ബജറ്റിലേക്ക് ഉണർവോടെ; അനുകൂല കാറ്റിൽ വിപണി; ക്രൂഡ് ഓയിലും സ്വർണവും ഉയരുന്നു; ഐടിയും ധനകാര്യവും വിട്ട് വിദേശികൾ

ബജറ്റിന്റെ തലേ ആഴ്ച നല്ല തുടക്കം കുറിച്ചു. ലോക വിപണികളും നേട്ടത്തോടെ നീങ്ങി. അടുത്തയാഴ്ചത്തെ ചെറിയ വർധനവിനു ശേഷം പലിശ കൂട്ടലിന് യുഎസ് ഫെഡ് ചെറിയ അവധി കൊടുക്കും എന്ന ശുഭാപ്തിവിശ്വാസം വിപണികളിൽ വളരുന്നു. ആ വിശ്വാസത്തിൽ യുഎസ് വിപണിയും നല്ല നേട്ടത്തോടെ ക്ലോസ് ചെയ്തു. ഇന്നു നേട്ടത്തിന്റെ ദിവസമാക്കാൻ അനുകൂല സാഹചര്യം.

ഇന്ത്യൻ വിപണി ഇന്നലെ ഐടി, ബാങ്കിംഗ് മേഖലകളുടെ ഉയർച്ചയുടെ ചുവടു പിടിച്ചു നേട്ടമുണ്ടാക്കി. അരശതമാനം നേട്ടത്തിൽ വിപണി സൂചികകൾ ക്ലാേസ് ചെയ്തു. യൂറോപ്യൻ വിപണികളും നേട്ടം കുറിച്ചു. യുഎസ് വിപണിയിൽ ഡൗ ജോൺസ് 0.76 ഉം എസ് ആൻഡ് പി 1.19 ഉം നാസ്ഡാക് 2.01 ഉം ശതമാനം ഉയർന്നു വ്യാപാരം നിർത്തി. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ താഴ്ചയിലാണ്.

ഓസ്ട്രേലിയൻ വിപണി രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഏഷ്യൻ വിപണികളും ഇന്ന് ഉണർവ് കാണിച്ചു. ജപ്പാനിൽ നിക്കെെ തുടക്കത്തിൽ ഒരു ശതമാനം കയറി. ചൈനീസ് വിപണി അവധിയിലാണ്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,146-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 18,227 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു രാവിലെ നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

ഇന്നലെ ഇന്ത്യൻ വിപണി തുടക്കം മുതൽ നേട്ടത്തിലായിരുന്നു. ഇടയ്ക്കു നേട്ടങ്ങൾ കുറേ നഷ്ടപ്പെടുത്തിയെങ്കിലും വ്യാപാരം അവസാനിപ്പിക്കുമ്പോൾ മെറ്റലും റിയൽറ്റിയും ഒഴികെ എല്ലാ മേഖലകളും ഉയർച്ചയിലായിരുന്നു. സെൻസെക്സ് 319.9 പോയിന്റ് (0.53%) ഉയർന്ന് 60,941.67ലും നിഫ്റ്റി 90.81 പോയിന്റ് (0.5%) കയറി 18,118.55 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.56 ശതമാനം കയറിയപ്പോൾ സ്മാേൾ ക്യാപ് സൂചിക 0.03 ശതമാനം താണു.

ഐടി മേഖല ഇന്നലെ 1.88 ശതമാനം ഉയർന്നാണു ക്ലോസ് ചെയ്തത്. ഹെൽത്ത് കെയർ, വാഹനങ്ങൾ, ബാങ്ക്, എഫ്എംസിജി, ഫാർമ, ധനകാര്യ സർവീസ് മേഖലകളും മികച്ച നേട്ടം ഉണ്ടാക്കി.

വിദേശ നിക്ഷേപകർ ഇന്നലെ 219.87 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 434.96 കോടിയുടെ ഓഹരികൾ വാങ്ങി.

മുഖ്യ സൂചികകൾ ബുളളിഷ് ആയിരുന്നെങ്കിലും വിശാല വിപണി നേരിയ ബെയറിഷ് മനോഭാവത്തിലാണ്. എങ്കിലും ഇന്നു നല്ല തുടക്കമിടാനാകുമെന്ന വിശ്വാസത്തിലാണു ബുള്ളുകൾ. വിപരീത ചലനങ്ങൾ പ്രതീക്ഷിക്കുന്നില്ല. നിഫ്റ്റിക്ക് 18,075 ലും 18,015ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 18,155-ലും 18,210ലും തടസം ഉണ്ടാകാം.

