Begin typing your search above and press return to search.
കരടികളുടെ മുന്നേറ്റത്തെ ഭയപ്പെടാതെ കാളകൾ; ഏഷ്യൻ വിപണികൾ കയറ്റത്തിൽ; വളർച്ചാപ്രതീക്ഷ താഴ്ത്തി ഏജൻസികൾ
വീണ്ടും കരടികൾക്കു മേൽക്കൈ. ചൈനയിലെ കോവിഡ് വ്യാപനം തുടരുന്നതും അമേരിക്കയിലെ പലിശ വർധന നീണ്ടു നിൽക്കും എന്നതും വിപണികളെ താഴ്ചയിലേക്കു നയിച്ചു. ഇന്ത്യയും ഇക്കൊല്ലത്തെ ജിഡിപി വളർച്ച ഏഴു ശതമാനത്തിനു താഴെയാകുമെന്ന വിലയിരുത്തലും വിപണിമനോഭാവം വിപരീതമാകാൻ കാരണമാണ്. അഞ്ചു ലക്ഷം കോടി ഡോളറിൻ്റെ സമ്പദ്ഘടന 2026-27ലേ സാധ്യമാകൂ എന്നതും വിപണിയെ സഹായിക്കുന്നതല്ല. എങ്കിലും ഇതൊരു ഹ്രസ്വകാല നെഗറ്റീവ് മാത്രമാണെന്നും വീണ്ടും ഉയർച്ചയുടെ പാതയിലേക്കു സൂചികകൾ എത്തുന്നതിനു താമസമില്ലെന്നും കരുതുന്നവരാണ് ഏറെ. നിഫ്റ്റിക്കു 17,900-18,100 മേഖലയിൽ നിന്നു തിരിച്ചു കുതിക്കാനാകുമെന്ന് അവർ വിശ്വസിക്കുന്നു. ഇന്ന് ഏഷ്യൻ വിപണികൾ ഉണർവോടെ തുടങ്ങിയതും പ്രതീക്ഷ പകരുന്നു.
തിങ്കളാഴ്ച ഇന്ത്യൻ വിപണി ഒരു ശതമാനത്തോളം താഴ്ന്നെങ്കിലും ക്ലോസിംഗ് നഷ്ടം 0.84 ശതമാനം മാത്രമായിരുന്നു. യൂറോപ്യൻ വിപണികളും താഴ്ന്നു. യുഎസ് വിപണി ചാഞ്ചാട്ടങ്ങൾക്കു ശേഷം നഷ്ടത്തിൽ അവസാനിച്ചു. ടെക് ഓഹരികൾ അടങ്ങിയ നാസ്ഡാക് 1.1 ശതമാനം ഇടിഞ്ഞപ്പോൾ ഡൗ ജോൺസ് 0.13 ശതമാനമേ താഴ്ന്നുള്ളു. വാൾട്ട് ഡിസ്നി കമ്പനി സിഇഒയെ മാറ്റി പഴയ സിഇഒയെ നിയമിച്ചത് ഓഹരി കുതിക്കാൻ ഇടയാക്കിയതു മൂലമാണു ഡൗ ജോൺസ് സൂചികയിലെ നഷ്ടം കുറവായത്. യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്.
ജാപ്പനീസ് ഓഹരികൾ ഇന്നു നല്ല നേട്ടത്തോടെയാണു വ്യാപാരം തുടങ്ങിയത്. എന്നാൽ കഴിഞ്ഞ മാസം കയറ്റുമതിയിൽ തിരിച്ചടി നേരിട്ടതു ദക്ഷിണ കൊറിയൻ വിപണിയെ താഴോട്ടു വലിച്ചു.
ചൈനീസ് വിപണി ഇന്നു തുടക്കത്തിൽ നേട്ടം കാണിച്ചു. ബെയ്ജിംഗിൽ കോവിഡ് മൂലം ഒരാൾ മരിച്ചു. മാസങ്ങൾക്കു ശേഷമാണു കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചൈനയിലെ പല നഗരങ്ങളിലും രോഗബാധയെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,227-ൽ ക്ലോസ് ചെയതു. 18,164-18,273 മേഖലയിൽ കയറിയിറങ്ങിയ ശേഷമാണ് ഈ ക്ലോസിംഗ്. ഇന്നു രാവിലെ സൂചിക 18,258 ലേക്ക് കുതിച്ചു കയറി. ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
ആഗോള ആശങ്കകളുടെ ചുവടുപിടിച്ചാണ് ഇന്നലെ ഇന്ത്യൻ വിപണി താഴ്ചയിലേക്കു നീങ്ങിയത്. സെൻസെക്സ് ഇന്നലെ 518.64 പോയിൻ്റ് (0.84%) ഇടിഞ്ഞ് 61,144.84 ലും നിഫ്റ്റി 147.7 പോയിൻ്റ് (0.81%) താഴ്ന്ന് 18,159.95ലും ക്ലോസ് ചെയ്തു. മിസ് ക്യാപ് സൂചിക 0.05 ശതമാനം മാത്രം താണപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.24 ശതമാനം ഉയരുകയാണ് ചെയ്തത്.
