അനിശ്ചിതത്വം വ്യാപകം; ബജറ്റ് വരെ ചാഞ്ചാട്ടം തുടരുമോ? മാരുതിയും കോൾഗേറ്റും കണക്കുകളിൽ പറയുന്നത്; സ്വർണം റിക്കാർഡിൽ

വിപണികളിൽ അനിശ്ചിതത്വം പിടിമുറുക്കുകയാണ്. ഫെബ്രുവരി ഒന്നിലെ പൊതു ബജറ്റ് ഇന്ത്യൻ വിപണിയിലും അന്നു തന്നെ വരുന്ന യുഎസ് ഫെഡ് തീരുമാനം പാശ്ചാത്യ വിപണികളിലും അനിശ്ചിതത്വം വളർത്തുന്നു. ഡിസംബർ പാദത്തിലെ റിസൽട്ടുകൾ ഇതോടൊപ്പം ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നു. ഇതെല്ലാം ഇന്നലെ ഇന്ത്യ മുതൽ ബ്രസീൽ വരെയുള്ള വിപണികളിൽ ചാഞ്ചാട്ടത്തിനു വഴി തെളിച്ചു. ഇന്നും ഇതേ നില തുടരുമെന്നാണു സൂചന.

ഇന്ത്യൻ വിപണി ഇന്നലെ ചാഞ്ചാട്ടങ്ങൾക്കു ശേഷം നേട്ടമെന്നോ നഷ്ടമെന്നോ പറയാനാകാത്ത അവസ്ഥയിലാണു ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികളും ചെറിയ ഉയർച്ചതാഴ്ചകളിൽ അവസാനിച്ചു. യുഎസ് വിപണിയിൽ ഡൗ ജോൺസ് സൂചിക 0.31 ശതമാനം ഉയർന്നപ്പോൾ എസ് ആൻഡ് പി 0.071 ശതമാനവും നാസ്ഡാക് 0.27 ശതമാനവും താഴ്ന്നു. ഒന്നാം തീയതി വരെ വിപണി ചെറിയേ മേഖലയിൽ കയറിയിറങ്ങുമെന്ന് നിക്ഷേപ വിദഗ്ധർ പറയുന്നു.

ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കെെ സൂചിക നേരിയ താഴ്ചയിലായി. ദക്ഷിണ കൊറിയൻ വിപണി 1.6 ശതമാനം കുതിച്ചു. ഓസ്ട്രേലിയൻ വിപണിയും നഷ്ടത്തിലാണ്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,134 ൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ സൂചിക 18,090 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു താഴ്ന്നാകും തുടങ്ങുക എന്നാണ് ഇതിലെ സൂചന.

ചൊവ്വാഴ്ച ഇന്ത്യൻ വിപണി നേട്ടത്തോടെ തുടങ്ങി കുറേക്കൂടി ഉയർന്നു നീങ്ങി. ഉച്ചയ്ക്കു ശേഷം കുത്തനേ ഇടിയുകയായിരുന്നു. പിന്നീട് തിരിച്ചു കയറിയെങ്കിലും ഒടുവിൽ നാമമാത്ര നേട്ടത്തിലും നഷ്ടത്തിലും അവസാനിക്കുകയായിരുന്നു മുഖ്യ സൂചികകൾ. സെൻസെക്സ് 37.08 പോയിന്റ് (0.061%) ഉയർന്ന് 60,978.75ലും നിഫ്റ്റി 0.25 പോയിന്റ് (0.0014%) താഴ്ന്ന് 18,118.3 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.39 ശതമാനവും സ്മാേൾ ക്യാപ് സൂചിക 0.37 ശതമാനവും താഴ്ന്ന് അവസാനിച്ചു.

പിഎസ് യു ബാങ്കുകൾ, ഫാർമസ്യൂട്ടിക്കൽസ്, റിയൽറ്റി, ഹെൽത്ത് കെയർ, മെറ്റൽ മേഖലകൾ വലിയ നഷ്ടത്തിലായി. ഓട്ടോമൊബൈൽസും ഐടിയുമാണ് വലിയ നേട്ടമുണ്ടാക്കിയ മേഖലകൾ.

