വിപണികളിൽ ചാഞ്ചാട്ടം; വിദേശ സൂചനകൾ ആവേശം നൽകുന്നില്ല; ഡോളർ കയറ്റത്തിൽ; പ്രെെകോൾ പിടിക്കാൻ ഡൽഹി കമ്പനി; അദാനി ഗ്രൂപ്പ് കഥ തീരുന്നില്ല

വിപണികൾ വാരാന്ത്യത്തിലെ ക്ഷീണത്തിൽ നിന്നു മുക്തരായിട്ടില്ല. ഏഷ്യൻ വിപണികൾ രാവിലെ ചാഞ്ചാട്ടത്തിലാണ്. ഡോളർ കരുത്താർജിക്കുന്നതും യുഎസ് വിപണിയിൽ വെള്ളിയാഴ്ച ഉണ്ടായ തകർച്ചയും ഇന്നു രാവിലെ വ്യാപാരത്തിൽ പ്രതിഫലിച്ചു.

അദാനി ഗ്രൂപ്പ് വിഷയത്തിൽ അമേരിക്കൻ സമ്പന്നൻ ജോർജ് സോറോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പ്രസ്താവന നടത്തിയതും അതിനോടു വിദേശകാര്യ മന്ത്രി അടക്കമുള്ളവർ പ്രതികരിച്ചതും ഈ വിഷയത്തിൽ ഇനിയും നാടകീയ സംഭവ വികാസങ്ങൾ പ്രതീക്ഷിക്കാം എന്നു സൂചിപ്പിക്കുന്നു.
വിപണികൾ
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച താഴ്ചയിലാണ് അവസാനിച്ചത്. തുടക്കത്തിലെ വലിയ താഴ്ചയിൽ നിന്നു കുറേ തിരിച്ചു കയറിയായിരുന്നു ക്ലോസിംഗ്.
യുഎസ് വിപണി തുടക്കം മുതൽ താഴ്ന്നു നിന്നിട്ട് മുഖ്യ സൂചികകൾ ഭിന്നദിശകളിലാണ് ക്ലോസ് ചെയ്തത്. ഡൗ ജോൺസ് സൂചിക 0.39 ശതമാനം ഉയർന്ന് അവസാനിച്ചു. എസ് ആൻഡ് പി 0.28 ശതമാനവും നാസ്ഡാക് 0.58 ശതമാനവും താഴ്ന്നു ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു വീണ്ടും താഴ്ചയിലാണ് . ഡൗ 0.14 ശതമാനവും നാസ്ഡാക് 0.28 ശതമാനവും താഴ്ന്നു.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ നഷ്ടത്തിലാണ് തുടങ്ങിയത്. യുഎസ് ഓഹരികൾ ഇടിഞ്ഞതിനാെപ്പം ഡോളർ കയറിയതും വിപണിക്കു പ്രശ്നമായി. ജപ്പാനിലെ നിക്കെെ തുടക്കത്തിൽ താണിട്ടു പിന്നീടു ചെറിയ നേട്ടത്തിലായി. കൊറിയയിലെ കോസ്പിയും താഴ്ന്നിട്ടു കയറി. ഓസ്ട്രേലിയൻ വിപണി അര ശതമാനം ഇടിഞ്ഞിട്ടു കയറിയെങ്കിലും വീണ്ടും താണു. എന്നാൽ ചൈനീസ് വിപണികൾ ഇന്നു നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെളളിയാഴ്ച 17,937 ൽ ക്ലാേസ് ചെയ്തു. രണ്ടാം സെഷനിൽ സൂചിക 17,994-ൽ അവസാനിച്ചു. ഇന്നു രാവിലെ സൂചിക 17,955 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു കാര്യമായ നേട്ടമില്ലാതെ വ്യാപാരം തുടങ്ങുമെന്നാണ് സൂചന.
സെൻസെക്സ്
ഇന്ത്യൻ വിപണി വെള്ളിയാഴ്ച വലിയ താഴ്ചയിൽ വ്യാപാരം ആരംഭിച്ചിട്ടു ക്രമമായി താഴ്ന്ന് ഒടുവിൽ കുറഞ്ഞ നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 60,810 വരെ താഴ്ന്നിട്ടു കുറേ തിരിച്ചു കയറി. നിഫ്റ്റിയും താഴ്ന്നു തുടങ്ങി. 17,884 വരെ ഇടിഞ്ഞ നിഫ്റ്റി കുറേ നഷ്ടം നികത്തിയാണു ക്ലോസ് ചെയ്തത്. സെൻസെക്സ് 316.94 പോയിന്റ് (0.52%) നഷ്ടത്തിൽ 61,002.57 ലും നിഫ്റ്റി 91.65 പോയിന്റ് (0.51%) ഇടിഞ്ഞ് 17,944.2 ലും ക്ലോസ് ചെയ്തു. ആഴ്ചയിൽ സെൻസെക്സിന് 319.9 പോയിന്റും (0.53%) നിഫ്റ്റിക്ക് 97.7 പോയിന്റും (0.49%) നേട്ടമുണ്ട്.
