അദാനിയുടെ പ്രശ്നങ്ങൾ രൂക്ഷമാകുന്നു; യുഎസ്-ചൈന ഉരസൽ വിപണിയെ ഉലയ്ക്കുന്നു

വാരാന്ത്യത്തിൽ കനേഡിയൻ ആകാശത്തിൽ രണ്ടു ചെെനീസ് പേടകങ്ങൾ കൂടി യുഎസ് വീഴ്ത്തി. തിരിച്ചടിക്കുമെന്ന് ചെെന പ്രതികരിച്ചിട്ടുണ്ട്. ഗുരുതരസാഹചര്യം ഉണ്ടാകുമെന്നു കരുതുന്നില്ലെങ്കിലും വിപണിക്കു തിരിച്ചടിയാകാൻ മാത്രം കാര്യങ്ങൾ ഉണ്ട്. അദാനി ഗ്രൂപ്പിന്റെ പ്രശ്നങ്ങൾ ഇന്നും വിപണിയെ വിഷമിപ്പിക്കാം.

യൂറോപ്യൻ വിപണികൾ


യൂറോപ്യൻ വിപണികൾ താഴ്ചയോടെയാണു വാരാന്ത്യത്തിലേക്കു നീങ്ങിയത്. യുഎസ് വിപണി ചാഞ്ചാട്ടത്തിനു ശേഷം ഭിന്നദിശകളിൽ അവസാനിച്ചു. ഡൗ ജോൺസ് സൂ ചിക 0.5 ശതമാനവും എസ് ആൻഡ് പി 0.22 ശതമാനവും ഉയർന്നു. നാസ് ഡാക് 0.61 ശതമാനം താഴ്ചയിലായി. ആഴ്ച മൊത്തം എടുത്താൽ യുഎസ് വിപണി ഇടിവിലായി. ഡൗ 1.71 ഉം എസ് ആൻഡ് പി 1.4 ഉം നാസ് ഡാക് 2.41 ഉം ശതമാനം താഴ്ന്നു. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു വീണ്ടും താഴ്ചയിലാണ്. ഡൗ 0.38 ശതമാനവും നാസ്ഡാക് 0.63 ശതമാനവും ഇടിഞ്ഞു.

ഏഷ്യൻ വിപണികളും ഇന്നു രാവിലെ നഷ്ടത്തിലാണ്. ജപ്പാനിലെ നിക്കെെയും കൊറിയയിലെ കോസ്പിയും നല്ല താഴ്ചയിൽ വ്യാപാരം തുടങ്ങി. ചൈനീസ് വിപണികളും ഇന്നു നഷ്ടത്തിലാണു വ്യാപാരം തുടങ്ങിയത്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 17,877 ൽ ക്ലാേസ് ചെയ്തു. രണ്ടാം സെഷനിൽ സൂചിക 17,883 -ലേക്കു കയറി. ഇന്നു രാവിലെ സൂചിക വീണ്ടും താഴ്ന്ന് 17,825 വരെ എത്തി. പിന്നീട് അൽപം കയറി. ഇന്ത്യൻ വിപണി താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.


സെൻസെക്സ്

സെൻസെക്സ് വെള്ളിയാഴ്ച 123.52 പോയിന്റ് (0.22%) താഴ്ന്ന് 60,682.7ലും നിഫ്റ്റി 36.95 പോയിന്റ് (0.21%) താഴ്ന്ന് 17,856.5ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.24 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.54 ശതമാനവും ഉയർന്നാണു ക്ലോസ് ചെയ്തത്. സെൻസെക്സ് കഴിഞ്ഞയാഴ്ച 0.26 ശതമാനം താഴ്ന്നപ്പോൾ നിഫ്റ്റി 0.01 ശതമാനം ഉയർന്നു. വിശാല വിപണി കൂടുതൽ ഉണർവിലായിരുന്നു. മിഡ്ക്യാപ് സൂചിക രണ്ടു ശതമാനവും സ്മോൾ ക്യാപ് സൂചിക ഒരു ശതമാനവും പ്രതിവാര നേട്ടം ഉണ്ടാക്കി.

