ആശങ്കകള്‍ക്കിടെ പ്രതീക്ഷയോടെ വിപണി; യുഎസില്‍ ട്രംപിന്റെ ബാങ്കും പൂട്ടി; ബാങ്കിംഗ് പരിഭ്രാന്തി നീക്കാന്‍ നടപടികള്‍; വിലക്കയറ്റം നിര്‍ണായകം
എന്തും സംഭവിക്കാം. വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ പിടി വിട്ടു പോകാം. ഈ അവസ്ഥ മാറിയിട്ടില്ലെങ്കിലും ഇന്നു വിപണികള്‍ ശുഭപ്രതീക്ഷയോടെയാണ് ആഴ്ചയുടെ തുടക്കത്തിലേക്കു കടക്കുന്നത്. യുഎസ് ഫ്യൂച്ചേഴ്‌സ് ഞായറാഴ്ച വൈകുന്നേരം ഗണ്യമായി ഉയര്‍ന്നു. ഡോളര്‍ താഴ്ന്നു. കടപ്പത്രവില കയറി. ഇതെല്ലാം ശുഭാപ്തിവിശ്വാസത്തിന്റെ ഫലമാണ്.
വിപണികള്‍ ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങിയാലും വലിയ തകര്‍ച്ചയിലേക്കു പോകാനിടയില്ല. ബാങ്ക് നിക്ഷേപകര്‍ക്കു നഷ്ടം വരാതെ പ്രശ്‌നം തീര്‍ക്കുമെന്നു യുഎസ് അധികൃതര്‍ ഉറപ്പു നല്‍കിയതു വിപണികളെ ആശ്വസിപ്പിക്കും. ബാങ്കിംഗില്‍ അധികം തുടര്‍ തകര്‍ച്ചകള്‍ ഉണ്ടാകുമെന്ന ആശങ്കയും ഇതാേടെ കുറഞ്ഞു. സര്‍ക്കാരിന്റെ പണം മുടക്കാതെ ഗാരന്റിയും വായ്പയും നല്‍കി ബാങ്കുകളെ സംരക്ഷിക്കാനുള്ള പദ്ധതി യുഎസ് തയാറാക്കി. പണം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ പരിഭ്രാന്തി കൂട്ടാനുള്ള സാധ്യത ഇതോടെ കുറഞ്ഞു.
ചില്ലറ വിലക്കയറ്റ കണക്ക്
ഇന്ന് ഇന്ത്യയിലെയും നാളെ യുഎസിലെയും ചില്ലറ വിലക്കയറ്റ കണക്ക് പുറത്തു വരും. അവ വിപണി ഗതിയെ നിര്‍ണായകമായി സ്വാധീനിക്കും. ഫെബ്രുവരിയില്‍ അമേരിക്കയില്‍ തൊഴില്‍ സംഖ്യ ഉയര്‍ന്ന തോതില്‍ കൂടിയിരുന്നു. ഇതു പലിശ വര്‍ധനയുടെ തോത് ഉയര്‍ത്തുമെന്നു ഭയന്നെങ്കിലും ബാങ്കിംഗ് പ്രശ്‌നം പലിശക്കാര്യത്തില്‍ പുനരാലോചനയ്ക്കു വഴി തുറന്നിട്ടുണ്ട്.
വെളളിയാഴ്ച ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലും വിപണികള്‍ ചോരപ്പുഴ ഒഴുക്കി. ജാപ്പനീസ് വിപണി 1.6 ശതമാനം താഴ്ന്നു ക്ലോസ് ചെയ്തപ്പോള്‍ ചൈനീസ് വിപണി 1.4 ശതമാനം ഇടിഞ്ഞു. യൂറോപ്യന്‍ വിപണികള്‍ ഒന്നര ശതമാനം താഴ്ന്നാണു വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണികള്‍ കൂടുതല്‍ താഴ്ചയിലായി. ഡൗ ജോണ്‍സ് 1.07 ശതമാനം ഇടിഞ്ഞപ്പോള്‍ എസ് ആന്‍ഡ് പി 1.45 ഉം നാസ്ഡാക് 1.76 ഉം ശതമാനം താഴ്ചയില്‍ ക്ലോസ് ചെയ്തു.
