അദാനിയുടെ തകര്‍ച്ച തുടരുന്നു, സമ്പന്നപട്ടികയില്‍ 38-ാം സ്ഥാനത്ത്

അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നലെയും ഇടിഞ്ഞു. അദാനി എന്റര്‍പ്രൈസസ് ഓഹരി പത്തു ശതമാനത്തോളം താഴ്ന്നാണു ക്ലോസ് ചെയ്തത്. ഡിസംബറില്‍ 4190 രൂപ വരെ ഉയര്‍ന്ന ഓഹരി ഇന്നലെ 1194 രൂപയില്‍ അവസാനിച്ചു. ജനുവരിയില്‍ 3112 രൂപയ്ക്കാണ് എഫ്പിഒ നടത്താനിരുന്നത്.

ഗ്രൂപ്പിന്റെ വിപണിമൂല്യം 19.2 ലക്ഷം കോടി രൂപയില്‍ നിന്ന് 6.8 ലക്ഷം കോടിയായി കുറഞ്ഞു. 64.5 ശതമാനം വീഴ്ച. അദാനി ടോട്ടല്‍ ഗ്യാസ് (81.6 ശതമാനം ഇടിവ് ), ഗ്രീന്‍ എനര്‍ജി (75.8%), ട്രാന്‍സ്മിഷന്‍ (75.5%), എന്റര്‍പ്രൈസസ് (65.3%), പവര്‍ (49.2%), വില്‍മര്‍ (39.9%), എന്‍ഡിടിവി (36.2%), അംബുജ സിമന്റ്‌സ് (33.9%), എസിസി (27.4%), അദാനി പോര്‍ട്‌സ് (26.1%) എന്നിങ്ങനെയാണ് ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യം ജനുവരി 24-നു ശേഷം ഇടിഞ്ഞത്. അദാനിയുടെ ഓഹരികള്‍ 85 ശതമാനം അധിക വിലയിലാണെന്നാണു ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

അദാനി ഗ്രൂപ്പില്‍ 30,100 കോടി രൂപ നിക്ഷേപമുള്ള എല്‍ഐസിയുടെ ഓഹരി വില ഇന്നലെയും താഴ്ന്നു. 566 രൂപ വരെ എത്തിയ ഓഹരി പിന്നീട് 568 രൂപയില്‍ അവസാനിച്ചു. ജനുവരി 24 നു ശേഷം 19 ശതമാനം വീഴ്ചയാണ് എല്‍ഐസി ക്ക് ഉണ്ടായത്. ഒരവസരത്തില്‍ 56,000 കോടി രൂപ ലാഭത്തില്‍ ആയിരുന്നു എല്‍ഐസിയുടെ നിക്ഷേപം. ഈയാഴ്ച നിക്ഷേപം നഷ്ടത്തിലേക്കു വീണു.

അദാനിയുടെ സ്വകാര്യ സമ്പത്ത് 3340 കോടി ഡോളറായി താഴ്‌ന്നെന്നും ലോകസമ്പന്ന പട്ടികയില്‍ 38-ാമനായി മാറിയെന്നും ഫോബ്‌സ് മാസിക പറയുന്നു. ജനുവരി 24 -ന് 11,900 കോടി ഡോളര്‍ സമ്പത്തുമായി ലോകസമ്പന്നരില്‍ മൂന്നാമനായിരുന്നു അദാനി. ബ്ലൂംബര്‍ഗ് പട്ടിക പ്രകാരം അദാനിക്ക് 3990 കോടി ഡോളര്‍ സമ്പത്തുണ്ട്. സ്ഥാനം 30.

ഓഹരി സൂചികകള്‍ക്ക് ആശ്വാസദിനം എത്തിയോ?


ഇന്നലെ പാശ്ചാത്യ വിപണികളും ഇന്നു രാവിലെ ഏഷ്യന്‍ വിപണികളും നല്‍കുന്ന സൂചന ആശ്വാസറാലി പ്രതീക്ഷിക്കാം എന്നാണ്. ഇന്ന് അദാനി ഗ്രൂപ്പിന്റെ പ്രശ്‌നങ്ങള്‍ മറികടന്ന് മുന്നേറ്റം നടത്താനാകുമെന്ന വിശ്വാസം വിപണിക്കുണ്ട്.

തലേ ആഴ്ചയിലെ കനത്ത നഷ്ടത്തില്‍ നിന്നു ചെറിയാെരു തിരിച്ചു കയറ്റമാണു യൂറോപ്യന്‍, യുഎസ് വിപണികള്‍ ഇന്നലെ നടത്തിയത്. യുറോപ്യന്‍ വിപണികള്‍ രണ്ടു ശതമാനം വരെ ഉയര്‍ന്നു. യുഎസ് സൂചികകള്‍ തുടക്കത്തില്‍ നല്ല കയറ്റം നടത്തിയെങ്കിലും പിന്നീടു താഴ്ന്നു ചെറിയ നേട്ടത്തിലാണു ക്ലോസ് ചെയ്തത്. ഡൗ ജോണ്‍സ് 0.22% കയറിയപ്പാേള്‍ എസ് ആന്‍ഡ് പി 0.31 ശതമാനവും നാസ് ഡാക് 0.63 ശതമാനവും ഉയര്‍ന്നു.

