ഫെഡ് തീരുമാനം ബാങ്കുകളെപ്പറ്റി ആശങ്ക വളര്‍ത്തി; സൂചികകള്‍ ഇടിഞ്ഞു; ഏഷ്യന്‍ വിപണികള്‍ താഴ്ചയില്‍
യുഎസ് ഫെഡ് പലിശ കൂട്ടി. ഒരു തവണ കൂടി കൂട്ടുമെന്നും നിരക്ക് കുറയ്ക്കല്‍ ഇക്കൊല്ലം ഇല്ലെന്നും പറഞ്ഞു. വീണ്ടും ബാങ്കുകള്‍ തകരുമെന്ന ഭീതിയാണ് ഇതേ തുടര്‍ന്ന് ഉണ്ടായത്. യുഎസ് ഓഹരി സൂചികകള്‍ കുത്തനേ ഇടിഞ്ഞു. ഏഷ്യന്‍ - ഓസീസ് വിപണികളും താഴ്ചയില്‍ വ്യാപാരം തുടങ്ങി. സ്വര്‍ണവില കുതിച്ചു കയറി. ഡോളറിനു വില താഴ്ന്നു. ക്രൂഡ് ഓയില്‍ വില കുതിച്ചു.
വിപണികൾ
വിപണികളില്‍ ആശങ്ക വളരുകയാണ്. ഇടത്തരം യുഎസ് ബാങ്കുകള്‍ പലതും തകര്‍ച്ച മുന്നില്‍ കാണുന്നു. എന്നാല്‍ ബാങ്ക് മേഖല ഭദ്രമാണെന്നാണു ഫെഡ് വിലയിരുത്തിയത്.
ഇന്നലെ യുഎസ് വിപണികള്‍ നേരിയ നേട്ടത്തില്‍ തുടങ്ങിയിട്ടു വലിയ താഴ്ചയില്‍ ക്ലോസ് ചെയ്തു. ഡൗ ജോണ്‍സ് 1.63 ശതമാനവും. എസ് ആന്‍ഡ് പി 1.65 ശതമാനവും നാസ്ഡാക് 1.6 ശതമാനവും ഇടിഞ്ഞു. ഫെഡ് തീരുമാനത്തിനു ശേഷമായിരുന്നു ഇടിവ്.
ഫ്യൂച്ചേഴ്‌സില്‍ ഡൗ 0.21 ഉം എസ് ആന്‍ഡ് പി 0.17 ഉം നാസ്ഡാക് 0.14 ഉം ശതമാനം ഉയര്‍ന്നാണു നില്‍ക്കുന്നത്. ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ ഇടിവിലാണ്. ജാപ്പനീസ് വിപണി മുക്കാല്‍ ശതമാനം താഴ്ന്നു. കൊറിയന്‍ വിപണി അര ശതമാനം താഴ്ചയില്‍ വ്യാപാരം തുടങ്ങി. ഓസ്‌ട്രേലിയന്‍ വിപണി മുക്കാല്‍ ശതമാനം താഴ്ന്നു.
ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 1.5 ശതമാനവും ഷാങ്ഹായ് സൂചിക 0.25 ശതമാനവും നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു.
സിംഗപ്പുര്‍ എക്‌സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ എസ്ജിഎക്‌സ് നിഫ്റ്റി ബുധനാഴ്ച ഒന്നാം സെഷനില്‍ 17,158 ല്‍ ക്ലോസ് ചെയ്തു. രണ്ടാം സെഷനില്‍ 17,087 ലേക്ക് ഇടിഞ്ഞു. ഇന്നു രാവിലെ സൂചിക 17,118 ലേക്കു കയറി. പിന്നീടു താണു. ഇന്ത്യന്‍ വിപണി താഴ്ന്നു വ്യാപാരം തുടങ്ങുമെന്നാണു സൂചന.
