ആവേശത്തോടെ ബജറ്റിലേക്ക്; അദാനിയുടെ വിജയത്തില്‍ വിപണിക്ക് ആശ്വാസം; ഈ വിജയത്തിന്റെ വില എത്ര? സാമ്പത്തിക സര്‍വേയില്‍ ശുഭചിത്രം



ബജറ്റ് ദിനത്തില്‍ ആവേശപ്രകടനമാകുമോ ഇന്ത്യന്‍ വിപണിയില്‍? അദാനിയുടെ വിജയവും പ്രതീക്ഷ പകരുന്ന സാമ്പത്തിക സര്‍വേയും ജിഎസ്ടി പിരിവിലെ കുതിപ്പും കാതല്‍ വ്യവസായ മേഖലയിലെ വളര്‍ച്ചയും അതിനു വഴിയൊരുക്കിയിട്ടുണ്ട്.

ഗൗതം അദാനി തന്റെ വളര്‍ച്ചയുടെ ഏറ്റവും വലിയ വെല്ലുവിളി അതിജീവിച്ചു. 20,000 കോടി രൂപയുടെ എഫ്പിഒ വിജയകരമായി പൂര്‍ത്തിയാക്കി. അബുദാബി ഭരണകൂടത്തിനും ഗള്‍ഫിലെ സൗഹൃദങ്ങള്‍ക്കും ആണ് അദ്ദേഹം പ്രത്യേകം നന്ദി പറയേണ്ടത്. ഈ അടിയന്തര സഹായത്തിന് അഡാനി ഗ്രൂപ്പ് നല്‍കേണ്ടി വരുന്ന വില എത്രയാണെന്ന് ഭാവിയിലേ അറിയാനാകൂ. തല്‍ക്കാലം ഇഷ്യു വിജയിപ്പിക്കുകയായിരുന്നു പ്രധാനം. അതു നടന്നു. അഡാനി ജേതാവായി. ഇന്ത്യന്‍ വിപണി ആശ്വാസത്തിലായി.

ബജറ്റിനു തലേന്നു ചെറിയ നേട്ടത്തില്‍ ഇന്ത്യന്‍ വിപണി ക്ലോസ് ചെയ്തു. ചൊവ്വാഴ്ച യൂറോപ്യന്‍ വിപണികള്‍ സമ്മിശ്രമായിരുന്നു. കാര്യമായ നേട്ടം കാണിച്ചില്ല. എന്നാല്‍ തലേന്നത്തെ നെഗറ്റീവ് കാഴ്ചപ്പാട് മാറ്റി നല്ല കുതിപ്പിനാണ് അമേരിക്കന്‍ വിപണി തയാറായത്. ഡൗ ജോണ്‍സ് 1.1ഉം നാസ് ഡാക് 1.67 ഉം ശതമാനം ഉയര്‍ന്നു. പക്ഷേ യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു ഗണ്യമായ താഴ്ചയിലാണ്. ഡോളര്‍ സൂചിക താഴ്ചയില്‍ നിന്നു കയറി. സ്വര്‍ണ വിലയും തിരികെക്കയറി.

ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര ചിത്രമാണു നല്‍കുന്നത്. ജപ്പാനില്‍ നിക്കൈ ഉയര്‍ന്നു വ്യാപാരം നടത്തുന്നു. എന്നാല്‍ ചൈനീസ് വിപണി താഴ്ചയിലാണ്. ഇന്ന് ഇന്ത്യന്‍ വിപണിയുടെ തുടക്കത്തില്‍ ആവേശം ഉണ്ടാകാം. ബജറ്റ് വിപണിയുടെ പ്രതീക്ഷകള്‍ക്ക് കോട്ടമൊന്നും വരുത്തുന്നില്ലെങ്കില്‍ നല്ല നേട്ടത്തോടെ സൂചികകള്‍ അവസാനിക്കാം. സമീപകാലത്തെ മികച്ച ബജറ്റ്ദിന പ്രകടനം വിപണി കാഴ്ചവച്ചെന്നു വരാം.

സിംഗപ്പൂര്‍ എക്‌സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ എസ്ജി എക്‌സ് നിഫ്റ്റി ഇന്നലെ 17,752 ല്‍ ഒന്നാം സെഷന്‍ ക്ലാേസ് ചെയ്തു. പിന്നീടു രാത്രി സെഷനില്‍ 130 പോയിന്റ് കുതിച്ച് 17,882 ല്‍ എത്തി. ഇന്നു രാവിലെ വീണ്ടും കയറി 17,890 നടുത്തായി. രാവിലെ ഇന്ത്യന്‍ വിപണി നല്ല നേട്ടത്തില്‍ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

ചൊവ്വാഴ്ച അഡാനിയുടെ ഇഷ്യു വിജയിക്കും എന്നു രാവിലെ തന്നെ വ്യക്തമായിരുന്നു. അതിനാല്‍ ഓഹരികള്‍ ഉയര്‍ത്തി നിര്‍ത്താന്‍ ഗ്രൂപ്പ് കാര്യമായി ശ്രമിച്ചില്ല. വിപണിയില്‍ വരുന്ന ഓഹരികള്‍ വാങ്ങിക്കൂട്ടി ഓഹരികളുടെ വില പിടിച്ചു നിര്‍ത്താനും ശ്രമമുണ്ടായില്ല. ഇതിനിടെ പാശ്ചാത്യ പ്രവണതയുടെ ചുവടു പിടിച്ച് ഐടി ഓഹരികള്‍ കുത്തനെ ഇടിഞ്ഞു.