വിദേശ നിക്ഷേപകർ ഇന്നലെ 760.51 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുക 1144.75 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

വിപണി ബെയറിഷ് തിരി രൂപപ്പെടുത്തിയാണ് അവസാനിച്ചതെന്നു വിശകലന വിദഗ്ധർ പറയുന്നു. 18,200 ന്റെ തടസമേഖല മറികടക്കാൻ കുറച്ചു ദിവസം കൂടി വിപണിക്കു കഴിയില്ലെന്നാണ് അവർ കണക്കാക്കുന്നത്. നിഫ്റ്റിക്ക് 18,085 ലും 18,010 ലും പിന്തുണ കാണുന്നു. ഉയരുമ്പോൾ 18,180 ലും 18,255-ലും തടസങ്ങൾ ഉണ്ടാകാം.

ക്രൂഡ് ഓയിൽ വില അൽപം താണു. ഏഴാഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയ ശേഷം ഇന്നലെ സായാഹ്ന വ്യാപാരത്തിൽ രണ്ടര ശതമാനം ഇടിയുകയായിരുന്നു. ക്രൂഡ് ഓയിലിന്റെയും ഉൽപന്നങ്ങളുടെയും സ്റ്റോക്ക് ഉയർന്നതാണു കാരണം. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 86.42 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ 86.13 ഡോളറിലേക്കു താണു.

വ്യാവസായിക ലോഹങ്ങൾ ചെറിയ മേഖലയിൽ കയറിയിറങ്ങി. ചെമ്പ് 0.35 ശതമാനം ഉയർന്നപ്പാേൾ അലൂമിനിയം 0.6 ശതമാനം കയറി. നിക്കലും ടിന്നും ഉയർന്നപ്പോൾ ലെഡും സിങ്കും താണു.


സ്വർണം റിക്കാർഡിൽ, ഇനിയും കയറാം

സ്വർണം വീണ്ടും കയറ്റത്തിലായി. ഇന്നലെ 1944 ഡോളർ വരെ കയറിയ വില ഇന്നു രാവിലെ 1938 - 1940 ഡോളറിലാണ്. ഇന്നലെ യുഎസ് മനുഫാക്ചറിംഗ് പിഎംഐ യുടെ റിസൽട്ട് വന്നപ്പോൾ വില 1917 ഡോളറിലേക്കു കൂപ്പുകുത്തിയെങ്കിലും പിന്നീടു തിരിച്ചു കയറുകയായിരുന്നു. വില ഇനിയും ഉയരുമെന്നാണ് വിപണി കരുതുന്നത്. 1950 ഡോളറിന്റെ തടസം മറികടന്നാൽ മാസങ്ങൾക്കകം 2300 ഡോളർ വരെ എത്തുമെന്നാണു സ്വർണ ബുള്ളുകളുടെ നിഗമനം.

കേരളത്തിൽ സ്വർണം പവൻ ഇന്നലെ പുതിയ റിക്കാർഡ് കുറിച്ചു. പവൻവില 42,160 രൂപയിലെത്തി. 2020 ഓഗസ്റ്റ് എഴിലെ 42,000 രൂപയെയാണു മറികടന്നത്. കോവിഡ് ലോക്ക് ഡൗൺ മൂലം ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ ആയിരുന്നു അത്. അന്ന് സ്വർണം ഔൺസിന് 2077 ഡോളർ ആയിരുന്നു. ഡോളർ നിരക്ക് 74 രൂപയും. ഇപ്പോൾ സ്വർണവില 140 ഡോളർ കുറവായപ്പോൾ ഡോളർ നിരക്ക് 81.6 രൂപയ്ക്കു മുകളിലായി. അന്താരാഷ്ട്ര വില കുറഞ്ഞു നിൽക്കുമ്പോഴും കേരളത്തിൽ റിക്കാർഡ് വില വന്നത് ഈ കാരണത്താലാണ്.


രൂപ ദുർബലം

രൂപ ഇന്നലെ കൂടുതൽ ദുർബലമായി. ഡോളർ 33 പൈസ ഉയർന്ന് 81.72 രൂപയിൽ ക്ലോസ് ചെയ്തു. യുഎസ് പലിശ നിരക്കിനെപ്പറ്റിയുള്ള അനിശ്ചിതത്വം ഡോളർ സൂചികയുടെ

ഗതി പ്രവചിക്കുന്നത് അസാധ്യമാക്കുന്നു. ഇക്കാരണം കൊണ്ടു തന്നെ വിദേശനിക്ഷേപം വരുന്നതും പ്രവചിക്കാനാകുന്നില്ല. ഡോളർ നിരക്ക് ചാഞ്ചാട്ടം തുടരുമെന്നാണു നിഗമനം. ഡോളർ സൂചിക ഇന്നലെ 101.92 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ

സൂചിക കാര്യമായി മാറിയില്ല.