നിഫ്റ്റി
വെള്ളിയാഴ്ച മിഡ് ക്യാപ് സൂചിക 0.79 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.57 ശതമാനവും താഴ്ന്നു ക്ലോസ് ചെയ്തു. നിഫ്റ്റിക്ക് 17,895 ലും 17,805 ലും സപ്പോർട്ട് ഉണ്ട്. 18,010 ലും 18,105 ലും തടസങ്ങൾ നേരിടാം.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച വിൽപനക്കാരായി. 624.61 കോടിയുടെ ഓഹരികൾ അവർ വിറ്റു. സ്വദേശി ഫണ്ടുകൾ 85.29 കോടിയുടെ ഓഹരികൾ വിറ്റു. ആഴ്ച മുഴുവൻ എടുത്താൽ വിദേശികൾ കഴിഞ്ഞയാഴ്ച 7600 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു.
ക്രൂഡ് ഓയിൽ
ക്രൂഡ് ഓയിൽ വില ഗണ്യമായി താഴ്ന്നാണു വാരാന്ത്യത്തിൽ ക്ലോസ് ചെയ്തത്. ബ്രെന്റ് ഇനം രണ്ടര ശതമാനം കുറഞ്ഞ് 83 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ വില 83.19 ഡോളറിലേക്കു കയറി.
വ്യാവസായിക ലോഹങ്ങൾ ചെറിയ നഷ്ടത്തിലാണു വാരാന്ത്യത്തിലേക്കു നീങ്ങിയത്. ചെമ്പ് 8870 ഡോളർ ആയപ്പോൾ അലൂമിനിയം ഒരു ശതമാനം താഴ്ന്ന് 2382 ഡോളറിൽ എത്തി. നിക്കലും ടിന്നും നഷ്ടം കാണിച്ചപ്പോൾ സിങ്കും ലെഡും അൽപം ഉയർന്നു.
സ്വർണം ഇന്നലെ താഴ്ചയിൽ നിന്നു കയറി ക്ലോസ് ചെയ്തു. 1818 ഡോളർ വരെ താഴ്ന്നിട്ട് 1843-ലേക്കു കയറി വ്യാപാരം അവസാനിപ്പിച്ചു. ഇന്നു രാവിലെ 1841-1843 ഡോളറിലാണു സ്വർണം.
ഗോൾഡ്
കേരളത്തിൽ വെള്ളിയാഴ്ച പവനു 160 രൂപ കുറഞ്ഞ് 41,440 രൂപയായി. ശനിയാഴ്ച വില 320 രൂപ ഉയർന്ന് 41,760 ലെത്തി. രൂപയ്ക്ക് വെള്ളിയാഴ്ച തിരിച്ചടി നേരിട്ടു. ഡോളറിനു 13 പൈസ കൂടി 82.83 രൂപയായി. ഡോളർ സൂചിക 103.88 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക വീണ്ടും കയറി 104.06 ലെത്തി.
പ്രൈകോൾ കയ്യടക്കാൻ മിൻഡാ കോർപറേഷൻ
ഡൽഹി നോയിഡ ആസ്ഥാനമായുള്ള മിൻഡാ കോർപറേഷൻ കോയമ്പത്തൂർ ആസ്ഥാനമായുള്ള പ്രൈകോളിന്റെ 15.7 ശതമാനം ഓഹരി വാങ്ങി. വാഹനഘടക നിർമാണത്തിലുള്ള കമ്പനികളാണു രണ്ടും. പ്രൈകോളിനെ കൈയടക്കാനുള്ള നീക്കമായാണ് ഇതു കരുതപ്പെടുന്നത്. വെറും ധനകാര്യ താൽപര്യത്തിലുള്ള നിക്ഷേപം എന്നു മിൻഡാ അധികൃതർ പറഞ്ഞതിനെ ആരും മുഖവിലയ്ക്ക് എടുക്കുന്നില്ല. ഏറ്റെടുക്കലിനെ ചെറുക്കും എന്നു പ്രൈകോൾ മാനേജിംഗ് ഡയറക്ടർ വിക്രം മോഹൻ പറഞ്ഞു.
കഴിഞ്ഞ വർഷം 1555 കോടി വിറ്റുവരവാണു പ്രൈകോളിനുണ്ടായിരുന്നത്. മിൻഡായ്ക്ക് 3554 കോടിയും. പ്രൈകോളിന്റെ ഓഹരിയിൽ 36.53 ശതമാനമേ പ്രൊമോട്ടർമാരുടെ പക്കൽ ഉള്ളു. വിദേശനിക്ഷേപകരുടെ പക്കൽ 12.14 ശതമാനവും മ്യൂച്വൽ ഫണ്ടുകൾക്ക് 4.29 ശതമാനവും ഓഹരി ഉണ്ട്. എറ്റെടുക്കൽ അത്ര പ്രയാസമുള്ള കാര്യമല്ല. ഏതായാലും ഒരു നല്ല കോർപറേറ്റ് പോരാട്ടം പ്രതീക്ഷിക്കാം.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it