അദാനി ഗ്രൂപ്പ് തിരിച്ചു കയറുന്നു
ഹോളി ആഘോഷം ചൊവ്വാഴ്ചയാണ്. വിപണിക്ക് അന്ന് അവധിയുമാണ്. ഇന്ത്യൻ വിപണി ഹോളി ആഘോഷം കഴിഞ്ഞയാഴ്ച തന്നെ തുടങ്ങി. വെള്ളിയാഴ്ച വർണശബളമായ കുതിച്ചു കയറ്റമായിരുന്നു. ആഴ്ചയിലെ നഷ്ടമെല്ലാം മറികടന്ന ആ കുതിപ്പ് വിപണി ഗതിമാറ്റിയതിന്റെ സൂചനയായി പലരും കണക്കാക്കുന്നു. പക്ഷേ വലിയ തുടർമുന്നേറ്റം പ്രതീക്ഷിക്കുന്നവർ കുറവാണ്.
ഏതായാലും ആവേശത്തോടെയാണു വിപണികൾ പുതിയ ആഴ്ചയിലേക്കു കടക്കുന്നത്. അദാനി ഗ്രൂപ്പ് പ്രശ്നങ്ങൾ മറികടന്നു എന്ന ധാരണയും വിപണിയെ സഹായിക്കും.
അദാനി ബാധ്യതകൾ മറികടക്കുമോ
അദാനി ഗ്രൂപ്പ് പ്രൊമോട്ടർ കുടുംബം ഓഹരി വിറ്റ് 187 കോടി ഡോളർ സമാഹരിച്ചതു ഗ്രൂപ്പിലെ വിശ്വാസം ബലപ്പെടുത്തി. രാജീവ് ജയിൻ നയിക്കുന്ന ജിക്യുജി പാർട്നേഴ്സ് എന്ന നിക്ഷേപ സ്ഥാപനമാണു ഗൗതം അദാനിയയുടെ ഗ്രൂപ്പിനു രക്ഷകരായത്. രക്ഷാദൗത്യത്തിന്റെ അണിയറക്കഥകൾ ഒന്നും പുറത്തുവന്നിട്ടില്ല. എങ്കിലും ഗ്രൂപ്പിന്റെ സമീപകാല ബാധ്യതകൾ മറികടക്കാൻ പ്രയാസമില്ലാത്ത നിലയായി എന്നു വ്യക്തമാണ്. പുതിയ നിക്ഷേപകർ നിശബ്ദ പങ്കാളികളാകുമോ ഡയറക്ടർ ബോർഡിൽ പ്രാതിനിധ്യം തേടുമോ എന്ന് അറിവായിട്ടില്ല. ഇതുവരെയുള്ള സൂചന നിശബ്ദ പങ്കാളിയായി തുടരും എന്നാണ്.
അദാനി ഗ്രൂപ്പിനെതിരായ നീക്കങ്ങൾ ഇതാേടെ അവസാനിച്ചു എന്നു കരുതാറായിട്ടില്ല. മറ്റു പല ആരോപണങ്ങളും ഉയർന്നു വരുന്നുണ്ട്. പക്ഷേ അവ അവഗണിക്കാനാണു വിപണി ഉദ്ദേശിക്കുന്നത്. അദാനി ഗ്രൂപ്പ് ഓഹരികൾ കഴിഞ്ഞയാഴ്ച 1.7 ലക്ഷം കോടി രൂപയുടെ വിപണിമൂല്യം തിരിച്ചു പിടിച്ചിരുന്നു.
ഗ്രൂപ്പിന്റെ നില മെച്ചപ്പെട്ടത് ഗ്രൂപ്പിൽ ഗണ്യമായ നിക്ഷേപമുള്ള എൽഐസിക്ക് ആശ്വാസമായി. എൽഐസിയുടെ 30,000 ൽ പരം കോടി രൂപയുടെ നിക്ഷേപം ഇപ്പാേൾ 3,100 കോടി രൂപയുടെ ലാഭത്തിലാണ്. ജനുവരി ആദ്യം 56,000 കോടി രൂപ ലാഭത്തിലായിരുന്ന നിക്ഷേപം കഴിഞ്ഞയാഴ്ച ആദ്യം നഷ്ടത്തിലായിരുന്നു. എൽഐസി ഓഹരി വില അൽപം ഉയർന്നു.
7അദാനി ഗ്രൂപ്പിനു ഗണ്യമായ വായ്പ നൽകിയിട്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് തുടങ്ങിയ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വെള്ളിയാഴ്ച നല്ല കുതിപ്പിലായിരുന്നു.
