നേട്ടം പ്രതീക്ഷിച്ചു വിപണി; വിദേശ സൂചനകൾ പോസിറ്റീവ്; രൂപയുടെ ഗതി വിപണിയെ നയിക്കും; സിമൻ്റിലും പ്രവേശിച്ച് അഡാനി കുതിക്കുന്നു
ആഴ്ച എടുത്താൽ കഴിഞ്ഞയാഴ്ച എല്ലാ വിപണികളും നഷ്ടത്തിലായിരുന്നു. എന്നാൽ വെള്ളിയാഴ്ച മാത്രം പരിശോധിച്ചാൽ ഇന്ത്യൻ വിപണിയേ നഷ്ടം വരുത്തിയുള്ളു എന്നു കാണാം.
സെൻസെക്സ് 1000 പോയിൻ്റും നിഫ്റ്റി 300 പോയിൻ്റും നഷ്ടപ്പെടുത്തിയാണു വെള്ളിയാഴ്ച നെഗറ്റീവ് ക്ലോസിംഗ് നടത്തിയത്. വിദേശികൾ വിൽപന തുടരുന്നതും രൂപ ഇടിയുന്നതും വിലക്കയറ്റവും ഒക്കെ ഇതിനു കാരണമായി. തന്മൂലം ബെയറിഷ് സൂചനകൾ ആണു ശേഷിച്ചത്.
ഇന്നു വിദേശ സൂചനകൾ പോസിറ്റീവ് ആണെങ്കിലും ഇന്ത്യൻ വിപണിയിൽ അത് എത്രമാത്രം സ്വാധീനം ചെലുത്തുമെന്നതാണു ചോദ്യം.
യുഎസ്, യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ച നല്ല ഉയരത്തിലാണു ക്ലോസ് ചെയതത്. ഇന്നു യുഎസ് ഫ്യൂച്ചേഴ്സും നേട്ടത്തിലാണ്. ഏഷ്യൻ വിപണികൾ ഒരു ശതമാനം ഉയർന്നാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച രണ്ടാമത്തെ സെഷനിൽ 15,892-ലേക്കു കയറിയാണു ക്ലോസ് ചെയ്തത്.
ഇന്നു രാവിലെ 15,934- വരെ കയറിയ ശേഷം താഴ്ന്ന് 15,865-ൽ എത്തി. ഇന്ത്യൻ വിപണി ഇന്നു രാവിലെ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന. നേട്ടം നിലനിർത്താൻ പറ്റുമോ എന്ന ചോദ്യം അവശേഷിക്കുകയും ചെയ്യും. രൂപയുടെ ഗതി വിപണിയെ സ്വാധീനിക്കും.
കോവിഡ് വ്യാപനം കുറയുന്നതും ചൈനയിലെ പ്രധാന നഗരങ്ങളിൽ ലോക്ക് ഡൗണും നിയന്ത്രണങ്ങളും നീക്കുമെന്ന പ്രതീക്ഷയും വെള്ളിയാഴ്ച വിപണികളെ സഹായിച്ചു. വ്യാഴാഴ്ചത്തെ താഴ്ചയിൽ നിന്ന് ഒരു പുൾ ബായ്ക്ക് റാലിക്കു യുഎസ് സൂചികകൾ തുടക്കമിട്ടു എന്നു കരുതുന്നവർ ഉണ്ട്.
പലിശനിരക്ക് വരുന്ന മാസങ്ങളിൽ 50 ബേസിസ് പോയിൻ്റ് (0.5 ശതമാനം) വീതം വർധിപ്പിക്കും എന്നത് ഉറപ്പായി. പലിശ നേരത്തേ വർധിപ്പിക്കേണ്ടതായിരുന്നു എന്ന ഫെഡ് ചെയർമാൻ ജെറോം പവലിൻ്റെ ഏറ്റുപറച്ചിൽ വാരാന്ത്യത്തിൽ ചർച്ചാ വിഷയമായി. സെപ്റ്റംബറോടെ വിലക്കയറ്റം കുറയുന്നില്ലെങ്കിൽ നിരക്കു വർധന 75 ബേസിസ് പോയിൻ്റ് (0.75%) ആയി വർധിപ്പിക്കുമെന്ന സൂചനയും ഫെഡ് നൽകി.
