Begin typing your search above and press return to search.
ആവേശക്കൊടുമുടിയിൽ സൂചികകൾ; ലാഭമെടുക്കലിനുള്ള വിൽപന സമ്മർദം ഉണ്ടാകാം; ഓഹരി മൂല്യനിർണയം വീണ്ടും വിവാദമാകുമോ?
വിപണി സൂചികകൾ സർവകാല റിക്കാർഡിൽ. അവസാന മണിക്കൂറിലെ കുതിപ്പിൽ സൂചികകൾ പുതിയ ഉയരങ്ങൾ താണ്ടി. സെൻസെക്സ് 62,412.33 എന്ന പുതിയ റിക്കാർഡിൽ എത്തിയിട്ട് 62,272.68 എന്ന ക്ലോസിംഗ് റിക്കാർഡ് കുറിച്ചു. നിഫ്റ്റി 18,604.45 എന്ന ഇൻട്രാ ഡേ റിക്കാർഡ് ഭേദിച്ചില്ലെങ്കിലും 18,484.1 എന്ന ക്ലോസിംഗ് റിക്കാർഡ് രേഖപ്പെടുത്തി. ബാങ്ക് നിഫ്റ്റിയും സർവകാല റിക്കാർഡിലാണ്.
യുഎസ് ഫെഡ് പലിശ വർധനയുടെ തോത് കുറയ്ക്കും എന്ന സൂചനയാണു വിപണികളെ റിക്കാർഡ് ഉയരത്തിലെത്തിച്ചത്. വിപണി മനോഭാവം ബുളളിഷ് ആണെങ്കിലും ഇന്നു ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദം സൂചികകളെ അൽപം താഴ്ത്താം.
യൂറോപ്യൻ വിപണികൾ ഇന്നലെ ചെറിയ നേട്ടത്തിൽ അവസാനിച്ചു. യുഎസ് വിപണി അവധിയിലായിരുന്നു. യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ താഴ്ചയിലാണ്.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ സമ്മിശ്ര ചിത്രമാണു നൽകുന്നത്.. ജപ്പാനിലെ നിക്കെെ സൂചിക തുടക്കത്തിൽ കാൽ ശതമാനം താഴ്ന്നു. എന്നാൽ കൊറിയൻ സൂചിക ഉയർന്നു വ്യാപാരം തുടങ്ങി. ഹോങ് കോങ്ങിലെ ഹാങ് സെങ്ങും ഷാങ് ഹായിയിലെ കോംപസിറ്റ് സൂചികയും രാവിലെ താഴ്ചയിലാണ്. ചൈനയിലെ കോവിഡ് വ്യാപനം കൂടുതൽ നഗരങ്ങളിൽ നിയന്ത്രണങ്ങൾക്കു വഴി വയ്ക്കും എന്ന ഭീതിയാണു കാരണം.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 18,634-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 18,622-ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങുമെന്ന് ഇതു സൂചിപ്പിക്കുന്നു.
സെൻസെക്സ് ഇന്നലെ ഗണ്യമായ നേട്ടത്തോടെയാണു വ്യാപാരം തുടങ്ങിയത്. തുടർന്നു ക്രമമായി ഉയർന്നു. അവസാന മണിക്കൂറിലാണു വലിയ കുതിപ്പോടെ റിക്കാർഡ് ഉയരങ്ങളിലെത്തിയത്. സെൻസെക്സ് 762.1 പോയിൻ്റ് (1.24%) കുതിപ്പിൽ
62,272.68 ലും നിഫ്റ്റി 216.8 പോയിൻ്റ് (1.19%) നേട്ടത്തിൽ 18,484.1- ലും ക്ലോസ് ചെയ്തു. മിഡ്, സ്മോൾ ക്യാപ് സൂചികകൾ അര ശതമാനം വീതം ഉയർന്നു. ബാങ്ക് നിഫ്റ്റി 43,075 എന്ന റിക്കാർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ഐടിയാണ് ഇന്നലെ ഏറ്റവുമധികം ഉയർന്ന മേഖല. ഐടി സൂചിക 2.63 ശതമാനം ഉയർന്ന് 30,178.65-ൽ എത്തി.
