ബിഐ റിസർച്ച് വിഭാഗം ഇപ്പോൾ വ്യത്യസ്തമായ നിഗമനവുമായി രംഗത്തുവന്നു. അവർ 5.8 ശതമാനം വളർച്ചയേ രണ്ടാം പാദത്തിൽ പ്രതീക്ഷിക്കുന്നുള്ളു.
മുപ്പതു സൂചകങ്ങൾ ഉൾപ്പെടുത്തിയുള്ള ഒന്നാണ് എസ്ബിഐ പ്രവചനത്തിനുപയോഗിക്കുന്ന നൗകാസ്റ്റ് സംവിധാനം. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒഴിച്ചുള്ള കമ്പനികളുടെ പ്രവർത്തന ലാഭത്തിൽ 14 ശതമാനം ഇടിവു വന്നതാണ് പ്രവചനം താഴാൻ കാരണമെന്ന് ചീഫ് ഇക്കണോമിക് അഡ്വൈസർ സൗമ്യകാന്തി ഘോഷ് പറഞ്ഞു.
ഒന്നാം പാദത്തിൽ 13.5 ശതമാനം വളർച്ച ഉണ്ടായിരുന്നതാണ്. രണ്ടിൽ 6.3 ശതമാനം, മൂന്നിലും നാലിലും 4.6 ശതമാനം എന്നിങ്ങനെ വളരുമെന്നാണ് ആർബിഐ പ്രതീക്ഷ. 2022-23ൽ വാർഷിക വളർച്ച ഏഴു ശതമാനം എന്നാണു നിഗമനം. രണ്ടാം പാദ വളർച്ച കുറയുമ്പോൾ വാർഷിക വളർച്ച പ്രതീക്ഷയും കുറയും.
വാർഷിക വളർച്ച പ്രതീക്ഷ എല്ലാ ഏജൻസികളും ഇക്കൊല്ലം രണ്ടോ അതിലധികമാേ തവണ താഴ്ത്തി. ഒടുവിലത്തെ നിഗമനങ്ങൾ (ശതമാനം) ഇങ്ങനെ: റിസർവ് ബാങ്ക് 7.0, ഐഎംഎഫ് 6.8, ലോകബാങ്ക് 6.5, ഒഇസിഡി 6.6, ഫിച്ച് 7.0, എസ് ആൻഡ് പി 7.0. '

പ്രക്ഷോഭം തുടരുന്നു; ചൈനീസ് നഗരങ്ങൾ കനത്ത കാവലിൽ
ചൈനയിലെ പ്രക്ഷോഭം കൂടുതൽ വ്യാപകമായെങ്കിലും ശാന്തമായിട്ടാണു മുന്നോട്ടു പോകുന്നത്. നഗരങ്ങളിലെല്ലാം വലിയ തോതിൽ സൈനിക - പോലീസ് വിന്യാസമുണ്ട്. സംഘർഷം ഇല്ലെങ്കിലും എങ്ങും നീറിപ്പുകയുന്ന അന്തരീക്ഷമാണെന്നാണു പാശ്ചാത്യ റിപ്പോർട്ടുകൾ. ചില കോവിഡ് നിയന്ത്രണങ്ങൾ അയച്ചിട്ടുമുണ്ട്. സെൻസർഷിപ്പിനെ പരിഹസിക്കുന്ന വെള്ളക്കടലാസ് ഉയർത്തിപ്പിടിച്ചു വിദ്യാർഥികൾ യൂണിവേഴ്സിറ്റി കാംപസുകളിൽ നടത്തുന്ന പ്രകടനങ്ങൾക്കു നല്ല പ്രതികരണമാണു കിട്ടുന്നത്. ട്വിറ്ററിലും മറ്റും പ്രക്ഷോഭകരെ അനുകൂലിക്കുന്ന സന്ദേശങ്ങളും പേജുകളും മറയ്ക്കാൻ അശ്ലീല വീഡിയോകൾ അടക്കം പലതും പോസ്റ്റ് ചെയ്യുന്ന ബോട്ടു (Bot)കളെ ഭരണകൂടം നിയോഗിച്ചിട്ടുണ്ട്.
ചൈനീസ് വളർച്ച കുറയുമെന്ന നിഗമനത്തിൽ താഴ്ന്ന ക്രൂഡ് ഓയിൽ വില ഉയർന്നിട്ടില്ല. വാരാന്ത്യത്തിൽ ഒപെക് പ്ലസ് രാജ്യങ്ങൾ ക്രൂഡ് ഓയിൽ ഉൽപാദനം കുറയ്ക്കാൻ തീരുമാനം എടുത്തേക്കും. ഡിമാൻഡ് കുറയുന്നതു കണക്കിലെടുത്താണ് ഈ നീക്കം.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it