ഏഷ്യന്‍ വിപണികള്‍ കുതിപ്പില്‍, ഇന്ത്യയിലും ഉത്സാഹ പ്രതീക്ഷ
പാശ്ചാത്യ വിപണികള്‍ ദുര്‍ബലമായിരുന്നെങ്കിലും ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ നല്ല നേട്ടത്തിലാണ്. ഇന്ത്യന്‍ വിപണിയും ഉണര്‍വാേടെ വ്യാപാരം തുടങ്ങുമെന്നാണു സൂചന. എന്നാല്‍ എതിര്‍ കാറ്റുകള്‍ വിപണിയിലുണ്ട്. ഉയര്‍ന്ന വിലയില്‍ വില്‍പന സമ്മര്‍ദം ഇന്നലെ വിപണിയുടെ കയറ്റത്തിനു തടസമായി. ആ പ്രവണത ഇന്നും തുടരാം.
ദക്ഷിണ കൊറിയന്‍ കേന്ദ്രബാങ്ക് പലിശ നിരക്കില്‍ മാറ്റം വേണ്ടെന്നു തീരുമാനിച്ചതു വിപണിയുടെ ഉത്സാഹം വളര്‍ത്തി. ഇന്ത്യയില്‍ കാലവര്‍ഷം മോശമാകുമെന്നും മഴ കുറവാകുമെന്നും സ്വകാര്യ ഏജന്‍സി പ്രവചിച്ചെങ്കിലും വിപണി അതു ഗൗരവമായി എടുക്കുന്നില്ല.
കേന്ദ്ര ബാങ്കുകള്‍ പലിശനിരക്ക് കോവിഡ് കാലത്തേതു പോലെ കുറയ്ക്കുമെന്ന പുതിയ ഐഎംഎഫ് റിപ്പോര്‍ട്ടും ഇന്നു വിപണിയെ സഹായിക്കും. സിംഗപ്പുര്‍ എക്‌സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ എസ്ജിഎക്‌സ് നിഫ്റ്റി തിങ്കളാഴ്ച 17,751 വരെ ഉയര്‍ന്നിട്ട് 17,699 -ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 17,720 ലേക്ക് കയറി. ഇന്ത്യന്‍ വിപണി ഇന്ന് നേട്ടത്തില്‍ വ്യാപാരം തുടങ്ങുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്.
വിപണികൾ
യൂറോപ്യന്‍ വിപണികള്‍ ഇന്നലെ പൊതുവേ നേട്ടത്തിലായിരുന്നു. യുഎസ് വിപണിയില്‍ ഡൗ ജോണ്‍സും എസ് ആന്‍ഡ് പിയും നേരിയ നേട്ടത്തില്‍ അവസാനിച്ചു. നാസ്ഡാക് ചെറിയ നഷ്ടത്തിലായി.
ഇന്നു യുഎസ് ഫ്യൂച്ചേഴ്‌സ് ചെറിയ കയറ്റത്തിലാണ്. ഡൗവും എസ് ആന്‍ഡ് പി യും 0.07 ശതമാനം വീതം ഉയര്‍ന്നു. നാസ്ഡാക് 0.06 ശതമാനം താഴ്ന്നു.
ജപ്പാനില്‍ നിക്കൈ ഒരു ശതമാനം ഉയര്‍ന്നാണു രാവിലെ വ്യാപാരം തുടങ്ങിയത്. പിന്നീടു നേട്ടം വര്‍ധിച്ചു. മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും വിപണികള്‍ ഉയര്‍ന്നു. ചൈനീസ് വിപണി ഇന്നും തുടക്കം മുതല്‍ താഴ്ചയിലാണ് . ചൈനീസ് ടെക് കമ്പനികള്‍ ഇന്നലെ തകര്‍ച്ചയിലായിരുന്നു. ഇന്നും അവ താഴ്ന്നു.
ഇന്ത്യന്‍ വിപണി
ഇന്ത്യന്‍ വിപണി തിങ്കളാഴ്ച ചെറിയ നേട്ടത്തോടെ തുടങ്ങിയിട്ടു ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം നാമമാത്ര ഉയര്‍ച്ചയില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 13.54 പോയിന്റ് (0.02%) നേട്ടത്തില്‍ 59,846.51ലും നിഫ്റ്റി 24.9 പോയിന്റ് (0.02%) കയറി 17,624.05 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.38 ശതമാനം ഉയര്‍ന്നപ്പാേള്‍ സ്‌മോള്‍ ക്യാപ് സൂചിക 0.28 ശതമാനം കയറിയാണ് വ്യാപാരം അവസാനിച്ചത്.