ഇന്ത്യൻ വിപണി കുതിപ്പിൽ
ഇന്ത്യൻ വിപണി വെള്ളിയാഴ്ച വ്യാപാരത്തുടക്കം മുതലേ കുതിപ്പിലായിരുന്നു. കഴിഞ്ഞയാഴ്ചയിലെ നഷ്ടമെല്ലാം മറികടന്നു നേട്ടത്തിൽ ക്ലോസ് ചെയ്യാൻ സൂചികകളെ ആ നേട്ടം സഹായിച്ചു. കഴിഞ്ഞ വാരത്തിൽ സെൻസെക്സ് 0.58 ശതമാനവും നിഫ്റ്റി 0.74 ശതമാനവും ഉയർന്നു. മിഡ് ക്യാപ് സൂചിക രണ്ടും സ്മോൾ ക്യാപ് സൂചിക ഒന്നും ശതമാനം കയറി. റിയൽ എസ്റ്റേറ്റ് കമ്പനികളാണു കഴിഞ്ഞയാഴ്ച വലിയ നേട്ടം ഉണ്ടാക്കിയത്. ബിഎസ്ഇ റിയൽറ്റി സൂചിക 8.19 ശതമാനം കുതിച്ചു. ബാങ്കിംഗ്, ധനകാര്യ, മെറ്റൽ മേഖലകളും മികച്ച നേട്ടം കുറിച്ചു. ഐടി, ഹെൽത്ത് കെയർ മേഖലകൾ ഗണ്യമായി ഇടിഞ്ഞു.
വെള്ളിയാഴ്ച സെൻസെക്സ് 899.62 പോയിന്റ് (1.53%) കുതിച്ച് 59,808.97ലും നിഫ്റ്റി 272.45 പോയിന്റ് (1.57%) ഉയർന്ന് 17,594.35ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.69 ഉം സ്മോൾ ക്യാപ് സൂചിക 0.81 ഉം ശതമാനം ഉയർന്നു ക്ലോസ് ചെയ്തു.
വിപണി ഫെബ്രുവരി 28 ലെ താഴ്ന്ന നിലയായ 17,255 ൽ നിന്നു ഗതിമാറ്റം തുടങ്ങി എന്നതിനെ ശരി വയ്ക്കുന്നതാണു വാരാന്ത്യ ദിവസത്തിലെ കുതിപ്പ് എന്നു സാങ്കേതിക വിശകലന വിദഗ്ധർ
പറയുന്നു. പക്ഷേ ഇത് എവിടം വരെ പോകും എന്ന പ്രവചനത്തിന് അധികമാരും തയാറില്ല. ഇന്നു നിഫ്റ്റിക്ക് 17,475 ലും 17,340 ലും സപ്പോർട്ട് ഉണ്ട്. 17,640 ലും 17,775 ലും തടസങ്ങൾ ഉണ്ടാകാം.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച 246.24 കോടിയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 2089.92 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ച ഉയർന്നു. ചെെനീസ് ഡിമാൻഡ് വർധിക്കും എന്ന ധാരണയാണു വില ഉയരാൻ കാരണം. ബ്രെന്റ് ഇനം 1.3 ശതമാനം ഉയർന്ന് 85.83 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 85.5 ഡോളറിലേക്കു താഴ്ന്നു.
ചൈനീസ് ഡിമാൻഡ് ഉയരുമെന്ന വ്യാവസായിക ലോഹങ്ങളും വെള്ളിയാഴ്ച ഉയർന്നു. ചെമ്പ് 0.54 ശതമാനം കയറി ടണ്ണിന് 8942.5 ഡോളറിലായി. അലൂമിനിയം നാമമാത്ര താഴ്ചയോടെ 2405 ഡോളറിൽ എത്തി. സിങ്ക്, ലെഡ്, നിക്കൽ എന്നിവ 0.50 മുതൽ 1.5 വരെ ശതമാനം ഉയർന്നു. ടിൻ 2.87 ശതമാനം താണു.
സ്വർണവില ഉയർന്നു. വെള്ളിയാഴ്ച 1837-ൽ നിന്ന് 1857.50 ഡോളർ വരെ സ്വർണം കയറി. ഇന്നു രാവിലെ 1853--1855 ഡോളറിലാണ് സ്വർണം. കേരളത്തിൽ ശനിയാഴ്ച സ്വർണം പവന് 80 രൂപ വർധിച്ച് 41,480 രൂപയിലെത്തി.
രൂപ വലിയ നേട്ടം കുറിച്ചു കൊണ്ടാണു വാരാന്ത്യത്തിലേക്കു കടന്നത്. ഒരു മാസത്തിനു ശേഷം ഡോളർ 82 രൂപയ്ക്കു താഴെയായി. ഡോളർ സൂചിക കുറഞ്ഞതാണു സഹായകമായത്. ഡോളർ സൂചിക വെള്ളിയാഴ്ച 104.64 ൽ ക്ലോസ് ചെയ്തു. ഇന്നു സൂചിക 104.5 ലേക്കു താഴ്ന്നു.
ഏഷ്യൻ വിപണികൾ
ഏഷ്യൻ വിപണികൾ വെള്ളിയാഴ്ച നല്ല നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പാേൾ യൂറോപ്യൻ വിപണികൾ രണ്ടു ശതമാനം ഉയർന്നു ക്ലോസ് ചെയ്തു.