ഇന്നു യുഎസ് ഫ്യൂച്ചേഴ്‌സ് നേട്ടത്തിലാണ്. ഡൗ ഒരു ശതമാനം ഉയര്‍ന്നു. നാസ്ഡാക് 1.22 ഉം എസ് ആന്‍ഡ് പി 1.3 ഉം ശതമാനം കയറി. ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ വലിയ താഴ്ചയിലാണ്. ജാപ്പനീസ് വിപണി 1.65 ശതമാനം ഇടിഞ്ഞു. കൊറിയന്‍, തായ് വാനീസ് വിപണികളും ഇടിവിലാണ്. ഓസ്‌ട്രേലിയന്‍ വിപണി മുക്കാല്‍ ശതമാനം താഴ്ന്നാണു വ്യാപാരം തുടങ്ങിയത്.
ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക അര ശതമാനം ഉയര്‍ന്നാണു വ്യാപാരം തുടങ്ങിയത്. ഷാങ്ഹായ് സൂചികയും നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. ചൈന കേന്ദ്ര ബാങ്ക് മേധാവി അടക്കമുള്ള ധനകാര്യ ഭരണകര്‍ത്താക്കളെ നിലനിര്‍ത്തിയതു വിപണിയെ സഹായിച്ചു.
സിംഗപ്പുര്‍ എക്‌സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ എസ്ജിഎക്‌സ് നിഫ്റ്റി വെള്ളിയാഴ്ച ഒന്നാം സെഷനില്‍ 17,437 ല്‍ ക്ലോസ് ചെയ്തു. രണ്ടാം സെഷനില്‍ 17,342 ലേക്കു വീണു. ഇന്നു രാവിലെ സൂചിക 17,366 ലേക്കു കയറി. ഇന്ത്യന്‍ വിപണി ഇന്ന് താഴ്ന്നു വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്ത്യന്‍ വിപണി
ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച വലിയ താഴ്ചയിലായിരുന്നു. സെന്‍സെക്‌സും നിഫ്റ്റിയും ഒന്നര ശതമാനത്താേളം താഴ്ന്നിട്ട് അവസാന മിനിറ്റുകളില്‍ അല്‍പം നഷ്ടം കുറച്ചു. സെന്‍സെക്‌സ്
671.15 പോയിന്റ് (1.12%) ഇടിഞ്ഞ് 59,135.13 ലും നിഫ്റ്റി 176.70 പോയിന്റ് (1.0%) താഴ്ന്ന് 17,412.9 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.75 ഉം സ്‌മോള്‍ ക്യാപ് സൂചിക 0.89 ഉം ശതമാനം താഴെയായി. എല്ലാ മേഖലകളും നഷ്ടത്തിലാണ് അവസാനിച്ചത്. ബാങ്കുകളും ധനകാര്യ കമ്പനികളും റിയല്‍റ്റിയും നഷ്ടത്തിനു മുന്നില്‍ നിന്നു.
അദാനി ഗ്രൂപ്പില്‍ ഫ്യൂച്ചേഴ്‌സ് വിഭാഗത്തിലുള്ള അഞ്ച് ഓഹരികള്‍ താണു. മറ്റുള്ളവ ഉയര്‍ന്നു. അദാനി എന്റര്‍പ്രൈസസ്, വില്‍മര്‍, എസിസി, അംബുജ സിമന്റ്, എന്‍ഡിടിവി എന്നിവയാണ് താണത്. സിമന്റ് കമ്പനികള്‍ വാങ്ങാന്‍ എടുത്ത മുഴുവന്‍ വായ്പയും അടച്ചുതീര്‍ത്തതായി ഗ്രൂപ്പ് അറിയിച്ചു. എന്നാല്‍ സിമന്റ് കമ്പനികളുടെ ഓഹരിയും ജിക്യുജി ഫണ്ടിനു നല്‍കുമെന്നാണു റിപ്പോര്‍ട്ട്.