ടി +1 രീതിയിൽ ഇന്ത്യ


വെള്ളിയാഴ്ച ഇന്ത്യൻ വിപണി ടി + 1 സെറ്റിൽമെന്റ് രീതിയിലാകും. ബ്ലൂ ചിപ്, ലാർജ് ക്യാപ് ഓഹരികൾ ആണ് ആദ്യം ഈ രീതിയിലാക്കുന്നത്. വിപണിയിലെ വ്യാപാര വ്യാപ്തത്തിന്റെ 80 ശതമാനം ഇവയാണ്.

അമേരിക്കൻ വിപണിയെ വരെ മറി കടന്നാണ് ഇന്ത്യൻ വിപണി ഇന്നത്തെ വ്യാപാരം നാളെ സെറ്റിൽ ചെയ്യുന്ന രീതിയിലേക്കു മാറുന്നത്. ആഗോള രീതി ടി + 2 ആണ്. അമേരിക്കയും കാനഡയും ടി +1 നടപ്പാക്കാൻ ശ്രമിക്കുകയാണ്. വിപണിയിലെ പല ഇടനിലക്കാരും ഈ രീതി പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നു പറഞ്ഞ് നേരത്തെ എതിർത്തതാണ്. പക്ഷേ ഘട്ടംഘട്ടമായി ഇവ നടപ്പാക്കിയപ്പോൾ ആശങ്കകൾ അകന്നു.


മാരുതിയുടെ വിൽപന കുതിച്ചു


മാരുതി സുസുകിയുടെ ഡിസംബർ പാദ റിസൽട്ട് പ്രതീക്ഷയിലും മികച്ചതായി. 4.66 ലക്ഷം വാഹനങ്ങൾ വിറ്റതിലൂടെ വിറ്റു വരവ് 25 ശതമാനം വർധിച്ച് 27,849 കോടി രൂപയായി. പ്രവർത്തനലാഭ മാർജിൻ വർധിച്ച് 9.8 ശതമാനമായി. അറ്റാദായം 130 ശതമാനം കൂടി 2351.3 കോടി രൂപയിലെത്തി. കമ്പനിയുടെ വാഹന ബുക്കിംഗ് 3.63 ലക്ഷം ആയി വർധിച്ചു. ഇതി 1.19 ലക്ഷം ഗ്രാൻഡ് വിടാര, ബ്രെസ മോഡലുകൾക്കാണ്. കൂടുതൽ ലാഭമാർജിൻ ഉള്ളതാണ് ഈ എസ് യു വി കൾ. തുടക്കത്തിൽ പിന്നിലായ എസ് യു വി വിപണിയിൽ മാരുതി മുന്നേറുന്നതായാണു പുതിയ കണക്കുകൾ കാണിക്കുന്നത്.


കോൾഗേറ്റ് വിൽപനയിലെ സൂചനകൾ


കോൾഗേറ്റ് പാമൊലീവിന്റെ വിറ്റുവരവ് നാമമാത്രമായേ വർധിച്ചുള്ളു. അറ്റാദായം നാലു ശതമാനം ഇടിയുകയും ചെയ്തു. എഫ്എംസിജി കമ്പനികൾ നേരിടുന്ന വെല്ലുവിളികൾ കോൾഗേറ്റിനെ കനത്തേ തോതിൽ ബാധിച്ചു. ഹിന്ദുസ്ഥാൻ യൂണി ലീവർ കഴിഞ്ഞയാഴ്ച കൂടുതൽ ഉയർന്ന 16 ശതമാനം വളർച്ച വിറ്റുവരവിൽ കാണിച്ചെങ്കിലും അതു വിലവർധനയുടെ ഫലമായിരുന്നു. ശരാശരി 11 ശതമാനമാണു കമ്പനി വരുത്തിയ വിലവർധന. കമ്പനിയുടെ വിപണി മേധാവിത്തത്തിന്റെ ഫലമാണത്. എന്നാൽ ഉപയോക്താക്കളെ ചെറിയ പായ്ക്കറ്റുകളിലേക്കു മാറ്റാനാണ് അതു വഴി തെളിക്കുന്നത്.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it