വെള്ളിയാഴ്ച നേട്ടത്തിലായിരുന്നിട്ടു ക്ലോസിംഗിനു മുമ്പുള്ള മണിക്കൂറിലാണ് ഇന്ത്യൻ വിപണി തകർന്നത്. ഉയർച്ചയിൽ നിലനിൽക്കാൻ പറ്റിയില്ല.
ബുള്ളുകൾക്കു വിപണിയെ മുന്നോട്ടു നയിക്കാൻ തക്ക കരുത്തില്ലാതായി. ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ശേഷം തിരികെ വിഴുമാേ എന്ന ചോദ്യം പ്രസക്തമാണ്. 15,700-ലെ താങ്ങു നഷടമാക്കിയാൽ 14,800 വരെയുള്ള താഴ്ച കാണേണ്ടി വരും എന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു.
സെൻസെക്സ് വെള്ളിയാഴ്ച 136.69 പോയിൻ്റും (0.26%) നിഫ്റ്റി 25.85 പോയിൻ്റും (0.16%) നഷ്ടപ്പെടുത്തിയാണു യഥാക്രമം 52,793.62 ലും 15,782.15 ലും ക്ലോസ് ചെയ്തത്.
വിദേശികൾ വെള്ളിയാഴ്ച 3780.08 കോടി രൂപയുടെ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 3169.62 കോടിയുടെ ഓഹരികൾ വാങ്ങുകയും ചെയ്തു. വിദേശികൾ വിൽപന തുടരും എന്നാണു സൂചന.
നിഫ്റ്റിക്കു 15,655-ലും 15,525-ലുമാണ് സപ്പോർട്ട്. ഉയർച്ചയിൽ 15,995-ലും 16,215-ലുമാണു തടസങ്ങൾ.
ക്രൂഡ് ഓയിൽ വിപണി അനിശ്ചിതത്വമാണു കാണിക്കുന്നത്. ഉൽപാദനം കുറവാണ്. ഡിമാൻഡ് കുറയുകയാണെന്നു പറയുന്നുണ്ടെങ്കിലും വില താഴുന്നില്ല. റഷ്യൻ ക്രൂഡിനു യൂറോപ്പ് വിലക്ക് ഏർപ്പെടുത്തുകയോ റഷ്യ വിൽപന നിർത്തുകയാേ ചെയ്യുമെന്ന ആശങ്ക വിപണിയിലുണ്ട്.
വെള്ളിയാഴ്ച ബ്രെൻ്റ് ഇനം 112. 3 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വില 111.8 ഡോളറിലേക്കു താണിട്ടു വീണ്ടും 112 ഡോളറിനു മുകളിലായി. പ്രകൃതി വാതക വില 7.85 ഡോളറിലേക്കു കയറി.
വ്യാവസായിക ലോഹങ്ങൾ താഴ്ന്ന നിലയിൽ തുടരുന്നു. ചില സാങ്കേതിക തിരുത്തലുകൾ മാത്രമേ വാരാന്ത്യത്തിൽ ഉണ്ടായുള്ളു. ഈയാഴ്ച ചൈന കോവിഡ് നിയന്ത്രണങ്ങൾ നീക്കുകയും പലിശ നിരക്കു താഴ്ത്തുകയും ചെയ്താൽ വിലകൾ ഉയരുമെന്നാണു നിഗമനം. വെള്ളിയാഴ്ചയാണു പീപ്പിൾസ് ബാങ്ക് ഓഫ് ചൈന നിരക്കു പ്രഖ്യാപിക്കുന്നത്.
സ്വർണം വെള്ളിയാഴ്ച 1812 ഡോളറിലേക്കു താഴ്ന്നു. ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ 1815-1817 ഡോളർ മേഖലയിലേക്ക് ഉയർന്നു. ഡോളർ സൂചിക ഇപ്പോഴത്തെ 104.52 ൽ നിന്ന് 106 ലേക്കു കയറുന്ന പക്ഷം 1800 ഡോളറിനു താഴോട്ടാകും സ്വർണത്തിൻ്റെ യാത്ര. കേരളത്തിൽ ശനിയാഴ്ച പവനു 160 രൂപ കുറഞ്ഞ് 37,000 രൂപ ആയി.
ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചതിനാേട് ഇന്തോനേഷ്യയും മലേഷ്യയുമടക്കമുള്ള ഭക്ഷ്യ എണ്ണ ദാതാക്കൾ എങ്ങനെ പ്രതികരിക്കും എന്നറിയേണ്ടതുണ്ട്. കയറ്റുമതി വിലക്കിയതു വിപണിയിൽ ഗോതമ്പുവില അൽപം താഴ്ത്തി. പക്ഷേ ചൂടു തരംഗം മൂലം ഉത്പാദനം പ്രതീക്ഷയിലും വളരെ കുറവാകുമ്പോൾ വില വീണ്ടും കയറാതെ തരമില്ല.
സൂചികകളുടെ ഇടിവ് 15 ശതമാനം
കഴിഞ്ഞയാഴ്ച സെൻസെക്സ് 2041.96 പോയിൻ്റും (3.72 ശതമാനം) നിഫ്റ്റി 629.05 പോയിൻ്റും (3.83%) നഷ്ടപ്പെടുത്തി. ഇതോടെ ഒക്ടോബറിലെ സർവകാല റിക്കാർഡിൽ നിന്നു സെൻസെക്സിനുള്ള നഷ്ടം 9451.81 പോയിൻ്റ് (15.18%). നിഫ്റ്റിയുടെ നഷ്ടം 2822.25 പോയിൻ്റ് (15.17%).
മുഖ്യ സൂചികകളേക്കാൾ വളരെ കൂടിയ തോതിലാണു മിഡ്, സ്‌മോൾ ക്യാപ് ഓഹരികൾ വീണത്. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 6.5 ശതമാനവും മിഡ് ക്യാപ് സൂചിക 5.6 ശതമാനവും ഇടിഞ്ഞു.
എല്ലാ ബിസിനസ് വിഭാഗങ്ങളും ഇടിവിലായി. ബിഎസ്ഇ മെറ്റൽ സൂചിക 13.22 ശതമാനവും പവർ സൂചിക 12.9 ശതമാനവും വീതറ്റുന്നു.
വിദേശ നിക്ഷേപകർ കഴിഞ്ഞയാഴ്ച 19,968 കോടി രൂപയുടെ (260 കോടി ഡോളർ) ഓഹരികൾ വിറ്റഴിച്ചു.മേയിലെ അവരുടെ വിൽപന 32,700 കോടി രൂപ കവിഞ്ഞു. ഇനിയും വിൽപന തുടരുമെന്നാണു സൂചന.
വിദേശനാണ്യ ശേഖരത്തിൽ വലിയ ഇടിവ്
മെയ് ആറിന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യശേഖരം 177.4 കോടി ഡോളർ കുറഞ്ഞു. ഇപ്പോൾ 59,595.4 കോടി ഡോളറാണു ശേഖരത്തിൽ ഉള്ളത്. ഇതിനു തലേ ആഴ്ച ശേഖരത്തിൽ 269.5 കോടി ഡോളർ കുറഞ്ഞതാണ്. രൂപയെ താങ്ങി നിർത്താനുള്ള ശ്രമങ്ങളാണ് ശേഖരത്തിൽ കുറവു വരുത്തുന്നത്.
രൂപയുടെ നിരക്കു പിടിച്ചുനിർത്താൻ കൂടുതൽ തീവ്രനടപടികൾ വേണ്ടിവന്നതു കഴിഞ്ഞയാഴ്ചയാണ്. അതിന് എത്രമാത്രം ഡോളർ വേണ്ടി വന്നു എന്നത് അടുത്ത വെള്ളി വൈകുന്നേരമേ അറിയാനാകൂ.
കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യയുടെ വിദേശനാണ്യശേഖരം 64,245 കോടി ഡോളർ എന്ന സർവകാല റിക്കാർഡിൽ എത്തിയതാണ്. പിന്നീടു കുറേ മാസങ്ങൾ ചെറിയ ഏറ്റക്കുറച്ചിലോടെ തുടർന്നു. മാർച്ചോടെയാണു രൂപയുടെ മേൽ സമ്മർദം ഏറിയതും റിസർവ് ബാങ്ക് ഡോളർ വിൽക്കാൻ നിർബന്ധിതമായതും.
