Begin typing your search above and press return to search.
കുതിക്കാൻ മോഹവുമായി വിപണി; റിക്കാർഡുകൾ അരികെ; യുഎസ് തെരഞ്ഞെടുപ്പും ഡോളറും നിർണായകം; ലോഹങ്ങൾ മുന്നേറി
മുന്നേറ്റം തുടരാനുള്ള ഉത്സാഹത്തിലാണു വിപണികൾ ഇന്നു തുറക്കുക. കഴിഞ്ഞ ആഴ്ചയുടെ അവസാനം നല്ല നേട്ടത്തോടെ അവസാനിപ്പിച്ച അമേരിക്കൻ വിപണിയുടെ ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. എന്നാൽ മറ്റ് ഏഷ്യൻ വിപണികളിലെ ഉണർവ് ഇന്ത്യൻ വിപണിയെ ഉയരത്തിലേക്കു നയിക്കാം. മുഖ്യസൂചികകളുടെ സർവകാല റിക്കാർഡിലേക്കു വിപണി നീങ്ങുമോ എന്നാണ് നിക്ഷേപകർ നോക്കുന്നത്. ഡോളറും ക്രൂഡ് ഓയിലും തടസങ്ങൾ സൃഷ്ടിക്കുകയില്ലെങ്കിൽ അതുണ്ടാകാം.
ഇന്നു രാവിലെ ജപ്പാനിലും കൊറിയയിലും സൂചിക ഒരു ശതമാനത്തോളം ഉയർന്നു. ചൈനയിൽ ഷാങ്ഹായ് സൂചിക അര ശതമാനവും ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക രണ്ടു ശതമാനവും നേട്ടത്തിലാണ്.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി വെള്ളിയാഴ്ച 18,301 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 18,256 വരെ താണിട്ട് വീണ്ടും 18,300-നു മുകളിലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ തുടങ്ങും എന്നാണ് ഇതിലെ സൂചന.
ഗുരു നാനാക് ജയന്തിയുടെ (ചൊവ്വ) അവധി മൂലം നാലു ദിവസം മാത്രം വിപണി പ്രവർത്തിക്കുന്ന ഈയാഴ്ച നിർണായക സാമ്പത്തിക സൂചകങ്ങൾ വാരാന്ത്യത്തിലേ വരൂ. അതിനാൽ രണ്ടാം പാദ ഫലങ്ങളാകും വിപണിയെ സ്വാധീനിക്കുക. സെപ്റ്റംബറിലെ വ്യവസായ ഉൽപാദന സൂചിക (ഐഐപി)യും ഒക്ടോബറിലെ ചില്ലറ വിലക്കയറ്റവും (സിപിഐ) ശനിയാഴ്ചയാണു പുറത്തുവിടുക. അവയുടെ പ്രതിഫലനം അടുത്ത ആഴ്ചയേ ഉണ്ടാകൂ.
വ്യാഴാഴ്ച അമേരിക്കയിലെ ചില്ലറ വിലക്കയറ്റ കണക്ക് പുറത്തുവരും. വിലക്കയറ്റം അൽപം കുറയുമെന്നാണു പൊതു നിഗമനം. സെപ്റ്റംബറിൽ 8.2 ശതമാനമായിരുന്നത് ഒക്ടോബറിൽ 7.9 ശതമാനമായിട്ടുണ്ടാകുമെന്നാണ് വിവിധ സർവേകൾ കാണിക്കുന്നത്.