ഇന്ത്യന്‍ വിപണി
തിങ്കളാഴ്ച ഇന്ത്യന്‍ വിപണി ഗണ്യമായി ഉയര്‍ന്നാണു വ്യാപാരം തുടങ്ങിയത്. വീണ്ടും കൂടുതല്‍ കയറി. പക്ഷേ താമസിയാതെ താഴ്ന്നു. പിന്നീടു സൂചികകള്‍ ചെറിയ മേഖലയില്‍ കയറ്റിറക്കമായിരുന്നു. സെന്‍സെക്‌സ് 139.91 പോയിന്റ് (0.24%) ഉയര്‍ന്ന് 58,214.59 ലും നിഫ്റ്റി 44.40 പോയിന്റ് (0. 26%) കയറി 17,151.90 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.18 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.54 ശതമാനവും കയറിയാണു വ്യാപാരം അവസാനിച്ചത്.
വിപണി പുള്‍ ബായ്ക്ക് റാലിക്കുള്ള നീക്കം രണ്ടു ദിവസമായി നടത്തുന്നുണ്ടെങ്കിലും നിര്‍ണായക തടസ മേഖലകള്‍ കടന്നിട്ടില്ലെന്നു വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിഫ്റ്റിക്ക് 17,120 ലും 17,045 ലും ആണു സപ്പോര്‍ട്ട്. 17,195 ലും 17,255 ലും തടസങ്ങള്‍ ഉണ്ടാകാം.
ശോഭ ഡവലപ്പേഴ്‌സിന്റെ ഓഹരി ഇടിഞ്ഞു
വിദേശനിക്ഷേപകര്‍ ഇന്നലെ 61.72 കോടിയുടെ ഓഹരികള്‍ വാങ്ങി. മാര്‍ച്ച് എട്ടിനു ശേഷം ആദ്യമായാണു വിദേശികള്‍ വാങ്ങലുകാരായത്. സ്വദേശി ഫണ്ടുകള്‍ 383.51 കോടി രൂപയുടെ ഓഹരികളും വാങ്ങി.
ഇമാമി ലിമിറ്റഡ് ഓഹരികള്‍ തിരിച്ചു വാങ്ങുന്നതു തീരുമാനിക്കാന്‍ നാളെ ബോര്‍ഡ് യോഗം ചേരുമെന്ന അറിയിപ്പ് ഓഹരി വില എട്ടു ശതമാനം വരെ കയറ്റി.
ശോഭ ഡവലപ്പേഴ്‌സിന്റെ ഓഫീസുകളില്‍ ആദായ നികുതി പരിശോധന നടത്തിയത് ഓഹരി വില 17 ശതമാനം വരെ താഴാന്‍ ഇടയാക്കി.
ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ന്നു
ബ്രെന്റ് ഇനം ക്രൂഡ് രണ്ടു ശതമാനം കയറി 75.79 ഡോളറിലെത്തി. ഇന്നു രാവിലെ വീണ്ടുമുയര്‍ന്ന് 76.32 ഡോളറിലെത്തി. വ്യാവസായിക ലോഹങ്ങള്‍ ഭിന്ന ദിശകളില്‍ നീങ്ങി. എങ്കിലും പ്രധാന ലോഹങ്ങള്‍ ഗണ്യമായി ഉയര്‍ന്നു. ചെമ്പ് 1.36 ശതമാനം കയറി 8880 ഡോളറില്‍ എത്തി. അലൂമിനിയം 0.91 ശതമാനം കൂടി 2289 ഡോളറിലായി. സിങ്കും നിക്കലും താഴ്ന്നപ്പോള്‍ ടിന്നും ലെഡും ഉയര്‍ന്നു.
സ്വര്‍ണവില ഇന്നലെ വലിയ ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം ഉയര്‍ന്നു ക്ലോസ് ചെ യ്തു. 1935 ല്‍ നിന്ന് കയറി 1949 -1951 ഡോളറില്‍ എത്തിയ ശേഷമായിരുന്നു ഫെഡ് നയപ്രഖ്യാപനം. തുടര്‍ന്ന് കുതിച്ച് 1978 വരെ കയറിയിട്ടു താണു. ഇന്നു രാവിലെ 1968-1970 ഡോളറില്‍ വ്യാപാരം നടക്കുന്നു.
