വിപണികളിൽ ചാഞ്ചാട്ടം; അവസരം നോക്കി ബുള്ളുകൾ; ബാങ്കിംഗിൽ ക്ഷീണം തുടരുന്നു; വാഹന വിൽപന 2019 -ലേതിലും കുറവ്
വിപണികൾ ചാഞ്ചാട്ടം തുടരുകയാണ്. കൂടുതൽ തിരുത്തലുകൾ വരുന്നു എന്ന ധാരണ ജനിപ്പിച്ചു കൊണ്ടാണ് ഇന്നലെ യുഎസ് വിപണി ക്ലോസ് ചെയ്തത്. മുഖ്യ സൂചികകൾ ഒന്നു മുതൽ ഒന്നര വരെ ശതമാനം ഇടിഞ്ഞു. അമേരിക്കൻ തൊഴിൽ മേഖലയിൽ ക്ഷീണം കാണാത്തതാണു വിഷയം. തൊഴിൽ മേഖല ഉണർവിൽ തുടർന്നാൽ വിലക്കയറ്റം കുറയാൻ പ്രയാസമാണെന്നാണു ഫെഡ് വിലയിരുത്തൽ. പലിശ വർധന തുടരാൻ ഇതു കാരണമാകും എന്നത് ഓഹരി വിപണിയെ താഴ്ത്തി.
യുഎസ് വിപണിയിലെ താഴ്ച ഇന്നു മറ്റു മേഖലകളിലേക്ക് വ്യാപിക്കണമെന്നില്ല. രാവിലെ ഏഷ്യൻ വിപണികൾ ഉയർന്നാണു വ്യാപാരം ആരംഭിച്ചത്. ചൈനീസ് വിപണിയും നേട്ടത്തോടെ തുടങ്ങി. റിയൽ എസ്റ്റേറ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഗവണ്മെന്റും കേന്ദ്ര ബാങ്കും തയാറാക്കിയിട്ടുള്ള പുതിയ പദ്ധതി വിപണിക്ക് ഇഷ്ടമായിട്ടുണ്ട്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,065-ൽ നിന്ന് 18,007 വരെ താണു. ഇന്നു രാവിലെ സൂചിക 18,050 -ലേക്കു വീണ്ടും കയറി. ഇന്ത്യൻ വിപണി കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
വ്യാഴാഴ്ചയും ഇന്ത്യൻ വിപണി വിൽപന സമ്മർദത്തിൽ പെട്ടു താഴോട്ടു പോയി. ബാങ്കിംഗ്, ധനകാര്യ സേവന, ഐടി മേഖലകളാണ് ഇന്നലെ വിപണിയെ വലിച്ചു താഴ്ത്തിയത്. മുഖ്യ സൂചികകൾ കുത്തനേ ഇടിഞ്ഞ ശേഷം ഗണ്യമായി തിരിച്ചു കയറിയാണു ക്ലോസ് ചെയ്തത്. സെൻസെക്സ് 60,050 വരെ താഴ്ന്നിട്ടു 300 പോയിന്റ് തിരിച്ചു കയറി. നിഫ്റ്റി 17,892വരെ ഇടിഞ്ഞിട്ട് 107 പോയിന്റ് തിരിച്ചുയർന്നു. യുഎസ് വിപണിയുടെ ഫ്യൂച്ചേഴ്സ് നല്ല നേട്ടം കാണിച്ചതാണ് തിരിച്ചു കയറ്റത്തിനു സഹായിച്ചത്. എങ്കിലും വിദേശികളുടെയും സ്വദേശി ഫണ്ടുകളുടെയും വിൽപന സമ്മർദത്തിൽ സൂചികകൾ ഗണ്യമായ നഷ്ടത്താേടെ അവസാനിച്ചു. വിദേശ നിക്ഷേപകരുടെ സമീപനമാകും വിപണിഗതിയെ നിയന്ത്രിക്കുക.
സെൻസെക്സ് ഇന്നലെ 304.18 പോയിന്റ് (0.5%) നഷ്ടത്തിൽ 60,353.27 ലും നിഫ്റ്റി 50.8 പോയിന്റ് (0.28%) നഷ്ടത്തിൽ 17,992.15 ലും വ്യാപാരം അവസാനിപ്പിച്ചു.
