വിലക്കയറ്റ കണക്കിൽ കണ്ണുനട്ട് വിപണി; ക്രൂഡ് ഓയിൽ 83 ഡോളറിനു മുകളിൽ; ഐടി റിസൽട്ടുകൾ നിർണായകം; ഡോളർ താഴ്ചയിൽ
മുന്നോട്ടുള്ള നീക്കം സംബന്ധിച്ച അനിശ്ചിതത്വം ഇന്നലെ ഇന്ത്യൻ വിപണിയെ ചാഞ്ചാട്ടത്തിലാക്കി. മുഖ്യ സൂചികകൾ നാമമാത്ര നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. എന്നാൽ യൂറോപ്പിലും അമേരിക്കയിലും വിപണികൾ ഉത്സാഹത്തോടെ മുന്നേറി. യൂറോപ്യൻ സൂചികകൾ ഒരു ശതമാനത്തിലധികം നേട്ടത്തോടെ ക്ലോസ് ചെയ്തു. അമേരിക്കയിൽ ചെറിയ നേട്ടത്തിൽ തുടങ്ങിയ സൂചികകൾ നല്ല മികവോടെ വ്യാപാരം അവസാനിപ്പിച്ചു. ഡൗ ജോൺസ് 0.8 ശതമാനവും എസ് ആൻഡ് പി 1.3 ശതമാനവും നാസ്ഡാക് 1.76 ശതമാനവും ഉയർന്നു. എന്നാൽ യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നഷ്ടത്തിലാണ്. ഇന്നുവരുന്ന ചില്ലറ വിലക്കയറ്റ കണക്കുകൾ വിപണിഗതി നിർണയിക്കും.
ഓസ്ട്രേലിയൻ വിപണി ഇന്നു നല്ല നേട്ടത്തോടെയാണു വ്യാപാരം തുടങ്ങിയത്. ഏഷ്യൻ വിപണികളും ഉയർന്നു തുടങ്ങി. ജപ്പാനിൽ നിക്കൈ അര ശതമാനം ഉയർന്ന തുടക്കത്തിനു ശേഷം നഷ്ടത്തിലേക്കു മാറി. ദക്ഷിണ കൊറിയയിലും വിപണി നേട്ടത്തിൽ നിന്നു നഷ്ടത്തിലായി. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക ഇന്നും കയറ്റത്തിലാണ്. എന്നാൽ ചെെനീസ് വിപണി നഷ്ടത്തിൽ തുടങ്ങിയിട്ടു ലാഭത്തിലായി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,950 -ൽ ക്ലോസ് ചെയ്ത ശേഷം രാത്രി വ്യാപാരത്തിൽ 18,018 ലേക്കു കയറി. ഇന്നു രാവിലെ സൂചിക 18,025 - ലെത്തിയിട്ട് 18,000 നു താഴെയായി. ഇന്ത്യൻ വിപണി നേരിയ നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്നലെ ഇന്ത്യൻ വിപണി തുടക്കം മുതൽ ഒടുക്കം വരെ ചാഞ്ചാട്ടത്തിലായിരുന്നു. അര ഡസനോളം തവണ മുഖ്യ സൂചികകൾ നഷ്ടത്തിലാവുകയും തിരിച്ചു കയറുകയും ചെയ്തു. സെൻസെക്സ് 9.98 പോയിന്റ് (0.02%) നഷ്ടത്തിൽ 60,105.5 ലും നിഫ്റ്റി 18.45 പോയിന്റ് (0.1%) നഷ്ടത്തിൽ 17,895.7ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.32 ശതമാനം താഴ്ന്നപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.05 ശതമാനം കുറഞ്ഞു.
മെറ്റൽ, ബാങ്ക്, ധനകാര്യ, ഐടി മേഖലകളാണ് ഇന്നലെ ഉയർന്നത്. എഫ്എംസിജിയും വാഹനങ്ങളും ഹെൽത്ത് കെയറും ഓയിലും താഴ്ന്നു.
വിദേശനിക്ഷേപകർ ഇന്നലെ വലിയ തോതിൽ വിൽപന നടത്തി. 3208.15 കോടി രൂപയുടെ ഓഹരികളാണ് അവർ ക്യാഷ് വിപണിയിൽ വിറ്റത്. സ്വദേശി ഫണ്ടുകളുടെ വാങ്ങലും വലിയ അളവിലായി. 2430.2 കോടി രൂപ.
വിപണി ബെയറിഷ് ആണെന്നു സാങ്കതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്ക് ഇന്ന് 17, 840 ലും 17, 745 ലും സപ്പോർട്ട് ഉണ്ട്. ഉയർന്നാൽ 17,960-ലും 18,050 ലും തടസങ്ങൾ നേരിടാം.
ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിൽ
ക്രൂഡ് ഓയിൽ വില കുതിച്ചു കയറുകയാണ്. ഇന്നലെ മൂന്നര ശതമാനത്തിലധികം ഉയർന്നു. ബ്രെന്റ് ഇനം 82.98 ഡോളർ വരെ കയറി. ഇന്നു രാവിലെ 82.70 ഡാേളറിൽ വ്യാപാരം തുടങ്ങിയിട്ട് 83.15 ഡോളറിലേക്കു കുതിച്ചു. ഏഴു മാസമായി തുടരുന്ന അധാേഗതിയിൽ നിന്നു മാറി ക്രൂഡ് വില തിരിച്ചു കയറുമെന്നു സ്റ്റാൻഡാർഡ് ചാർട്ടേഡും ഗോൾഡ്മാൻ സാക്സും വിലയിരുത്തിയിട്ടുണ്ട്.
