അദാനിയിലെ എൽഐസി നിക്ഷേപം നഷ്ടത്തിലാകുമോ? സീ എന്റർടെയ്ൻമെന്റിന്റെ ഭാവി എന്ത്? വിപണിയിൽ വീണ്ടും താഴ്ച
അദാനി ഗ്രൂപ്പിലെ എൽഐസി നിക്ഷേപം നഷ്ടത്തിലാകുമോ?
അദാനി ഗ്രൂപ്പ് കമ്പനികൾ ഇന്നലെയും താഴ്ചയിലായിരുന്നു. അംബുജ സിമന്റ്സും അദാനി പോർട്സും ഒഴികെ ഗ്രൂപ്പ് കമ്പനികളെല്ലാം നഷ്ടത്തിൽ ക്ലോസ് ചെയ്തു. ജനുവരി 24-നു ശേഷം ഗ്രൂപ്പിന്റെ വിപണിമൂല്യത്തിൽ 11.8 ലക്ഷം കോടി രൂപ (14,200 കോടി ഡോളർ) യുടെ ഇടിവ് ഉണ്ടായി. 61.6 ശതമാനം നഷ്ടം.
അദാനി ഗ്രൂപ്പിലെ എൽഐസി. നിക്ഷേപങ്ങൾ നഷ്ടത്തിലേക്കു നീങ്ങുന്നതിന്റെ സൂചനകളാണു ലഭിക്കുന്നത്. എൽഐസി 30,127 കോടി രൂപയുടെ നിക്ഷേപമാണു വിവിധ കമ്പനികളിലായി നടത്തിയിട്ടുള്ളത്. കഴിഞ്ഞ ഡിസംബർ അവസാനം ഇവയുടെ വിപണിവില 86,000 കോടിയിലധികം രൂപയായിരുന്നു. ലാഭം 56,000 കോടി.
വിവാദങ്ങൾ ഉയരുകയും വിപണിയിൽ അദാനി ഓഹരികൾ ഇടിയുകയും ചെയ്തപ്പോൾ ജനുവരി 30 - ന് എൽഐസി ഇറക്കിയ പ്രസ്താവന അനുസരിച്ച് അന്നുള്ള നിക്ഷേപലാഭം 26,435 കോടി രൂപയായിരുന്നു. മാെത്തം വിപണിവില 56,562 കോടി. ഡിസംബറിനെ അപേക്ഷിച്ച് ഇതു 30,000 കാേടി കുറവാണെന്നു പ്രസ്താവനയിൽ പറഞ്ഞില്ല.
ഇപ്പോൾ അദാനി ഗ്രൂപ്പിലെ എൽഐസിയുടെ നിക്ഷേപങ്ങൾക്ക് വീണ്ടും വിലയിടിഞ്ഞു. ഫെബ്രുവരി 23 - ലെ വില വച്ച് ആ നിക്ഷേപങ്ങളുടെ വിപണിവില 33,686 കോടി രൂപ. 3559 കോടി മാത്രമാണു നിക്ഷേപത്തിന്റെ "''കടലാസ്" ലാഭം. ഓഹരിവിലകൾ അൽപം കൂടി താഴ്ന്നാൽ പഴയ നിക്ഷേപത്തിന്റെയത്ര വില പോലും ഇല്ലാതാകും.
നിക്ഷേപത്തിന്റെ വിപണിവില അസാധാരണമായി താണാൽ വിറ്റൊഴിയുകയാേ പിന്നീടു കയറുമെന്ന് ഉറപ്പുണ്ടെങ്കിൽ താഴ്ന്ന വിലയ്ക്കു കൂടുതൽ വാങ്ങി "ആവരേജ് " ചെയ്യുകയോ ആണു പതിവ്. എൽഐസി ഇതിലൊന്നും ചെയ്യുന്ന സൂചനയില്ല. തങ്ങളുടെ വലിയ നിക്ഷേപ ആസ്തിയിൽ തീരെ ചെറിയ ഭാഗമേ അദാനി ഗ്രൂപ്പിൽ ഉള്ളൂ എന്ന ഒഴുക്കൻ വിശദീകരണമാണ് എൽഐസി നൽകുന്നത്.
