വീണ്ടും 60K കൊടുമുടിക്കു മുകളിൽ; വിദേശ സൂചനകൾ നെഗറ്റീവ്; ഇന്ത്യൻ വിപണി വേറിട്ടു ചിന്തിക്കുമോ? മഴക്കുറവ് വിലക്കയറ്റം വർധിപ്പിച്ചേക്കും

തുടർച്ചയായ ഏഴുദിവസം ഉയർന്ന് ഇന്ത്യൻ വിപണി ബുളളിഷ് കുതിപ്പിനു വിരാമം ഇല്ലെന്നു വ്യക്തമാക്കി. സെൻസെക്സ് നാലു മാസത്തിനു ശേഷം 60,000-നു മുകളിൽ തിരിച്ചെത്തി. നിഫ്റ്റി 18,000-ലേക്കു ചുവടു വയ്ക്കാവുന്ന ഉയരത്തിലുമായി. ഇന്നും നേട്ടം തുടരുമെന്ന സൂചനയാണു സൂചികകൾ നൽകുന്നതെന്ന് സാങ്കേതിക വിശകലന വിദഗ്ധർ ഇന്നലെ പറഞ്ഞു. എന്നാൽ തുടർച്ചയായ കുതിപ്പിനു ശേഷം വിപണി ഒരു ചെറിയ തിരുത്തലിന് ഒരുങ്ങുമെന്നു പല ബ്രോക്കറേജുകളും കരുതുന്നു. വിദേശ നിക്ഷേപകർ സജീവമായി രംഗത്തുള്ളതിനാൽ ഏഷ്യൻ വിപണികളുടെ ക്ഷീണം ഇന്ത്യയെ ബാധിക്കില്ലെന്നു ബുള്ളുകൾ കണക്കാക്കുന്നു.