വിപണി 17,800 നു മുകളിൽ നിലനിന്നാൽ 18,000-18,200 മേഖലയിലേക്കു കുതിക്കാൻ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധർ കരുതുന്നു.. നിഫ്റ്റിക്ക് 17,815 ലും 17,770 ലും സപ്പോർട്ട് ഉണ്ട്. 17,875 ലും 18,930 ലും തടസങ്ങൾ നേരിടാം.

വിദേശനിക്ഷേപകർ വെള്ളിയാഴ്ച 1458.02 കോടി രൂപയുടെ ഓഹരികൾ വാങ്ങി. കുറേ ദിവസങ്ങൾക്കു ശേഷമാണ് അവർ വാങ്ങലുകാരായത്. സ്വദേശി ഫണ്ടുകൾ 291.34 കോടിയുടെ ഓഹരികൾ വിറ്റു. കഴിഞ്ഞയാഴ്ച വിദേശികൾ 47.45 കോടി ഡോളറിന്റെ ഓഹരികൾ വിറ്റിരുന്നു. ഫെബ്രുവരിയിൽ അവർ ഇതുവരെ 118 കോടി ഡോളറിന്റെ ( 9600 കോടി രൂപ) ഓഹരികൾ വിറ്റിട്ടുണ്ട്.

ക്രൂഡ് ഓയിൽ

ക്രൂഡ് ഓയിൽ വില ഉയർന്നു നീങ്ങി. റഷ്യ പ്രതിദിന ഉൽപാദനം അഞ്ചു ലക്ഷം വീപ്പ കുറയ്ക്കും എന്നു പ്രഖ്യാപിച്ചതാണ് വില കുതിക്കാൻ കാരണമായത്. ഒരാഴ്ച മുൻപത്തെ അപേക്ഷിച്ച് വില എട്ടര ശതമാനം കയറി. വെള്ളിയാഴ്ച 86.47 ഡോളറിലാണ് ബ്രെന്റ് ഇനം ക്ലോസ് ചെയ്തത്. ജി 7 രാജ്യങ്ങൾ റഷ്യൻ ക്രൂഡിനു പ്രഖ്യാപിച്ച വിലനിയന്ത്രണം പരാജയപ്പെടുത്താനാണു റഷ്യ ശ്രമിക്കുന്നത്. വിലക്കയറ്റം തുടരുമോ എന്ന് എല്ലാവരും ശ്രദ്ധിക്കുന്നു.

വ്യാവസായിക ലോഹങ്ങൾ താഴ്ചയിലാണ്. വ്യാവസായിക മാന്ദ്യം ഉറപ്പാണെന്ന മട്ടിലാണു ലോഹ വിപണി നീങ്ങുന്നത്. ചെമ്പ് ടണ്ണിന് 8900 ഡോളറിനും അലൂമിനിയം 2440 ഡോളറിനും തൊട്ടടുത്തായി ക്ലോസ് ചെയ്തു. ടിൻ, സിങ്ക്, ലെഡ് തുടങ്ങിയവയും താഴ്ന്നു.

സ്വർണം വെള്ളിയാഴ്ച ചെറിയ മേഖലയിൽ (1852 -1872 ഡോളർ) കയറിയിറങ്ങി. 1865 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ1859-1861 ഡോളറിലേക്കു താഴ്ന്നാണു വ്യാപാരം.

കേരളത്തിൽ വെള്ളിയാഴ്ച പവന് 400 രൂപ കുറഞ്ഞ് 41,920 രൂപ ആയി. ശനിയാഴ്ച വില 160 രൂപ വർധിച്ച് 42,080 രൂപയിലെത്തി. വെള്ളിവില 22 ഡോളറിനു താഴെ ക്ലോസ് ചെയ്തു.

രൂപയ്ക്ക് വെള്ളിയാഴ്ച ചെറിയ നേട്ടമുണ്ടായി. ഡോളർ നിരക്ക് രണ്ടു പൈസ കുറഞ്ഞ് 82.50രൂപയായി. കഴിഞ്ഞയാഴ്ച ഡോളർ 82.90 രൂപവരെ കയറിയതാണ്.

