കരുത്തു കാണിച്ച ബുള്ളുകൾക്കു പിടിച്ചു നിൽക്കാൻ പറ്റുമാേ? വിദേശികൾ വീണ്ടും വാങ്ങലിൽ; ക്രൂഡ് ഓയിൽ 87 ഡോളറിലേക്ക്; ഡോളർ 82 രൂപയിലേക്കു നീങ്ങുന്നു

കുറേ ദിവസങ്ങൾക്കു ശേഷം മുഖ്യ സൂചികകൾ വലിയ നേട്ടം കൈവരിച്ചു. വിപണി ഒരു ബുള്ളിഷ് മനോഭാവം വീണ്ടെടുത്തു. എന്നാൽ വിശാല വിപണി അത്ര ആവേശത്തിലല്ല. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഇന്നലെ ചെറിയ തോതിൽ താഴുകയാണുണ്ടായത്.

ഇന്നലെ ചെെന ഒഴികെയുള്ള ഏഷ്യൻ വിപണികൾ നേട്ടത്തിലായിരുന്നു. ചൈനയുടെ ജിഡിപി വളർച്ച 2022-ൽ മൂന്നു ശതമാനത്തിൽ ഒതുങ്ങിയതിനെ തുടർന്ന് അവിടെ വിപണി സൂചികകൾ അൽപം താണു. 5.5 ശതമാനം ലക്ഷ്യമിട്ട സ്ഥാനത്ത് സാധിച്ചത് 1974 -നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ച.

യൂറോപ്യൻ വിപണികൾ ഇന്നലെ ചെറിയ നേട്ടത്തോടെ അവസാനിച്ചു. യുഎസ് വിപണിയിൽ ഡൗ ജോൺസ് 1.14 ശതമാനവും എസ് ആൻഡ് പി 0.2 ശതമാനവും താഴ്ന്നപ്പോൾ നാസ്ഡാക് 0.14 ശതമാനം ഉയർന്നു. ഗോൾഡ് മാൻ സാക്സിന്റെ റിസൽട്ട് മോശമായതാണ് ഡൗ ഇടിയാൻ കാരണം. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴോട്ടു നീങ്ങി.

ഏഷ്യൻ വിപണികൾ രാവിലെ ഉയർന്ന നിലയിലാണു വ്യാപാരം ആരംഭിച്ചത്. എന്നാൽ തുടക്കത്തിലെ നേട്ടം നിലനിന്നില്ല. ചെെനീസ് സൂചികകൾ തുടക്കത്തിൽ താഴ്ചയിലായിരുന്നു..

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,122 -ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 18,150 -ലേക്കു കയറിയിട്ടു 18, 128 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ചെറിയ ഉയർച്ചയാേടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.

ചൊവ്വാഴ്ച ഇന്ത്യൻ വിപണി ബുള്ളിഷ് ആക്കം വീണ്ടെടുത്തു. നിഫ്റ്റി 20 ദിന മൂവിംഗ് ശരാശരിക്കു മുകളിൽ ക്ലോസ് ചെയ്തതു ബുള്ളുകൾക്ക് ആവേശം പകരുന്നതാണ്. സെൻസെക്സ് 562.75 പോയിന്റ് (0.94%) ഉയർന്ന് 60,655.72ലും നിഫ്റ്റി 158.45 പാേയിന്റ് (0.89%) ഉയർന്ന് 18,055.3 ലും ക്ലാേസ് ചെയ്തു. എന്നാൽ മിഡ് ക്യാപ് സൂചിക 0.06 ശതമാനവും സ്മാേൾ ക്യാപ് സൂചിക 0.13 ശതമാനവും താഴ്ചയിലാണ് അവസാനിച്ചത്.

ഓയിൽ - ഗ്യാസ്, റിയൽറ്റി, എനർജി, കാപ്പിറ്റൽ ഗുഡ്സ്, എഫ്എംസിജി തുടങ്ങിയ മേഖലകൾ ഒരു ശതമാനത്തിലധികം നേട്ടം ഉണ്ടാക്കി. ഐടിയും വാഹനങ്ങളും ഉയർന്നു. എന്നാൽ പൊതുമേഖലാ ബാങ്കുകളുടെ സൂചിക രണ്ടു ശതമാനം ഇടിഞ്ഞു. ക്രൂഡ് ഓയിലിന്റെയും മറ്റും അമിതലാഭ നികുതി വെട്ടിക്കുറച്ചത് റിലയൻസ്, ഒഎൻജിസി തുടങ്ങിയവയ്ക്കു നേട്ടമായി.

വിദേശ നിക്ഷേപകർ ഇന്നലെ 211.06 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 90.81 കോടിയുടെ ഓഹരികൾ വാങ്ങി.

വിപണി ബുള്ളിഷ് ആണെന്നു വിലയിരുത്തപ്പെടുന്നു. നിഫ്റ്റിക്ക് 17,935 ലും 17,820 ലും സപ്പോർട്ട് ഉണ്ട്. 18,075 ലും 18,190 ലും തടസങ്ങൾ പ്രതീക്ഷിക്കാം.

ക്രൂഡ് ഓയിൽ വില ഇന്നലെ രണ്ടര ശതമാനത്തിലധികം ഉയർന്നു. ബ്രെന്റ് ഇനം ക്രൂഡ് 86.7 ഡോളർ വരെ ഉയർന്നു. ഇന്നു രാവിലെ വില അൽപം താഴ്ന്ന് 85.92 ഡോളറിൽ വന്നിട്ട് 86.48 -ലേക്കു തിരിച്ചു കയറി.

വ്യാവസായിക ലോഹങ്ങൾ ഇന്നലെ ചെറിയ താേതിൽ താണു. ചെെനയുടെ ജിഡിപി വളർച്ച പ്രതീക്ഷയിലും കുറവായതാണു കാരണം. ചെമ്പും അലൂമിനിയവും 0.35 ശതമാനം വീതം താണു. മറ്റു ലോഹങ്ങൾ ഒന്നു മുതൽ മൂന്നു വരെ ശതമാനം ഇടിഞ്ഞു.

സ്വർണം 1920ലെ പ്രതിരോധം മറികടക്കുന്നതിൽ വിജയിച്ചില്ല. ഇന്നലെ സ്വർണം 1918-ൽ നിന്ന് 1904 ഡോളറിലേക്ക് താണു. 1906-1908 ഡോളറിലാണ് ഇന്നു രാവിലെ സ്വർണം. കേരളത്തിൽ ഇന്നലെ പവനു വില മാറ്റമില്ല. 41,760 രൂപ തുടർന്നു. ഇന്നു രൂപയുടെ ഗതിയനുസരിച്ചു സ്വർണ വില മാറാം.

രൂപ ഇന്നലെയും ദുർബലമായി. ഡോളർ 15 പൈസ നേട്ടത്താേടെ 81.76 രൂപയിലെത്തി. ഡോളർ സൂചിക ഇന്നലെ 102.39 ൽ ക്ലാേസ് ചെയ്തു. ഇന്ന് 102.51 ലേക്കു സൂചിക കയറി.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it