Begin typing your search above and press return to search.
റിസർവ് ബാങ്ക് ഗതി നിർണയിക്കും; റീപോ നിരക്ക് വർധന മിതമാകുമെന്നു പ്രതീക്ഷ; വിദേശവിപണികൾ താഴ്ചയിൽ; ക്രൂഡ് ഓയിൽ വില കുറയുന്നു
രാവിലെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നടത്തുന്ന പ്രഖ്യാപനമാണ് ഇന്നു വിപണിഗതിയെ നിയന്ത്രിക്കുക. ആഗോള സൂചനകൾ അത്ര അനുകൂലമല്ലെങ്കിലും ഇന്ത്യൻ വിപണി അവയുടെ സ്വാധീനത്തിന് അധികം വശപ്പെടാൻ സാധ്യതയില്ല.
ഇന്നലെ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ നഷ്ടത്തോടെ ക്ലോസ് ചെയ്ത ഇന്ത്യൻ വിപണിയുടെ വഴിയിലായിരുന്നു വിദേശ വിപണികളും. യൂറോപ്യൻ സൂചികകൾ ചെറുതായി താഴ്ന്നു. യുഎസ് വിപണിയാകട്ടെ മുൻ ദിവസങ്ങളിലേതു പോലെ വലിയ വീഴ്ചയിലായി. ഡൗ ജോൺസ് 1.03%, എസ് ആൻഡ് പി 1.44%, നാസ്ഡാക് രണ്ട് ശതമാനം എന്നിങ്ങനെ. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. അടുത്തയാഴ്ച യുഎസ് ഫെഡ് പലിശവർധന തുടരും എന്നു പ്രഖ്യാപിക്കും എന്നാണു വിപണി ഇപ്പോൾ വിലയിരുത്തുന്നത്. അതുകൊണ്ടു ഡോളർ സൂചികയും സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടവും (Yield) വർധിച്ചു.
ഇന്നു രാവിലെ ഓസ്ട്രേലിയൻ വിപണി നല്ല താഴ്ചയിലാണ് വ്യാപാരം നടത്തുന്നത്. ഏഷ്യൻ വിപണിയും ഇടിവോടെ വ്യാപാരം ആരംഭിച്ചു. നിക്കൈ സൂചിക അര ശതമാനം ഇടിവിലാണ്. ഹോങ്കോങ്ങിലെ ഹാങ് സെങ് സൂചിക ഉയർന്നു വ്യാപാരം തുടങ്ങിയപ്പോൾ ഷാങ്ഹായ് വിപണി താഴ്ചയിലായി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,698.5 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ സൂചിക 18,680 - ലേക്കു താഴ്ന്നിട്ടു തിരിച്ചു കയറി 18,735-ൽ എത്തി. ഇന്ത്യൻ വിപണി കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ചൊവ്വാഴ്ച വിപണി വലിയ താഴ്ചയോടെ വ്യാപാരം ആരംഭിച്ചിട്ടു പിന്നീടു നഷ്ടം കുറയ്ക്കുകയായിരുന്നു. സെൻസെക്സ് 208.24 പോയിന്റ് (0.33%) നഷ്ടത്തിൽ 62,626.35 ലും നിഫ്റ്റി 58.3 പോയിന്റ് (0.35%) നഷ്ടത്തിൽ 18,642.75-ലും ക്ലോസ്
ചെയ്തു. മിഡ് ക്യാപ് സൂചിക 0.46-ഉം സ്മോൾ ക്യാപ് സൂചിക 0.16% ഉം ശതമാനം താഴ്ന്നു.
പിഎസ് യു ബാങ്കുകൾ, എഫ്എംസിജി, ഓയിൽ - ഗ്യാസ് എന്നിവയൊഴിച്ച്
എല്ലാ മേഖലകളും നഷ്ടത്തിലായിരുന്നു.
വിദേശനിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 635.35 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും 558.67 കോടിയുടെ വിൽപനക്കാരായി.
ക്രൂഡ് ഓയിൽ വില ഇന്നലെ ഇടിഞ്ഞു. ബ്രെന്റ് ഇനം 83 ഡോളറിനു മുകളിൽ നിന്ന് 79- ലേക്കു താഴ്ന്നു. ഇന്നു രാവിലെ 79.35 ഡോളറിലാണു വ്യാപാരം. ചൈന നിയന്ത്രണങ്ങൾ നീക്കിയാലും ഉപയോഗത്തിൽ വലിയ വർധന വരില്ലെന്നാണു വിപണി ഇപ്പോൾ കരുതുന്നത്. റഷ്യ കുറഞ്ഞ വിലയ്ക്ക് ക്രൂഡ് വിൽക്കുന്നതും വിപണിയെ സ്വാധീനിച്ചു.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ താഴോട്ട് നീങ്ങി. ചെമ്പും അലൂമിനിയവും നിക്കലും താഴ്ന്നപ്പോൾ സിങ്കും ടിനും ചെറുതായി കയറി.
