വിപണികളിൽ അനിശ്ചിതത്വം; വിദേശ സൂചനകൾ നെഗറ്റീവ്; ക്രൂഡ് ഓയിൽ വിലയിടിവിൽ ആശ്വാസം

പലിശവർധന തുടരുമെന്നു കൂടുതൽ പേർ സൂചിപ്പിക്കുന്നു. ചൈനയിൽ കോവിഡ് വ്യാപനം വർധിക്കുന്നു. ഇന്നു തുടങ്ങുന്ന ആഴ്ചയിൽ വിപണിയെ സ്വാധീനിക്കുന്ന കാര്യങ്ങൾ ഇവയാണ്. എന്നാൽ വിപണിയുടെ സമീപനം അപ്പാടേ നെഗറ്റീവ് അല്ല. ഈയാഴ്ച പുറത്തു വരുന്ന സാമ്പത്തിക സൂചകങ്ങൾ അത്ര മികച്ചവയാകില്ലെന്ന സൂചന വിപണിക്കു മേൽ നിഴലാണ്.

വെള്ളിയാഴ്ച യുഎസ് വിപണി നേരിയ ഉയർച്ചയിലാണു ക്ലോസ് ചെയ്തത്. ടെക് ഓഹരികൾ നയിക്കുന്ന നാസ്ഡാക് സൂചിക കൂടുതൽ സമയവും നഷ്ടത്തിലായിരുന്നു. ക്ലോസ് ചെയ്തതു കേവലം 1.1 പോയിൻ്റ് നേട്ടത്തിൽ. വിപണികളിൽ അനിശ്ചിതത്വം നിലനിൽക്കുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്.
ഏഷ്യൻ വിപണികൾ രാവിലെ ചെറിയ നേട്ടത്തിൽ തുടങ്ങിയിട്ടു നഷ്ടത്തിലേക്കു വീണു.. ചൈനീസ് സൂചികകൾ തുടക്കം മുതലേ നല്ല താഴ്ചയിലാണ്. കോവിഡ് വ്യാപനം ചൈനീസ് വളർച്ചയെ വീണ്ടും പിന്നോട്ടടിക്കുമെന്നു കരുതപ്പെടുന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി കഴിഞ്ഞയാഴ്ച 18,345 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ സൂചിക 18,284 ലേക്ക് ഇടിഞ്ഞു. പിന്നീട് അൽപം ഉയർന്നു. ഇന്ത്യൻ വിപണി ഇന്നു താഴ്ന്ന് വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിപണി വഴിത്തിരിവിലാണ് എന്നു പല നിക്ഷേപ വിദഗ്ധരും കരുതുന്നു. ഇന്ന് 18,250-നു താഴെ നിഫ്റ്റി ക്ലാേസ് ചെയ്താൽ ഹ്രസ്വകാല തിരുത്തൽ ഉണ്ടാകാം. 17,800 നടുത്തു വരെയാകാം ആ താഴ്ച. മറിച്ചു വാരാരംഭത്തിൽ ആദ്യ പ്രതിരോധ മേഖല മറികടന്നു 18,400 നു മുകളിൽ ക്ലോസ് ചെയ്താൽ മധ്യകാല മുന്നേറ്റത്തിനു തുടക്കമാകാം.
വെള്ളിയാഴ്ച വിപണി ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ചെറിയ നഷ്ടത്തോടെയാണ് അവസാനിച്ചത്. സെൻസെക്സ് 61,930 വരെ കയറിയ ശേഷം 61,337 വരെ താഴ്ന്നു. 87.12 പോയിൻ്റ് (0.14%) താണ് 61,663.48 ൽ സെൻസെക്സും 36.25 പോയിൻ്റ് (0.2%) കുറഞ്ഞ് 18,307.65-ൽ നിഫ്റ്റിയും ക്ലോസ് ചെയ്തു. മിഡ് ക്യാപ്‌ സൂചിക 0.44 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.45 ശതമാനവും താഴ്ചയിൽ അവസാനിച്ചു. വാഹനങ്ങൾ, ഓയിൽ - ഗ്യാസ്, മെറ്റൽ, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളാണു വലിയ നഷ്ടത്തിലായത്.
പ്രതിവാര കണക്കിൽ സെൻസെക്സ് 0.21 ശതമാനവും നിഫ്റ്റി 0.23 ശതമാനവും നഷ്ടത്തിലായി. മിഡ് ക്യാപ് സൂചിക 1.5%വും സ്മോൾ ക്യാപ് സൂചിക ഒന്നും ശതമാനം താഴ്ന്നു. പവർ, മെറ്റൽ, ഓട്ടോ, കൺസ്യൂമർ ഡ്യുറബിൾസ്, എഫ്എംസിജി മേഖലകൾക്കാണു പ്രതിവാര നഷ്ടം കൂടുതൽ. ബാങ്കുകളും ഐടിയും ഉയർന്നു.
വിദേശ നിക്ഷേപകർ കഴിഞ്ഞയാഴ്ച 141 കോടി ഡോളർ ഓഹരികളിൽ നിക്ഷേപിച്ചു. നവംബറിൽ ഇതുവരെ 371 കോടി ഡോളറാണ് (30,385 കോടി രൂപ) അവർ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചത്. ബാങ്കിംഗ്, ഐടി, ടെലികോം മേഖലകളിലാണു കൂടുതൽ നിക്ഷേപം. വരും ദിവസങ്ങളിൽ വിദേശികൾ ഈ ആവേശം തുടരുമോ എന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്.
വിപണി ഉണർവിൻ്റെ സൂചനകളോടെയാണ് ക്ലോസ് ചെയ്തതെന്ന് നിക്ഷേപ വിദഗ്ധർ കരുതുന്നു. നിഫ്റ്റി തിരിച്ചു കയറാൻ പറ്റുന്ന നിലവാരത്തിനടുത്താണ്. ഇന്ന് 18,230-ലും 18,115-ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 18,375-ലും 18,490-ലും തടസങ്ങൾ നേരിടാം.