തുടർച്ചയായ മൂന്നാമത്തെ ആഴ്ചയും ഇന്ത്യൻ വിപണി കയറി. കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് അഞ്ചു ശതമാനത്തിലധികം നേട്ടമാണു മുഖ്യ സൂചികകൾക്കുണ്ടായത്. കഴിഞ്ഞയാഴ്ച സെൻസെക്സ് 1.65 ശതമാനവും നിഫ്റ്റി 1.86 ശതമാനവും ഉയർന്നു. എട്ടു ശതമാനം നേട്ടമുണ്ടാക്കിയ നിഫ്റ്റി മെറ്റൽ സൂചികയാണ് മുന്നേറ്റത്തിനു മുന്നിൽ നിന്നത്. നിഫ്റ്റി ഫാർമ സൂചിക അഞ്ചു ശതമാനം ഇടിഞ്ഞു. മിഡ് ക്യാപ് സൂചിക രണ്ടും സ്മോൾ ക്യാപ് സൂചിക 0.8-ഉം ശതമാനം ഉയർന്നു.
വെള്ളിയാഴ്ച മുഖ്യസൂചികകൾ മിതമായ നേട്ടത്തിലാണു ക്ലോസ് ചെയ്തത്. സെൻസെക്സ് 113.95 പോയിൻ്റ് (0.19%) ഉയർന്ന് 60,950.36-ലും നിഫ്റ്റി 64.5 പോയിൻ്റ് (0.36%) ഉയർന്ന് 18,117.2 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.25 ശതമാനം താണപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.4 ശതമാനം ഉയർന്നു.
വിപണി ഉയർച്ചയ്ക്കു സന്നദ്ധമായാണു നിൽക്കുന്നതെന്നു നിക്ഷേപ വിദഗ്ധർ കരുതുന്നു. 18,100- 18,200 മേഖല കടന്നാൽ നിഫ്റ്റിക്ക് 18,600 വരെ ഉയർച്ച പ്രതീക്ഷിക്കാമെന്ന് അവർ പറയുന്നു. നിഫ്റ്റിക്ക് 18,040- ലും 17,975 ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 18,160-ഉം 18,210-ഉം തടസങ്ങളാകാം.
വീണ്ടും നിക്ഷേപകരായി വിദേശികൾ
വിദേശ നിക്ഷേപകർ ഈ മാസം വീണ്ടും കാര്യമായ നിക്ഷേപത്തിന് മുന്നാേട്ടു വന്നു. നവംബർ ആദ്യവാരം 15,280 കോടി രൂപ (204 കോടി ഡോളർ) അവർ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചു. ഫെഡറൽ റിസർവ് ഇനി സാവധാനമേ നിരക്ക് വർധിപ്പിക്കൂ എന്ന പ്രതീക്ഷയാണ് ഇതിനു കാരണമായത്. എന്നാൽ തങ്ങൾ വേഗം കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു ഫെഡ് വ്യക്തമായതിൻ്റെ പശ്ചാത്തലത്തിൽ ഈയാഴ്ച അവർ എന്തു ചെയ്യുമെന്നത് അറിയേണ്ടിയിരിക്കുന്നു. അവരുടെ നിലപാട് ഇനിയുള്ള ' വിപണിഗതി നിശ്ചയിക്കുന്നതിൽ നിർണായകമാണ്.
ഒക്ടോബറിലെ അവസാന പകുതിയിൽ വിദേശികൾ നിക്ഷേപകരായി. ആദ്യ പകുതിയിൽ വിൽപനക്കാരും. തട്ടിക്കിഴിക്കുമ്പോൾ ഒക്ടോബറിൽ വിദേശികൾ ഇന്ത്യൻ വിപണിയിൽ നിന്ന് എട്ടു കോടി രൂപ പിൻവലിച്ചു.സെപ്റ്റംബറിൽ അവർ 7624 കോടി പിൻവലിച്ചതാണ്. ഓഗസ്റ്റിൽ 51,200 കോടി രൂപ അവർ നിക്ഷേപിച്ചിരുന്നു.
വെള്ളിയാഴ്ച വിദേശികൾ 1436.25 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു. സ്വദേശി ഫണ്ടുകൾ 548.59 കോടി രൂപ പിൻവലിച്ചു.
