പാശ്ചാത്യ ഓഹരികളുടെ മുന്നേറ്റത്തിന് ഇടവേള; വിദേശ നിക്ഷേപകരെ കാത്ത് ഇന്ത്യന്‍ വിപണി, രൂപയ്ക്ക്‌ തിരിച്ചു കയറ്റം സാധിക്കുമോ?

പാശ്ചാത്യ വിപണികള്‍ മുന്നേറ്റത്തിന് ഇടവേള പ്രഖ്യാപിച്ചത് ഇന്ന് ഇന്ത്യന്‍ വിപണിയെയും സ്വാധീനിക്കാം. വെള്ളിയാഴ്ച അവധി ആയതിനാല്‍ മൂന്നു ദിവസമേ ഈയാഴ്ച വ്യാപാരം ഉള്ളൂ. കഴിഞ്ഞയാഴ്ച അപ്രതീക്ഷിതമായി തിരിച്ചടി നേരിട്ട രൂപ ഇന്നു തിരിച്ചു കയറുമോ എന്നാണു വിപണി നോക്കുന്നത്. ഭൗമരാഷ്ട്രീയ സംഘര്‍ഷം മൂലം ക്രൂഡ് ഓയില്‍ വില വീണ്ടും 87 ഡോളര്‍ ആയതും വിപണി മനോഭാവത്തെ ബാധിക്കാം. ടെക്‌നോളജി മേഖല ഇപ്പോഴും ദൗര്‍ബല്യം കാണിക്കുന്നു.

ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 22,099ല്‍ ക്ലോസ് ചെയ്തു. ഇന്നലെ രാത്രി 22,081 ആയി. ഇന്നു രാവിലെ 22,120ലെത്തി. ഇന്ത്യന്‍ വിപണി ചെറിയ നഷ്ടത്തില്‍ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച ചെറിയ നേട്ടത്തില്‍ അവസാനിച്ചു. ടെക് ഓഹരികള്‍ക്കായിരുന്നു വലിയ ഇടിവ്. തിങ്കളാഴ്ച യൂറോപ്യന്‍ സൂചികകള്‍ നാമമാത്ര കയറ്റവും ഇറക്കവുമായി ഭിന്ന ദിശകളിലായിരുന്നു. ബ്രിട്ടനിലെ ഡിറക്ട് ലൈന്‍ ഇന്‍ഷ്വറന്‍സ് കമ്പനിയെ ഏറ്റെടുക്കാനുള്ള ബല്‍ജിയന്‍ കമ്പനി എജിയാസിന്റെ ശ്രമം ഉപേക്ഷിച്ചു. ഡിറക്ട് ലൈന്‍ ഓഹരി ഇടിഞ്ഞു.
യു.എസ് വിപണി വെള്ളിയാഴ്ചയും തിങ്കളാഴ്ചയും നഷ്ടത്തിലായി. മൂന്ന് പ്രധാന സൂചികകളും കഴിഞ്ഞ ആഴ്ച നല്ല നേട്ടത്തിലാണവസാനിച്ചത്. കഴിഞ്ഞയാഴ്ച നാസ്ഡാക് 2.9 ശതമാനവും എസ് ആന്‍ഡ് പി 2.3 ശതമാനവും ഡൗ ജോണ്‍സ് രണ്ടും ശതമാനവും ഉയര്‍ച്ചയാണു രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച ഡൗ ജോണ്‍സ് സൂചിക 305.47 പോയിന്റ് (0.77%) താഴ്ന്ന് 39,475.90ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 7.35 പോയിന്റ് (0.14%) കുറഞ്ഞ് 5234.18ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 26.98 പോയിന്റ് (0.16%) ഉയര്‍ന്ന് 16,428.82 ല്‍ എത്തി. തിങ്കളാഴ്ച ഡൗ ജോണ്‍സ് 162.26 പോയിന്റ് (0.41%) കുറഞ്ഞ് 39,313.60ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 15.98 പോയിന്റ് (0.31%) നഷ്ടത്തില്‍ 5218.19ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 44.35 പോയിന്റ് (0.27%) താഴ്ന്ന് 16,384.50ല്‍ എത്തി.