റിയല്‍റ്റി ഓഹരികളാണ് ഇന്നലെ വിപണിയില്‍ തിളങ്ങിയത്. ബിഎസ്ഇ റിയല്‍റ്റി സൂചിക 4.2 ശതമാനം നേട്ടമുണ്ടാക്കി. കഴിഞ്ഞ വ്യാഴാഴ്ചയും സൂചിക കുതിപ്പിലായിരുന്നു. രണ്ടു ദിവസം കൊണ്ട് 7.8 ശതമാനം ഉയര്‍ച്ചയാണു സൂചികയിലുണ്ടായത്. ഗാേദ്റെജ് പ്രോപ്പര്‍ട്ടീസ് 9.1 ശതമാനവും പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് 6.1 ശതമാനവും കയറി.
ജനുവരി - മാര്‍ച്ച് ത്രൈമാസത്തില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് റിക്കാര്‍ഡ് വില്‍പന സാധിച്ചതാണ് ഓഹരികളെ ഉയര്‍ത്തിയത്. റിസര്‍വ് ബാങ്ക് റീപാേ നിരക്ക് കൂട്ടാത്തതു റിയല്‍റ്റിക്കു സഹായകമാണെന്നും വിപണി വിലയിരുത്തുന്നു. റിയല്‍റ്റി കമ്പനികളില്‍ ഇനിയും കയറ്റത്തിനു വഴി ഉണ്ടെന്നാണു ബ്രാേക്കറേജുകള്‍ പറയുന്നത്. എന്നാല്‍ കമ്പനികളുടെ കടബാധ്യത വിലയിരുത്താതെ നിക്ഷേപം നടത്തുന്നത് അപകടകരമാകും.
വാഹന, ഐടി കമ്പനികളും ഇന്നലെ നേട്ടത്തിലായിരുന്നു. ജെഎല്‍ആര്‍ വാഹനങ്ങളുടെ വില്‍പനയില്‍ എട്ടു ശതമാനത്തിലധികം വര്‍ധന ഉണ്ടായതു ടാറ്റാ മോട്ടോഴ്‌സ് ഓഹരി എട്ടു ശതമാനത്തോളം ഉയരാന്‍ സഹായിച്ചു. ബാങ്ക്, ധനകാര്യ, എഫ്എംസിജി ഓഹരികള്‍ ഇന്നലെ താഴ്ചയിലായിരുന്നു.
വിപണി ബെയറിഷ് പ്രവണതയോടെയാണു ക്ലോസ് ചെയ്തത്. ഉയര്‍ന്ന വിലയില്‍ വില്‍പന സമ്മര്‍ദം വര്‍ധിച്ചിട്ടുണ്ട്. 17,600 -17,700 തടസമേഖലയായി. വിപണി താഴുന്നത് വാങ്ങല്‍ അവസരമാണെന്നു വിശകലന വിദഗ്ധര്‍ പറയുന്നു. 17,540 ല്‍ നിഫ്റ്റിക്കു ശക്തമായ സപ്പോര്‍ട്ട് അവര്‍ കാണുന്നു. നിഫ്റ്റിക്ക് 17,600 ലും 17,540 ലും സപ്പോര്‍ട്ട് ഉണ്ട്. 17,700 ലും 17,735 ലും തടസങ്ങള്‍ ഉണ്ടാകാം.
തിങ്കളാഴ്ച വിദേശനിക്ഷേപകരും സ്വദേശി ഫണ്ടുകളും വാങ്ങലുകാരായി. വിദേശികള്‍ 882.52 കോടി രൂപയുടെയും സ്വദേശികള്‍ 351.50 കോടിയുടെയും ഓഹരികള്‍ വാങ്ങി.
ക്രൂഡ് ഓയിലും സ്വർണവും
കഴിഞ്ഞയാഴ്ച കുതിച്ച ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിലയില്‍ തുടരുന്നു. ലാഭമെടുക്കലിനെ തുടര്‍ന്നു വില അല്‍പം താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് 84.18 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 84.24ലേക്കു കയറി.
സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഔണ്‍സിന് 2004 വരെ കയറിയ ശേഷം 1981 ഡോളറിലേക്കു താഴ്ന്നു. ഇന്നു രാവിലെ1996 വരെ കയറിയിട്ട് 1991-1993 ഡോളറിലേക്കു താഴ്ന്നായി വ്യാപാരം.