വിദേശ നിക്ഷേപകർ ഇന്നലെ വലിയ തോതിൽ വിൽപനക്കാരായി. 1593.83 കോടി രൂപയുടെ ഓഹരികൾ അവർ വിറ്റു. സ്വദേശി ഫണ്ടുകൾ 1262.91 കോടിയുടെ ഓഹരികൾ വാങ്ങി. വിദേശികൾ മറ്റു രാജ്യങ്ങളിലേക്കു ശ്രദ്ധ തിരിക്കുന്നതായി സംസാരമുണ്ട്.
പൊതുമേഖലാ ബാങ്കുകളും കൺസ്യൂമർ ഡ്യുറബിൾസും മീഡിയയും ഒഴികെ എല്ലാ മേഖലകളും താഴ്ചയിലായിരുന്നു. ഐടിയും മെറ്റലും വാഹനങ്ങളും ഫാർമയും കൂടുതൽ നഷ്ടത്തിലായി.
ക്രൂഡ് ഓയിൽ വിപണിയിൽ ചാഞ്ചാട്ടം
ക്രൂഡ് ഓയിൽ വിപണി ഇന്നലെ ചാഞ്ചാടി. ക്രൂഡ് ഓയിൽ ഉൽപാദനം വർധിപ്പിക്കാൻ സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഒപെക് ആലോചന തുടങ്ങി എന്നു വോൾ സ്ട്രീറ്റ് ജേർണൽ ഇന്നലെ റിപ്പോർട്ട് ചെയ്തു. പ്രതിദിന ഉൽപാദനം അഞ്ചു ലക്ഷം വീപ്പ വർധിപ്പിക്കാൻ നീക്കം എന്നായിരുന്നു റിപ്പോർട്ട്. ഇതോടെ ബ്രെൻ്റ് ഇനം ക്രൂഡ് ഓയിലിൻ്റെ വില 87 ഡോളറിനു മുകളിൽ നിന്ന് 82 ഡോളറിലേക്കു വീണു. എന്നാൽ ഉൽപാദനം കൂട്ടൽ ചർച്ചയായിട്ടില്ലെന്നു സൗദി അറേബ്യയും യുഎഇയും വ്യക്തമാക്കിയതോടെ വില 87 ഡോളറിലേക്കു തിരിച്ചു കയറി. ഡിസംബർ നാലിനാണ് ഒപെകും ഒപെക് പ്ലസും ജനുവരിയിലെ ഉൽപാദനം തീരുമാനിക്കാൻ യോഗം ചേരുന്നത്.
ഇന്നു രാവിലെ 87.45 ഡോളറിലാണ് ബ്രെൻ്റ് ഇനം ക്രൂഡ് വ്യാപാരം തുടങ്ങിയത്. പിന്നീട് ഇറാൻ-ഇറാഖ് സംഘർഷത്തെ തുടർന്നു വില 87.9 ഡോളറിലേക്കു കയറി.
വടക്കൻ ഇറാഖിലെ കുർദ് മേഖലയിൽ ഇറാൻ ഇന്നലെ മിസൈൽ ആക്രമണം നടത്തി. ഇറാനിലെ ഹിജബ് വിരുദ്ധ പ്രകടനങ്ങൾക്ക് ഇറാഖ് സഹായം നൽകുന്നു എന്ന ധാരണയിലാണ് ഇർബിൽ, സുലൈമാനിയ നഗരങ്ങളിലെ ആക്രമണം. ഇറാഖിലേക്കു നേരിട്ടുള്ള സൈനിക നീക്കം ഉണ്ടാകുമെന്ന ആശങ്ക പ്രബലമാണ്. ഇറാനിലെ ഭരണകൂടത്തെ എതിർക്കുന്ന കുർദുകൾക്ക് ഇറാഖിലെ കുർദ് മേഖലയിൽ അഭയം നൽകിയിട്ടുണ്ട്.