സീയിൽ സംഭവിക്കുന്നത്
സീ എന്റർടെയ്ൻമെന്റിന് എതിരേ ഇൻഡസ് ഇൻഡ് ബാങ്ക് നൽകിയ പാപ്പർ ഹർജി സ്വീകരിച്ച കമ്പനി നിയമ ട്രെെബ്യൂണൽ നടപടിക്കെതിരേ അപ്പലേറ്റ്
ട്രൈബ്യൂണലിൽ മാനേജിംഗ് ഡയറക്ടർ പുനീത് ഗോയങ്ക നൽകിയ ഹർജി ഇന്നു പരിഗണിക്കും. ബാങ്കിന്റെ ഹർജി സ്വീകരിച്ച് നടപടികൾക്ക് ഉത്തരവിട്ടതോടെ ഡയറക്ടർ ബോർഡ് ഇല്ലാതായി. അതിനാൽ ഗോയങ്ക വ്യക്തിപരമായാണു ഹർജി നൽകിയത്.
സീയുടെ ഭാഗമായ സിറ്റി കേബിൾ 95 കോടി രൂപയുടെ മുടക്കം വരുത്തി എന്നു കാണിച്ചാണു ബാങ്ക് പാപ്പർ നടപടിക്കു മുതിർന്നത്. സീയും സോണി പിക്ചേഴ്സും (ഇപ്പോൾ കൾവർ മാക്സ് എന്റർടെയ്ൻമെന്റ് ) തമ്മിലുള്ള ലയനം തടസപ്പെടുന്ന വിധമാണു കാര്യങ്ങൾ പോകുന്നത്. നേരത്തേ സീയിൽ ഉണ്ടായിരുന്ന ആഭ്യന്തര പ്രശ്നങ്ങളുടെ തുടർച്ചയാകാം ഇതെന്നു കരുതപ്പെടുന്നു. കഴിഞ്ഞ പാദത്തിൽ ലാഭത്തിലായ സീ യുടെ ഓഹരി വില ഇന്നലെ 14 ശതമാനം വരെ ഇടിഞ്ഞു. പിന്നീടു നഷ്ടം കുറച്ചു ക്ലോസ് ചെയ്തു.
വിപണി പ്രതീക്ഷ
ഇടിവ് തുടർന്നു. വിപണി കരടികളുടെ നിയന്ത്രണത്തിൽ ആണെന്ന ധാരണ പരന്നു. എങ്കിലും തിരിച്ചു കയറ്റത്തിന്റെ സാധ്യത പലരും കാണുന്നുണ്ട്. ഇന്നലെ പാശ്ചാത്യ വിപണികൾ തകർച്ചയിൽ നിന്നു കയറി നേട്ടത്തിൽ ക്ലോസ് ചെയ്തത് പ്രതീക്ഷ വളർത്തുന്നു. ഏഷ്യൻ വിപണികൾ നേട്ടത്തിൽ വ്യാപാരം തുടങ്ങിയതു നല്ല സൂചനയാണ്.
പലിശ വർധിക്കുമെന്നതും യുക്രെയ്ൻ സംഘർഷവും ഒക്കെ വിപണിയുടെ ആശങ്കകളായി തുടരുന്നു. തുടർച്ചയായ വീഴ്ചകൾക്കു വിരാമമിട്ടാണ് അമേരിക്കൻ വിപണി ഇന്നലെ ഉയർന്നു ക്ലോസ് ചെയ്തത്. ഡൗ ജോൺസ് 0.33% കയറിയപ്പാേൾ എസ് ആൻഡ് പി 0.53 ശതമാനം നേട്ടത്തിലായി. നാസ് ഡാക് 0.72 ശതമാനം കയറി. തുടക്കത്തിൽ നല്ല ഉയർച്ച കാണിച്ച ശേഷം കുത്തനേ താഴ്ന്നിട്ടാണു സൂചികകൾ ഉയർന്നു ക്ലോസ് ചെയ്തത്.
പ്രധാന വിപണികൾ
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഫ്യൂച്ചേഴ്സിൽ ഡൗ 0.11 ശതമാനം വീണപ്പോൾ നാസ്ഡാക് 0.29 ശതമാനം താണു. ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ഉയർന്നു വ്യാപാരം തുടങ്ങി. ജപ്പാനിലും കൊറിയയിലും തായ് വാനിലും ഓഹരികൾ നല്ല നേട്ടത്തിലാണ്. ചെെനയിലെ ഷാങ്ഹായ് സൂചിക ചെറിയ താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വ്യാഴാഴ്ച 17,591 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 17,634 ലേക്കു കയറി. ഇന്നു രാവിലെ സൂചിക 17,650 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് സൂചന.
