തിരിച്ചു കയറാൻ ആഗ്രഹിച്ചു വിപണി; വിദേശ സൂചനകൾ പാേസിറ്റീവ്; അദാനിക്കെതിരായ ബോംബിനു തുടർസ്ഫോടനങ്ങൾ ഉണ്ടോ?

ഒരു ദിവസത്തെ അവധിക്കു ശേഷം വിപണി നേട്ടത്തോടെ വാരാന്ത്യത്തിലേക്ക് പ്രവേശിക്കാനാണ് ഒരുങ്ങുന്നത്. പാശ്ചാത്യ വിപണികളിൽ നിന്നുള്ള സൂചനയും പോസിറ്റീവാണ്. ഇന്നലെ 0.6 ശതമാനം ഉയർന്നു ക്ലാേസ് ചെയ്ത യുഎസ് ഡൗ ജോൺസ് സൂചിക തുടർച്ചയായ അഞ്ചാം ദിവസമാണു നേട്ടത്തോടെ അവസാനിച്ചത്. ബുധനാഴ്ച വലിയ തകർച്ചയിലായ ഇന്ത്യൻ വിപണിക്കു പ്രതീക്ഷ പകരുന്നതാണ് വിദേശ വിപണികളുടെ ഉയർച്ച. അഡാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിനെച്ചൊല്ലി ഇനി വിപണി അധികം ആശങ്ക കാണിക്കുകയില്ലെന്നാണു നിഗമനം.

ജിഡിപി കണക്കുകൾ നൽകിയ ആവേശമാണു യുഎസ് സൂചികകളെ ഇന്നലെ ഉയർത്തിയത്. ടെസ്ലയുടെ മികച്ച റിസൽട്ടും സഹായിച്ചു. എന്നാൽ പിന്നീടു യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലായി. ഇന്റൽ കമ്പനിയുടെ റിപ്പോർട്ട് പ്രതീക്ഷയേക്കാൾ മോശമായതാണു കാരണം. ഏഷ്യൻ ഓഹരികൾ ഇന്നു തുടക്കത്തിൽ ചെറിയ കയറ്റമേ കാണിക്കുന്നുള്ളൂ. ചൈനീസ് വിപണി ഇന്നും അവധിയാണ്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,953 -ൽ നിന്ന് 18,029 ലേക്കു കയറി. ഇന്നു രാവിലെ സൂചിക 18,035 ലേക്കു നീങ്ങി. ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.

ബുധനാഴ്ച ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് അഡാനി ഗ്രൂപ്പ് കമ്പനികളുടെ മാത്രമല്ല മാെത്തം വിപണിയുടെ തന്നെ ഇടിവിനു കാരണമായി. അഡാനി ഗ്രൂപ്പിനു തിരിച്ചടി വന്നാൽ അവർക്കു വലിയ വായ്പകൾ നൽകിയിട്ടുള്ള എസ്ബിഐ അടക്കമുള്ള ബാങ്കുകൾക്ക് അത് ആഘാതമാകും. അതാണു വിപണിയെ ഉലച്ചത്.

ബുധനാഴ്ച സെൻസെക്സ് 773.69 പോയിന്റ് (1.27%) ഇടിഞ്ഞ് 60,205.06ലും നിഫ്റ്റി 226.35 പോയിന്റ് (1.25%) താഴ്ന്ന് 17,891.95ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.52 ശതമാനം ഇടിഞ്ഞപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.94 ശതമാനം താണു.

നിഫ്റ്റി ബാങ്ക് 2.54 ശതമാനം (1085.75 പോയിന്റ്) ഇടിഞ്ഞു. കൺസ്യൂമർ ഡ്യുറബിൾസ്, ക്യാപ്പിറ്റൽ ഗുഡ്സ്, ഹെൽത്ത് കെയർ, ഐടി, ഓയിൽ - ഗ്യാസ് തുടങ്ങിയ മേഖലകളും വലിയ ക്ഷീണത്തിലായി.

വിപണി ബെയറിഷ് മനോഭാവത്തിലാണു ക്ലോസ് ചെയ്തത്. നിഫ്റ്റി 17,840 നു താഴേക്കു നീങ്ങിയാൽ വലിയ തിരുത്തലിലാകും എന്നാണു വിലയിരുത്തൽ. നിഫ്റ്റിക്ക് 17,850 ലും 17,790 ലും പിന്തുണയുണ്ട്. ഉയരുമ്പോൾ 18,045 ലും 18,200 ലും തടസം നേരിടാം.

ബുധനാഴ്ച വിദേശ നിക്ഷേപകർ 2393.94 കോടി രൂപയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വിറ്റു. സ്വദേശി ഫണ്ടുകൾ 1378.49 കോടിയുടെ ഓഹരികൾ വാങ്ങി.

