Begin typing your search above and press return to search.
ദിശാബോധം കിട്ടാതെ വിപണി; വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നതു തുടരുന്നു; ചെെനയിലേക്കു നിക്ഷേപം മാറ്റുന്നു; രൂപയ്ക്കു ക്ഷീണം
വ്യക്തമായ ദിശാബോധം വിപണികൾക്കു കിട്ടുന്നില്ല. ഏഷ്യൻ ഓഹരി വിപണികൾ ഇന്നലെ വ്യത്യസ്ത ദിശകളിൽ നീങ്ങി. യൂറോപ്യൻ വിപണികൾ ചെറിയ നേട്ടത്തിൽ അവസാനിച്ചു. യുഎസ് വിപണിക്ക് ഇന്നലെ അവധിയായിരുന്നു. ഫ്യൂച്ചേഴ്സ് മാർക്കറ്റ് 0.4 ശതമാനം വരെ താഴ്ചയിലായിരുന്നിട്ട് ഇന്ന് അൽപം നേട്ടത്തിലായി.. ഓസ്ട്രേലിയൻ വിപണി ഇന്നു രാവിലെ താഴ്ന്നാണു വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീടു നേട്ടത്തിലായി. ഏഷ്യൻ വിപണികളിൽ ഇന്നു ദുർബല തുടക്കമാണു കണ്ടത്. പക്ഷേ പിന്നീട് ഉയർന്നു. ഇന്നലെ ഇന്ത്യൻ വിപണി താഴ്ന്നു ക്ലോസ് ചെയ്തതിനെ ശരിവയ്ക്കുന്നതായി മറ്റു വിപണികളിലെ ചലനങ്ങൾ.
വിദേശ നിക്ഷേപകരുടെ വിൽപനയും കമ്പനികളുടെ മൂന്നാം പാദ റിസൽട്ടുകളുമാണ് ഈയാഴ്ച വിപണിയെ നയിക്കുക. മൊത്തവില സൂചികയിലെ താഴ്ചയും കയറ്റുമതിയിലെ ഇടിവും വിപണിയെ അത്ര കണ്ടു ബാധിക്കുന്നവയല്ല. വിദേശികൾ ഇന്ത്യയിൽ നിന്നു ചൈനയിലേക്കു പണം മാറ്റുകയാണ്. രണ്ടു വർഷത്തെ തളർച്ചയിൽ നിന്നു കരകയറുന്ന ചെെന വലിയ നിക്ഷേപ അവസരമാണ് നൽകുന്നത്.
ജപ്പാനിൽ നിക്കെെ സൂചിക രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു ശക്തമായി തിരിച്ചു കയറി. കൊറിയൻ വിപണി ചെറിയ ഉയർച്ചയിലാണ് ആരംഭിച്ചത്. ചൈനീസ് വിപണി ഇന്ന് ഒരു ശതമാനത്തിലധികം നേട്ടത്തിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി 17,959 ലാണ് അവസാനിച്ചത്. ഇന്നു രാവിലെ സൂചിക 17,980 ലേക്കു കയറി. ഇന്ത്യൻ വിപണി ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
തിങ്കളാഴ്ച ഇന്ത്യൻ വിപണി രാവിലെ ഉയർന്നു വ്യാപാരം തുടങ്ങിയിട്ടു കൂടുതൽ കയറി. രണ്ടു മണിക്കൂറിനു ശേഷമാണു താഴ്ചയിലേക്കു മാറിയത്. സെൻസെക്സ് 300 പോയിന്റും നിഫ്റ്റി 100 പോയിന്റും ഇടിഞ്ഞു. പിന്നീടു നഷ്ടം അൽപം കുറച്ച് വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്സ് 168.21 പോയിന്റ് (0.28%) നഷ്ടത്തിൽ 60,092.97 ലും നിഫ്റ്റി 61.75 പോയിന്റ് (0.34%) നഷ്ടത്തിൽ 17,894.85ലും ക്ലോസ്ചെയ്തു.
മിഡ് ക്യാപ് സൂചിക 0.24%വും സ്മോൾ ക്യാപ് സൂചിക 0.07% വും താണു.
ഐടിയും പാെതുമേഖലാ ബാങ്കുകളുമാണ് ഇന്നലെ നേട്ടമുണ്ടാക്കിയ മേഖലകൾ. എഫ്എംസിജി നേരിയ ഉയർച്ച കാണിച്ചു. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, മെറ്റൽ, ഓയിൽ - ഗ്യാസ് തുടങ്ങിയവ താഴ്ന്നു. മൂന്നാം പാദത്തിൽ നല്ല റിസൽട്ട് പ്രസിദ്ധീകരിച്ചെങ്കിലും എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി താഴ്ന്നു. ആക്സിസും ഐസിഐസിഐയും അടക്കമുളള വലിയ സ്വകാര്യ ബാങ്കുകൾ ഇടിവിലായിരുന്നു. റിലയൻസ് ഇന്നലെയും താഴ്ന്നു. ഇടത്തരം പൊതുമേഖലാ ബാങ്കുകൾ അഞ്ചു മുതൽ 10 വരെ ശതമാനം ഉയർന്നു.
വിദേശ നിക്ഷേപകർ 750.59 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 685.96 കോടിയുടെ ഓഹരികൾ വാങ്ങി. വിപണി ബെയറിഷ് ആണെന്ന് വിശകലന വിദഗ്ധർ പറയുന്നു. 17,750 -നു താഴോട്ടു പോയാൽ വലിയ തിരുത്തലിലേക്കു നീങ്ങാം.