സെന്‍സെക്‌സും നിഫ്റ്റിയും മുന്‍ ദിവസങ്ങളെപ്പോലെ ഇന്നലെയും ചാഞ്ചാട്ടത്തിലായിരുന്നു. സെന്‍സെക്‌സ് 49.49 പോയിന്റ് (0.08%) ഉയര്‍ന്ന് 59,549.9 ലും നിഫ്റ്റി 13.2 പോയിന്റ് (0.07%) ഉയര്‍ന്ന് 17,662.15 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.47 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 2.21 ശതമാനവും ഉയര്‍ന്നു.

ഐടി, ഓയില്‍ - ഗ്യാസ്, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ മേഖലകള്‍ ഇന്നലെ താഴ്ചയിലായി. പൊതുമേഖലാ ബാങ്കുകള്‍ ഇന്നലെ ആവേശപൂര്‍വം തിരിച്ചു കയറി. വാഹനങ്ങള്‍, മെറ്റല്‍, ബാങ്ക്, ധനകാര്യ സേവനങ്ങള്‍, മീഡിയ തുടങ്ങിയവ നല്ല നേട്ടത്തിലായി.

വിപണിക്ക് ഇന്ന് 17,570 ലും 17,450 ലും പിന്തുണയുണ്ട്. ഉയരുമ്പോള്‍ 17,720 ലും 17,840 ലും തടസം നേരിടാം. വിദേശികള്‍ ഇന്നലെയും വലിയ വില്‍പന തുടര്‍ന്നു. 5439.64 കോടിയുടെ ഓഹരികള്‍ ഇന്നലെ ക്യാഷ് വിപണിയില്‍ വിറ്റു. സ്വദേശി ഫണ്ടുകള്‍ 4506.31 കോടിയുടെ ഓഹരികള്‍ വാങ്ങി.

ക്രൂഡ് ഓയില്‍ ഡിമാന്‍ഡ് പ്രതീക്ഷ പോലെ വര്‍ധിക്കാത്തതിനാല്‍ വില താഴ്ന്നു. ബ്രെന്റ് ഇനം 84.49 ഡോളറിലാണ്. വ്യാവസായിക ലോഹങ്ങള്‍ അല്‍പം താഴ്ന്നാണു നില്‍ക്കുന്നത്.

സ്വര്‍ണം വലിയ ചാഞ്ചാട്ടത്തിലായി. പലിശനിരക്ക് കൂടുതല്‍ വര്‍ധിക്കുമെന്ന ഭീതിയില്‍ ഇന്നലെ 1900 ഡോളറിലേക്കു വില ഇടിഞ്ഞു. പിന്നീട് ആശങ്ക അകറ്റുന്ന ചില കണക്കുകള്‍ വന്നതോടെ വില തിരിച്ചു കയറി 1932 ലെത്തി. ഇന്നു രാവിലെ 1926-1928 ഡോളറിലാണു സ്വര്‍ണം. കേരളത്തില്‍ ഇന്നലെ സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 42,000 രൂപ ആയി. ഇന്നു വില ഉയര്‍ന്നേക്കാം.

ഡോളര്‍ ഇന്നലെ നല്ല നേട്ടമുണ്ടാക്കി. 81.92 രൂപയിലേക്കു കയറി. തലേന്നത്തെക്കാള്‍ 42 പൈസ കൂടുതല്‍. ലോകവിപണിയില്‍ ഡോളര്‍ സൂചിക 102.1 ല്‍ ക്ലോസ് ചെയ്തു.


അബുദാബിയുടെ സഹായത്തില്‍ അദാനിയുടെ ജയം

യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹാേദരന്‍ ഷെയ്ഖ് തഹ്നൂണ്‍ നയിക്കുന്ന ഐഎച്ച്‌സി (ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കോര്‍പറേഷന്‍) ആണ് അഡാനിക്കു രക്ഷകരായത്. നേരത്തേ തന്നെ ഗ്രൂപ്പില്‍ 200 കോടി ഡോളര്‍ നിക്ഷേപിച്ചിട്ടുള്ള അവര്‍ അവസാന നിമിഷം 40 കോടി ഡോളര്‍ കൂടി ഇറക്കി. ചില ഇന്ത്യന്‍ സമ്പന്ന കുടുംബങ്ങള്‍ വിദേശത്തെ നിക്ഷേപ സംവിധാനങ്ങള്‍ വഴി കോടികള്‍ ഇറക്കി. റീട്ടെയില്‍ നിക്ഷേപകര്‍ക്കുള്ള ഭാഗത്തിനു കാര്യമായി അപേക്ഷ ലഭിച്ചില്ലെങ്കിലും മറ്റു വിഭാഗങ്ങളില്‍ അധിക അപേക്ഷകള്‍ ലഭിച്ചതിനാല്‍ ഇഷ്യു വന്‍ വിജയമായി.