കേരളത്തില്‍ ഇന്നലെ പവന് 640 രൂപ ഇടിഞ്ഞ് 43,360 രൂപയായി. ഡോളര്‍ നിരക്ക് അധികം ഇടിയുന്നില്ലെങ്കില്‍ ഇന്നു കേരളത്തില്‍ വില കൂടാം. ക്രിപ്‌റ്റോ കറന്‍സികള്‍ താഴ്ന്നു. ബിറ്റ് കോയിന്‍ 27,500 ഡോളറിനു താഴെയായി.
ഫെഡ് തീരുമാനത്തെ തുടര്‍ന്ന് ഡോളര്‍ സൂചിക ഇന്നലെ കയറ്റിറക്കങ്ങള്‍ക്കു ശേഷം 102.53ല്‍ അവസാനിച്ചു. തലേന്ന് 103.26 ലായിരുന്നു. ഇന്നു രാവിലെ 102.25 ലേക്കു താണു. യൂറോ 1.088 ഡോളറിലേക്കു കയറി.
ഫെഡ് തീരുമാനം പ്രതീക്ഷ പോലെ, വിശദീകരണം അപ്രതീക്ഷിതം
യുഎസ് ഫെഡ് പലിശ നിരക്ക് 4.5 - 4.75 ശതമാനത്തില്‍ നിന്ന് 4.75 - 5.00 ശതമാനത്തിലേക്കു കൂട്ടിയതു വിപണി പ്രതീക്ഷിച്ചതു തന്നെയാണ്. എന്നാല്‍ വിപണി കണക്കാക്കിയ മറ്റു കാര്യങ്ങള്‍ ഉണ്ടായില്ല. പലിശ കൂട്ടല്‍ നയം മാറ്റി കുറയ്ക്കലിലേക്കു താമസിയാതെ ഫെഡ് മാറുമെന്ന പ്രഖ്യാപനമാണു വിപണി ആഗഹിച്ചത്. അതുണ്ടായില്ല. എന്നു മാത്രമല്ല ഇനിയും നിരക്ക് കൂട്ടുമെന്നും ഈ വര്‍ഷം നിരക്കു കുറയ്ക്കുന്നത് ആലോചനയില്‍ ഇല്ലെന്നും ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കുകയും ചെയ്തു.
ഫെഡ് തീരുമാനം പുറത്തുവിട്ട പത്രക്കുറിപ്പില്‍ ഒരു തവണ കൂടി നിരക്ക് കൂട്ടുമെന്ന സൂചന ഉണ്ടായിരുന്നു. അതു വിപണി പ്രതീക്ഷിച്ചതുമാണ്. പക്ഷേ പിന്നീട് പവല്‍ മാധ്യമങ്ങളോടു സംസാരിച്ചപ്പോള്‍ നിരക്ക് കുറയ്ക്കല്‍ അജന്‍ഡയില്‍ വന്നിട്ടില്ലെന്നു തുറന്നടിച്ചു. ഇതിനിടെ ബാങ്കുകളുടെ
ഇന്‍ഷ്വറന്‍സ് എല്ലാ നിക്ഷേപങ്ങള്‍ക്കും വ്യാപിപ്പിക്കില്ലെന്നു ട്രഷറി സെക്രട്ടറി കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പറഞ്ഞതും അറിവായി. ഇതാേടെ ബാങ്ക് ഓഹരികളുടെ ഇടിവ് തുടങ്ങി. മുഖ്യ സൂചികകള്‍ ഒന്നര ശതമാനത്തിലധികം വീണു.
ഒരു തവണ കൂടി ഫെഡ് ഫണ്ട്‌സ് റേറ്റ് വര്‍ധിപ്പിക്കുമ്പോള്‍ കുറഞ്ഞ പലിശ 5.00 - 5.25 ശതമാനമാകും. ഫെഡ് പുറത്തുവിട്ട ഡോട് പ്ലോട്ടില്‍ 5.1 ശതമാനമാണ് 2023 ലെ ഉയര്‍ന്ന പലിശയായി കാണിച്ചിട്ടുള്ളത്. മേയിലെ എഫ്ഒഎംസി യോഗത്തില്‍ ആ വര്‍ധന പ്രതീക്ഷിക്കുന്നു.
