റിക്കാർഡുകൾ തിരുത്തി സൂചികകൾ; ജിഡിപി കണക്കിൽ ശ്രദ്ധിച്ചു വിപണി; ക്രൂഡ് ഓയിൽ ചാഞ്ചാടുന്നു

സെൻസെക്സ് നാലാം ദിവസവും റിക്കാർഡിൽ. നിഫ്റ്റി രണ്ടാം ദിവസവും പുതിയ ഉയരത്തിൽ. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ആവേശത്തോടെ നിക്ഷേപം തുടരുന്നു. സാങ്കേതിക സൂചകങ്ങൾ ബുള്ളിഷ്.


ഇന്ത്യൻ വിപണി മുന്നേറ്റം തുടരാൻ എല്ലാം റെഡി. എന്നാൽ ആശങ്കകൾ മുന്നിലുണ്ട്. ആഗാേള സൂചനകൾ താഴ്ചയിലേക്കാണു വിരൽ ചൂണ്ടുന്നത്. ഇന്നു വിപണി സമയത്തിനു ശേഷം വരുന്ന രണ്ടാം പാദ ജിഡിപി കണക്ക് നിരാശപ്പെടുത്തുന്നതാകും എന്നാണു സൂചന. ഇന്നു രാത്രി യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ നടത്തുന്ന ഒരു പ്രസംഗം യുഎസ് പണനയത്തിൻ്റെ പോക്ക് എങ്ങനെ എന്നു വിശദമാക്കും. പവലിൻ്റെ വാക്കുകൾ അടുത്ത തിങ്കൾ മുതൽ നടക്കുന്ന റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി (എംപിസി ) ചർച്ചകളെ സ്വാധീനിക്കും.

ഇന്നലെ ഇന്ത്യൻ വിപണി നല്ല ഉയരത്തിൽ എത്തിയിട്ടു ഗണ്യമായി പിൻവാങ്ങിയാണു ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ സമ്മിശ്രമായിരുന്നു. യുഎസ് വിപണിയിൽ ഡൗ ജോൺസ് സൂചിക നാമമാത്രമായി ഉയർന്നു. നാസ്ഡാക് സൂചിക 0.6 ശതമാനം താണു. യുഎസ് ഫ്യൂച്ചേഴ്സും ചെറിയ താഴ്ചയിലാണ്.

ഏഷ്യൻ വിപണികൾ താഴ്ന്നാണു വ്യാപാരം. ജപ്പാനിൽ നിക്കെെ തുടക്കത്തിലേ അര ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയൻ സൂചികയും താഴ്ചയിലാണ്.

ഇന്നലെ വലിയ മുന്നേറ്റത്തിലായിരുന്നു ചൈനീസ് വിപണി. ഷാങ്ഹായ് കോംപസിറ്റ് സൂചിക 2.3 ശതമാനം കുതിച്ചു. ഹോങ് കോങ്ങിലെ ഹാങ് സെങ് 5.24 ശതമാനം കയറി. പ്രക്ഷോഭം ഒതുങ്ങുന്നു, കോവിഡ് നിയന്ത്രണങ്ങൾ നീങ്ങുന്നു എന്ന പ്രചാരണവും നടന്നു. ഇന്നു രണ്ടു സൂചികകളും താഴ്ന്നാണു തുടങ്ങിയത്. പ്രക്ഷോഭം അടിച്ചമർത്തും എന്ന സൂചന ചൈനീസ് ഭരണകൂടം നൽകിക്കഴിഞ്ഞു. അതിൻ്റെ പ്രത്യാഘാതങ്ങൾ കണ്ടറിയേണ്ടിയിരിക്കുന്നു. ചൈനയിലെ ഫാക്ടറി ഉൽപാദന സൂചിക പ്രതീക്ഷയിലും കുറവായി.

സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,785 വരെ കയറിയിട്ട് 18,746-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 18,735-ലേക്കു താണു. ഇന്ത്യൻ വിപണി ചെറിയ താഴ്ചയോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.

ഇന്നലെ സെൻസെക്സ് 62,681.84 വരെയും നിഫ്റ്റി 18,678 വരെയും കയറിയിട്ടാണു താഴ്ന്നു ക്ളോസ് ചെയ്തത്. സെൻസെക്സ് 177.04 പോയിൻ്റ് (0.28%) ഉയർന്ന് 62,681.84-ലും നിഫ്റ്റി 55.3 പോയിൻ്റ് (0.3%) ഉയർന്ന് 18,618.05-ലും ക്ലോസ് ചെയ്തു. അതേ സമയം മിഡ് ക്യാപ് സൂചിക 0.45-ഉം സ്മോൾ ക്യാപ് സൂചിക 0.5 -ഉം ശതമാനം താഴ്ന്നു.

വിപണി ബുള്ളിഷ് മനോഭാവത്തിലാണു നിൽക്കുന്നതെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്ക് 18,565-ലും 18,490-ലും സപ്പോർട്ട് ഉണ്ട്. 18,665-ലും 18,740-ലും തടസങ്ങൾ ഉണ്ടാകും.

ഇന്നലെ വിദേശ നിക്ഷേപകർ 1241.57 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു. സ്വദേശി നിക്ഷേപകർ 744.42 കോടിയുടെ ഓഹരികൾ വിറ്റു.