ഡോളർ സൂചിക കഴിഞ്ഞയാഴ്ച103.63 ലാണു അവസാനിച്ചത്. ഇന്നു രാവിലെ 103.75 ലേക്കു കയറി. ഈയാഴ്ച സൂചിക 104 കടന്നു നീങ്ങാനാണു സാധ്യതയെന്നു പറയപ്പെടുന്നു.


ചില്ലറ വിലക്കയറ്റം ആശ്വസിപ്പിക്കുമോ?

ഇന്ത്യയുടെ ജനുവരിയിലെ ചില്ലറവിലക്കയറ്റം എത്രയായിരുന്നെന്ന് ഇന്ന് അറിവാകും. ഡിസംബറിലെ 5.72 ശതമാനത്തിൽ നിന്ന് അൽപം കൂടുതലാകും ജനുവരിയിലെ വിലക്കയറ്റം എന്നാണു നിഗമനം. റിസർവ് ബാങ്ക് പണനയ നിർണയത്തിനു കണക്കിലെടുക്കുന്ന കാതൽ വിലക്കയറ്റം ആറു ശതമാനത്തിൽ എത്തുമെന്നാണു നിരീക്ഷകർ കരുതുന്നത്. റിസർവ് ബാങ്ക് മാർച്ചിലും റീപോ നിരക്ക് കൂട്ടാൻ ഉയർന്ന കാതൽ വിലക്കയറ്റം കാരണമാകും. മൊത്തവിലക്കയറ്റം നാളെയാണു പരസ്യപ്പെടുത്തുന്നത്.

ഡിസംബറിലെ വ്യവസായ ഉൽപാദന സൂചിക 4.3 ശതമാനം ആണെന്ന കണക്ക് വെള്ളിയാഴ്ച പുറത്തു വന്നു. നവംബറിലെ 7.3 ശതമാനത്തിൽ നിന്നു ഗണ്യമായി കുറവാണിത്.

യുഎസ് വിലക്കയറ്റം

അമേരിക്കയിലെ ജനുവരി മാസത്തെ ചില്ലറ വിലക്കയറ്റ കണക്ക് ചൊവ്വാഴ്ച പുറത്തുവിടും. നവംബർ, ഡിസംബർ മാസങ്ങളിലെ കണക്ക് പുതുക്കിയപ്പോൾ നിരക്ക് കൂടിയത് ജനുവരിയിലെ നിരക്ക് പ്രതീക്ഷയിലും അധികമാകുമെന്ന ധാരണ പരത്തിയിട്ടുണ്ട്. കാതൽ വിലക്കയറ്റം കുറയാനിടയില്ലെന്നും കരുതപ്പെടുന്നു. ഉയർന്ന വിലക്കയറ്റം പലിശവർധന സംബന്ധിച്ച നിഗമനങ്ങൾ തിരുത്താൻ കാരണമാകും. മാർച്ചിനു ശേഷം മേയിലും പലിശ കാൽ ശതമാനം വീതം കൂട്ടുമെന്നാണ് ഇപ്പാേഴത്തെ വിലയിരുത്തൽ. ജൂലൈയിലും പലിശ കൂട്ടുമോ എന്നാണു പുതിയ ആശങ്ക. ഇപ്പോൾ 4.50-4.75 ശതമാനത്തിലുള്ള ഫെഡ് നിരക്ക് 5.25-5.5 ശതമാനം വരെയാകാൻ ഉയർന്ന വിലക്കയറ്റം നിമിത്തമാകും.

