അദാനിയുടെ ഏറ്റെടുക്കല്‍ നടന്നില്ല; കുതിപ്പ് തുടരാന്‍ വിപണി; വിദേശ സൂചനകള്‍ അനുകൂലം; കയറ്റുമതിയില്‍ തിരിച്ചടി

തുടർച്ചയായ രണ്ടാം ദിവസം കയറിയ ഇന്ത്യൻ വിപണി ആ നേട്ടം തുടരാനുള്ള തയാറെടുപ്പിലാണ്. ഇന്നലെ ചാഞ്ചാട്ടങ്ങൾക്കു ശേഷം അവസാന മണിക്കൂറിലെ വ്യാപാരത്തിലാണു സൂചികകൾ നല്ല നേട്ടം ഉണ്ടാക്കിയത്. ഇന്നു വിദേശ സൂചനകൾ കയറ്റത്തിനു സഹായകമാണ്. യൂറോപ്യൻ വിപണികൾ ഇന്നലെ ഒരു ശതമാനത്തിനടുത്തു നേട്ടത്തോടെ ക്ലോസ് ചെയ്തു.

അവസാന മണിക്കൂറിലെ കുതിപ്പ്

യുഎസ് വിപണി തുടക്കം മുതൽ താഴ്ന്നു നിന്നിട്ട് അവസാന മണിക്കൂറിലെ ഒരു കുതിപ്പിലാണു ചെറിയ നേട്ടത്തിൽ അവസാനിച്ചത്. ഡൗ ജോൺസ് സൂചിക 0.11 ശതമാനവും എസ് ആൻഡ് പി 0.28 ശതമാനവും ഉയർന്നു. നാസ്ഡാക് 0.9 ശതമാനം കയറി. ജനുവരിയിലെ യുഎസ് റീട്ടെയിൽ വിൽപന മൂന്നു ശതമാനം വർധിച്ചു. ഇതു പ്രതീക്ഷയിലും വളരെ കൂടുതലായിരുന്നു. പലിശനിരക്ക് ഇത്രയും കൂടിയിട്ടും ജനങ്ങൾ ചെലവ് ചെയ്യുന്നതിനു മടിക്കുന്നില്ല എന്നാണ് ഉയർന്ന വിലക്കയറ്റത്തിനിടയിലെ

വർധിച്ച വിൽപന കാണിക്കുന്നത്. താെഴിലില്ലായ്മ തീരെ കുറഞ്ഞു നിൽക്കുന്നതു ജനങ്ങൾക്കു ചെലവ് ചെയ്യാൻ ധൈര്യം പകരുന്നു. പലിശ കൂടുതൽ വർധിക്കേണ്ടിവരും എന്നതാണ് ഇതിന്റെ ഫലം. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ ഉണർവിലാണ്. ഡൗ 0.02 ശതമാനവും നാസ്ഡാക് 0.33 ശതമാനവും കയറി.

ഏഷ്യൻ വിപണികൾ

മിക്ക ഏഷ്യൻ വിപണികളും ഇന്നു രാവിലെ നല്ല നേട്ടത്തിലാണ്. ജപ്പാനിലെ നിക്കെെ 0.9 ശതമാനം ഉയർന്നു. കൊറിയയിലെ കോസ്പിയും ഉയർന്നു. ഓസ്ട്രേലിയൻ വിപണി മുക്കാൽ ശതമാനം കയറി. എന്നാൽ ചൈനീസ് വിപണികൾ ഇന്നു താഴ്ന്നാണു വ്യാപാരം തുടങ്ങിയത്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 18,020 ൽ ക്ലാേസ് ചെയ്തു. രണ്ടാം സെഷനിൽ സൂചിക 18,060 -ലേക്കു കയറി. ഇന്നു രാവിലെ സൂചിക 18,081-ലേക്കു കയറിയിട്ട് അൽപം താണു.. ഇന്ത്യൻ വിപണി ഉയർച്ചയോടെ വ്യാപാരം തുടങ്ങുമെന്നാണ് സൂചന.


ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ഇന്നലെ താഴ്ന്നു തുടങ്ങിയിട്ടു കൂടുതൽ താണു. പിന്നീടു തിരിച്ചു കയറിയെങ്കിലും കൂടുതൽ സമയവും ചാഞ്ചാട്ടമായിരുന്നു. അവസാന മണിക്കൂറിലാണു കുതിച്ചു കയറിയത്. യൂറോപ്യൻ വിപണി ഉണർവോടെ തുടങ്ങിയതു സഹായമായി. സെൻസെക്സ് 242.83 പോയിന്റ് (0.4%) കയറി 61,275.09 ലും നിഫ്റ്റി 86 പോയിന്റ് (0.48%) കയറി 18,015.85 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.6 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.3 ശതമാനവും ഉയർന്നു ക്ലോസ് ചെയ്തു.

നിഫ്റ്റിക്ക് 17,900 ലും 17,790 ലും സപ്പോർട്ട് ഉണ്ട്. 18,040 ലും 18,150 ലും തടസങ്ങൾ നേരിടാം. വിദേശനിക്ഷേപകർ നാലം ദിവസവും വാങ്ങലുകാരായി. ഇന്നലെ 432.15 കോടിയുടെ ഓഹരികൾ അവർ വാങ്ങി. സ്വദേശി ഫണ്ടുകൾ 516.64 കോടിയുടെ ഓഹരികൾ വാങ്ങി.

റിലയൻസ് ഇൻഡസ്ട്രീസ് ഇന്നലെയും രണ്ടു ശതമാനത്തിലധികം ഉയർന്നു. ഓഹരിവില 3100 എത്തുമെന്ന ബ്രോക്കറേജുകളുടെ വിലയിരുത്തലുകൾ ഓഹരിയുടെ കുതിപ്പിനു സഹായിച്ചു.

പേയ്ടി ടി എമ്മിന്റെ പേമെന്റ് അഗ്രഗേറ്റർ ലൈസൻസ് അപേക്ഷ റിസർവ് ബാങ്ക് തിരിച്ചയച്ചു. ആമസോൺ അടക്കം 30 പേർക്ക് ലൈസൻസ് ലഭിച്ചു. ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. ഇന്നലെ 84..3 ഡോളർ വരെ താഴ്ന്നിട്ട് 85.35 ഡോളറിലാണു ബ്രെന്റ് ഇനം ക്ലോസ് ചെയ്തത്.

സ്വർണം

വ്യാവസായിക ലോഹങ്ങൾ ഇന്നലെ പൊതുവേ താഴ്ചയിലായി. ചെെനയിൽ ഡിമാൻഡ് കുറഞ്ഞു എന്നാണു സൂചന. ചെമ്പ് ടണ്ണിന് 8826 ഡോളറിലും അലൂമിനിയം 2389 ഡോളറിലും ക്ലോസ് ചെയ്തു. ഒന്നേകാൽ ശതമാനം താഴ്ച. ടിൻ, നിക്കൽ, സിങ്ക്, ലെഡ് തുടങ്ങിയവ രണ്ടു മുതൽ നാലര വരെ ശതമാനം ഇടിഞ്ഞു.

സ്വർണം ഇന്നലെ ഒരു ശതമാനത്തോളം താഴ്ന്നു. പലിശ നിരക്ക് കൂടുന്നതു സംബന്ധിച്ച ആശങ്ക തന്നെ കാരണം. യുഎസ് 10 വർഷ സർക്കാർ കടപ്പത്രങ്ങൾ 3.8 ശതമാനം നിക്ഷേപനേട്ടം (yield) കിട്ടുന്ന നിലയിലേക്കു താണതും ഡോളർ സൂചിക 104 നടുത്തായതും സ്വർണത്തെ വലിച്ചു താഴ്ത്തി. ഇന്നലെ 1830-1849 ഡോളറിലായിരുന്നു സ്വർണം. ക്ലോസ് ചെയ്തത് 1836 ഡോളറിൽ. ഇന്നു രാവിലെ1855-1857 ഡോളറിലേക്കു താഴ്ന്നാണു വ്യാപാരം.