ക്രൂഡ് ഓയിൽ വില ഉയർന്നു നീങ്ങുകയാണ്. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് 88.75 ഡോളർ വരെ എത്തി. ഇന്നു രാവിലെ 88.27 ഡോളറിലാണു ക്രൂഡ്. വില ഇനിയും കയറുമെന്നു വിപണി കരുതുന്നു.

വ്യാവസായിക ലോഹങ്ങൾ ചെറിയ കയറ്റിറക്കങ്ങളിലാണ്. ചെമ്പും അലൂമിനിയവും ഇന്നലെ ഓരോ ശതമാനം കയറി.

സ്വർണം സാവധാനം ഉയരുന്നു. ഇന്നലെ 1911 ഡോളർ വരെ താഴ്ന്നിട്ട് 1932 ലേക്കു കയറി. ഇന്നു രാവിലെ വില 1932-1933 ലാണ്. ഡോളർ സൂചിക താഴ്ന്നു നിന്നാൽ സ്വർണം ഇനിയും കയറുമെന്നാണു സൂചന. കേരളത്തിൽ സ്വർണം പവന് ഇന്നലെ 80 രൂപ ഉയർന്ന് 41,880 രൂപയായി.


രൂപ ഇന്നലെ തുടക്കത്തിൽ നല്ല നേട്ടമുണ്ടാക്കിയെങ്കിലും അതു നിലനിർത്താനായില്ല. 80.88 രൂപ വരെ ഡോളർ താഴ്ന്നു. പിന്നീടു ഡോളർ ഡിമാൻഡ് വർധിച്ചപ്പോൾ 81.39 രൂപയിലേക്കു കയറി. 27 പൈസ നേട്ടം.

ഡോളർ സൂചിക ഇന്നു രാവിലെ 101.97 ലാണ്. യുഎസ് കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം അൽപം വർധിച്ചതാണു ഡോളർ സൂചിക ഇന്നലെ 102 നു മുകളിലേക്കു കയറാൻ കാരണം.



ഐടിയിലും ധനകാര്യ മേഖലയിലും നിന്നു വിദേശികൾ മാറുന്നു


വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്നു ചൈനയിലേക്കു പണം വലിക്കുന്നതു തുടരുകയാണ്. ചൈനീസ് വിപണിയിൽ ഓഹരികൾ താഴ്ന്ന പി ഇ അനുപാതത്തിൽ ലഭിക്കുന്നു എന്നതാണു കാരണമായി പറയുന്നത്.

ഇന്ത്യയിലെ ഐടി, ധനകാര്യ സേവനങ്ങൾ, ഓയിൽ - ഗ്യാസ് കമ്പനികളിൽ നിന്നുള്ള പിന്മാറ്റം ജനുവരി ആദ്യപകുതിയിലും വിദേശികൾ തുടർന്നു. കഴിഞ്ഞ വർഷവും ഈ മേഖലകളിൽ നിന്നാണു വിദേശികൾ കൂടുതൽ പണം പിൻവലിച്ചത്. കഴിഞ്ഞ വർഷം 71,357 കോടി രൂപ പിൻവലിച്ച ഐടി മേഖലയിൽ നിന്നു ജനുവരി ആദ്യം 3457 കോടി രൂപ പിൻവലിച്ചു. 2022-ൽ 22,247 കോടി പിൻവലിച്ച ഓയിൽ - ഗ്യാസ് മേഖലയിൽ നിന്ന് ഇത്തവണ 2824 കോടി പിൻവലിച്ചു.

ധനകാര്യ മേഖലയിൽ നിന്ന് 6701 കോടിയാണ് ഈ മാസം ആദ്യ പകുതിയിൽ തിരിച്ചെടുത്തത്. കഴിഞ്ഞ വർഷം ഈ മേഖലയിൽ നിന്ന് 61,177 കോടി പിൻവലിച്ചു. ടെലികോം, വാഹന - വാഹന ഘടകങ്ങൾ എന്നിവയ നിന്നും ജനുവരിയിൽ പണം വലിച്ചു. ടെലികാേമിൽ കഴിഞ്ഞ വർഷം നിക്ഷേപം നടത്തിയതാണ്.

മെറ്റൽ ഓഹരികളിൽ ഇപ്പാേൾ വലിയ നിക്ഷേപം വിദേശികൾ നടത്തുന്നുണ്ട്. രണ്ടാഴ്ച കൊണ്ടു 2518 കോടിയാണു മെറ്റൽ കമ്പനികളിൽ അവർ നിക്ഷേപിച്ചത്.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it