തിരുത്തലിനിടെ ഒരു തിരിച്ചു കയറ്റം കാത്തു ബുള്ളുകൾ; ഏഷ്യൻ വിപണികൾ താഴ്ചയിൽ; നികുതി വരുമാനം കൂടുന്നു, കമ്മിയിൽ ആശ്വാസം
തിരുത്തൽ ചെറുതോ വലുതോ എന്നതാണു ചോദ്യം. വ്യക്തമായ ഉത്തരം ഇല്ലാത്ത ചോദ്യം. കാര്യങ്ങൾ വേഗം ശുഭമാകും എന്നു കരുതാനാണു വിപണികൾക്ക് ഇഷ്ടം. അതിനാൽ വരുന്ന ഓരോ സൂചനയിലെയും പോസിറ്റീവ് വശം മാത്രമെടുത്ത് വിശകലനം നടത്തും.
വർഷാന്ത്യം അടുക്കുകയാണ്. നല്ല സൂചനയോടെ വിപണി വരും വർഷത്തേക്കു കടക്കണമെന്ന ആഗ്രഹത്തിലാണ് എല്ലാവരും. അതിന് അവസരം കിട്ടുമോ എന്ന് ആഴ്ചയുടെ ആദ്യ ദിനങ്ങൾ കാണിക്കും.
വിദേശ നിക്ഷേപകർ ഈ മാസം ഇതു വരെ 128 കോടി ഡോളർ ഓഹരികളിൽ നിക്ഷേപിച്ചു. കഴിഞ്ഞയാഴ്ച അവർ 73.3 കോടി ഡോളറിന്റെ ഓഹരികൾ വാങ്ങി. എന്നിട്ടും ആഴ്ചക്കണക്കിൽ സെൻസെക്സ് 1.36 ശതമാനവും നിഫ്റ്റി 1.23 ശതമാനവും നഷ്ടപ്പെടുത്തി. സൂചികകൾ ബെയറിഷ് തിരികൾ രൂപപ്പെടുത്തിയാണ് ആഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചത്. താഴോട്ടു നീങ്ങാനുളള വഴികൾ മാത്രമാണു തൽക്കാലം മുന്നിൽ. വിദേശ പ്രവണതയും അങ്ങനെ തന്നെ. എന്നാൽ ബുള്ളുകൾ പ്രതീക്ഷ കൈ വിടുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിൽ നിന്ന് ഒരു ചെറിയ തിരിച്ചു കയറ്റം അവർ പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ വെളളിയാഴ്ച എല്ലാ വിപണികളിലും ചോരപ്പുഴയായിരുന്നു. യൂറോപ്യൻ വിപണികളിൽ ഒരു ശതമാനത്തിലധികം ഇടിവുണ്ടായി. യുഎസ് വിപണിയിൽ ഡൗ ജോൺസ് 0.85 ശതമാനവും നാസ്ഡാക് 0.97 ശതമാനവും താഴ്ന്നു. എന്നാൽ ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് 0.26 ശതമാനം വരെ ഉയർന്നിട്ടുണ്ട്.
ഇന്ന് ഏഷ്യൻ വിപണികൾ ഒരു ശതമാനത്തോളം താഴ്ചയിലാണ്. എന്നാൽ ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക ഒരു ശതമാനത്തിലധികം നേട്ടത്തിലാണ്. ഷാങ് ഹായിയിൽ സൂചിക താഴ്ന്നാണു തുടങ്ങിയത്.
സിംഗപ്പുർ എക്സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി വെള്ളിയാഴ്ച 18,316 - ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 18,382 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ തുടങ്ങുമെന്നാണു സൂചന.
വെള്ളിയാഴ്ച ഇന്ത്യൻ വിപണി താഴ്ന്നു തുടങ്ങിയിട്ടു കൂടുതൽ താഴ്ചയിൽ അവസാനിച്ചു. സെൻസെക്സ് 461.22 പോയിന്റ് (0.75%) ഇടിവിൽ 61,337.81 ലും നിഫ്റ്റി 145.9 പോയിന്റ് (0.79%) താഴ്ചയിൽ 18,269-ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.44 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.96 ശതമാനവും താഴ്ന്നാണ് അവസാനിച്ചത്.
ഐടി ഓഹരികൾ വെള്ളിയാഴ്ചയും തിന്നു. വാഹനങ്ങൾ, ക്യാപ്പിറ്റൽ ഗുഡ്സ് , ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യുറബിൾസ് തുടങ്ങിയവയും വലിയ താഴ്ചയിലായി.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 1975.44 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1542.5 കോടിയുടെ ഓഹരികൾ വിറ്റു.