എഫ്എംസിജി, വാഹന, മെറ്റൽ, ഫാർമ, ഹെൽത്ത് കെയർ, ഓയിൽ -ഗ്യാസ് മേഖലകളാണ് ഇന്നലെ ഗണ്യമായ നേട്ടം ഉണ്ടാക്കിയത്. ബാങ്ക്, ധനകാര്യ സേവന, ഐടി മേഖലകളിൽ വലിയ ക്ഷീണം നേരിട്ടു.
എന്നാൽ വിശാല വിപണിയിൽ അത്ര നെഗറ്റീവ് ആയിരുന്നില്ല കാര്യങ്ങൾ. നിഫ്റ്റി മിഡ് ക്യാപ് സൂചിക അരശതമാനം ഉയർന്നു. സ്മാേൾ ക്യാപ് സൂചിക നാമമാത്ര താഴ്ചയിലായിരുന്നു.
വിപണി തുടർച്ചയായ രണ്ടാം ദിവസവും കരടികളുടെ പിടിയിലായപ്പോൾ തിരിച്ചു കയറ്റത്തിനു തടസങ്ങൾ കൂടി വരികയാണ്.
നിഫ്റ്റിക്ക് 17,915-ലും 17,780 ലും പിന്തുണ ഉണ്ട്. ഉയരുമ്പോൾ 18,090 ഉം 18,230 ഉം തടസങ്ങളാകാം.
വിദേശികളും സ്വദേശി ഫണ്ടുകളും വിൽപനയിൽ
വിദേശ നിക്ഷേപകർ ഇന്നലെയും വിൽപന തുടർന്നു. 1449.45 കോടി രൂപയുടെ ഓഹരികളാണ് അവർ ക്യാഷ് വിപണിയിൽ വിറ്റത്. പുതുവർഷത്തിലെ നാലു വ്യാപാര ദിനങ്ങൾ കൊണ്ട് അവർ 4911 കോടി രൂപയുടെ വിൽപന ക്യാഷ് വിപണിയിൽ നടത്തി. ഇന്നലെ സ്വദേശി ഫണ്ടുകളും വിൽപനക്കാരായി. 194.09 കോടിയുടെ ഓഹരികൾ അവർ വിറ്റു. മുൻ ദിവസങ്ങളിലെല്ലാം അവർ വാങ്ങലുകാരായിരുന്നു.
ക്രൂഡ് ഓയിൽ വില പത്തു ശതമാനം ഇടിവിനു ശേഷം നേരിയ കയറ്റം കാണിച്ചു. സാമ്പത്തിക വളർച്ച സംബന്ധിച്ച ആശങ്കകളാണു വില താഴ്ത്തിയത്. ഡിമാൻഡ് വർധന പ്രതീക്ഷ പോലെ ഉണ്ടായതുമില്ല. ഇന്നലെ വില ഒരു ശതമാനം കയറി. ബ്രെന്റ് ഇനം ക്രൂഡ് 78.7 ഡോളർ ആയി.
വ്യാവസായിക ലോഹങ്ങൾ വലിയ ചാഞ്ചാട്ടത്തിലാണ്. ലഭ്യത സംബന്ധിച്ച ആശങ്കകൾ ചെമ്പുവില 2.56 ശതമാനം ഉയർത്തി 8419 ഡോളറിലെത്തിച്ചു. അടുത്ത വർഷങ്ങളിൽ ലഭ്യത കുറയുമെന്നും മാന്ദ്യം വന്നില്ലെങ്കിൽ വില ടണ്ണിനു 10,000 ഡോളർ കടക്കുമെന്നും വിപണി കണക്കാക്കുന്നു. സിങ്ക് വിപണിയിലെ ഹ്രസ്വകാല പ്രശ്നങ്ങൾ വില രണ്ടു ശതമാനം കയറി 3039 ഡോളറിലെത്താൻ സഹായിച്ചു. അലൂമിനിയം, നിക്കൽ, ടിൻ, ലെഡ് തുടങ്ങിയവ ഇന്നലെ താഴ്ന്നു.