കേരളത്തിൽ ഇന്നലെ വിലമാറ്റമുണ്ടായില്ല. പവന് 41,920 രൂപ തുടർന്നു. വെള്ളിവില 22 ഡോളറിനു താഴെ തുടരുന്നു. രൂപയ്ക്ക് ഇന്നലെ നഷ്ടമായിരുന്നു. ഡോളർ നിരക്ക് നാലു പൈസ വർധിച്ച് 82.81 രൂപയായി. ഡോളർ സൂചിക ഇന്നലെ 103.82 വരെ കയറി.


കയറ്റുമതി കുറയുന്നു; കമ്മി കൂടുന്നു

ഉൽപന്ന കയറ്റുമതി രംഗത്തെ ദൗർബല്യവും ക്ഷീണവും തുടരുകയാണ്. അതനുസരിച്ച് വാണിജ്യ കമ്മി കൂടി വരുന്നു. ജനുവരിയിലെ കയറ്റുമതി 6.58 ശതമാനം താണ് 3291കോടി ഡോളറായി. ഇറക്കുമതി 3.53 ശതമാനം കുറഞ്ഞ് 5066 കോടി ഡോളർ. കമ്മി 1775 കോടി ഡോളർ.

ഏപ്രിൽ - ജനുവരി കാലത്തു കയറ്റുമതി 8.5 ശതമാനം വർധിച്ച് 36,925 കോടി ഡോളറിൽ എത്തി. ഇക്കാലത്ത് ഇറക്കുമതി 21.89 ശതമാനം കുതിച്ച് 60,022 കോടി ഡോളർ ആയി. കമ്മി 15,379 കോടി ഡോളറിൽ നിന്ന് 51.5 ശതമാനം വർധിച്ച് 23,295 കോടി ഡോളറായി.

വാണിജ്യ കമ്മി വർധിക്കുന്നതു കരന്റ് അക്കൗണ്ട് കമ്മി വർധിക്കുന്നതിന്റെ മുഖ്യ കാരണവും മുഖ്യ ഘടകവുമാണ്. ആഗാേള വളർച്ച ഇക്കൊല്ലം കുറവാകും എന്നത് കയറ്റുമതി വളർച്ചയ്ക്കു പ്രതിബന്ധമാകും.


എസ്ബിഐ പലിശ കൂട്ടി

റിസർവ് ബാങ്ക് റീപോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ചതിനെ തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപ - വായ്പാ പലിശ നിരക്കുകൾ വർധിപ്പിച്ചു. 10 മുതൽ 25 വരെ ബേസിസ് പോയിന്റ് വർധനയാണു പ്രഖ്യാപിച്ചത്.

എക്സ്റ്റേണൽ ബെഞ്ച് മാർക്ക് ലിങ്ക്ഡ് വായ്പയ്ക്കു കുറഞ്ഞ നിരക്ക് 9.15 ഉം റീപോ ലിങ്ക്ഡ് വായ്പപയ്ക്കു കുറഞ്ഞ നിരക്ക് 8.75 ഉം ശതമാനമാകും. ചില്ലറ വായ്പകൾ ഇവയിൽ ഏതെങ്കിലും ആധാരമാക്കിയാണു നൽകുക. 25 ബേസിസ് പോയിന്റ് വീതമാണു വർധന

കമ്പനികളുടെ വായ്പകൾക്കുള്ള മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് വായ്പയ്ക്കുള്ള കുറഞ്ഞ നിരക്ക് ആറു മാസത്തേക്ക് 8.4 ഉം ഒരു വർഷത്തേക്ക് 8.5 ഉം ശതമാനമാക്കി. 0.10 ബേസിസ് പോയിന്റ് വീതം കൂട്ടി.