സ്വർണം ഇന്നലെ ചെറിയ മേഖലയിൽ കയറിയിറങ്ങി. 1782 ഡോളർ വരെ കയറിയിട്ട് 1767-ലേക്കു താണു. ഇന്നു രാവിലെ 1769 - 1771 ഡോളറിലാണു വ്യാപാരം.
രൂപ ഇന്നലെ വലിയ താഴ്ചയിലായി. ഡോളർ 83 പൈസ (ഒരു ശതമാനം) നേട്ടത്തിൽ 82.62 പൈസയിലെത്തി. ഡോളർ 82 രൂപ കടന്നതോടെ ഇറക്കുമതിക്കാർ ഡോളർ വാങ്ങാൻ തിടുക്കം കൂട്ടിയതാണു വീഴ്ച വരുതാകാൻ കാരണം. വിദേശനിക്ഷേപകർ ഡോളർ പിൻവലിക്കുന്നതും രൂപയെ ദുർബലമാക്കി.
ഡോളർ സൂചിക 105.58 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്യൂയിക 105.69 ലേക്കു കയറി.
റീപോ നിരക്ക് എത്രയാക്കും?
രാവിലെ 10 മണിക്കു വരുന്ന പണനയത്തിലാണു വിപണിയുടെ കണ്ണ്. റിസർവ് ബാങ്കിന്റെ റീപോ നിരക്ക് 5.9 ശതമാനത്തിൽ നിന്ന് 6.25 ശതമാനം ആക്കും എന്നാണു പൊതുനിഗമനം. വർധന അത്രയും ഉണ്ടാകില്ല എന്നു കരുതുന്നവരും ഉണ്ട്. പ്രതീക്ഷ പോലെ സംഭവിച്ചാൽ വിപണി സ്വാഭാവിക മുന്നേറ്റം തുടരും. മറിച്ച് നിരക്കു കൂടുതൽ വർധിച്ചാൽ വിപണി കുത്തനേ വീഴും.
നിരക്കു കൂട്ടാതിരിക്കുകയോ വർധന ചെറുതായിരിക്കുകയോ ചെയ്താൽ വിപണിയിൽ വലിയ കുതിപ്പ് ഉണ്ടാകാം. വിലക്കയറ്റം കുറഞ്ഞുവരികയാണെന്നും ഇനി വളർച്ച കൂട്ടുകയാണു പ്രധാനമെന്നും റിസർവ് ബാങ്കും പണനയ സമിതി (എംപിസി) യും വിലയിരുത്തിയാൽ ആശ്ചര്യത്തിനവകാശമില്ല.
വാണിജ്യ ബാങ്കുകൾക്ക് റിസർവ് നിബന്ധന പാലിക്കുന്നതു പോലുള്ള അടിയന്തര ഘട്ടങ്ങളിൽ റിസർവ് ബാങ്ക് നൽകുന്ന ഏകദിന വായ്പയുടെ പലിശ നിരക്കാണ് റീപോ നിരക്ക്. ഇതു നാലു ശതമാനത്തിൽ നിന്ന് നാലു തവണയായി 5.9 ശതമാനമാക്കി. ഈ നിരക്ക് രാജ്യത്തെ മറ്റു പലിശനിരക്കുകളെയെല്ലാം നിയന്ത്രിക്കുന്ന താക്കോൽ നിരക്കായാണ് അറിയപ്പെടുന്നത്. റീപോ വർധിച്ചാൽ ഭവനവായ്പയടക്കം എല്ലാ വായ്പകളുടെയും പലിശ കൂടും.
വളർച്ചയിൽ പുതിയ നിഗമനം
ഈ ധനകാര്യ വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച 6.9 ശതമാനമാകും എന്നു ലോകബാങ്കിന്റെ പുതിയ നിഗമനം. നേരത്തേ 6.5 ശതമാനം എന്നാണു പ്രവചിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിലിലെ നിഗമനം 7.5 ശതമാനം വളർച്ച എന്നായിരുന്നു.
രണ്ടാം പാദ ജിഡിപി ലോകബാങ്ക് കണക്കാക്കിയതിലും കൂടുതൽ വളർന്നു (6.3%) എന്നതാണു തിരുത്തലിനു പ്രധാന കാരണം. ആഗോള ക്ഷീണത്തിന്റെ ആഘാതം ഇന്ത്യയിൽ അത്ര കടുത്ത തോതിൽ ഏൽക്കുന്നില്ല എന്നും ബാങ്ക് വിലയിരുത്തുന്നു. ആഭ്യന്തര വിപണി വളരെ വലുതായതും ഇന്ത്യയുടെ കരുത്താണ്.
റിസർവ് ബാങ്ക്, എഡിബി, മൂഡീസ്, ഫിച്ച്, ഗോൾഡ്മാൻ സാക്സ് തുടങ്ങിയവ ഏഴു ശതമാനം വളർച്ചയാണു കണക്കാക്കുന്നത്. ഐഎംഎഫും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും 6.8 ശതമാനം പ്രതീക്ഷിക്കുന്നു.
Next Story
Videos