എഫ്എംസിജി, മെറ്റൽ, ഫാർമ മേഖലകളാണ് ഇന്നലെ വിപണിയെ ഉയർത്തിയത്. വാഹന, റിയൽറ്റി, ഓയിൽ ഓഹരികൾ ഇടിഞ്ഞു.

കമ്പനികൾ, ഓഹരികൾ

ധനലക്ഷ്മി ബാങ്ക് 200 കോടി രൂപയുടെ ടിയർ - 2 മൂലധനം സമാഹരിക്കാൻ നോൺ കൺവേർട്ടിബിൾ ഡിബഞ്ചർ ഇറക്കുമെന്ന അറിയിപ്പ് ഓഹരിവില 12 ശതമാനത്തോളം ഉയർത്തി. എട്ടു ശതമാനം നേട്ടത്തിൽ 16.25 രൂപയിലാണു ക്ലോസിംഗ്.

സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി ഇന്നലെ 9.25 ശതമാനം ഉയർന്ന് 17.75-ലാണു ക്ലോസ് ചെയ്തത്.

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഹരികളിൽ ഇന്നലെ അസാധാരണ വ്യാപാരവ്യാപ്തം ദൃശ്യമായി. സാധാരണ 40,000 ഓഹരിക്കു താഴെയായിരുന്നു പ്രതിദിന വ്യാപാരം. ഇന്നലെ രാവിലെ ഒരു മണിക്കൂറിൽ തന്നെ നാലു ലക്ഷത്തിലധികം ഓഹരികൾ കൈമാറ്റം ചെയ്യപ്പെട്ടു. വില 16 ശതമാനത്തോളം ഉയർന്നു.

ക്രൂഡ് ഓയിൽ വില ഇന്നലെ ചെറിയ നേട്ടത്തിനു ശേഷം അൽപം താഴ്ന്നു. 84.7 ഡോളർ വരെ കയറിയ ബ്രെൻ്റ് ഇനം ക്രൂഡ് 83.7 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 83.03-ലേക്കു താണു. വീണ്ടും കയറി.

വ്യാവസായിക ലോഹങ്ങൾ ചെറിയ നേട്ടമുണ്ടാക്കി. ചെമ്പ് ഒരു ശതമാനം ഉയർന്ന് ടണ്ണിന് 8000 ഡോളറിനു മുകളിലായി. അലൂമിനിയവും നിക്കലും സിങ്കും നേട്ടത്തിലായി.

സ്വർണം മേഖലയിൽ കയറിയിറങ്ങി. 1747- 1759 ഡോളർ മേഖലയിലായിരുന്നു സ്വർണം. ഇന്നു രാവിലെ 1750-1752 ഡോളറിലാണു വ്യാപാരം.

രൂപ ഇന്നലെ ചെറിയ കയറ്റിറക്കങ്ങൾക്കു ശേഷം താഴ്ന്നു ക്ലോസ് ചെയ്തു. ഡോളർ അഞ്ച് പൈസ നേട്ടത്തിൽ 81.72 രൂപയായി.

ഡോളർ സൂചിക ഇന്നലെ 106.82 ൽ ക്ലോസ് ചെയ്തു.

ജിഡിപി വളർച്ച കുറയുമ്പോൾ

സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദ ജിഡിപി കണക്ക് ഇന്നു വൈകുന്നേരം പുറത്തുവരും. ഒന്നാം പാദത്തിൽ 13.5 ശതമാനവും കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 8.4 ശതമാനവും വളർന്ന സ്ഥാനത്ത് ആറു ശതമാനത്തിൽ താഴെ മാത്രം വളർച്ച എന്നാണ് ഒടുവിലത്തെ നിഗമനം. ഇത് വാർഷിക വളർച്ച ഏഴു ശതമാനം എന്ന ലക്ഷ്യം സാധിക്കുന്നതിനു തടസമാകും. റിസർവ് ബാങ്ക് 6.3 ശതമാനവും മറ്റു പ്രമുഖ ഏജൻസികൾ 6.2 ശതമാനവും പ്രവചിച്ച സ്ഥാനത്ത് എസ്ബിഐ കഴിഞ്ഞ ദിവസം 5.8 ശതമാനം എന്ന നിഗമനം പുറത്തുവിട്ട് ഞെട്ടിച്ചു. രാജ്യം സാധാരണ വളർച്ച നിരക്കിലും താഴെയാകും എന്നാണ് അതിനർഥം.
ബാങ്കുകളും ധനകാര്യ കമ്പനികളും ഒഴികെയുള്ള വ്യവസായങ്ങളുടെ പ്രവർത്തന ലാഭം രണ്ടാം പാദത്തിൽ കുറയുകയായിരുന്നു. ഇതു തുടർന്നാൽ കമ്പനികളുടെ ഇപിഎസ് പ്രതീക്ഷയിലും കുറവാകും. ഓഹരിവില താഴും. സൂചികകളും താഴാേട്ടു നീങ്ങും. അതിനൊരു നിമിത്തമാകും ജിഡിപി വളർച്ചയിലെ ക്ഷീണം.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it