വിദേശ നിക്ഷേപകർ ഈയാഴ്ചയിൽ ആദ്യമായി ഇന്നലെ വാങ്ങലുകാരായി. 1231.98 കോടിയുടെ ഓഹരികൾ അവർ വാങ്ങി. നവംബറിൽ വിദേശ നിക്ഷേപകരുടെ വാങ്ങൽ 27,396 കോടി രൂപ കവിഞ്ഞിട്ടുണ്ട്. സ്വദേശി ഫണ്ടുകൾ ഇന്നലെ 235.66 കോടിയുടെ ഓഹരികൾ വിറ്റു.
വിപണി വളരെ ബുള്ളിഷ് ആയാണു ക്ലോസ് ചെയ്തത്. ഇപ്പോഴത്തെ കുതിപ്പ് തുടരാനുള്ള കരുത്ത് സൂചികകൾ കാണിക്കുന്നുണ്ട്. മിക്ക ബ്രോക്കറേജുകളും നിഫ്റ്റിയുടെ ഹ്രസ്വകാല ലക്ഷ്യം 19,100-19,250-ലേക്ക് ഉയർത്തി നിശ്ചയിച്ചു. നിഫ്റ്റിക്ക് ഇന്ന് 18,345-ലും 18,200-ലും പിന്തുണയുണ്ട്. ഉയരുമ്പോൾ 18,525 -ഉം 18,670-ഉം തടസങ്ങളാകാം.
ക്രൂഡ് ഓയിൽ വില താഴ്ന്നു നിൽക്കുന്നു. ഇന്നലെ 85.34 ഡോളറിലാണ് ബ്രെൻ്റ് ഇനം ക്ലാേസ് ചെയ്തത്. ഇന്നു രാവിലെ 85.5 ഡോളറിലേക്കു കയറി.
അലൂമിനിയം ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ ഇന്നലെ ചെറിയ തോതിൽ ഉയർന്നു. ചെമ്പ് വില 8000 ഡോളറിനു മുകളിലെത്തി. അലൂമിനിയം ഒരു ശതമാനം താഴ്ന്നു.
സ്വർണം കാര്യമായ മാറ്റമില്ലാതെ തുടരുന്നു. 1752-1760 ഡോളർ മേഖലയിലായിരുന്നു സ്വർണം. ഇന്നു രാവിലെ 1757-1759 ഡോളറിലാണു വ്യാപാരം.
രൂപ ഇന്നലെ നില മെച്ചപ്പെടുത്തി. ഡോളർ 81.7 രൂപയിൽ ക്ലോസ് ചെയ്തു. രാവിലെ 81.62 രൂപ വരെ താഴ്ന്ന ശേഷം ഡോളർ തിരിച്ചുകയറുകയായിരുന്നു.
ഡോളർ സൂചിക ഇന്നലെ അൽപം ഉയർന്ന് 106.08 ൽ എത്തി. ഇന്നു രാവിലെ സൂചിക 105.86 ലേക്കു താണു.
ഓഹരികളുടെ മൂല്യനിർണയം വീണ്ടും വിവാദമാകും
സൂചികകൾ റിക്കാർഡിൽ എത്തിയതോടെ ഇന്ത്യൻ ഓഹരികളുടെ മൂല്യ നിർണയം വീണ്ടും ചർച്ചാവിഷയമാകുന്നുണ്ട്. ഏതാനും മാസം മുൻപ് ഇന്ത്യൻ ഓഹരികളുടെ വില വളരെ കൂടുതലാണെന്ന പ്രചാരണം ഉണ്ടായിരുന്നു. അതു പിന്നീടു കെട്ടടങ്ങി. വിദേശികൾ വിൽപന നിർത്തി വീണ്ടും വാങ്ങലുകാരായതോടെയാണ് അതടങ്ങിയത്.
റിക്കാർഡ് നിലവാരത്തിൽ എത്തിയതോടെ സെൻസെക്സ് 25.8-ഉം നിഫ്റ്റി 24.4 -ഉം പിഇ (ഓഹരിവിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള) അനുപാതത്തിലായി. വരുന്ന വർഷത്തെ പ്രതീക്ഷിത ഇപിഎസ് വച്ചു കണക്കാക്കിയാൽ സെൻസെക്സ് പിഇ 22-ൽ താഴെയാണ്. അത് അത്ര ഉയർന്നതല്ല. എന്നാൽ മറ്റു വികസ്വര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്നതാണ്.
Next Story
Videos