വിപണി കൂടുതല്‍ ബെയറിഷ് ആയിട്ടുണ്ട്. ഇന്നു നിഫ്റ്റിക്ക് 17,350 ലും 17,270 ലും ആണു സപ്പോര്‍ട്ട്. 17,445 ലും 17,525 ലും തടസങ്ങള്‍ ഉണ്ടാകാം. വിദേശനിക്ഷേപകര്‍ വെള്ളിയാഴ്ച 2061.47കോടിയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകള്‍ 1350.13 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
ക്രൂഡ് ഓയിലും സ്വര്‍ണവും
ക്രൂഡ് ഓയില്‍ വില അല്‍പം ഉയര്‍ന്നു. ബ്രെന്റ് ഇനം ക്രൂഡിന്റെ വില 1.2 ശതമാനം കയറി 83.07 ഡോളറില്‍ ക്ലോസ് ചെയ്തു.വ്യാവസായിക ലോഹങ്ങളുടെ വില വീണ്ടും താഴ്ന്നു. ചെമ്പ് 0.63 ശതമാനം കുറഞ്ഞു ടണ്ണിന് 8752 ഡോളറും അലൂമിനിയം 1.14 ശതമാനം താണ് 2310 ഡോളറുമായി. സിങ്ക്, ലെഡ്, നിക്കല്‍, ടിന്‍ എന്നിവ 2.5 വരെ ശതമാനം താഴ്ന്നു.
സ്വര്‍ണവില വീണ്ടും കയറി. വെള്ളിയാഴ്ച വില 1836 ഡോളറില്‍ നിന്ന് 1872 ഡോളര്‍ വരെ കയറി. ഇന്നു രാവിലെ 1896 വരെ കയറിയിട്ട് താഴ്ന്ന് 1877-1879 ഡോളറിലാണ് സ്വര്‍ണ വ്യാപാരം.
കേരളത്തില്‍ ശനിയാഴ്ച പവന് 600 രൂപ കയറി 41,720 രൂപയിലെത്തി. ഇന്നു വീണ്ടും ഉയര്‍ന്നേക്കും. ക്രിപ്‌റ്റോ കറന്‍സികള്‍ തിങ്കളാഴ്ച വലിയ കുതിപ്പിലായി. ബിറ്റ് കോയിന്‍ 10 ശതമാനം ഉയര്‍ന്ന് 22,700 ഡോളറായി.
രൂപ വെള്ളിയാഴ്ച ദുര്‍ബലമായി. ഡോളര്‍ ആറു പൈസ കൂടി 82.04 രൂപയില്‍ ക്ലോസ് ചെയ്തു. ഡോളര്‍ സൂചിക 104.3 ലേക്കു താഴ്ന്നു.
ബാങ്ക് തകർച്ചയും വിശ്വാസവും
നിക്ഷേപകരുടെ വിശ്വാസം നിലനിര്‍ത്താന്‍ ബാങ്കു തകര്‍ച്ചകളെ യുഎസ് അധികൃതര്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നാണു വിപണികള്‍ ഉറ്റുനോക്കുന്നത്. ബാങ്ക് നിക്ഷേപകരില്‍ വിശ്വാസം വളര്‍ത്തുന്ന രീതിയില്‍ നീങ്ങിയില്ലെങ്കില്‍ വിഷയം ഗുരുതരമാകാം.ആദ്യം കുറേ പ്രാദേശിക ബാങ്കുകളുടെ തകര്‍ച്ചയിലേക്കും പിന്നീട് അചിന്ത്യമായ കുഴപ്പങ്ങളിലേക്കും കാര്യങ്ങള്‍ നീങ്ങാം. മറിച്ചായാല്‍ സിലിക്കണ്‍ വാലി, സിഗ്‌നേച്ചര്‍, സില്‍വര്‍ ഗേറ്റ് ബാങ്കുകളുടെ തകര്‍ച്ച അവിടം കൊണ്ട് ഒതുങ്ങും. സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍, ഫിന്‍ടെക്കുകള്‍, സിലിക്കണ്‍വാലിയിലെ അനുബന്ധ വ്യവസായങ്ങള്‍, ക്രിപ്‌റ്റോ കമ്പനികള്‍ എന്നിവയെ മാത്രം ബാധിക്കുന്ന വിഷയമായി ഇതു തീരും.