ഇന്ത്യൻ വിപണി ഇന്നലെ ചാഞ്ചാട്ടത്തിലായിരുന്നു. നേട്ടത്തിൽ തുടങ്ങിയ വ്യാപാരം താമസിയാതെ നഷ്ടത്തിലായി. വീണ്ടും കയറി, താണു. ഒടുവിൽ ചെറിയ നഷ്ടത്തിൽ വ്യാപാരം അവസാനിക്കുമ്പോൾ തുടർച്ചയായ അഞ്ചു ദിവസത്തെ താഴ്ചയായി. കഴിഞ്ഞ ജൂണിനു ശേഷം ആദ്യമാണ് അഞ്ചു ദിവസം തുടരെ വിപണി താഴുന്നത്. സെൻസെക്സ് 139.18 പോയിന്റ് (0.23%) താണ് 59, 605.8ലും നിഫ്റ്റി 43.5 പോയിന്റ് (0.25%) കുറഞ്ഞ് 17,511.25 ലും ക്ലോസ് ചെയ്തു.
മെറ്റലും എഫ്എംസിജിയും ഒഴികെ എല്ലാ വ്യവസായ മേഖലകളും ക്ഷീണത്തിലായി. പിഎസ് യു ബാങ്കുകൾ നേട്ടത്തിലാണ് അവസാനിച്ചതെങ്കിലും പല വലിയ ബാങ്കുകളും താഴ്ന്നു നിന്നു. ഐടി തുടക്കത്തിലെ നേട്ടം നിലനിർത്തിയില്ല. റിയൽ എസ്റ്റേറ്റും ഓയിൽ - ഗ്യാസും വലിയ ക്ഷീണം നേരിട്ടു. മിഡ് ക്യാപ് സൂചിക 0.15 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.08 ശതമാനവും താഴ്ന്നു ക്ലോസ് ചെയ്തു.
വിപണി ബെയറിഷ് കാഴ്ചപ്പാട് മാറ്റിയിട്ടില്ല
ബെയറിഷ് കാഴ്ചപ്പാട് മാറിയിട്ടില്ലെങ്കിലും 17,400 - 17,300 സപ്പോർട്ട് മേഖലയിൽ നിന്നു തിരിച്ചു കയറ്റത്തിനുള്ള പിന്തുണ കിട്ടുമെന്നാണു പ്രതീക്ഷ. ഇന്നു നിഫ്റ്റിക്ക് 17,465ലും 17,365 ലും സപ്പോർട്ട് ഉണ്ട്. 17,590 ലും 17,695 ലും തടസങ്ങൾ നേരിടാം.
വിദേശനിക്ഷേപകർ ഇന്നലെ വിൽപനയുടെ തോതു കൂട്ടി. 1417.24 കോടിയുടെ ഓഹരികൾ അവർ വിറ്റു. സ്വദേശി ഫണ്ടുകൾ 1586.06 കോടിയുടെ ഓഹരികൾ വാങ്ങി..
ക്രൂഡ് ഓയിൽ വില വീണ്ടും കയറി. 80 ഡോളറിലേക്കു നീങ്ങിയിരുന്ന ബ്രെന്റ് ഇനം വില 82 ഡോളറിനു മുകളിലേക്കു കടന്നു. ഇന്നു രാവിലെ വില 82.83 ഡോളറിലേക്കു കയറി. ആഗോള ഇന്ധനഡിമാൻഡിൽ കാര്യമായ കുറവ് വരില്ലെന്ന നിലപാടിലേക്കു വിപണി മാറി.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ താഴാേട്ടു നീങ്ങി. പലിശ വർധന വ്യാവസായിക ഡിമാൻഡ് കുറയ്ക്കുമെന്നാണു പുതിയ നിഗമനം. ചെമ്പ് 0.67 ശതമാനം താണ് ടണ്ണിന് 9059 ഡോളറിലായി. അലൂമിനിയം 0.9% കുറഞ്ഞ് 2396 ടണ്ണിൽ എത്തി. സിങ്ക്, നിക്കൽ, ലെഡ്, ടിൻ തുടങ്ങിയവ ഒന്നു മുതൽ നാലുവരെ ശതമാനം താഴ്ചയിലായി.
സ്വർണം ചെറിയ മേഖലയിൽ കയറിയിറങ്ങിയിട്ടു താണു. 1816-1834 ഡോളറിനിടയിലായിരുന്നു കയറ്റിറക്കം. 1821 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നു രാവിലെ 1825-1826 ഡോളറിലാണു സ്വർണം. കേരളത്തിൽ ഇന്നലെ പവന് 160 രൂപ കുറഞ്ഞ് 41,440 രൂപയായി.
രൂപ ഇന്നലെ നേട്ടമുണ്ടാക്കി. ഡോളർ 12 പൈസ കുറഞ്ഞ് 82.73 രൂപയിലെത്തി. ഡോളർ സൂചിക 104.60 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.54 ലേക്കു താണു.