ക്രൂഡ് കയറ്റത്തിൽ
ക്രൂഡ് ഓയിൽ വിപണിയിൽ ലഭ്യത ഗുരുതര വിഷയമായി. വെള്ളിയാഴ്ച വില നാലു മുതൽ അഞ്ചു വരെ ശതമാനം കുതിച്ചു. ബ്രെൻ്റ് ഇനം 98.62 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 97 ഡോളറിലേക്കു താണിട്ട് 97.78 വരെ തിരിച്ചു കയറി. 100 ഡോളറിൽ ക്രൂഡ് ശക്തമായ പ്രതിരോധം നേരിടുമെന്ന് വിപണി കരുതുന്നു. 100 കടന്നാൽ 110 ഡോളർ വരെ കുതിക്കാനുള്ള ഊർജംഇപ്പാേഴത്തെ കയറ്റത്തിനുണ്ടെന്നു വിലയിരുത്തപ്പെടുന്നു. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പുഫലം വിപണിയിൽ സ്വാധീനം ചെലുത്തും. പ്രസിഡൻ്റ് ബൈഡനു ക്ഷീണമുണ്ടായാൽ വില വീണ്ടും കയറും.
ചൈനീസ് റിപ്പോർട്ടിൽ ലോഹങ്ങൾ കുതിച്ചു
ചൈന കോവിഡ് നിയന്ത്രണങ്ങൾ ആറു മാസത്തിനകം നീക്കുമെന്നു ചില വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തതു വെള്ളിയാഴ്ച വ്യാവസായിക ലോഹങ്ങളുടെ വില ഉയർത്തി. ചെമ്പുവില അഞ്ചു ശതമാനം കുതിച്ച് ടണ്ണിന് 7902 ഡോളറിലെത്തി. പിന്നീടു യുഎസ് വിപണിയിൽ ചെമ്പ് എട്ടു ശതമാനം ഉയരുകയുണ്ടായി. അലുമിനിയം നാലു ശതമാനത്തിലധികം ഉയർന്ന് 2350 ഡോളറായി. മറ്റു ലോഹങ്ങൾ രണ്ടു മുതൽ നാലു വരെ ശതമാനം ഉയർന്നു. ഇരുമ്പയിര് മൂന്നു ശതമാനം ഉയർന്ന് 85 ഡോളറിലധികമായി.
സ്വർണത്തിനു നേട്ടം
ഡോളറിൻ്റെ ഇടിവു സ്വർണത്തിനു നേട്ടമായി. വെള്ളിയാഴ്ച ലോക വിപണിയിൽ സ്വർണവില 1630 ഡോളറിൻ്റെ പരിസരത്തു നിന്ന് 1685.70 ഡോളറിലേക്കു കുതിച്ചു കയറി. 3.36 ശതമാനം ഉയർച്ച. വെള്ളി 20.92 ഡോളറിലേക്കു കുതിച്ചപ്പോൾ വർധന 7.64 ശതമാനമാണ്. ഇന്നു രാവിലെ സ്വർണം 1673-1674 ഡോളറിലാണ്.
ദുബായിയിൽ സ്വർണ വില ശനിയാഴ്ചയും ഞായറാഴ്ചയും ഉയർന്ന് 10 ഗ്രാമിന് 2037.5 ദിർഹത്തിലെത്തി (45,436 രൂപ).
കേരളത്തിൽ സ്വർണം പവന് ശനിയാഴ്ച 720 രൂപ വർധിച്ച് 37,600 രൂപയായി.
ഡോളറിൻ്റെ ദിശയാകും സ്വർണത്തിൻ്റെ വില വരും ദിവസങ്ങളിൽ നിർണയിക്കുക.