റെഡ്ഡിറ്റ് ഓഹരികള്‍ തിങ്കളാഴ്ച 16 ശതമാനം കുതിച്ചു. വ്യാഴാഴ്ച ലിസ്റ്റ് ചെയ്ത ഈ സോഷ്യല്‍ മീഡിയ കമ്പനി അതിനു ശേഷം 48 ശതമാനം കയറി. 2005ല്‍ പ്രവര്‍ത്തനം തുടങ്ങിയ റെഡ്ഡിറ്റ് ഇതുവരെയും ലാഭം ഉണ്ടാക്കിയിട്ടില്ല എന്നതു നിക്ഷേപകര്‍ പ്രശ്‌നമായി കാണുന്നില്ല.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നും കയറ്റത്തിലാണ്. ഡൗ 0.11 ശതമാനവും എസ് ആന്‍ഡ് പി 0.15 ശതമാനവും നാസ്ഡാക് 0.18 ശതമാനവും ശതമാനം കയറി നില്‍ക്കുന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്ന ദിശകളിലാണ്. ഉത്തര കൊറിയയും ജപ്പാനും തമ്മില്‍ ഉന്നതതല ചര്‍ച്ച നടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് ദക്ഷിണ കൊറിയന്‍ വിപണിയെ ഒന്നര ശതമാനം ഉയര്‍ത്തി റെക്കോര്‍ഡില്‍ എത്തിച്ചു. ജപ്പാന്‍ താഴ്ന്നു, ചൈന ഉയര്‍ന്നു.
ഇന്ത്യന്‍ വിപണി
വെള്ളിയാഴ്ച ഇന്ത്യന്‍ വിപണി താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു നല്ല കുതിപ്പോടെ അവസാനിപ്പിച്ചു. സെന്‍സെക്‌സ് 190.75 പോയിന്റ് (0.26%) ഉയര്‍ന്ന് 72,831.94ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 84.80 പോയിന്റ് (0.39%) കയറി 22,096.75ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 178.85 പോയിന്റ് (0.38%) കയറി 46,863.75ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.59 ശതമാനം കയറി 47,312.85ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.64 ശതമാനം കയറി 15,056.75ല്‍ വ്യാപാരം അവസാനിപ്പിച്ചു.
വെള്ളിയാഴ്ച വിദേശ നിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 3309.76 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3764.87 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
21,700- 22,300 മേഖലയില്‍ നിന്നു കടക്കാന്‍ നിഫ്റ്റിക്കു കഴിയുമോ എന്നാണു മൂന്നു ദിവസം മാത്രം പ്രവര്‍ത്തിക്കുന്ന ഈയാഴ്ച വിപണി നോക്കുക.
നിഫ്റ്റിക്ക് ഇന്ന് 21,940ലും 21,755ലും പിന്തുണയുണ്ട്. 22,125ലും 22,350ലും തടസങ്ങള്‍ ഉണ്ടാകാം.
2023 ഡിസംബറിലെ കണക്കുകള്‍ പരിശോധിച്ച സെബി, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിനു ഭരണപരമായ വാണിംഗ് നല്‍കിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു.
യൂണിയന്‍ ബാങ്ക് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ രജനീഷ് ഖാരെ ശനിയാഴ്ച രാജിവച്ചു. പദവിയില്‍ 18 മാസം മാത്രം തികഞ്ഞപ്പോഴാണു രാജി. ചീഫ് ടെക്‌നോളജി ഓഫീസര്‍ അനില്‍ കുരില്‍, ഖാരെയുടെ ചുമതലകള്‍ നിര്‍വഹിക്കും.
സ്വര്‍ണം വീണ്ടും കുതിപ്പില്‍
യു.എസ് ഫെഡ് തീരുമാനത്തെ തുടര്‍ന്നു കുതിച്ചു കയറിയ സ്വര്‍ണവിപണി ഗണ്യമായി താഴ്ന്നാണ് വാരാന്ത്യത്തിലേക്കു നീങ്ങിയത്. ഔണ്‍സിനു 2165.50 ഡോളറിലാണു വെള്ളിയാഴ്ച വിപണി ക്ലോസ് ചെയ്തത്. എന്നാല്‍ തിങ്കളാഴ്ച സ്വര്‍ണം തിരിച്ചു കയറി 2171.60 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വ്യാപാരം 2174.80ലേക്കു കയറി. ഡോളര്‍ നിരക്ക് കൂടിയെങ്കിലും ജൂണില്‍ യു.എസ് ഫെഡ് നിരക്കു കുറയ്ക്കുമെന്ന വിശ്വാസം ബലപ്പെട്ടതാണ് സ്വര്‍ണത്തെ കയറ്റുന്നത്. വിലക്കയറ്റം മാത്രമല്ല തൊഴിലില്ലായ്മയും കണക്കിലെടുത്താകും ഫെഡ് തീരുമാനം എന്നു ഫെഡ് മേധാവി
ജെറോം പവല്‍ പറഞ്ഞതിനെ സ്വര്‍ണവിപണി അനുകൂലമായി വ്യാഖ്യാനിച്ചു.