ക്രൂഡ് ഓയിൽ ഉയർന്നു നിൽക്കുന്നു. ബ്രെന്റ് ഇനം 87.64 ഡോളറിലാണ്. അടുത്തയാഴ്ച ചൈന വിപണിയിൽ തിരിച്ചെത്തുമ്പോൾ വില കൂടുമെന്നാണു സംസാരം.

ചൈനയുടെ പുതു വർഷ അവധി വ്യാവസായിക ലോഹങ്ങളുടെ വിപണിയെ മന്ദീഭവിപ്പിച്ചു. വിലകൾ ചെറിയ മേഖലയിൽ കയറിയിറങ്ങി. ചെമ്പ് ടണ്ണിന് 9600 ഡോളറിനു മുകളിലും അലൂമിനിയം 2640 ഡോളറിലും തുടരുന്നു.

സ്വർണം 1950 ഡോളർ കടക്കുന്നതിനുള്ള ശ്രമത്തിൽ വീണ്ടും പരാജയപ്പെട്ടു. 1950-നു തൊട്ടടുത്ത് എത്തിയശേഷം 1918 വരെ താഴ്ന്നു. വീണ്ടും കയറി. ഇന്നു രാവിലെ 1933 - 1935 ഡോളറിലാണു സ്വർണം. യുഎസ് ജിഡിപി കണക്കു വന്ന ശേഷമായിരുന്നു താഴ്ച.

ബുധനാഴ്ച യുഎസ് മാർക്കറ്റിൽ സ്വർണം 1848 ലാണു ക്ലോസ് ചെയ്തത്. വ്യാഴാഴ്ച കേരളത്തിൽ പവൻ വില 320 രൂപ വർധിച്ച് 42,480 രൂപ എന്ന പുതിയ റിക്കാർഡിലെത്തി. ഇന്നു വില അൽപം കുറഞ്ഞേക്കാം.

ഡോളർ ബുധനാഴ്ച ചാഞ്ചാട്ടങ്ങൾക്കു ശേഷം 13 പൈസ നഷ്ടത്തിൽ 83.59 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക ഇന്നലെ 101.64 ൽ ക്ലോസ് ചെയ്തിട്ട് ഇന്ന് 101.80 ലേക്കു കയറി.


അദാനി ഗ്രൂപ്പിനെതിരേ ഹിൻഡൻബർഗ് ബോംബ്

അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആക്റ്റീവിസ്റ്റ് നാഥാൻ ആൻഡേഴ്സന്റെ ഹിൻഡൻബർഗ് റിസർച്ച് പാെട്ടിച്ച ബോംബ് ഇന്ത്യൻ വിപണിയെ വല്ലാതെ ഉലച്ചു. അഡാനി ഗ്രൂപ്പ് ആരോപണങ്ങൾ നിഷേധിക്കുകയും നിയമനടപടി സ്വീകരിക്കുമെന്നു പറയുകയും ചെയ്തു. ഗ്രൂപ്പിന്റെ വിപണിമൂല്യം 85,000 കോടി രൂപ കണ്ടു കുറഞ്ഞു.

ഗ്രൂപ്പ് കടക്കെണിയിലാണ് എന്ന പഴയ ആരോപണമല്ല ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ കാതൽ. ഗൗതം അഡാനിയുടെ സംഹാദരൻ വിനോദിന് നികുതിരഹിത രാജ്യങ്ങളിലുള്ള കടലാസു കമ്പനികൾ ഉപയോഗിച്ച് ഗ്രൂപ്പ് കമ്പനികളുടെ വിലകളിൽ കൃത്രിമം കാണിക്കുന്നതും കമ്പനികളുടെ കണക്കുകളിൽ തിരിമറി നടത്തുന്നതും ഒക്കെ റിപ്പോർട്ടിൽ ആരോപിക്കുന്ന വിഷയങ്ങളാണ്. ഗ്രൂപ്പിന്റെ ഓഹരി വില 85 ശതമാനം ഇടിയേണ്ടതുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ചില്ലറക്കാരനല്ല ആൻഡേഴ്സൺ


2020-ൽ വൈദ്യുത വാഹന നിർമാതാക്കളായ നിക്കാേളാ മോട്ടോഴ്സിലെ സാമ്പത്തിക ക്രമക്കേട് പുറത്തു കൊണ്ടുവന്നു സ്ഥാപകൻ ട്രെവർ മിൽട്ടനെ പുറത്താക്കിയത് ഹിൻഡൻബർഗ് റിസർച്ച് ആണ്. ചെെനാ മെറ്റൽ, വിൻസ് ഫിൻ ടെക്, ജീനിയസ് ബ്രാൻഡ്സ് തുടങ്ങിയ കമ്പനികളും ഹിൻഡൻബർഗ് റിസർച്ചിന്റെ ഇരകളായിട്ടുണ്ട്. നിയമയുദ്ധത്തിന് അഡാനി മുതിർന്നാൽ കമ്പനി രേഖകൾ വിളിച്ചു വരുത്തി കള്ളത്തരം പൊളിക്കാൻ തനിക്ക് അവസരം കിട്ടുമെന്നാണ് ആൻഡേഴ്സന്റെ നിലപാട്.