ഡോളറിനു ക്ഷീണം, രൂപയ്ക്ക് കയറ്റം
രൂപ - ഡോളർ വിനിമയ നിരക്കിൽ രൂപയ്ക്ക് അനുകൂലമായ മാറ്റം കഴിഞ്ഞയാഴ്ച ഉണ്ടായി. വെള്ളിയാഴ്ച 82.88 പൈസയിൽ നിന്ന് 82.43 പൈസയിലേക്കു താഴ്ന്നാണ് ഇന്ത്യയിലെ വ്യാപാരത്തിൽ ഡോളർ ക്ലോസ് ചെയ്ത്. രാജ്യാന്തര വിപണിയിൽ രാത്രി നടന്ന വ്യാപാരത്തിൽ ഡോളർ കൂടുതൽ താഴ്ന്നു. 81.96 രൂപയിലെത്തി. ഇന്ന് ഇന്ത്യൻ വിപണി തുടങ്ങുമ്പോൾ രൂപ നേട്ടം കുറിക്കുമെന്നു കരുതപ്പെടുന്നു.
യൂറോ, പൗണ്ട്, യുവാൻ, യെൻ തുടങ്ങിയ വിവിധ കറൻസികളും കഴിഞ്ഞയാഴ്ച നേട്ടത്തിലാണ് അവസാനിച്ചത്. ഡോളർ സൂചിക വെള്ളിയാഴ്ച രണ്ടു ശതമാനം ഇടിഞ്ഞ് 110.79 ലാണ് ക്ലോസ് ചെയ്ത്. ഇന്നു രാവിലെ 111.12 ലേക്കു സൂചിക കയറി. വെള്ളിയാഴ്ച പുറത്തു വന്ന യുഎസ് തൊഴിലില്ലായ്മ കണക്ക് പലിശവർധന സാവധാനമാക്കാൻ ഫെഡിനെ പ്രേരിപ്പിക്കും എന്നു ചിലർ വിലയിരുത്തിയതാണു ഡോളർ സൂചിക താഴാൻ കാരണം.
തിങ്കളാഴ്ചയും സൂചിക താഴ്ന്നു 109-ലെ പിന്തുണ നഷ്ടമാക്കിയാൽ ഡോളർ കൂടുതൽ താഴാേട്ടു പോകുമെന്നാണു വിലയിരുത്തൽ. ഈ വർഷം 20 ശതമാനത്തോളം കയറിയ ഡോളർ സൂചിക കഴിഞ്ഞ ഒരു മാസം കൊണ്ട് രണ്ടു ശതമാനം താഴ്ചയിലായി.
ജോ ബൈഡൻ ദുർബലനാകുമാേ?
ചൊവ്വാഴ്ച അമേരിക്കയിലെ ദ്വൈവാർഷിക തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജനപ്രതിനിധി സഭയിലെ മുഴുവൻ (435) സീറ്റുകളിലേക്കും നൂറംഗ സെനറ്റിലെ മൂന്നിലൊരു ഭാഗം സീറ്റുകളിലേക്കും ആണു തെരഞ്ഞെടുപ്പ്. ബുധനാഴ്ച ഫലമറിയാം. അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത് പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റിലും ജനപ്രതിനിധി സഭയിലും ഭൂരിപക്ഷം നേടും എന്നാണ്. പ്രസിഡൻ്റ് ജോ ബൈഡനു രാഷ്ട്രീയമായി വലിയ തിരിച്ചടിയാകും അത്.
ബൈഡൻ്റെ പദ്ധതികൾക്കു കോൺഗ്രസിൻ്റെ ഇരുസഭകളും ഇനി തടസം നിന്നെന്നു വരും. സുപ്രധാന നിയമനങ്ങൾക്കു സെനറ്റിൻ്റെ അംഗീകാരം നേടുന്നതും പ്രയാസമാകും. റിപ്പബ്ലിക്കൽ ഡിമാൻഡുകൾക്കു ബൈഡൻ ഭരണകൂടം വഴങ്ങേണ്ടി വരും. യുക്രെയ്ൻ അടക്കമുള്ള വിഷയങ്ങളിൽ ഈ മാറ്റത്തിൻ്റെ പ്രത്യാഘാതം വലുതാകും.
Next Story
Videos