വിപണികള്‍

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു കയറ്റത്തിലാണ്. ഫ്യൂച്ചേഴ്‌സില്‍ ഡൗ 0.13 ശതമാനം കയറിയപ്പോള്‍ നാസ്ഡാക് 0.34 ശതമാനം ഉയര്‍ന്നു. ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ജപ്പാനിലും കൊറിയയിലും തായ് വാനിലും ഓഹരികളുടെ വ്യാപാരം ഗണ്യമായ ഉയര്‍ച്ചയിലാണ്. ചൈനയിലെ ഷാങ്ഹായ് സൂചിക കാല്‍ ശതമാനം ഉയര്‍ന്നു വ്യാപാരം തുടങ്ങി.

സിംഗപ്പുര്‍ എക്‌സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ എസ്ജിഎക്‌സ് നിഫ്റ്റി വ്യാഴാഴ്ച 17,488 ല്‍ ക്ലോസ് ചെയ്തു. രണ്ടാം സെഷനില്‍ 17,491 ലേക്കു കയറി. ഇന്നു രാവിലെ സൂചിക 17,495 -ല്‍ വ്യാപാരം തുടങ്ങി. ഇന്ത്യന്‍ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് സൂചന.

ഇന്ത്യന്‍ വിപണി തിങ്കളാഴ്ച തുടക്കം മുതല്‍ താഴ്ചയിലായിരുന്നു. . രാവിലെ അരശതമാനം താഴ്ന്നു തുടങ്ങിയ സൂചികകള്‍ നഷ്ടം അല്‍പം കുറച്ചു ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 175.58 പോയിന്റ് (0.30%) താണ് 59,288.35ലും നിഫ്റ്റി 73.10 പോയിന്റ് (0.42%) കുറഞ്ഞ് 17,392.70ലും ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.70 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 1.12 ശതമാനവും താഴ്ന്നു ക്ലോസ് ചെയ്തു. ബാങ്കുകളും ധനകാര്യ കമ്പനികളും റിയല്‍ എസ്റ്റേറ്റ് കമ്പനികളുമാണു നേട്ടമുണ്ടാക്കിയത്. മെറ്റല്‍, വാഹന, ഐടി മേഖലകള്‍ താഴ്ചയിലായി.

വിപണി ബെയറിഷ് മനാേഭാവം തുടര്‍ന്നു. രാവിലെ 17,350 ലെ സപ്പോര്‍ട്ട് മേഖല തകര്‍ത്തു താഴാേട്ടു പോയെങ്കിലും പിന്നീടു തിരിച്ചു കയറി ഉയര്‍ന്ന നിലയില്‍ ക്ലോസ് ചെയ്തു. ഇത് ബുള്ളുകളുടെ തിരിച്ചു വരവിന്റെ സൂചനയായി കാണുന്നവരുണ്ട്. ഇന്നു നിഫ്റ്റിക്ക് 17,325ലും 17,230 ലും സപ്പോര്‍ട്ട് ഉണ്ട്. 17,440 ലും 17,535 ലും തടസങ്ങള്‍ ഉണ്ടാകാം.

വിദേശനിക്ഷേപകര്‍ വലിയ തോതില്‍ ഓഹരികള്‍ വില്‍ക്കുകയാണ്. ഇന്നലെ ക്യാഷ് മാര്‍ക്കറ്റില്‍ 2022.52 കോടിയുടെ ഓഹരികള്‍ അവര്‍ വിറ്റു. സ്വദേശി ഫണ്ടുകള്‍ 2231.66 കോടിയുടെ ഓഹരികള്‍ വാങ്ങി.

ക്രൂഡും ലോഹങ്ങളും

ക്രൂഡ് ഓയില്‍ വില അല്‍പം താഴ്ന്നു. 83.6 ഡോളറിലായിരുന്ന ബ്രെന്റ് ഇനം വില 82.44 ഡോളറിലാണു ക്ലോസ് ചെയ്തത്. വ്യാവസായിക ലോഹങ്ങള്‍ ഭിന്ന ദിശകളില്‍ നീങ്ങി. ചെമ്പ് 0.64 ശതമാനം താണ് ടണ്ണിന് 8750 ഡോളറിലായി. അലൂമിനിയം 1.32% ഉയര്‍ന്ന് 2365 ഡോളറില്‍ എത്തി. സിങ്ക്, നിക്കല്‍, ടിന്‍ എന്നിവ അല്‍പം താഴ്ന്നു. ടിന്‍ ചെറിയ തോതില്‍ കയറി. -

സ്വര്‍ണം അല്‍പം ഉയര്‍ന്നു. ഡോളര്‍ സൂചികയില്‍ താഴ്ച ഉണ്ടായതാണു കാരണം. 1807-1822 ഡോളറില്‍ കയറിയിറങ്ങിയ സ്വര്‍ണം ഇന്നു രാവിലെ 1817 - 1818 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 41,080 രൂപയായി.

രൂപ ഇന്നലെ വലിയ താഴ്ചയില്‍ നിന്ന് അല്‍പം കയറി. രാവിലെ ഡോളര്‍ 82.95 രൂപ വരെ എത്തിയതാണ്. 83 രൂപയിലേക്കു കയറുമെന്നു കരുതിയപ്പാേള്‍ റിസര്‍വ് ബാങ്ക് ഡോളര്‍ ഇറക്കി. ഒടുവില്‍ 82.85 രൂപയില്‍ ഡോളര്‍ ക്ലോസ് ചെയ്തു. 10 പൈസ നേട്ടം. ഡോളര്‍ സൂചിക 105 നു മുകളില്‍ നിന്നു 104.65 ലേക്കു താഴ്ന്നിട്ടുണ്ട്.



T C Mathew
T C Mathew  
Related Articles
Next Story
Videos
Share it