സ്വർണക്കുതിപ്പിനു ചെറിയ വിരാമം, ഡോളർ കയറുന്നു
സ്വർണക്കുതിപ്പിനു ചെറിയ വിരാമം. പുതിയ യുഎസ് സാമ്പത്തിക സൂചകങ്ങൾ പലിശ വർധന തുടരുമെന്നും ഉയർന്ന പലിശ 2023 മുഴുവൻ തുടരുമെന്നും ആവർത്തിച്ചുറപ്പിച്ചത് സ്വർണവില താഴ്ത്തി. ഡോളർ നിരക്ക് കയറി. സ്വർണം ഇന്നലെ 1857 ഡോളർ വരെ ഉയർന്നിട്ട് 1825-ലേക്കു താഴ്ന്നു. ഇന്നു രാവിലെ 1836-1838 ഡോളറിലാണു വ്യാപാരം.
കേരളത്തിൽ പവന് ഇന്നലെ 160 രൂപ വർധിച്ച് 41,040 രൂപയായി. 2020 ഓഗസ്റ്റ് 12-ലെ 41,200 -നു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. ആ മാസമാദ്യം പവനു 42,000 രൂപ എന്ന റിക്കാർഡ് നിരക്ക് വന്നിരുന്നു.
ലോക വിപണിയിലെ ട്രെൻഡ് അനുസരിച്ചു കേരളത്തിൽ ഇന്നു സ്വർണവില കുറയണം. എങ്കിലും ഡോളർ - രൂപ നിരക്ക് അനുസരിച്ചാകും വിലമാറ്റം.
ഡോളർ ഇന്നലെ ഇന്ത്യയിലെ വ്യാപാര സമയത്തു താഴ്ചയിലായിരുന്നു. 104-നു താഴെയായിരുന്നു ഡോളർ സൂചിക. അതു രൂപയ്ക്കു കരുത്തായി. ഡോളർ നിരക്ക് 24 പൈസ താഴ്ന്ന് 82.56 രൂപയായി. ഇന്നലെ യുഎസ് വ്യാപാരസമയത്തു ഡോളർ സൂചിക കയറി 105.04 ലേക്ക് ഉയർന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.14 ലാണു സൂചിക. രൂപ ഇന്നു ദുർബലമാകുമെന്നാണു സൂചന.
കാേവിഡ് ആഘാതം മാറാതെ വാഹനവിപണി
ഡിസംബറിൽ രാജ്യത്തു വാഹന വിൽപന കുറഞ്ഞതായി വാഹന റീട്ടെയിൽ വിൽപന കണക്കുകൾ കാണിക്കുന്നു. മൊത്തം വിൽപന 16.2 ലക്ഷം എണ്ണം. ഇതു കഴിഞ്ഞ ഡിസംബറിനെ അപേക്ഷിച്ച് 5.4 ശതമാനം കുറവാണ്. കോവിഡിനു മുമ്പ് 2019 ഡിസംബറിൽ വിറ്റ 18.4 ലക്ഷത്തിൽ നിന്ന് 12 ശതമാനം കുറവായി. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസാേസിയേഷൻസ് തയാറാക്കിയ കണക്കാണിത്. വരും മാസങ്ങളിൽ വിൽപന മന്ദീഭവിക്കാനുള്ള സാധ്യത അവർ കാണുന്നു. രജിസ്ട്രേഷൻ ആധാരമാക്കിയാണ് ഈ കണക്കുകൾ.
2022-ൽ മൊത്തം വാഹനവിൽപന തലേ വർഷത്തേക്കാൾ 15 ശതമാനം വർധിച്ചു. എന്നാൽ 2019 ലെ വിൽപനയിൽ നിന്നു 10 ശതമാനം കുറവാണ് 2022 ലേത്. കാർ - എസ് യു വി വിൽപന മാത്രമാണ് മുൻകാല റിക്കാർഡുകൾ മറികടന്നത്. 2022-ൽ 34.32 ലക്ഷം യാത്രാവാഹനങ്ങൾ രജിസ്റ്റർ ചെയ്തു. മറ്റു വിഭാഗങ്ങളെല്ലാം കോവിഡിനു മുൻപത്തേതിലും കുറവ് വിൽപനയേ കാണിക്കുന്നുള്ളൂ.