നഥേന്‍ ആന്‍ഡേഴ്‌സന്റെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് തല്‍ക്കാലം ലക്ഷ്യം കണ്ടില്ല. പക്ഷേ അവരും അവര്‍ക്കു പിന്നിലുള്ളവരും തുടര്‍ പോരാട്ടം നടത്തിയെന്നു വരാം. അങ്ങനെ വന്നാല്‍ അദാനി ഗ്രൂപ്പിനു തുടര്‍ വിജയം അനായാസമായിരിക്കില്ല. സമ്പന്ന പട്ടികയില്‍ ലോക മൂന്നാം സ്ഥാനത്തുനിന്ന് പന്ത്രണ്ടാം സ്ഥാനത്തേക്കു വീണ അഡാനിക്കു തിരികെ മുകളിലെത്താന്‍ എത്ര കാത്തിരിക്കേണ്ടി വരുമെന്നതു തുടര്‍ പോരാട്ടത്തെ ആശ്രയിച്ചിരിക്കുന്നു.

സാമ്പത്തിക സര്‍വേയില്‍ ആശ്വാസം, പ്രതീക്ഷ

ഇന്നലെ പുറത്തുവിട്ട സാമ്പത്തിക സര്‍വേ വിപണിക്കു പ്രതീക്ഷ നല്‍കുന്നതാണ്. അടുത്ത ധനകാര്യ വര്‍ഷം സ്ഥിരവിലയില്‍ 6.5 ശതമാനം വളര്‍ച്ചയാണ് അതിലെ നിഗമനം. ഈ വര്‍ഷത്തെ ഏഴു ശതമാനത്തില്‍ നിന്നു കുറവാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ തൃപ്തികരമാണ്. വിലക്കയറ്റം ഗണ്യമായി കുറയുമെന്നാണ് സര്‍വേയിലെ. നിഗമനം. തന്നാണ്ടുവിലയില്‍ ജിഡിപി വളര്‍ച്ച 11 ശതമാനമായി കണക്കാക്കുന്നത് ആ അടിസ്ഥാനത്തിലാണ്. നടപ്പുവര്‍ഷം തന്നാണ്ടുവിലയിലെ വളര്‍ച്ച 15.4 ശതമാനമായിരുന്നു. കയറ്റുമതി രംഗത്താണ് സര്‍വേ വലിയ വെല്ലുവിളി കാണുന്നത്. അതു വിദേശത്തെ സാമ്പത്തിക വളര്‍ച്ചയുടെ ഫലമാണു താനും. മൂലധനനിക്ഷേപ കാര്യത്തില്‍ സര്‍വേ വലിയ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. 2022 -23 ആദ്യ പകുതിയില്‍ സ്വകാര്യ മൂലധന നിക്ഷേപം 2.6 ലക്ഷം കോടി രൂപയില്‍ നിന്ന് 3.3 ലക്ഷം കോടി രൂപയായി വളര്‍ന്നെന്ന കണക്ക് സര്‍വേ ആധാരമായി സ്വീകരിക്കുന്നു. കരന്റ് അക്കൗണ്ട് കമ്മി നിയന്ത്രണ വിധേയമാകുമെന്നും സര്‍വേ കണക്കാക്കുന്നു.

ജിഎസ്ടി പിരിവില്‍ കുതിപ്പ്


ജനുവരിയിലെ ജിഎസ്ടി വരുമാനം 1.56 ലക്ഷം കോടി രൂപയായി. കഴിഞ്ഞ ഏപ്രിലിലെ 1.68 ലക്ഷം കോടി കഴിഞ്ഞാലുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ പിരിവാണിത്. തലേ മാസത്തെ ഇടപാടുകള്‍ക്കുള്ള നികുതിയാണ് ഓരോ മാസത്തെയും നികുതി പിരിവില്‍ വരുന്നത്. ഏപ്രില്‍- ജനുവരിയിലെ ജിഎസ്ടി പിരിവില്‍ 24 ശതമാനം വളര്‍ച്ച ഉണ്ടെന്നു കണക്കുകള്‍ കാണിക്കുന്നു. ബജറ്റ് കമ്മി ഒതുക്കി നിര്‍ത്താന്‍ ഇതു സഹായിക്കും. സാമ്പത്തിക വളര്‍ച്ചയേക്കാള്‍ വിലക്കയറ്റമാണു നികുതി വരുമാനം വര്‍ധിപ്പിച്ചതെന്ന് വ്യക്തമാണ്.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it