നിഫ്റ്റി 18,100 -നു താഴെ പോയാൽ കൂടുതൽ താഴ്ചയാകും ഗതിയെന്നു വിശകലന വിദഗ്ധർ പറയുന്നു. 17,600 വരെ പോകാം എന്നാണു നിഗമനം. നിഫ്റ്റിക്ക് 18,245-ലും 18,130-ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 18,395 -ലും 18,505 -ലും തടസം നേരിടാം.
മാന്ദ്യ ഭീതിയിൽ ക്രൂഡ് ഓയിൽ വില കഴിഞ്ഞയാഴ്ച താഴ്ന്നു. വെള്ളിയാഴ്ച 79.04 ഡോളറിലാണു ബ്രെന്റ് ഇനം ക്രൂഡ് ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 80.34 ഡോളറിലേക്കു തിരിച്ചുകയറി.
വ്യാവസായിക ലോഹങ്ങൾ മിക്കതും വെള്ളിയാഴ്ച നല്ല താഴ്ചയിലായി. ചെമ്പ് 1.8 ശതമാനം താഴ്ന്ന് 8231 ഡോളറിലെത്തി. അലൂമിനിയം 2400 ഡോളറിനു താഴെയായി. സിങ്ക് അഞ്ചു ശതമാനത്തോളം വീഴ്ചയിലായി. ടിന്നും താണു. നിക്കൽ മാത്രം ഉയർന്നു. ഇന്നു പക്ഷേ വിപണി മനോഭാവം മാറാം.
സ്വർണം കാര്യമായ വ്യത്യാസമില്ലാതെയാണ് ആഴ്ച അവസാനിപ്പിച്ചത്. ഔൺസിന് 1793 - 1795 ഡോളറിൽ. ഇന്നു രാവിലെയും അതേ മേഖലയിലാണു വ്യാപാരം.
രൂപ കഴിഞ്ഞയാഴ്ച നഷ്ടത്തിൽ കലാശിച്ചു. ഡോളർ 82.87 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ കുറച്ചു കൂടി കരുത്തു കാണിക്കുമെന്നാണു സൂചന. ഡോളർ സൂചിക 104.7 ലാണ് അവസാനിച്ചത്. ഇന്ന് 104.5 - 104.8 മേഖലയിൽ സൂചിക കയറിയിറങ്ങി.
പ്രത്യക്ഷനികുതിയിൽ വലിയ വർധന
ഡിസംബർ 17 വരെയുള്ള പ്രത്യക്ഷനികുതി പിരിവിൽ 19.81 ശതമാനം വളർച്ച. കഴിഞ്ഞ വർഷം 9.48 ലക്ഷം കോടി രൂപ ലഭിച്ച സ്ഥാനത്ത് ഈ വർഷം 11.36 ലക്ഷം കോടി രൂപ. കമ്പനി നികുതിയിൽ 6.07 ലക്ഷം കോടിയും വ്യക്തിഗത ആദായ നികുതിയിൽ 5.26 ലക്ഷം കോടിയും ലഭിച്ചു.
ഈ വർഷം ബജറ്റിൽ കമ്പനി നികുതിയായി 7.2 ലക്ഷം കോടിയും ആദായനികുതിയായി ഏഴുലക്ഷം കോടിയും അടക്കം 14.2 ലക്ഷം കോടിയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ യഥാർഥ വരവ് ഈയിനങ്ങളിൽ മൊത്തം 14.1 ലക്ഷം കോടി രൂപയായിരുന്നു.. എന്നാൽ ബജറ്റ് തയാറാക്കിയപ്പോൾ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 2021 - 22-ൽ 12.5 ലക്ഷം കോടി രൂപ കിട്ടുമെന്നായിരുന്നു നിഗമനം. അതിൽ നിന്നു 13.6 ശതമാനം അധിക വരുമാനമാണു പ്രതീക്ഷിച്ചത്. അതേ അനുപാതത്തിൽ വർധിച്ചാൽ ഇക്കൊല്ലം പ്രത്യക്ഷനികുതി പിരിവ് 16 ലക്ഷം കോടി രൂപയാകണം. അതു സാധിച്ചേക്കുമെന്നാണു സൂചന.
പല ഇനങ്ങളും വലിയ അധികച്ചെലവ് ഉണ്ടായെങ്കിലും ബജറ്റിലെ ധനകമ്മി ലക്ഷ്യമിട്ട (ജിഡിപിയുടെ) 6.4 ശതമാനത്തിൽ നിർത്താൻ ഉയർന്ന നികുതി വരുമാനം സഹായിക്കും. ജിഎസ്ടി പിരിവിലും ഗണ്യമായ വർധനയുണ്ട്.