Begin typing your search above and press return to search.
പുൾ ബായ്ക്ക് റാലി വരുമോ? വിദേശികൾ വിൽപനപ്രളയം ഉണ്ടാക്കുമോ? അദാനിയുടെ നീക്കം കാത്തു വിപണി
ബുധനാഴ്ചത്തെ പൊതു ബജറ്റും അന്നു രാത്രി വരുന്ന യുഎസ് ഫെഡ് തീരുമാനവുമാണ് ഈയാഴ്ചത്തെ വിപണിയെ നിയന്ത്രിക്കേണ്ടിയിരുന്ന പ്രധാന സംഭവങ്ങൾ. എന്നാൽ അഡാനി ഗ്രൂപ്പിന്റെ പ്രശ്‌നങ്ങൾ കഥ മാറ്റി. അദാനി പിടിച്ചു നിൽക്കുമാേ എന്നതായി വലിയ ചാേദ്യം. പിടിച്ചു നിന്നാൽ അതിന്റെ വില എന്തായിരിക്കും എന്നതും വിപണിക്കു പ്രധാനമാണ്.
വെള്ളിയാഴ്ചത്തെ തകർച്ച ഇന്നൊരു പുൾ ബായ്ക്ക് റാലി വഴി നികത്തിയെടുക്കാൻ ഗൗതം അദാനിക്കും മിത്രങ്ങൾക്കും കഴിയുമോ എന്നതാണ് കാേടികൾ വിലയുള്ള ചോദ്യം. രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയുടെ വ്യവസായ സാമ്രാജ്യത്തെ രക്ഷിക്കാൻ ഗവണ്മെന്റ് എത്രകണ്ട് ഇടപെടും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞയാഴ്ച ഇന്ത്യൻ നിക്ഷേപകർക്ക് വിപണി മൂല്യത്തിൽ 11 ലക്ഷം കോടി രൂപയും അഡാനി ഗ്രൂപ്പിന് 4.2 ലക്ഷം കോടി രൂപയും നഷ്ടമായി.
എന്തായാലും അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് വിപണിയിൽ തുടർ ചലനങ്ങൾ ഉണ്ടാക്കും എന്നു തീർച്ചയായി. അഡാനിയെ രക്ഷിക്കാൻ എല്ലാവിധ ശ്രമവും ഉണ്ടാകുമെന്നും കരുതാം. തന്റെ ഗ്രൂപ്പിനെതിരായ റിപ്പോർട്ട് രാജ്യത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും എതിരായ ആക്രമണമാണെന്ന് അദാനി ആരോപിച്ചതോടെ കാര്യങ്ങൾ ഏതു വഴിക്കു നീങ്ങുമെന്നും വ്യക്തമായി. ഗവണ്മെന്റ് സഹായം ഉറപ്പാണെന്നു ധ്വനിപ്പിക്കുന്നതാണ് അഡാനിയുടെ ഞായറാഴ്ചത്തെ പ്രസ്താവന.
എം എസ് സി ഐ നിരീക്ഷണം
ഇതിനിടെ ആരോപണങ്ങളും വിപണി ചലനങ്ങളും നിരീക്ഷിച്ചു വരികയാണെന്ന് എം എസ് സി ഐ ഗ്ലോബൽ ഇൻഡക്സ് സ്റ്റാൻഡേർഡ്‌സ് കമ്മിറ്റി അറിയിച്ചത് പ്രധാനമാണ്. അദാനി ഗ്രൂപ്പ് കമ്പനികൾക്ക് അവരുടെ സൂചികകളിൽ നിന്നു സ്ഥാനം പോകുകയോ വെയിറ്റേജ് കുറയുകയോ ചെയ്താൽ വിപണി വീണ്ടും കോളിളക്കത്തിലാകും.
ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങൾ നിഷേധിച്ചു കൊണ്ട് അദാനി ഗ്രൂപ്പ് ഇന്നലെ 413 പേജുള്ള ഒരു പ്രസ്താവന ഇറക്കി. എന്നാൽ ഇതുവരെയും നിയമനടപടികൾ തുടങ്ങിയിട്ടില്ല. ആരോപണങ്ങൾ ദുരുപദിഷ്ടവും ദുഷ്ടലാക്കോടെയുള്ളതും ആണെന്നാണ് അദാനിയുടെ മറുപടിയിൽ പറയുന്നത്. എല്ലാം പഴയ ആരോപണങ്ങൾ, എല്ലാം മുൻപ് തള്ളിക്കളഞ്ഞവ. ഒന്നും വസ്തുതാപരമല്ല. ഷോർട്ട് സെല്ലിംഗ് നടത്തി ലാഭമെടുക്കാനുള്ള തന്ത്രം. ഇങ്ങനെയാണു നിഷേധം.
എഫ്പിഒ വില കുറയ്ക്കുമോ?
അദാനി എന്റർപ്രൈസസിന്റെ 20,000 കോടി രൂപയുടെ ഓഹരി തുടർവിൽപന (എഫ്പിഒ) നടന്നുവരികയാണ്. നാളെ അവസാനിക്കും. ഒന്നാം ദിവസം 150 കോടി രൂപയുടെ ഓഹരികൾക്കേ അപേക്ഷ ഉണ്ടായുള്ളൂ. അദാനി ഗ്രൂപ്പ് കമ്പനികളുടെ കഴിഞ്ഞ ദിവസം തകർന്ന ഓഹരിവിലകൾ ഇന്നു തിരിച്ചു കയറുന്ന സാഹചര്യം ഉണ്ടായാലേ ഓഹരി വിൽപന വിജയിക്കൂ.
ഓഹരി വിൽപന കാലാവധി നീട്ടാനോ വിൽപന വില കുറയ്ക്കാനോ ആലോചിക്കുന്നില്ലെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. 3112-3276 രൂപയാണ് ഓഫർ വില. വെള്ളിയാഴ്ച അദാനി എന്റർപ്രൈസസ് ഓഹരി 2768 രൂപയിലാണു ക്ലോസ് ചെയ്തത്. ആവശ്യമെങ്കിൽ ഓഫർ വില 20 ശതമാനം വരെ കുറയ്ക്കാനും തീയതി നീട്ടാനും ഇഷ്യു നടത്തുന്ന കമ്പനിക്ക് അവകാശമുള്ളതാണ്.
വിദേശികൾ വിറ്റാെഴിയുന്നു
വെള്ളിയാഴ്ച അദാനി ഗ്രൂപ്പിന്റെ പേരിൽ വിപണി വലിയ തകർച്ചയാണു നേരിട്ടത്. വിദേശ നിക്ഷേപകർ വളരെക്കൂടുതൽ വിൽപനയും നടത്തി. കഴിഞ്ഞയാഴ്ച സെൻസെക്സ് 2.13 ഉം നിഫ്റ്റി 2.35 ഉം ശതമാനം ഇടിഞ്ഞു. വിപണിയുടെ പ്രതിരാേധ നിലകൾ എല്ലാം തകർത്തു കൊണ്ടാണു വെള്ളിയാഴ്ചത്തെ ഇടിവ് സംഭവിച്ചത്.
വിദേശികൾ അന്ന് 5977.86 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു. സ്വദേശി ഫണ്ടുകൾ 4252.33 കോടിയുടെ ഓഹരികൾ വാങ്ങി. ജനുവരിയിൽ ഇതുവരെ വിദേശികൾ ഇന്ത്യൻ വിപണിയിൽ നിന്ന് 17,000 കോടി രൂപ പിൻവലിച്ചു.
യൂറോപ്യൻ, യുഎസ് വിപണികൾ കഴിഞ്ഞയാഴ്ച ചെറിയ നേട്ടത്തിലാണ് അവസാനിച്ചത്. നാസ്ഡാക് 0.95 ശതമാനം ഉയർന്നെങ്കിലും ഡൗ ജോൺസ് സൂചിക നാമമാത്രമായേ (0.08%) ഉയർന്നുള്ളൂ. യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്.