മാർച്ച് പതിനൊന്നിന് അവസാനിച്ച ആഴ്ച 964 കോടി ഡോളർ കണ്ടു നിക്ഷേപം കുറഞ്ഞു. തുടർന്നു രണ്ടാഴ്ചകളിൽ ശേഖരത്തിൽ 463 കോടി ഡോളറിൻ്റെ കുറവുണ്ടായി. ഇതു തുടർന്നാണ് ഇപ്പോഴത്തെ 59,595 കോടി ഡോളറിലേക്കു താഴ്ന്നത്. ചുരുങ്ങിയ കാലം കൊണ്ട് 4650 കോടി ഡോളർ (7.3 ശതമാനം) കുറഞ്ഞു.
ഡോളർ 77 രൂപ എന്ന പരിധി കടക്കാതെ നോക്കാനാണ് റിസർവ് ബാങ്ക് ആദ്യം ശ്രമിച്ചത്. അതു സാധിക്കാതെ വന്നപ്പോൾ 78 കടക്കാതെ നോക്കാനായി ശ്രമം. അതിന് എത്ര ശതകോടി ഡോളർ വേണ്ടി വരുമെന്നു കണ്ടറിയണം. ലോകത്തിലെ ആറാമത്തെ വലിയ വിദേശനാണ്യ ശേഖരം രൂപയെ സംരക്ഷിക്കാൻ മാത്രം വലുതല്ല എന്നു നാൾതോറും മനസിലായി വരികയാണ്.
ഇന്ധനം, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ ഇറക്കുമതി ആവശ്യം വർധിക്കുക കൂടി ചെയ്യുമ്പോൾ രൂപയുടെ നിരക്കു പിടിച്ചുനിർത്തൽ കൂടുതൽ പ്രയാസകരമാകും.
കഴിഞ്ഞയാഴ്ച പരമാവധി ശ്രമിച്ചിട്ടും ഡോളർ 53 പൈസ നേട്ടമുണ്ടാക്കി 77.44 രൂപയിലാണു ക്ലോസ് ചെയ്തത്.
അഡാനി സിമൻ്റ് ബിസിനസിലേക്ക്
സഹസ്ര കോടീശ്വരൻ ഗൗതം അഡാനി സിമൻ്റ് മേഖലയിൽ വമ്പനാകുന്നു. സ്വിസ് കമ്പനി ഹോൾസിമിന് ഇന്ത്യയിലുള്ള രണ്ടു സിമൻ്റ് കമ്പനികളും (എസിസി, അംബുജ) അഡാനി ഗ്രൂപ്പ് വാങ്ങുന്നു. ഓപ്പൺ ഓഫറിനു വേണ്ടി വരുന്നതടക്കം 1050 കോടി ഡോളർ (83,000 കോടി രൂപ) മുടക്കിയാണ് ഇവ വാങ്ങുക.
ഇക്കാര്യത്തിൽ ഹോൾസിമുമായി ധാരണയിലെത്തി. വിദേശത്തുള്ള ഒരു ഉപകമ്പനി വഴിയാകും അഡാനി ഇവ വാങ്ങുക. ഇതു വഴി 700 ലക്ഷം ടൺ സിമൻ്റ് ഉൽപാദനശേഷി അഡാനി ഗ്രൂപ്പിന് ഉണ്ടാകും.
കുമാർ മംഗളം ബിർലയുടെ അൾട്രാടെക്ക് 1114 ലക്ഷം ടൺ ഉൽപാദന ശേഷി ഉള്ളതാണ്. സിമൻ്റ് മേഖലയിലെ പ്രവേശനത്തോടെ അഡാനി ഗ്രൂപ്പ് വിപണി മൂല്യത്തിൽ റിലയൻസ് ഗ്രൂപ്പിനെ മറികടന്നു ടാറ്റാ ഗ്രൂപ്പിനു തൊട്ടു പിന്നിലെത്തും.
This section is powered by Muthoot Finance