അങ്ങനെ ഒതുങ്ങുന്നില്ലെങ്കില്‍ വലിയ തകര്‍ച്ചകളും മാന്ദ്യവുമാകും ഉണ്ടാവുക. അതിവേഗം പലിശ വര്‍ധിപ്പിച്ച യുഎസ് ഫെഡും മറ്റു കേന്ദ്ര ബാങ്കുകളും അതിനേക്കാള്‍ വേഗം പലിശ നിരക്ക് കുറയ്‌ക്കേണ്ടി വരും. അതു വിപണിക്ക് അനുകൂലമായ കാര്യമാണ്. ഈ കണക്കുകൂട്ടലിലാണ് വെള്ളിയാഴ്ച യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (്യശലഹറ) ഇടിയുകയും കടപ്പത്രവില കൂടുകയും ചെയ്തത്. കടപ്പത്ര വിലകള്‍ തിങ്കളാഴ്ച രാവിലെയും ഉയര്‍ന്നു.
ട്രംപിന്റെ ബാങ്കിനും പൂട്ടുവീണു
സിലിക്കണ്‍വാലി ബാങ്കിലെ നിക്ഷേപകര്‍ക്കു നഷ്ടം വരില്ലെന്നും തിങ്കളാഴ്ച മുതല്‍ അവര്‍ക്കു തങ്ങളുടെ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യാനാകുമെന്നും ഞായറാഴ്ച അധികൃതര്‍ ഉറപ്പു നല്‍കിയത് കാര്യങ്ങള്‍ ശരിയായി നീങ്ങുന്നുവെന്നു കാണിച്ചു. യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് എലന്‍, ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍, ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ ചെയര്‍മാന്‍ മാര്‍ട്ടിന്‍ ഗ്രൂവന്‍ബര്‍ഗ് എന്നിവര്‍ സംയുക്ത പ്രസ്താവനയിലാണ് ഇതറിയിച്ചത്.
ഞായറാഴ്ച ന്യൂയോര്‍ക്ക് ആസ്ഥാനമായ സിഗ്‌നേച്ചര്‍ ബാങ്ക് അടച്ചുപൂട്ടാന്‍ അധികൃതര്‍ ഉത്തരവിട്ടു. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളാണ് ബാങ്കിനെ കുഴപ്പത്തിലാക്കിയത്. ഒരു കാലത്തു ഡോണള്‍ഡ് ട്രംപിന്റെയും കുടുംബത്തിന്റെയും ഇഷ്ടബാങ്കായിരുന്നു. 2021-ല്‍ ട്രംപുമായുള്ള ബന്ധം അവസാനിപ്പിച്ചതാണ്. കഴിഞ്ഞയാഴ്ച ബാങ്കിന്റെ ഓഹരികള്‍ 38 ശതമാനം ഇടിഞ്ഞിരുന്നു.
യുഎസ് ബാങ്കിംഗിലേതു വലിയ പ്രതിസന്ധി
2008-നു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് അമേരിക്കന്‍ ബാങ്കിംഗ് എത്തിയിരിക്കുന്നത്. 48 മണിക്കൂറിനകം രണ്ട് ബാങ്കുകള്‍ തകര്‍ച്ചയിലായി. എഫ്ടിഎക്‌സ് എന്ന ക്രിപ്റ്റോ എക്‌സ്‌ചേചേഞ്ചിന്റെ തകര്‍ച്ചയുടെ തുടര്‍ച്ചയായാണു സില്‍വര്‍ ഗേറ്റ് പൊളിഞ്ഞത്. അതു മറ്റു ചില ഇടത്തരം ക്രിപ്‌റ്റോ ഏജന്‍സികളെ കുഴപ്പത്തിലാക്കും എന്നു മാത്രമേ ആശങ്കയുള്ളൂ. സിലിക്കണ്‍വാലി ബാങ്കി (എസ് വി ബി) ന്റെ തകര്‍ച്ച അങ്ങനെയല്ല.
സ്റ്റാര്‍ട്ടപ് മേഖലയിലെ 50 ശതമാനത്തിലധികം കമ്പനികള്‍ക്ക് ആശ്രയമായിരുന്നു എസ് വി ബി. വായ്പയായും പ്രാരംഭനിക്ഷേപമായും അവയില്‍ ബാങ്കിനും മാതൃകമ്പനിക്കും (എസ് വി ബി ഫിനാന്‍ഷ്യല്‍) വലിയ ധനകാര്യ പങ്കാളിത്തമുണ്ട്. ഭൂരിപക്ഷം സ്റ്റാര്‍ട്ടപ്പുകളുടെയും ദൈനംദിന ബാങ്കിംഗും ഇതിലാണ്. ബയോടെക് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളില്‍ 70 ശതമാനവും എസ് വി ബി യുടെ ഇടപാടുകാരാണ്. വൈ കോംബിനേറ്റര്‍ എന്ന സ്റ്റാര്‍ട്ടപ് ആക്‌സിലറേറ്ററുമായി ബന്ധപ്പെട്ടു തുടങ്ങിയ കമ്പനികളില്‍ ഭൂരിപക്ഷവും എസ് വി ബി യോടു സഹകരിച്ചാണു നീങ്ങിയിരുന്നത്.