കേരളത്തില്‍ സ്വര്‍ണം പവന്‍ വില വെള്ളിയാഴ്ച 360 രൂപ കുറഞ്ഞ് 49,080 രൂപയായി. ശനിയാഴ്ച വില 49,000 രൂപയിലേക്കു താണു. ഇന്നലെയും വില മാറിയില്ല.
ഡോളര്‍ സൂചിക ഉയര്‍ന്നു തുടരുന്നു. വെള്ളിയാഴ്ച 104.43 വരെ എത്തിയിട്ടു തിങ്കളാഴ്ച 104.23ല്‍. യെന്‍, പൗണ്ട്, സ്വിസ് ഫ്രാങ്ക് തുടങ്ങിയ കറന്‍സികള്‍ ദുര്‍ബലമായതാണു കാരണം.
ചൈനയുടെ യുവാന്‍ വെള്ളിയാഴ്ച ഒരു ശതമാനത്തോളം താഴ്ന്നു. ഇതേ തുടര്‍ന്ന് രൂപ വെള്ളിയാഴ്ച 0.3 ശതമാനം ഇടിഞ്ഞു. ഡോളര്‍ 28 പൈസ കയറി 83.43 രൂപയില്‍ ക്ലോസ് ചെയ്തു. തിങ്കളാഴ്ച ചൈനീസ് കേന്ദ്രബാങ്ക് യുവാനെ പിടിച്ചു നിര്‍ത്താന്‍ നടപടികള്‍ സ്വീകരിച്ചു. രൂപ കൂടുതല്‍ താഴാതിരിക്കാന്‍ അതു സഹായിക്കേണ്ടതാണ്. കഴിഞ്ഞ നവംബറില്‍ എത്തിയ 83.48 രൂപയാണ് ഡോളറിനെതിരായ രൂപയുടെ ഏറ്റവും താഴ്ന്ന നില.
ക്രൂഡ് ഓയില്‍ വീണ്ടും കയറി
ക്രൂഡ് ഓയില്‍ വില വീണ്ടും കയറുകയാണ്. മോസ്‌കോയിലെ ഐ.എസ് ഭീകരാക്രമണം മറയാക്കി റഷ്യ യുക്രെയ്‌നെതിരേ ആക്രമണം വര്‍ധിപ്പിച്ചു. യുക്രെയ്ന്‍ റഷ്യന്‍ റിഫൈനറികള്‍ക്കു നേരേ ഡ്രോണ്‍ പ്രയോഗിച്ചു. എണ്ണ ഉല്‍പാദനം കുറയ്ക്കുമെന്നു റഷ്യ പ്രഖ്യാപിച്ചു. ഇതെല്ലാം ചേര്‍ന്നു തിങ്കളാഴ്ച ക്രൂഡ് ഓയില്‍ വില ഒന്നര ശതമാനം കൂട്ടി. ബ്രെന്റ് ഇനം 86.75 ഡോളറില്‍ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ ബ്രെന്റ് ഇനം ക്രൂഡ് 87 ഡോളറില്‍ എത്തി. ഡബ്‌ള്യു.ടി.ഐ ഇനം 82.23 ഡോളറിലും യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 86.55 ഡോളറിലും ആണ്.
ക്രിപ്‌റ്റോകള്‍ വീണ്ടും കുതിപ്പില്‍
ക്രിപ്‌റ്റോ കറന്‍സികള്‍ കുതിപ്പിലായി. തിങ്കളാഴ്ച ബിറ്റ്‌കോയിന്‍ ഏഴു ശതമാനം ഉയര്‍ന്ന് 70,000 ഡോളറിലേക്കു കയറി. ഈഥര്‍ അടക്കം മറ്റു ക്രിപ്‌റ്റോകളും നല്ല നേട്ടത്തിലാണ്.
ബോയിംഗില്‍ വലിയ അഴിച്ചുപണി
മാക്‌സ് മോഡല്‍ വിമാനങ്ങളിലെ സുരക്ഷാപ്രശ്‌നങ്ങളെ തുടര്‍ന്നു കുഴപ്പത്തിലായ ബോയിംഗ് കമ്പനിയില്‍ മാനേജ്‌മെന്റ് അഴിച്ചുപണി. സി.ഇ.ഒ ഡേവ് കല്‍ഹൂണ്‍ വര്‍ഷാവസാനം സ്ഥാനമൊഴിയും. ചെയര്‍മാന്‍ ലാരി കെല്‍നര്‍ മേയിലെ വാര്‍ഷിക പൊതുയോഗത്തില്‍ സ്ഥാനത്തു നിന്നു മാറും. ബോയിംഗിന്റെ കൊമേര്‍ഷ്യല്‍ എയര്‍ലൈന്‍ വിഭാഗം പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ സ്റ്റാന്‍ ഡീല്‍ ഇന്നലെ സ്ഥാനമൊഴിഞ്ഞു.