ഇന്നലെ യൂറോപ്പും അമേരിക്കയും നിലപാട് മാറ്റി. കഴിഞ്ഞ ഫെഡ് യോഗത്തിൻ്റെ മിനിറ്റ്സ് വരുന്നു എന്നു പറഞ്ഞു വിപണികൾ താഴോട്ടു പോയി. മിനിറ്റ്സ് വന്ന ശേഷവും നഷ്ടത്തിൽ അവസാനിച്ചു. ഡൗ 34,000-ലും നാസ്ഡാക് 13,000-ലും നിന്നു താഴെയായി.
യൂറോപ്പ് നഷ്ടത്തിൽ ക്ലോസ് ചെയ്ത ശേഷം വന്ന ഫെഡ് മിനിറ്റ്സ് പുതിയ ഉൾക്കാഴ്ചയൊന്നും നൽകിയില്ല. വിലകൾ കുറയുന്നുണ്ടെങ്കിലും അതു വേണ്ടത്ര ഇല്ല; മാന്ദ്യഭീതി ഉണ്ടെങ്കിലും പലിശ നിരക്കു കൂട്ടിയേ പറ്റൂ: ഇതാണു ഫെഡ് യോഗം ഊന്നിപ്പറഞ്ഞത്. ഇതിനു ശേഷം വിപണിയുടെ നിഗമനം സെപ്റ്റംബറിലെ ഫെഡ് യോഗം പലിശ നിരക്കിൽ 50 ബേസിസ് പോയിൻ്റ് വർധന വരുത്തും എന്നാണ്. 75 ബേസിസ് പോയിൻ്റ് വർധനയ്ക്കുള്ള സാധ്യത തീരെ കുറഞ്ഞു. രണ്ടാഴ്ച മുൻപു ഫെഡ് തീരുമാനം വന്നപ്പോഴും വിപണി മനസിലാക്കിയത് ഇതു തന്നെയാണ്.
മിനിറ്റ്സ് പുറത്തു വന്ന ശേഷം യുഎസ് വിപണി നഷ്ടം ഗണ്യമായി കുറച്ചു. പക്ഷേ ഒടുവിൽ നല്ല നഷ്ടത്തിലാണു ക്ലോസ് ചെയ്തത്. ഡൗ ജോൺസ് 0.5% താഴ്ന്നപ്പോൾ നാസ്ഡാക് 1.25 ശതമാനം നഷ്ടത്തിലായി. രാവിലെ ഫ്യൂച്ചേഴ്സ് ചെറിയ നഷ്ടം കാണിച്ചു.
ഏഷ്യൻ വിപണികൾ രാവിലെ വലിയ ഇടിവോണെയാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കെെ സൂചിക ഒരു ശതമാനത്തോളം താഴ്ചയിലാണ്. ഹോങ് കോങ്, ഷാങ് ഹായ് വിപണികളും താഴ്ചയോടെയാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,968 വരെ കയറ്റിയ ശേഷം അൽപം താഴ്ന്ന് 17,952-ലായി. ഇന്നു രാവിലെ സൂചിക 17,950 നടുത്താണ്. ഇന്ത്യൻ വിപണി തുടക്കത്തിൽ ചെറിയ നേട്ടം കാണിക്കും എന്നാണ് ഇതിലെ സൂചന.
ഇന്നലെ പാശ്ചാത്യ സൂചനകൾ അവഗണിച്ചു കൊണ്ടാണ് ഇന്ത്യൻ വിപണി ആവേശകരമായ കുതിപ്പ് നടത്തിയത്. ഏപ്രിൽ ആദ്യ ആഴ്ചയ്ക്കു ശേഷം ആദ്യമായി സെൻസെക്സ് 60,000 കടന്നു. നിഫ്റ്റി 17,900-ലെ തടസങ്ങൾ മറികടന്നു. 2021 ജനുവരിക്കു ശേഷം ഇതാദ്യമാണു മുഖ്യസൂചികകൾ തുടർച്ചയായ ഏഴു ദിവസം ഉയരുന്നത്.
ബുധനാഴ്ച സെൻസെക്സ് 417.92 പോയിൻ്റ് (0.7%) ഉയർന്ന് 60,260.13ലും നിഫ്റ്റി 119 പോയിൻ്റ് (0.67%) കയറി 17, 944.25 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.64% വും സ്മോൾ ക്യാപ് സൂചിക 0.53% വും മാത്രമേ കയറിയുള്ളു. ഐടി (1.16%), കൺസ്യൂമർ ഡ്യുറബിൾസ് (1.2%), എഫ്എംസിജി (0.79%) തുടങ്ങിയ മേഖലകൾ നേട്ടത്തിനു മുന്നിൽ നിന്നു.
സിംഗർ ഇന്ത്യയുടെ എട്ടു ശതമാനത്തോളം ഓഹരി പരേതനായ രാകേഷ് ജുൻജുൻവാലയുടെ റെയർ ഇൻവെസ്റ്റ്മെൻ്റ്സ് എന്ന സ്ഥാപനം വാങ്ങിയത് ഓഹരിക്കു വലിയ കുതിപ്പു നൽകി. ഇന്നലെ 14 ശതമാനം കയറ്റം ഓഹരിക്കുണ്ടായി; രണ്ടു ദിവസം കൊണ്ട് 37 ശതമാനവും.
വിദേശ നിക്ഷേപകർ ആവേശപൂർവം രംഗത്തുണ്ട്. ഇന്നലെ അവർ ക്യാഷ് വിപണിയിൽ 2347.22 കോടിയുടെ ഓഹരികൾ വാങ്ങി. കഴിഞ്ഞ 10 ദിവസം തുടർച്ചയായി വിദേശികൾ വാങ്ങലുകാരാണ്. സ്വദേശി ഫണ്ടുകൾ ഇന്നലെ 510.23 കോടിയുടെ ഓഹരികൾ വിറ്റു.
ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 92 ഡോളറിലേക്കു താഴ്ന്നിട്ടു വീണ്ടും 93 ഡോളറിനു മുകളിലായി. ചൈനീസ് ഡിമാൻഡ് കുറയുന്നതു സംബന്ധിച്ച നിഗമനങ്ങൾ പർവതീകരിച്ചതാണെന്ന് ഒപെക് സെക്രട്ടറി ജനറൽ പറഞ്ഞത് വിപണി ഗൗരവമായി എടുത്തിട്ടുണ്ട്. എന്നാൽ ഇന്നു രാവിലെ ബ്രെൻ്റ് ഇനം ക്രൂഡ് 93.6 ഡോളറിലേക്കു കയറി.
വ്യാവസായിക ലോഹങ്ങൾ ചെറിയ കയറ്റിറക്കങ്ങളിലാണ്. അലൂമിനിയം വില ഒരു ശതമാനത്തോളം കയറിയപ്പോൾ ചെമ്പും നിക്കലും മറ്റും താഴ്ന്നു. സിങ്ക് വില 6.2 ശതമാനം ഇടിഞ്ഞു. ഉൽപാദനം ഗണ്യമായി കുറയുമെന്ന കഴിഞ്ഞ ദിവസത്തെ വിലയിരുത്തൽ തിരുത്തിയ സാഹചര്യത്തിലാണ് ഇടിവ്. ചൈനീസ് സ്റ്റീൽ മില്ലുകൾ ഉൽപാദനം കുറച്ചതു മൂലം ഇരുമ്പയിരു വില 100 ഡോളറിലേക്കു താണു. മഴ കുറഞ്ഞതിനെ തുടർന്നു ഡാമുകളിൽ വെള്ളം കുറവായതു മൂലം ചൈന വ്യവസായങ്ങൾക്ക് അപ്രഖ്യാപിത പവർകട്ട് ഏർപ്പെടുത്തിയിരിക്കുകയാണ്.
ഫെഡ് മിനിറ്റ്സ് സ്വർണത്തെ താഴോട്ടാണു നയിച്ചത്. 1783-1759 ഡോളറിനിടയിൽ കയറിയിറങ്ങിയ സ്വർണം മിനിറ്റ്സ് വന്നതോടെ 1762-1764 മേഖലയിലായി. ഇന്നു രാവിലെ 1766-1767 ഡാേളറിലാണു വ്യാപാരം.
കേരളത്തിൽ ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 38,320 രൂപയായി.
രൂപ ഇന്നലെ കരുത്തു കാണിച്ചു. ഡോളർ 28 പൈസ നഷ്ടത്തിൽ 79.45 രൂപയിലാണു ക്ലോസ് ചെയ്തത്. രാവിലെ 79.31 രൂപ വരെ ഡോളർ താഴ്ന്നതായിരുന്നു. വിദേശ നിക്ഷേപകർ ഓഹരി വിപണിയിലേക്കു തിരിച്ചു വന്നതാണു രൂപയ്ക്കു കരുത്തായത്.
ഡോളർ സൂചിക കാര്യമായ മാറ്റമില്ലാതെ തുടരുന്നു.106.57 ലാണ് ഇന്നു രാവിലെ സൂചിക.