ഇന്ത്യയിലും എസ് വി ബി നിക്ഷേപങ്ങള്‍
സ്റ്റാര്‍ട്ടപ് നിക്ഷേപകരായ നിരവധി വലിയ വെഞ്ചര്‍ ഫണ്ടുകളും ഈ ബാങ്കിലാണ് ഇടപാട്. സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ കിട്ടും മുന്‍പ് ഇടപാടുകള്‍ അനുവദിച്ചിരുന്നതിനാല്‍ എസ് വി ബിയില്‍ ബന്ധപ്പെട്ടിരുന്ന ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരുടെ കമ്പനികളുടെ എണ്ണവും വലുതാണ്.
പേ റ്റി എം, നാപ്‌റ്റോള്‍, ഇന്‍ മോബി, ഷാദി, ഐ യോഗി, ട്യൂട്ടര്‍ വിസ്റ്റാ തുടങ്ങി ഇരുപതിലേറെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ എസ് വി ബിക്കു നിക്ഷേപം ഉണ്ട്. ഇന്ത്യയിലും യു എസിലുമായി പ്രവര്‍ത്തിക്കുന്ന ഡസന്‍ കണക്കിനു സ്റ്റാര്‍ട്ടപ്പുകള്‍ എസ് വി ബിയിലാണു ശമ്പളമടക്കമുള്ള കാര്യങ്ങള്‍ക്കു വേണ്ട അക്കൗണ്ട് സൂക്ഷിക്കുന്നത്. മിക്കവര്‍ക്കും ഇടപാടുകളില്‍ നിന്നുള്ള പണം വരുന്നതും ഈ ബാങ്കിലേക്കാണ്.
നിരവധി ക്രിപ്‌റ്റോ കറന്‍സി കമ്പനികളും എസ് വി ബി യുടെ ഇടപാടുകാരാണ്. ഡോളറുമായി സ്ഥിരവില നിലനിര്‍ത്തുന്ന സ്റ്റേബിള്‍ കോയിന്‍ വിഭാഗത്തിലെ ചില ക്രിപ്‌റ്റോ കറന്‍സികളുടെ റിസര്‍വ് ധനത്തില്‍ ഗണ്യമായ ഭാഗം എസ് വി ബിയില്‍ ഉണ്ട്. ആ കറന്‍സികള്‍ക്കു 10 ശതമാനം വരെ വിലയിടിഞ്ഞു.
വീഡിയോ ഗെയിമുകള്‍ തയാറാക്കുന്ന റോബ്ലോക്‌സ് കോര്‍പറേഷന്‍, സ്ടീമിംഗ് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന റോകു കോര്‍പറേഷന്‍, സ്‌പേസ് കമ്പനി റോക്കറ്റ് ലാബ്, കൂപ്പണ്‍സ് ഡോട് കോം ഉടമ ക്വോഷന്റ് തുടങ്ങി ഒട്ടനവധി കമ്പനികള്‍ക്ക് എസ് വി ബി യില്‍ വലിയ തുക നിക്ഷേപമുണ്ട്.
സിലിക്കണ്‍വാലിയില്‍ ഏറ്റവും സ്വീകാര്യത നേടിയ ഈ ബാങ്കിന്റെ തകര്‍ച്ച ചൈനയിലും ദക്ഷിണ കാെറിയയിലും സ്റ്റാര്‍ട്ടപ് വ്യവസായങ്ങളെ ആശങ്കയിലാക്കിയെന്നു റിപ്പോര്‍ട്ടുണ്ട്. കാനഡയിലും യുകെയിലുമുള്ള എസ് വി ബി ഉപകമ്പനികള്‍ വില്‍ക്കാനുള്ള ശ്രമത്തിലാണു റെഗുലേറ്റര്‍മാര്‍.