കേരളത്തില്‍ പവന്‍ വില ഇന്നലെ 360 രൂപ കുറഞ്ഞ് 44,360 രൂപയിലെത്തി. ക്രിപ്‌റ്റോ കറന്‍സികള്‍ വാരാന്ത്യത്തില്‍ വീണ്ടും കയറി. ബിറ്റ് കോയിന്‍ 30,000 ഡോളറിലെത്തി. കഴിഞ്ഞ ജൂണ്‍ 10-നു ശേഷം ആദ്യമാണു 30,000 കടക്കുന്നത്.
ഡോളര്‍ വ്യാഴാഴ്ച 12 പൈസ നേട്ടത്തില്‍ 81.98 രൂപയില്‍ ക്ലോസ് ചെയ്തു. ഡോളര്‍ സൂചിക തിങ്കളാഴ്ച 46 പോയിന്റ് ഉയര്‍ന്ന് 102.58 എന്ന നിലയില്‍ അവസാനിച്ചു. ഇന്നു രാവിലെ 102.42 ലാണ് സൂചിക.
കാലവര്‍ഷ മഴ കുറവാകുമെന്നു സ്വകാര്യ ഏജന്‍സി
സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് ഈ വര്‍ഷത്തെ കാലവര്‍ഷം സംബന്ധിച്ച ആദ്യ പ്രവചനം നടത്തി. എല്‍ നിനോ പ്രതിഭാസം രൂപപ്പെടുന്നതിനാല്‍ മഴ കുറവാകും എന്നാണു പ്രവചനം. ദീര്‍ഘകാല ശരാശരിയുടെ 94 ശതമാനം മഴ കിട്ടാം എന്നു സ്‌കൈമെറ്റ് കരുതുന്നു. കേരളത്തില്‍ മഴ കുറവാകും എന്നാണു പ്രവചനം. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ മഴ ഗണ്യമായി കുറയും. കാര്‍ഷിക പ്രാധാന്യം ഉള്ള സംസ്ഥാനങ്ങളാണ് അവ.
എല്‍ നിനോ ശക്തിപ്പെടുന്നതനുസരിച്ച് മഴ കുറഞ്ഞു വരും. ജൂണില്‍ ദീര്‍ഘകാല ശരാശരിയുടെ 99 ശതമാനം, ജൂലൈയില്‍ 95%, ഓഗസ്റ്റില്‍ 92%, സെപ്റ്റംബറില്‍ 90% എന്നിങ്ങനെ മഴ കിട്ടും എന്നാണു പ്രവചനം. കാലവര്‍ഷ മഴയുടെ മൂന്നിലൊന്ന് ജൂലൈയിലാണു കിട്ടുക. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം ഈയാഴ്ച അവസാനം ഉണ്ടായേക്കും.
മഴ ബാധിച്ചേക്കും
രാജ്യത്തെ വാര്‍ഷിക മഴയുടെ 70 ശതമാനത്തോളം ജൂലൈ - സെപ്റ്റംബറിലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്ന കാലവര്‍ഷ കാലത്താണു ലഭിക്കുന്നത്. ജൂണില്‍ ആരംഭിക്കുന്ന ഖാരിഫ് കൃഷി ഇറക്കുന്നതും വളരുന്നതും ഇക്കാലത്താണ്. ഇക്കാലത്തു ലഭിക്കുന്ന മഴ ഡാമുകളില്‍ ശേഖരിച്ചാണ് റാബി സീസണിലെ കൃഷി നടത്തുന്നത്. അതായതു രാജ്യത്തെ കാര്‍ഷികോല്‍പാദനത്തില്‍ ഏറ്റവും നിര്‍ണായകമാണ് കാലവര്‍ഷം.
വിപണി സൂചനകൾ
(2023 ഏപ്രിൽ 10, തിങ്കൾ)
സെൻസെക്സ് 30 59,846.51 +0.02%
നിഫ്റ്റി 50 17,624.05 +0.14%
ബാങ്ക് നിഫ്റ്റി 40,834.70 -0.50%
മിഡ് ക്യാപ് 100 30,470.10 +0.38%
സ്മോൾ ക്യാപ് 100 9223.70 +0.28%
ഡൗ ജോൺസ് 30 33,586.50 +0.30%
എസ് ആൻഡ് പി 500 4109.11 +0.10%
നാസ്ഡാക് 12,084.30 -0.03%
ഡോളർ ($) ₹81.98 +12 പൈസ
ഡോളർ സൂചിക 102.58 +0.49
സ്വർണം(ഔൺസ്) $ 1991.30 -$16.70
സ്വർണം(പവൻ) ₹44,320 -₹320
ക്രൂഡ്(ബ്രെന്റ്)ഓയിൽ $84.18 -$0.96