യുഎസ് സൂചികകളും മികച്ച നേട്ടത്തിലാണ് അവസാനിച്ചത്. തുടക്കം മുതൽ വിപണി കയറ്റത്തിലായിരുന്നു. 10 വർഷ യുഎസ് കടപ്പത്രത്തിലെ നിക്ഷേപനേട്ടം (yield) നാലു ശതമാനത്തിനു മുകളിൽ നിന്നു 3.96 ശതമാനത്തിലേക്കു താണു. ഇതാേടെ ഡോളർ സൂചികയും താണു. ഡൗ ജോൺസ് 1.17 ശതമാനം കയറി ക്ലോസ് ചെയ്തു. എസ് ആൻഡ് പി 1.61 ശതമാനവും നാസ്ഡാക് 1.97 ശതമാനവും ഉയർന്നു.
എന്നാൽ യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലായി. ഡൗ 20 പോയിന്റ് (0.06%) താഴ്ന്നപ്പാേൾ എസ് ആൻഡ് പി 0.06 ഉം നാസ്ഡാക് 0.04 ഉം ശതമാനം വരെ ഇടിഞ്ഞു.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ നേട്ടത്തിലാണ്. ജാപ്പനീസ് വിപണി ഒരു ശതമാനം ഉയർന്നാണു വ്യാപാരം തുടങ്ങിയത്. കൊറിയൻ, തായ് വാനീസ് വിപണികളും നേട്ടം തുടർന്നു. ഓസ്ട്രേലിയൻ വിപണിയും നല്ല ഉയർച്ചയിലാണ്.
ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക അര ശതമാനം കയറി. ഷാങ്ഹായ് സൂചിക അര ശതമാനം നേട്ടത്തിൽ വ്യാപാരം തുടങ്ങി. സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെളളിയാഴ്ച 17,632 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 17,730 ലേക്കു കുതിച്ചു കയറി. ഇന്നു രാവിലെ സൂചിക 17,684 ലേക്കു താണിട്ട് 17,700 നു മുകളിലായി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ചൈന വളർച്ചലക്ഷ്യം കുറച്ചു
ചൈനയുടെ 2023 ലെ ജിഡിപി വളർച്ച ലക്ഷ്യം അഞ്ചു ശതമാനമാക്കി. നടന്നു വരുന്ന പാർലമെന്റ് സമ്മേളനത്തിൽ സ്ഥാനമാെഴിയുന്ന പ്രധാനമന്ത്രി ലി കെചിയാങ് ആണ് ഇതു പ്രഖ്യാപിച്ചത്. വിപണിയുടെ പ്രതീക്ഷയിലും കുറവായി ഇത്. 5.5 ശതമാനത്തിൽ കുറയാത്ത ലക്ഷ്യം പ്രഖ്യാപിക്കുമെന്നാണു കണക്കാക്കിയിരുന്നത്.
2022-ൽ ചൈനീസ് ജിഡിപി വളർന്നതു മൂന്നു ശതമാനമാണ്. 5.5 ശതമാനമായിരുന്നു ലക്ഷ്യം. കോവിഡ് സീറോ നയങ്ങളും ടെക്, ഫിനാൻസ് കമ്പനികൾക്കു മേൽ സർക്കാർ വാൾ വീശിയതും റിയൽ എസ്റ്റേറ്റ് തകർച്ചയും ഒക്കെ ചേർന്ന് വളർച്ച വലിച്ചു താഴ്ത്തുകയായിരുന്നു. ഇതോടെ 2020-22 കാലത്തെ ശരാശരി വളർച്ച നാലര ശതമാനമായി. ചെെനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ സാധിക്കാൻ ആറു ശതമാനത്തിനടുത്ത വളർച്ച വേണ്ട സ്ഥാനത്താണ് ഇക്കാെല്ലം കുറഞ്ഞ ലക്ഷ്യം വച്ചിരിക്കുന്നത്. വിലക്കയറ്റം മൂന്നു ശതമാനത്തിൽ ഒതുങ്ങുമെന്നാണു പ്രതീക്ഷ.
ഇതേ സമയം ചൈന പ്രതിരാേധ ബജറ്റിൽ 7.2 ശതമാനം വർധന പ്രഖ്യാപിച്ചു. ചൈന വളർച്ചപ്രതീക്ഷ കുറച്ചത് വിദേശ നിക്ഷേപകരെ പുനരാലോചനയ്ക്കു പ്രേരിപ്പിക്കാം. കഴിഞ്ഞ കുറേ ആഴ്ചകളായി ചെെനയിലേക്കു പണം നീക്കിയിരുന്ന വിദേശ നിക്ഷേപകർ നിലപാട് മാറ്റിയാൽ ഇന്ത്യൻ വിപണിക്കു നേട്ടമാകും.