നിക്ഷേപ പലിശ ഇപ്പോൾ രണ്ടു മുതൽ മൂന്നു വരെ വർഷ കാലാവധിയിലാണ് കൂടുതൽ. ഏഴു ശതമാനം പലിശ കിട്ടും. മുതിർന്നവർക്ക് 7.5 ശതമാനവും. ഒന്നു മുതൽ രണ്ടു വരെ വർഷത്തിന് 6.8 ശതമാനം (മുതിർന്നവർക്ക് 7.3%). മൂന്നു മുതൽ അഞ്ചു വരെ വർഷത്തിന് 6.5% (മുതിർന്നവർക്ക് 7%). മറ്റു ബാങ്കുകളും നിരക്ക് കൂട്ടും.

നഷ്ടം: കിറ്റെക്സ് ഓഹരി താണു

ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ നഷ്ടം വന്നതിനെ തുടർന്ന് കിറ്റെക്സ് ഗാർമെന്റ്സ് ലിമിറ്റഡിന്റെ ഓഹരിവില ഇന്നലെ 12.62 ശതമാനം ഇടിഞ്ഞു. 22.25 രൂപ താണ് 154 രൂപയിലാണു ക്ലോസ് ചെയ്തത്. ഒരവസരത്തിൽ 152.05 രൂപ വരെ താഴ്ന്നു. കമ്പനിയുടെ മൂന്നാം പാദ വരുമാനം 67 ശതമാനം താണു. തലേ വർഷം മൂന്നാം പാദത്തിൽ 202.91 കോടി രൂപ വരുമാനം ഉണ്ടായിരുന്ന സ്ഥാനത്ത് 68.22 കോടി മാത്രം. 34.69 കോടി അറ്റാദായമുണ്ടായിരുന്ന സ്ഥാനത്ത് 4.23 കോടി നഷ്ടം. രണ്ടാം പാദത്തിൽ 141.67 കോടി രൂപ വരുമാനത്തിൽ 21.6 കോടി രൂപ അറ്റാദായം ഉണ്ടാക്കിയതാണ്. കഴിഞ്ഞ ഏപ്രിലിൽ 308.9 രൂപ വരെ എത്തിയ കിറ്റെക്സ് ഓഹരി ഡിസംബർ അവസാനം 200 രൂപയ്ക്കടുത്തായിരുന്നു.

അദാനിയുടെ ഏറ്റെടുക്കൽ നടന്നില്ല

ഡിബി പവർ 7012 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള അദാനി പവർ കമ്പനിയുടെ നീക്കം പൊളിഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 18 - ന് ഇതു സംബന്ധിച്ചു കരാർ ഉണ്ടാക്കിയതാണ്. അതനുസരിച്ച് ഒക്ടോബർ 31-ന് ഇടപാട് തീർക്കേണ്ടിയിരുന്നു. അതു നടന്നില്ല. ഇന്നലെ

അദാനി പവർ ഇക്കാര്യം സ്റ്റാേക്ക് എകസ്ചേഞ്ചുകളെ അറിയിച്ചു. ഛത്തീസ്ഗഡിലെ ജാംജ്ഗീർ ചാംപയിൽ 1200 മെഗാവാട്ടിന്റെ പവർ പ്ലാന്റാണു ഡിബി പവറിന് ഉള്ളത്.

അഞ്ചു സംസ്ഥാനങ്ങളിലായി 13.6 ജിഗാ വാട്ട് (ഒരു ജിഗാവാട്ട് ആയിരം മെഗാവാട്ട്) ശേഷിയുള്ള വൈദ്യുതി നിലയങ്ങൾ അദാനി പവറിന് ഉണ്ട്. സെപ്റ്റംബർ 30 ലെ നില വച്ച് അദാനി പവറിന് 36,031 കോടി രൂപ കടമുണ്ട്.

ഇന്നലെ അദാനി പവർ അടക്കം ഗ്രൂപ്പിലെ നാലു കമ്പനികളുടെ ഓഹരികൾ വിപണിയിൽ അഞ്ചു ശതമാനം വീതം താണു. ഗ്രൂപ്പിന്റെ വിപണിമൂല്യം 10.5 ലക്ഷം കോടി രൂപ കണ്ട് ഇടിഞ്ഞിട്ടുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ടിനു മുമ്പുള്ളതിന്റെ പകുതിയിൽ താഴെയായി വിപണിമൂല്യം.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it