വ്യവസായിക ലോഹങ്ങൾ കുതിപ്പു തുടരുന്നു. ചെമ്പ് കഴിഞ്ഞ ജൂണിനു ശേഷം ആദ്യമായി ഇന്നലെ 9000 ഡോളറിനു മുകളിൽ കയറി. ചൈനീസ് ഡിമാൻഡ് വർധിക്കുന്നതാണു കാരണം. 9074 വരെ കയറിയ ചെമ്പ് 8987 ഡോളറിൽ ക്ലോസ് ചെയ്തു. നേട്ടം 2.5 ശതമാനം. അലൂമിനിയം 1.3 ശതമാനം കയറി 2496 ഡോളറിലെത്തി. ടിൻ നാലു ശതമാനം ഉയർന്ന് 26,600 ഡോളറായി.
1900 ഡോളർ ലക്ഷ്യമിട്ടു സ്വർണം
സ്വർണവും കയറ്റം തുടർന്നു. ഇന്നലെ 1888 ഡോളറിലേക്കു കയറിയ ശേഷം 1867 ഡോളറിലേക്കു തിരിച്ചിറങ്ങി. എന്നാൽ ഇന്നു രാവിലെ വീണ്ടും കയറി 1877 - 1879 ഡോളറിലാണു വ്യാപാരം. ഇന്നു യുഎസ് ചില്ലറ വിലക്കയറ്റ കണക്ക് കണ്ടിട്ടു മാത്രമേ വിപണി പുതിയ ദിശാബോധം കാണിക്കുകയുള്ളു. വിലക്കയറ്റത്തിൽ ഗണ്യമായ കുറവുണ്ടായാൽ സ്വർണം 1900 ഡോളറിനു മുകളിലേക്കു കുതിക്കും എന്നാണു വിലയിരുത്തൽ.
കേരളത്തിൽ സ്വർണം പവൻ ഇന്നലെ 120 രൂപ കുറഞ്ഞ് 41,040 രൂപയിലെത്തി. ഡോളർ നിരക്ക് ഇടിഞ്ഞതാണു ലോകവിപണിയിലെ കയറ്റത്തിനിടയിലും പവന്റെ വില കുറയ്ക്കാൻ സഹായിച്ചത്.
രൂപ ഇന്നലെയും നേട്ടത്തിലായിരുന്നു. ഡോളർ 81.58 രൂപയിലേക്കു താണു. മൂന്നു ദിവസം കൊണ്ടു ഡോളറിനു 121 പൈസ നഷ്ടമായി.
ഡോളർ സൂചിക താഴാേട്ടാണു നീങ്ങുന്നത്. ഇന്നലെ 103.19ലായിരുന്നു ക്ലോസ്ംഗ്. ഇന്നു രാവിലെ 103.04 വരെ താഴ്ന്നു. ഡോളർ ഫ്യൂച്ചേഴ്സ് 102.8 വരെ ഇടിഞ്ഞു.
വിലക്കയറ്റവും കമ്പനി ഫലങ്ങളും നിർണായകം
ഡിസംബറിലെ ചില്ലറ വിലക്കയറ്റം, നവംബറിലെ വ്യവസായ ഉൽപാദനം എന്നിവയുടെ കണക്കുകൾ ഇന്നു വൈകുന്നേരം പുറത്തുവിടും. ഇൻഫോസിസും എച്ച്സിഎലും ഇന്നു മൂന്നാം പാദ ഫലങ്ങൾ അറിയിക്കും. ഇവയെല്ലാം വിപണിയുടെ മുന്നാേട്ടുള്ള ഗതി നിർണയിക്കുന്നതിൽ പ്രധാനമാണ്. ചില്ലറ വിലക്കയറ്റം നവംബറിൽ 5.88 ശതമാനമായി കുറഞ്ഞിരുന്നു. ഡിസംബറിൽ നിരക്കു വീണ്ടും ആറു ശതമാനത്തിനു മുകളിലാകും എന്നു നിരീക്ഷകർ കണക്കുകൂട്ടുന്നു.
കാതൽ വിലക്കയറ്റത്തിൽ കുറവ് വരുമോ എന്നാണ് എല്ലാവരും ശ്രദ്ധിക്കുക. ഇന്നു രാത്രി യുഎസ് ചില്ലറ വിലക്കയറ്റ കണക്കും പുറത്തു വരുന്നുണ്ട്. വിലക്കയറ്റ നിരക്ക് 7.1 ൽ നിന്ന് 6.6 ശതമാനമായി കുറയും എന്നാണു നിഗമനം.
നിരക്കു കുറഞ്ഞാൽ ഫെബ്രുവരി ഒന്നിനു യുഎസ് ഫെഡ് 25 ബേസിസ് പോയിന്റ് വർധനയേ പ്രഖ്യാപിക്കൂ എന്നാണു വിപണിയുടെ കണക്കുകൂട്ടൽ. അല്ലെങ്കിൽ 50 ബേസിസ് പോയിന്റ് വർധിപ്പിക്കും നവംബറിലെ വ്യവസായ ഉൽപാദന സൂചികയിൽ താഴ്ച പ്രതീക്ഷിക്കുന്നുണ്ട്. കാതൽ മേഖലയുടെ വളർച്ചക്കണക്കും മറ്റും അങ്ങനെയൊരു സൂചനയാണു നൽകുന്നത്.