വ്യാവസായിക ലോഹങ്ങൾ വീണ്ടും താഴ്ചയിലാണ്. ചെമ്പ് രണ്ടു ശതമാനം താണ് ടണ്ണിന് 7900 ഡോളർ ആയി. അലൂമിനിയം ഒന്നര ശതമാനം താണു. നിക്കൽ, ടിൻ, സിങ്ക്, ലെഡ് തുടങ്ങിയവയും താഴാേട്ടു നീങ്ങി. ചൈനയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതാണു വിപണിയെ നയിച്ച ഘടകം.
സ്വർണം താഴ്ചയിലാണ്. ഡോളർ സൂചിക ഉയർന്നതും പലിശവർധന തുടരുമെന്നതും വിലയെ വലിച്ചു താഴ്ത്തി. ഇന്നലെ 1732 - 1748 ഡോളറിലായിരുന്നു സ്വർണം. ഇന്നു രാവിലെ 1743-1745 ഡോളറിൽ വ്യാപാരം നടക്കുന്നു.
കേരളത്തിൽ ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 38,800 രൂപയായി.
വളർച്ചാപ്രതീക്ഷ താഴ്ത്തി മന്ത്രാലയവും ഏജൻസികളും
ഇക്കാെല്ലത്തെ വളർച്ചപ്രതീക്ഷ താഴ്ത്തിക്കൊണ്ടു റേറ്റിംഗ് ഏജൻസികളും മറ്റും റിപ്പോർട്ടുകൾ പുറത്തു വിടുന്നതിനിടെ ആശങ്കകൾ ശരിവച്ചു കൊണ്ട് ധനമന്ത്രാലയ ഉദ്യോഗസ്ഥർ പാർലമെൻ്ററി കമ്മിറ്റിക്കു മൊഴി നൽകി. ധനകാര്യ സ്ഥിരം കമ്മിറ്റിക്ക് മുൻപാകെ ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറി അജയ് സേഠും ചീഫ് ഇക്കണോമിക് അഡ്വൈസർ വി. അനന്തനാഗേശ്വരനും നീതി ആയോഗ് സിഇഒ പരമേശ്വരൻ അയ്യരും ആണു ഹാജരായത്.
2024-25-ൽ അഞ്ചു ലക്ഷം കോടി ജിഡിപി സാധ്യമാകില്ലെന്ന് അവർ പറഞ്ഞു. 2026-27 ആണു സാധ്യതയുള്ള വർഷം. ശരാശരി 6.5 ശതമാനം വാർഷിക വളർച്ച ഉണ്ടാവുകയും വിലക്കയറ്റം അഞ്ചു ശതമാനത്തിൽ താഴെയാവുകയും ചെയ്താലേ അതു നടക്കൂ എന്നും അവർ സമിതിയോടു പറഞ്ഞു. ഈ വർഷം 6.5 ശതമാനത്തിനും ഏഴു ശതമാനത്തിനും ഇടയിലാകും വളർച്ച എന്നാണ് അവർ സൂചിപ്പിച്ചത്. ഏഴു ശതമാനത്തിനു മുകളിൽ എന്നാണ് ഇതുവരെ ധനമന്ത്രിയും ഉദ്യാേഗസ്ഥരും പറഞ്ഞിരുന്നത്.
ഇക്കൊല്ലം ഇന്ത്യയുടെ ജിഡിപി വളർച്ചപ്രതീക്ഷ താഴ്ത്തി ഗോൾഡ്മാൻ സാക്സും നൊമൂറയും മൂഡീസും റിപ്പോർട്ട് പുറത്തുവിട്ടു. 2022-ൽ 6.9 ശതമാനം, 2023-ൽ 5.9 ശതമാനം എന്നതിലേക്കാണു ഗോൾഡ്മാൻ വളർച്ച നിഗമനം താഴ്ത്തിയത്. നൊമുറ ഇക്കൊല്ലം 7.2 ഉം 2023-ൽ 4.7 ഉം ശതമാനം വളർച്ച കാണുന്നു.
മൂഡീസ് ഇക്കൊല്ലത്തെ പ്രതീക്ഷ 7.7-ൽ നിന്ന് ഏഴു ശതമാനമാക്കി. 2023-ലെ പ്രതീക്ഷ 4.8 ശതമാനമായി കുറച്ചു.
Next Story
Videos