തുടര്‍ തകര്‍ച്ചകള്‍ ഉണ്ടാകുമോ?
രണ്ടു ബാങ്കു തകര്‍ച്ചകളും ഒറ്റപ്പെട്ട സംഭവങ്ങളായിട്ടാണ് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് എലന്‍ കാണുന്നത്. ധനകാര്യ മേഖലയിലെ റെഗുലേറ്ററി അധികൃതര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു. വേറേ ബാങ്കുകള്‍ കുഴപ്പത്തിലാകാന്‍ സാഹചര്യമില്ലെന്ന നിലപാടാണ് യുഎസ് പ്രസിഡന്റിന്റെ കൗണ്‍സില്‍ ഓഫ് ഇക്കണോമിക് അഡൈ്വസേഴ്‌സ് അധ്യക്ഷ സെസീലിയ റൂസിനും ഉള്ളത്.
യഥാസമയം ഉചിത നടപടി എടുത്താല്‍ മറ്റു ബാങ്കുകള്‍ കുഴപ്പത്തിലാകാതെ നോക്കാന്‍ പറ്റുമെന്ന് മുന്‍ ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്‌സ് പറഞ്ഞു. ബാങ്കുകളിലെ നിക്ഷേപങ്ങള്‍ ഭദ്രമാണെന്നും ഏതവസരത്തിലും തങ്ങളുടെ പണം തിരിച്ചെടുക്കാന്‍ പറ്റുമെന്നും നിക്ഷേപകര്‍ക്കു വിശ്വാസം വരണം. അതിനു ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് മുന്‍കൈയെടുക്കണം. അതു ചെയ്തില്ലെങ്കില്‍ നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ ഓടും. അതു കൂടുതല്‍ ബാങ്കുകള്‍ തകരാന്‍ ഇടയാക്കുമെന്നു സമ്മേഴ്‌സ് മുന്നറിയിപ്പ് നല്‍കി.
റീജണല്‍ ബാങ്കുകള്‍
എന്നാല്‍ റീജണല്‍ ബാങ്കുകള്‍ തകരാന്‍ സാധ്യത ഉണ്ടെന്നു ബെയര്‍ ട്രാപ്‌സ് റിപ്പോര്‍ട്ട് സ്ഥാപകന്‍ ലാറി മക്‌ഡോണള്‍ഡ് കരുതുന്നു. ടെക്‌നോളജി, സ്റ്റാര്‍ട്ടപ് കമ്പനികളെ ആശ്രയിക്കുന്ന റീജണല്‍ ബാങ്കുകള്‍ക്കാണു പ്രധാന വെല്ലുവിളി. പാക് വെസ്റ്റ്, ഫസ്റ്റ് റിപ്പബ്ലിക്, വെസ്റ്റേണ്‍ അലയന്‍സ്, സിഗ്‌നേച്ചര്‍, ചാള്‍സ് ഷ്വാബ് തുടങ്ങിയ ബാങ്കുകളുടെ ഓഹരിവ്യാപാരം വിലയിലെ ചാഞ്ചാട്ടം മൂലം വെള്ളിയാഴ്ച പലവട്ടം നിര്‍ത്തേണ്ടി വന്നു. 15 ശതമാനത്തിലധികം ഇടിവാണു വെള്ളിയാഴ്ച ഇവയ്ക്കുണ്ടായത്
ജെ പി മാേര്‍ഗന്‍, വെല്‍സ് ഫാര്‍ഗോ, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ വമ്പന്‍ ബാങ്കുകളുടെ ഓഹരികള്‍ വ്യാഴാഴ്ച ആറു ശതമാനം വരെ ഇടിഞ്ഞെങ്കിലും പിറ്റേന്നു നഷ്ടം കുറച്ചു. രണ്ടു ദിവസം കൊണ്ട് യുഎസ് ബാങ്കുകളുടെ വിപണിമൂല്യത്തില്‍ 10,000 കോടി ഡോളര്‍ (8.2 ലക്ഷം കോടി രൂപ) നഷ്ടം വന്നു. യൂറോപ്യന്‍ ബാങ്കുകള്‍ക്കുണ്ടായ നഷ്ടം 5000 കോടി ഡോളര്‍ (4.1 ലക്ഷം കോടി രൂപ).