ഇന്ന് ഏഷ്യൻ വിപണികൾ സമ്മിശ്ര നിലയിലാണ് വ്യാപാരം ആരംഭിച്ചത്. ജപ്പാനിൽ നിക്കെെ തുടക്കത്തിൽ കാൽ ശതമാനം ഉയർന്നു. ദക്ഷിണ കാെറിയൻ വിപണി ചെറിയ താഴ്ചയിലാണ്. നവവത്സര അവധിക്കു ശേഷം ചൈനീസ് വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി.
സിംഗപ്പൂർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ് ജി എക്സ് നിഫ്റ്റി വെള്ളിയാഴ്ച 17,689-ൽ ക്ലാേസ് ചെയ്തു. തുടർന്നുള്ള വ്യാപാരത്തിൽ 17,719 ലേക്കു സൂചിക കയറി. തിങ്കളാഴ്ച ആശ്വാസ റാലി പ്രതീക്ഷിച്ചായിരുന്നു അത്. ഇന്നു രാവിലെ സൂചിക 17,749 ലേക്കു കയറിയിട്ട് 17,730 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണിയിൽ ഇന്നു രാവിലെ തിരിച്ചുകയറ്റം ഉണ്ടാകുമെന്നു കുറേ നിക്ഷേപകർ കരുതുന്നു.
വെള്ളിയാഴ്ച സെൻസെക്സ് 874.16 പോയിന്റ് (1.45 ) ഇടിഞ്ഞ് 59,330.9 ലും നിഫ്റ്റി 287.6 പോയിന്റ് (1.61%) ഇടിഞ്ഞ് 17,604.35 ലും ക്ലാേസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.47% വും സ്മോൾ ക്യാപ് സൂചിക 1.89% വും ഇടിവിലാണു ക്ലോസ് ചെയ്തത്. പൊതുമേഖലാ ബാങ്കുകളുടെ സൂചിക 5.43 ശതമാനവും ബാങ്ക് സൂചിക 3.13 ശതമാനവും താഴ്ന്നു. ഓയിൽ -ഗ്യാസ് സൂചിക 5.6 ഉം മെറ്റൽ സൂചിക 4.69 ഉം ശതമാനം ഇടിഞ്ഞു.
വിപണി ബെയറിഷ് ആയാണു ക്ലോസ് ചെയ്തത്. 17,800 ന്റെ പിന്തുണ നഷ്ടപ്പെട്ട വിപണി ഇനി 17,200 - 17,300 മേഖലയിലാകും ശക്തി സമാഹരിക്കുക എന്ന് വിശകലന വിദഗ്ധർ കരുതുന്നു. പുൾ ബായ്ക്ക് റാലി 17,750 - ൽ തടസം നേരിടും.
ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. ബ്രെൻഡ് ഇനം 87.28 ഡോളറിലാണ്. ചൈന ഈ ദിവസങ്ങളിൽ എങ്ങനെ ഇടപെടും എന്നതിനെ ആശ്രയിച്ചിരിക്കും വിപണിഗതി.
വ്യാവസായിക ലോഹങ്ങൾ ചെറിയ ഉണർവിലാണ് കഴിഞ്ഞ വാരം ക്ലോസ് ചെയ്തത്. ചെമ്പ് 9345 ഡോളർ, അലൂമിനിയം 2628 ഡോളർ എന്നിങ്ങനെ നിൽക്കുന്നു. ഇരുമ്പയിരും ചെറിയ കയറ്റത്തിലാണ്.
സ്വർണം ചെറിയ താഴ്ചയിലാണ്. വെള്ളിയാഴ്ച 1932 ഡോളർ വരെ എത്തിയ സ്വർണം ഇന്ന് 1926-1927 ഡോളറിലാണു വ്യാപാരം.കേരളത്തിൽ സ്വർണം ശനിയാഴ്‌ച പവന് 120 രൂപ വർധിച്ച് 42,120 രൂപ ആയി. ഡോളർ 81.52 രൂപയിലാണ് ക്ലോസ് ചെയ്തത്. ഡോളർ സൂചിക 101.92ലാണ്.
Next Story
Videos