2020 മുതല്‍ ബോയിംഗ് ഡയറക്ടറായ മുന്‍ ക്വാല്‍കോം സി.ഇ.ഒ സ്റ്റീവ് മോളന്‍കോഫ് കമ്പനിയുടെ അടുത്ത ചെയര്‍മാനാകും. പുതിയ സി.ഇ.ഒയെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡാണു തെരഞ്ഞെടുക്കുക.
ബോയിംഗ് മാക്‌സ് വിമാനങ്ങള്‍ക്കു തുടര്‍ച്ചയായ രണ്ട് മാരക അപകടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഡെന്നിസ് മ്യൂലന്‍ബര്‍ഗിനെ പുറത്താക്കിയാണ് 2020 ജനുവരിയില്‍ കല്‍ഹൂണയെ ബോയിംഗ് സി.ഇ.ഒ ആക്കിയത്.
ഉത്പന്ന വിലകള്‍ കുതിക്കുന്നു
യു.എസ് ഫെഡ് അടക്കം കേന്ദ്രബാങ്കുകള്‍ പലിശ കുറച്ചു തുടങ്ങുന്നത് ലോഹങ്ങള്‍ അടക്കം ഉതേപന്നങ്ങള്‍ക്കു ഗണ്യമായ വിലവര്‍ധനയ്ക്കു കാരണമാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്. ഈ വര്‍ഷം ലോഹങ്ങള്‍ക്കു ശരാശരി 15 ശതമാനം വര്‍ധനയാണ് ബാങ്ക് കണക്കാക്കുന്നത്.
വര്‍ഷാന്ത്യത്തോടെ സ്വര്‍ണം 2,300 ഡോളറില്‍ എത്തുമെന്ന് അവര്‍ വിലയിരുഞ്ഞി. നിലവിലെ വില 2,170 ഡോളറാണ്.
ചെമ്പ് 8,900 ഡോളറില്‍ നിന്നു 10,000 ഡോളറിലേക്കും അലൂമിനിയം 2,300 ഡോളറില്‍ നിന്ന് 2,600 ഡോളറിലേക്കും എത്തുമെന്നാണു ഗോള്‍ഡ്മാന്‍ സാക്‌സ് കണക്കാക്കുന്നത്.
ഇതിനിടെ ഉത്പാദനക്കുറവു മൂലം വിവിധ കാര്‍ഷികോത്പന്നങ്ങളുടെ വില റെക്കോഡിലാണ്. കൊക്കോ വില കഴിഞ്ഞ ആഴ്ചയും 15 ശതമാനം കയറി. ന്യൂയോര്‍ക്കില്‍ ടണ്ണിന് 8,679 ഡോളര്‍ വരെ എത്തി. റോബസ്റ്റ കാപ്പിക്കുരു കേരളത്തില്‍ കിലോഗ്രാമിന് 176 രൂപ വരെയായി. പാമോയില്‍ വിലയും കയറ്റത്തിലാണ്.
വിപണി സൂചനകള്‍
(2024 മാര്‍ച്ച് 22, വെള്ളി/25 തിങ്കള്‍)
സെന്‍സെക്‌സ്30 72,831.94 +0.26%
നിഫ്റ്റി50 22,096.75 +0.39%
ബാങ്ക് നിഫ്റ്റി 46,863.75 +0.38%
മിഡ് ക്യാപ് 100 47,312.85 +0.59%
സ്‌മോള്‍ ക്യാപ് 100 15,056.75 +0.64%
ഡൗ ജോണ്‍സ് 30 39,313.60 -0.41%
എസ് ആന്‍ഡ് പി 500 5218.19 -0.31%
നാസ്ഡാക് 16,384.50 -0.27%
ഡോളര്‍ ($) ₹83.43 +₹0.28
ഡോളര്‍ സൂചിക 104.23 -0.20
സ്വര്‍ണം (ഔണ്‍സ്) $2171.60 +$06.10
സ്വര്‍ണം (പവന്‍) ₹49,000 ₹00.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $86.75 +$1.32


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it