അദാനി ഗ്രൂപ്പ് പ്രശ്നങ്ങൾ തുടരുന്നു

അദാനി ഗ്രൂപ്പിന്റെ പ്രശ്നങ്ങൾ ശമിച്ചിട്ടില്ല. ഗ്രൂപ്പിന്റെ വികസന ലക്ഷ്യങ്ങൾ വെട്ടിക്കുറയ്ക്കേണ്ടി വരും. ആഗാേള മൂലധന കമ്പാേളത്തിൽ ഓഹരികൾ വിൽക്കാനോ കടപ്പത്രമിറക്കാനോ ഉടനെങ്ങും സാധിക്കുകയില്ല. ഫ്രാൻസിലെ ടോട്ടൽ ഗ്രൂപ്പ് അഡാനി ഗ്രൂപ്പിലെ നിക്ഷേപ തീരുമാനം മരവിപ്പിച്ചത് പുതിയ ഊർജ സങ്കേതങ്ങളുടെ ബിസിനസിനു കനത്ത തിരിച്ചടിയായി. 400 കോടി ഡോളറിന്റെ നിക്ഷേപമാണു മരവിപ്പിച്ചത്. ഗ്രീൻ ഹെെഡ്രജൻ ഉൽപാദനത്തിന് 5000 കോടി ഡോളറിന്റെ പദ്ധതിയിൽ 25 ശതമാനം ഓഹരിയും വായ്പയിൽ 50 ശതമാനത്തിനു ഗാരന്റിയും അവർ ഏറ്റിരുന്നു. ടോട്ടൽ പിന്മാറുന്നതാേടെ പദ്ധതി തന്നെ അവതാളത്തിലാകും. ടോട്ടലിനെ കൂടെ നിറുത്താൻ ഗ്രൂപ്പ് കമ്പനികളുടെ ഓഡിറ്റിംഗ് നടത്തി ധനകാര്യ തിരിമറികൾ ഇല്ലെന്നു ബോധ്യപ്പെടുത്തണം.

അദാനി ഗ്രൂപ്പിന്റെ എസിസി - അംബുജ ഏറ്റെടുക്കലിനു വായ്പ നൽകിയ ബാർക്ലേയ്സ് വായ്പ തിരിച്ചു പിടിക്കുമെന്നു റിപ്പോർട്ടുണ്ട്. 525 കോടി ഡോളർ വായ്പയിൽ 75 കോടി ബാർക്ലേയ്സിന്റേതാണ്.

അദാനിയുടെ മൂന്നു കമ്പനികളുടെ കുറേ ഓഹരികൾ കൂടി എസ്ബിഐ ക്യാപ്സ് ട്രസ്റ്റിൽ ഈടായി നൽകിയതായി വാർത്ത ഉണ്ട്. ഓസ്ട്രേലിയയിലെ കാർമിക്കേൽ കൽക്കരി പദ്ധതിക്ക് എസ്ബിഐ മുമ്പു നൽകിയ 30 കോടി ഡോളർ വായ്പയ്ക്കാണ് ഈ അധിക ഈട് എന്നു കരുതപ്പെടുന്നു. 25,000 കോടി രൂപയോളം എസ്ബിഐ അദാനി ഗ്രൂപ്പിനു വായ്പ നൽകിയിട്ടുണ്ട്.

ഒരാഴ്ച മുൻപ് അദാനി ചില കമ്പനികളുടെ ഓഹരികൾ പണയത്തിൽ നിന്ന് വിടുവിച്ചിരുന്നു. ഇതിന് 8800 കോടിയിൽപരം രൂപ വേണ്ടി വന്നു. ഈ തുക ചില ഹെഡ്ജ് ഫണ്ടുകളിൽ നിന്ന് വായ്പയെടുത്തതാണെന്ന് റിപ്പോർട്ടുണ്ട്. ദുരിത ഘട്ടങ്ങളിൽ വായ്പ നൽകി സഹായിക്കുന്ന ഈ ഹെഡ്ജ് ഫണ്ടുകളുടെ ഉപാധികൾ കർക്കശമാണ്. കൂടുതൽ വായ്പകൾക്കായി ഹെഡ്ജ് ഫണ്ടുകളെയാണ് ഗ്രൂപ്പ് വീണ്ടും ആശ്രയിക്കുന്നത്.

അദാനി വിഷയം സുപ്രീം കോടതിയിൽ ഇന്നു വീണ്ടും വരും. സെബിയുടെയും ഗവണ്മെന്റിന്റെയും റിപ്പോർട്ട് കോടതി തേടിയിട്ടുണ്ട്.

ഗ്രൂപ്പിലെ നാലു കമ്പനികളുടെ റേറ്റിംഗ് മൂഡീസ് താഴ്ത്തിയത് ഇന്നു വിപണിയിൽ പ്രതിഫലിക്കും. അദാനി ഗ്രൂപ്പിന്റെ കടപ്പത്രങ്ങളുടെ വിലയും താഴോട്ടാണ്.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it