ഇടത്തരം ബാങ്കുകള്‍ക്കു ഫെഡ് നയം തിരിച്ചടി
ഫെഡ് തീരുമാനം യുഎസിലെ ഇടത്തരം ബാങ്കുകളില്‍ ചിലതിനെയെങ്കിലും തകര്‍ച്ചയിലേക്കു നയിക്കും എന്നു പലരും ഭയപ്പെടുന്നുണ്ട്. ഇന്നലെ ഇടത്തരം ബാങ്കുകളുടെ ഓഹരികള്‍ക്കു വലിയ ഇടിവാണുണ്ടായത്. വമ്പന്‍ ബാങ്കുകള്‍ മൂന്നു ശതമാനത്തിലധികം താഴുകയും ചെയ്തു. ബാങ്കുകളുടെ പക്കലുള്ള സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ വില ഇടിയുന്നതാണു പ്രശ്‌നം.
സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ നിലനിര്‍ത്താന്‍ ജെപി മോര്‍ഗന്‍ ചേയ്‌സിന്റെ മേധാവി ജെയ്മീ ഡിമണ്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നതിനിടയിലാണു നയപരമായ തിരിച്ചടി. ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ വഴി തേടി ഡിമണ്‍ വാഷിംഗ്ടണിലെ ഉന്നതരുമായി ചര്‍ച്ച നടത്തി. നിക്ഷേപ സുരക്ഷ ഉറപ്പില്ലാതെ ബാങ്ക് വാങ്ങാന്‍ ആരും തയാറില്ല.
ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ നില അപായകരം
ബാങ്കുകളിലെ ഇന്‍ഷ്വര്‍ ചെയ്യാത്ത നിക്ഷേപങ്ങള്‍ക്കും സംരക്ഷണം നല്‍കണമെന്ന ആവശ്യം യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് എലന്‍ നിരാകരിച്ചത് ബാങ്ക് ഓഹരികള്‍ ഇടിയാന്‍ കാരണമായി. ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് 15.5 ഉം പാക് വെസ്റ്റ് ബാങ്കോര്‍പ് 17 ഉം ശതമാനം വീണു. വെസ്റ്റേണ്‍ അലയന്‍സ്, റീജിയണ്‍സ് ഫിനാന്‍ഷ്യല്‍, സയണ്‍സ് ബാങ്കാേര്‍പ് തുടങ്ങിയ ഇടത്തരം ബാങ്കുകളും ഇടിഞ്ഞു. ജെപി മോര്‍ഗന്‍ ചേയ്‌സ്, സിറ്റി ഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക, വെല്‍സ് ഫാര്‍ഗോ തുടങ്ങിയ വന്‍കിട ബാങ്കുകള്‍ മൂന്നു ശതമാനം താഴ്ചയിലായി.
ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ നില അപായകരമാണെന്നു ബ്രാേക്കറേജുകള്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്കിന്റെ പക്കലുള്ള ട്രഷറി ബോണ്ടുകളുടെ നഷ്ടത്തിന് 2680 കോടി ഡോളര്‍ കരുതല്‍ വേണ്ടി വരും. പുറമേ 950 കോടി ഡോളര്‍ മൂലധനമായും വേണം. ഇനിയും പലിശ കൂടുന്നതിനാല്‍ കാലാവധിയില്‍ വില്‍ക്കാന്‍ കണക്കാക്കിയിട്ടുള്ള ബോണ്ടുകളിലടക്കം നഷ്ടം വര്‍ധിക്കും. ഇപ്പോള്‍ 13 ഡോളര്‍ വിലയുള്ള ഫസ്റ്റ് റിപ്പബ്ലിക്കിന്റെ ഓഹരി ഈ സാഹചര്യത്തില്‍ ഒരു ഡോളറിലേക്കു പതിക്കും എന്നാണു 6 മാേര്‍ഗന്‍ സ്റ്റാന്‍ലിയിലെ വിശകലനക്കാര്‍ പറയുന്നത്