പടിഞ്ഞാറൻ കാറ്റിനു ദിശമാറ്റം; വീണ്ടും മാന്ദ്യഭീതി ഉയരുന്നു; ക്രൂഡ് ഓയിൽ ഇടിവിൽ; ഡോളറും സ്വർണവും ചാഞ്ചാടുന്നു
പുതുവർഷത്തിൽ ഇന്ത്യൻ വിപണി ആവേശത്തിനു തയാറായതു സാവധാനമാണ്. വിദേശ വിപണികൾ ശക്തമായി മുന്നേറുന്നു എന്നു കണ്ട ശേഷമാണ് ഇന്ത്യൻ സൂചികകൾ ഉയർച്ചയുടെ വഴിയിലായത്. ഇപ്പോൾ പാശ്ചാത്യ വിപണികൾ ചുവടു മാറ്റുന്നു. ഇന്ത്യൻ വിപണിയും മനോഭാവം മാറ്റുമോ എന്ന് ഇന്നും നാളെയും കൊണ്ട് അറിയാം.
പാശ്ചാത്യ വിപണികൾ ഇന്നലെ അപ്രതീക്ഷിതമായാണു താഴോട്ടു നീങ്ങിയത്. ഡിസംബറിലെ മൊത്തവില സൂചികയുടെ ചൊവ്വാഴ്ച വന്ന കണക്കിന്റെ പുതിയ വ്യാഖ്യാനവും റീട്ടെയിൽ വിൽപനയുടെ ഇന്നലെ വന്ന കണക്കും ചേർന്നാണു വിപണിയെ വീഴ്ത്തിയത്. മൊത്തവില സൂചിക 0.5 ശതമാനം താഴ്ന്നതും റീട്ടെയിൽ വിൽപന 1.1 ശതമാനം കുറഞ്ഞതും മാന്ദ്യത്തിലേക്കു നീങ്ങുന്നതിന്റെ തെളിവുകളായി വിപണി കണക്കാക്കി. ഡൗ ജോൺസ് 1.81 ഉം എസ് ആൻഡ് പി 1.56 ഉം നാസ് ഡാക് 1.24 ഉം ശതമാനം ഇടിഞ്ഞു. യൂറോപ്യൻ വിപണികളും ഇന്നലെ താഴ്ചയിലായി.
ക്രൂഡ് ഓയിലും കുത്തനേ താഴ്ന്നു. ഡോളർ സൂചിക 101 നു സമീപത്തു നിന്നു 102 നു മുകളിലെത്തി. ഇതെല്ലാം ഇന്ന് ഇന്ത്യൻ വിപണിയുടെ ഗതി മാറ്റുമോ എന്നാണറിയണ്ടേത്. അടുത്തയാഴ്ച മുഴുവൻ ചൈനയിൽ പുതു വർഷ അവധി ആകുന്നത് പല മേഖലകളിലും ഉൽപന്ന ലഭ്യത കുറയ്ക്കുമെന്ന ആശങ്കയും വിപണികളിൽ ഉണ്ട്.
ഓസ്ട്രേലിയൻ വിപണിയിൽ രാവിലെ തുടക്കം താഴ്ന്നായിരുന്നു. പിന്നീടു നേട്ടത്തിലായി. ഇന്നലെ രണ്ടര ശതമാനം കുതിച്ച ജപ്പാനിൽ ഇന്നു വിപണി ഒരു ശതമാനത്തിലധികം ഇടിഞ്ഞു. കൊറിയൻ വിപണി താഴ്ചയോടെ തുടങ്ങിയിട്ടു ചെറിയ നേട്ടത്തിലായി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,240-ൽ നിന്ന് 18,140 ലേക്കു താണു. ഇന്നു രാവിലെ സൂചിക 18,126 ലേക്കു വീണ്ടും താണു. ഇന്ത്യൻ വിപണി താഴ്ചയോടെയാകും വ്യാപാരം തുടങ്ങുക എന്നാണ് ഇതു നൽകുന്ന സൂചന.
ഇന്നലെ ഇന്ത്യൻ വിപണി ചാഞ്ചാട്ടത്തോടെ തുടങ്ങിയ ശേഷമാണ് നേട്ടത്തിലേക്കു കടന്നത്. സെൻസെക്സ് 390.02 പോയിന്റ് (0.64%) ഉയർന്ന് 61,045.74ലും നിഫ്റ്റി 112.05 പോയിന്റ് (0.62%) കയറി 18,165.3 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.52 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.06 ശതമാനവും ഉയർന്നു.
പൊതു മേഖലാ ബാങ്കുകളും വാഹനങ്ങളും ഓയിൽ - ഗ്യാസും ഒഴികെ എല്ലാ മേഖലകളും നേട്ടത്തിലാണ് അവസാനിച്ചത്. മെറ്റൽ കമ്പനികളാണു വലിയ നേട്ടം ഉണ്ടാക്കിയത്.