കാലാവസ്ഥയുടെ ചതി; നെൽകൃഷിയിൽ സാരമായ കുറവ്

തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷം ഭക്ഷ്യധാന്യ ഉൽപാദനത്തിൽ അനിശ്ചിതത്വം സൃഷ്ടിക്കുകയാണ്. ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ മഴക്കുറവ് രൂക്ഷമായി തുടരുന്നു. നെൽകൃഷി 15 ശതമാനത്തിലധികം കുറവായി എന്നാണു സൂചന. ജൂലൈക്കു ശേഷം നെൽകൃഷിയുടെ അളവ് കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടില്ല. ജൂലൈ ഒടുവിൽ 13 ശതമാനമായിരുന്നു കുറവ്. പിന്നീടു മഴക്കുറവ് വർധിച്ചതേ ഉള്ളൂ.
2021-22 സീസണിൽ നെല്ല് അടക്കം ഭക്ഷ്യധാന്യ ഉൽപാദനം റിക്കാർഡ് ആയിരുന്നു. 13.03 കോടി ടൺ അരിയും 10.68 കോടി ടൺ ഗോതമ്പും അടക്കം 31.57 കോടി ടൺ ഭക്ഷ്യധാന്യങ്ങൾ ഉണ്ടായി എന്നാണ് നാലാമത്തെ അഡ്വാൻസ് എസ്റ്റിമേറ്റ്. ഇതു റിക്കാർഡാണ്.

വിലക്കയറ്റം ഉയരും

കഴിഞ്ഞ സീസണിലെ ഉൽപാദനക്കണക്ക് വിപണിക്ക് ആശ്വാസം പകരുന്നതല്ല. കയറ്റുമതി വർധിച്ചതു മൂലം ഗോതമ്പിൻ്റെയും അരിയുടെയും സ്റ്റാേക്ക് വളരെ കുറവാണ്. ധാന്യവില ഉയർന്നു തുടങ്ങിയത് ഈ സാഹചര്യത്തിലാണ്. നെൽകൃഷി ഗണ്യമായി കുറയുക കൂടി ചെയ്യുമ്പോൾ വിലക്കയറ്റം പരിധികടന്നേക്കും.
പയറുവർഗങ്ങളുടെ കാര്യത്തിലും കാലാവസ്ഥ ചതിച്ചിട്ടുണ്ട്. തുവരപ്പരിപ്പ് കൃഷി സ്ഥലം 11.7 ശതമാനവും ഉഴുന്നു കൃഷി അഞ്ചു ശതമാനവും കുറഞ്ഞു. പയറുവർഗങ്ങളുടെ കാര്യത്തിൽ അവശ്യസാധന നിയമം പ്രഖ്യാപിക്കാൻ ഗവണ്മെൻ്റ് നിർബന്ധിതമായി.
വിലക്കയറ്റം കുറഞ്ഞു തുടങ്ങി എന്നു സർക്കാർ ആശ്വസിച്ചു വന്നപ്പോഴാണ് മഴക്കുറവ് ഭീഷണിയാകുന്നത്. മഴ കുറഞ്ഞ സംസ്ഥാനങ്ങളിൽ കമ്മി മറികടക്കാനുള്ള മഴ ഇനി കിട്ടുമെന്ന പ്രതീക്ഷയും ഇല്ല. ചൈനയിലും തെക്കു കിഴക്കൻ ഏഷ്യയിലും മഴക്കുറവ് ഉള്ളതിനാൽ അരിയുടെയും പയറു വർഗങ്ങളുടെയും വിലക്കയറ്റം രൂക്ഷമായെന്നു വരാം.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it