അഡാനി 20,000 കോടി രൂപ സമാഹരിക്കാൻ അഡാനി എന്റർപ്രൈസസിന്റെ ഓഹരിയുടെ തുടർ വിൽപന (എഫ്പിഒ) തുടങ്ങുന്ന അവസരത്തിൽ ആരോപണം പുറത്തുവിട്ടത് മന:പൂർവമാണെന്നു വ്യക്തമാണ്. എഫ്പിഒയിൽ ആങ്കർ നിക്ഷേപകർ 6000 കോടി രൂപ നിക്ഷേപിക്കുമെന്ന റിപ്പോർട്ടും അന്നു തന്നെ വന്നു. ഇതിൽ 35 ശതമാനം യുഎഇയിലെ അഡാനിയുടെ പങ്കാളിയായ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനിയുടേതാണ്. മറ്റേതാനും പശ്ചിമേഷ്യൻ ഗ്രൂപ്പുകളും ഓഹരി വാങ്ങി. ഇന്ത്യയിൽ നിന്ന് എൽഐസി, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ എംപ്ലാേയീ പെൻഷൻ ഫണ്ട് തുടങ്ങിയവ ഓഹരി വാങ്ങി. ഗോൾഡ് മാൻ സാക്സ്, നൊമുറ, മോർഗൻ സ്റ്റാൻലി, സിറ്റി ഗ്രൂപ് തുടങ്ങിയവയും നിക്ഷേപകരായി.

കാര്യങ്ങൾ നിയമയുദ്ധത്തിലേക്കു നീങ്ങിയാൽ അഡാനിക്കു ക്ഷീണമാകുമെന്നു പലരും കരുതുന്നു. ആൻഡേഴ്സൺ വിശദമായി പഠിച്ചു മാത്രം പോരിനിറങ്ങുന്ന ആളാണെന്ന് മുൻകാല പോരുകൾ കാണിക്കുന്നു.


യുഎസ് ജിഡിപി വളർച്ച പ്രതീക്ഷയിലും മെച്ചം

അമേരിക്കയുടെ ഡിസംബർ പാദത്തിലെ ജിഡിപി വളർച്ച 2.9 ശതമാനമായി എന്നതാണ് വ്യാഴാഴ്ച യുഎസ് സൂചികകളെ ഉയർത്തിയത്. വളർച്ച തലേ പാദത്തെയും 2021 ലെ അവസാന പാദത്തെയും അപേക്ഷിച്ചു കുറവാണെങ്കിലും പ്രതീക്ഷയേക്കാൾ മെച്ചമായി. വാർഷിക ജിഡിപി വളർച്ച 2022 ൽ 2.1 ശതമാനമായി. 2021 ലെ 5.9 ശതമാനത്തേക്കാൾ വളരെ കുറവാണെങ്കിലും മാന്ദ്യത്തിൽ വീഴാതെ കുതിച്ചു എന്നതു വലിയ നേട്ടമായി. ഒന്നാം പകുതിയിൽ താഴ്ചയിലായിരുന്ന ജിഡിപി രണ്ടാം പകുതിയിൽ മുന്നേറി.

പലിശ 4.25 ശതമാനം വർധിപ്പിച്ചിട്ടും സമ്പദ്ഘടന മുന്നോട്ടു നീങ്ങി എന്നതിൽ ആശ്വാസമാണുള്ളത്. ഇതോടൊപ്പം വന്ന പ്രാരംഭ തൊഴിൽനഷ്ട കണക്കും പുതിയ പാർപ്പിട വിൽപന കണക്കും പ്രതീക്ഷയിലും മെച്ചമാണ്. ഈ കണക്കുകൾ നൽകിയ സൂചന ഇങ്ങനെ: യുഎസ് വളർച്ചയുടെ ആക്കത്തിനു കാര്യമായ ആഘാതമില്ല. തൊഴിൽ മേഖലയ്ക്കും ദൗർബല്യം ഇല്ല. യുഎസ് ഫെഡ് പലിശവർധന തുടരും. എന്നാൽ വർധനയുടെ തോതു കുറയും.

ഫെബ്രുവരി ഒന്നിനാണ് ഫെഡ് കമ്മിറ്റി പലിശ പ്രഖ്യാപിക്കുന്നത്. 4.25 -4.50 ൽ നിന്ന് 4.5 - 4.75 ശതമാനത്തിലേക്കു നിരക്ക് കൂട്ടും എന്ന പ്രതീക്ഷയിലാണു വിപണി. മാർച്ച് 22-നു ചേരുമ്പോഴും നിരക്ക് കൂട്ടി 4.75 -5.00 ശതമാനമാക്കും എന്നാണു നിഗമനം.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it