വിദേശ നിക്ഷേപകർ വീണ്ടും വിൽപനക്കാരായി. 319.27 കോടി രൂപയുടെ ഓഹരികളാണ് അവർ ക്യാഷ് വിപണിയിൽ വിറ്റത്. സ്വദേശി ഫണ്ടുകൾ 1225.96 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി നീണ്ട ബുള്ളിഷ് തിരി രൂപപ്പെടുത്തിയാണു ക്ലാേസ് ചെയ്തത്. കുതിപ്പ് തുടരുമെന്നാണു വിലയിരുത്തൽ. നിഫ്റ്റിക്ക് ഇന്ന് 18,070 ലും 17,975 ലും പിന്തുണയുണ്ട്. ഉയരുമ്പോൾ 18,185 ലും 18,280 ലും തടസങ്ങൾ ഉണ്ടാകാം.
ക്രൂഡ് ഓയിൽ വില ഇന്നലെ വലിയ ചാഞ്ചാട്ടം കാണിച്ചു. 85.92 ഡോളറിൽ നിന്നു ബ്രെന്റ് ഇനം ക്രൂഡ് 87.65 വരെ കയറിയിട്ടു കുത്തനേ ഇടിഞ്ഞു. 84.64 ഡോളറിൽ ഇന്നലെ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 84.17 ഡോളറിലേക്കു താഴ്ന്നു. മാന്ദ്യ ഭീതിയാണു വിലയിടിച്ചത്. ചൈനീസ് നവവത്സര അവധി കോവിഡ് വ്യാപനം കൂട്ടുമെന്നും അതു വ്യാവസായിക പ്രവർത്തനങ്ങൾ കുറയ്ക്കുമെന്നും ആശങ്കയുണ്ട്.
വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിലായിരുന്നു. പെറുവിലെയും മറ്റും പ്രശ്നങ്ങൾ ലഭ്യതയെ ബാധിക്കുമെന്നതു ചെമ്പുവില കുതിച്ചു കയറാൻ കാരണമായി. മൂന്നര ശതമാനത്തിലധികം കയറി 9435 ഡോളറിലായി ചെമ്പ്. അലൂമിനിയം വില നാമമാത്ര താഴ്ചയോടെ തുടർന്നു. നിക്കൽ, സിങ്ക്, ടിൻ എന്നിവ രണ്ടു മുതൽ നാലു വരെ ശതമാനം ഉയർന്നു.
സ്വർണം ഇന്നലെ വലിയ ചാഞ്ചാട്ടത്തിലായി. 1896 വരെ താഴ്ന്നിട്ട് 1926 ഡോളറിലേക്കു കുതിച്ചു കയറി. പിന്നീടു താഴ്ന്ന് 1904-1905 മേഖലയിൽ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ 1907-1908 ഡോളറിലേക്കു കയറിയിട്ട് 1903-1905 - ലേക്കു താഴ്ന്നാണു വ്യാപാരം. ഡോളർ സൂചികയിലെ ചാഞ്ചാട്ടമാണ് സ്വർണവിലയിൽ ദൃശ്യമായത്.
കേരളത്തിൽ സ്വർണം പവനു 160 രൂപ കുറഞ്ഞ് 41,600 രൂപയായി. രൂപ ഇന്നലെ കയറിയിറങ്ങിയിട്ട് ഒടുവിൽ നല്ല നേട്ടത്താേടെ ക്ലോസ് ചെയ്തു. ഡോളർ 52 പൈസ നഷ്ടത്തിൽ 81.24 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഡോളർ സൂചിക 101.23നും 102.6 നുമിടയിൽ കയറിയിറങ്ങി. 102.36 ൽ ക്ലോസ് ചെയ്തു. ഇന്നു സൂചിക 102.4 ലേക്കു കയറി.
ടെക് കമ്പനികൾ ആളെ കുറയ്ക്കുന്നു
ടെക്നോളജി മേഖലയിലെ കമ്പനികൾ ചെലവു ചുരുക്കൽ തുടരുകയാണ്. 10,000 ജീവനക്കാരെ ഒഴിവാക്കുമെന്നു മെെക്രാേസോഫ്റ്റ് അറിയിച്ചു. ജീവനക്കാരിൽ അഞ്ചു ശതമാനത്തെയാണ് അവർ കുറയ്ക്കുന്നത്. മെറ്റാ ഇതിനകം 11,000 പേരെ (13 ശതമാനം) കുറയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. ആമസാേൺ 18,000 പേരെ (1.2%) പിരിച്ചുവിടും. വലിയ കമ്പനികൾ ഈ തോതിൽ ആളെ കുറയ്ക്കുമ്പോൾ സ്റ്റാർട്ടപ്പുകളും ചെറു കമ്പനികളും കൂടിയ അനുപാതത്തിൽ ആൾക്കാരെ ഒഴിവാക്കുന്നുണ്ട്.