നിഫ്റ്റിക്ക് ഇന്ന് 17,855 ലും 17,740 ലും സപ്പാേർട്ട് ഉണ്ട്. ഉയരുമ്പോൾ 18,005 -ലും 18,130 ലും തടസം പ്രതീക്ഷിക്കാം.ക്രൂഡ് ഓയിൽ വില ഉയർന്നു തുടരുന്നു. ബ്രെന്റ് ഇനം ഇന്നലെ 84.10 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്ന് 84.46 ഡോളറിലേക്കു കയറി.
വ്യാവസായിക ലാേഹങ്ങൾ ഇന്നലെയും ഉയർന്നു. ചെമ്പ് അരശതമാനം കയറി ടണ്ണിന് 9145 ഡോളറായി. അലൂമിനിയം ഒന്നേകാൽ ശതമാനം ഉയർന്ന് 2626 ഡോളർ ആയി.
സ്വർണം 1920 ഡോളറിലെ തടസം മറികടക്കാൻ ശ്രമിക്കുകയാണ്. ഇന്നലെ 1910 നും 1924 നുമിടയിൽ ചാഞ്ചാടി. ഇന്നു രാവിലെ 1918-1920 ഡോളറിലാണു വ്യാപാരം.
കേരളത്തിൽ 22 കാരറ്റ് സ്വർണം ഇന്നലെ പവന് 160 രൂപ വർധിച്ച് 41,760 രൂപയായി. ഡോളറിന്റെ വിനിമയ നിരക്ക് അനുസരിച്ചു സ്വർണവിലയിൽ മാറ്റം വരും.
രൂപ ഇന്നലെ തുടക്കത്തിൽ നേട്ടം ഉണ്ടാക്കിയെങ്കിലും പിന്നീടു ദുർബലമായി. 28 പെെസ നേട്ടത്തോടെ 81.61 രൂപയിലാണു ഡോളർ ക്ലോസ് ചെയ്തത്. വിദേശികൾ പണം പിൻവലിക്കുന്നതു രൂപയുടെ ക്ഷീണത്തിനു കാരണമാണ്. ഡോളർ സൂചിക തലേന്ന് 102.2 ആയിരുന്നത് ഇന്നു രാവിലെ 102.33 ലേക്ക് കയറി.
ഫെഡറൽ ബാങ്കിനു നല്ല റിസൽട്ട്
ഫെഡറൽ ബാങ്ക് ഓഹരികളിൽ ഈയിടെ ഉണ്ടായ താൽപര്യം ശരിവയ്ക്കുന്നതായി ബാങ്കിന്റെ മൂന്നാം പാദ റിസൽട്ട്. അറ്റാദായം 54 ശതമാനം വർധിച്ച് 804 കോടി രൂപയായി. അറ്റപലിശ വരുമാന മാർജിൻ 3.27 ൽ നിന്നു 3.49 ശതമാനമായി ഉയർന്നു. നിഷ്ക്രിയ ആസ്തി കുറഞ്ഞു. ഇന്നലെ ഓഹരി വില 143.4 രൂപ വരെ കയറി.
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മൂന്നാം പാദ അറ്റാദായം ഇരട്ടിയിലേറെയായി. പൊതു മേഖലാ ബാങ്കുകളുടെ ഓഹരിവിലകൾ കുതിച്ചു കയറാൻ ഇതു കാരണമായി.
മൊത്തവിലക്കയറ്റം ഇടിഞ്ഞു
ഡിസംബറിൽ മൊത്തവില സൂചിക ആധാരമാക്കിയുളള വിലക്കയറ്റം 4.95 ശതമാനമായി കുറഞ്ഞു. 2021 ഫെബ്രുവരിക്കു ശേഷം മൊത്തവിലക്കയറ്റം അഞ്ചു ശതമാനത്തിനു താഴെയാകുന്നത് ഇതാദ്യമാണ്. നവംബറിൽ 5.85 ശതമാനമായിരുന്നു നിരക്ക്. ഭക്ഷ്യ വസ്തുക്കൾ അടക്കമുള്ള പ്രാഥമിക ഉൽപന്നങ്ങളുടെ വിലക്കയറ്റം 5.52 ശതമാനത്തിൽ നിന്ന് 2.38 ശതമാനമായി താണു. ഫാക്ടറി ഉൽപന്നങ്ങളുടെ വിലക്കയറ്റം 3.59 ശതമാനത്തിൽ നിന്ന് 3.37 ശതമാനമായി. അതേസമയം ഇന്ധന-ഊർജ വിലക്കയറ്റം 17.35 ശതമാനത്തിൽ നിന്ന് 18.09 ശതമാനമായി വർധിച്ചു. . പലിശയടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് ചില്ലറ വിലക്കയറ്റം പരിഗണിച്ചാണ്.
കയറ്റുമതിയിൽ ഇടിവ്
ഡിസംബറിൽ വിദേശ വ്യാപാരത്തിൽ ക്ഷീണം. ഉൽപന്ന കയറ്റുമതി 12.2 ശതമാനം കുറഞ്ഞു. ഇറക്കുമതിയിൽ 3.5 ശതമാനം കുറവുണ്ടായി. തന്മൂലം വാണിജ്യകമ്മി വലിയ മാറ്റമില്ലാതെ തുടർന്നു.
ഡിസംബറിലെ കയറ്റുമതി 3448 കോടി ഡോളറും ഇറക്കുമതി 5824 കോടി ഡോളറുമാണ്. കമ്മി 2376കോടി ഡോളർ. നവംബറിനെ അപേക്ഷിച്ചു കയറ്റുമതിയിൽ 249 കോടി ഡോളറിന്റെ വർധന ഉണ്ടെങ്കിലും കഴിഞ്ഞ വർഷം ഡിസംബറിനെ അപേക്ഷിച്ചുള്ള കുറവ് 579 കോടി ഡോളറാണ്.
Next Story
Videos