ക്രൂഡും ലോഹങ്ങളും താഴ്ചയിൽ
ക്രൂഡ് ഓയിൽ വില കഴിഞ്ഞയാഴ്ച പത്തു ശതമാനത്തോളം ഇടിഞ്ഞു. ബ്രെൻ്റ് ഇനം ക്രൂഡ് 88 ഡോളറിനു താഴെയും ഡബ്ള്യുടിഐ ഇനം 80- നു താഴെയും എത്തി. ചൈനയിൽ കോവിഡ് ബാധ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ ചൈനീസ് ഡിമാൻഡ് കുറഞ്ഞു തുടങ്ങി. ചൈനയിലെ പാർപ്പിട നിർമാണ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ പ്രഖ്യാപിച്ച പദ്ധതികളൊന്നും പര്യാപ്തമല്ലെന്നും ജിഡിപി വളർച്ച തീരെ കുറവാകുമെന്നും വിലയിരുത്തൽ ഉണ്ട്. ഇതെല്ലാം ക്രൂഡിൻ്റെയും ലോഹങ്ങളുടെയും വിലയിടിവിനു കാരണമായി. ബ്രെൻ്റ് ഇനം 87.62 ഡോളറിലാണു വാരാന്ത്യത്തിൽ ക്ലോസ് ചെയ്തത്. ക്രൂഡ് വിലയിടിവ് ഇന്ത്യക്ക് ആശ്വാസകരമാണ്. വാണിജ്യ കമ്മി കുറയ്ക്കാൻ അതു സഹായിക്കും.
വ്യാവസായിക ലോഹങ്ങൾ തകർച്ചയോടെയാണ് ആഴ്ച അവസാനിപ്പിച്ചത്. ഒരാഴ്ച കൊണ്ടു ചെമ്പ് അഞ്ചു ശതമാനവും അലൂമിനിയം ഏഴു ശതമാനവും ഇടിഞ്ഞു. നിക്കൽ കഴിഞ്ഞയാഴ്ച വലിയ ചാഞ്ചാട്ടം കാണിച്ചു. തലേ ആഴ്ച 26,011-ൽ ക്ലോസ് ചെയ്ത വില കഴിഞ്ഞയാഴ്ച 29,599 വരെ കയറിയിട്ട് 24,824 ഡോളറിൽ ക്ലോസ് ചെയ്തു. പ്രതിവാര നഷ്ടം അഞ്ചു ശതമാനം.
ഇന്ത്യ സ്റ്റീലിനും ഇരുമ്പയിരിനുമുള്ള കയറ്റുമതിച്ചുങ്കം ഒഴിവാക്കി. സ്റ്റീൽ കയറ്റുമതി വർധിപ്പിക്കാൻ പര്യാപ്തമല്ലെങ്കിലും വിപണി മനോഭാവം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണു
സ്വർണം മേലോട്ടുള്ള യാത്ര അവസാനിപ്പിച്ച നിലയാണ്. വാരാന്ത്യത്തിലേക്കു നീങ്ങുമ്പോൾ 1747- 1769 ഡോളറിലായിരുന്നു വ്യാപാരം. വെള്ളിയാഴ്ച 1751 ഡോളറ്റിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1752-1754 ഡോളറിലാണു സ്വർണം.
ഡോളർ കഴിഞ്ഞയാഴ്ച ദുർബലമായി. 105 - നടുത്തേക്കു ഡോളർ സൂചിക ഇടിഞ്ഞു. പലിശ ഇനിയും ഗണ്യമായി വർധിപ്പിക്കേണ്ടതുണ്ടെന്നു ഫെഡിലെ സ്വാധീനമുള്ള അംഗമായ ജയിംസ് ബള്ളാർഡ് പറഞ്ഞതാണ് സൂചികയെ ഒടുവിൽ ഉയർത്തിയത്. ഡോളർ സൂചിക 106.96 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 107.1ലേക്ക് കയറി. ഡോളർ നേട്ടം തുടരാനുള്ള ശ്രമത്തിലാണ്.
രൂപ മുൻ ആഴ്ചയിലെ നേട്ടങ്ങൾ കഴിഞ്ഞയാഴ്ച നഷ്ടപ്പെടുത്തി. ഡോളർ 81.69 രൂപയിലാണു ക്ലോസ് ചെയ്തത്. രൂപ കരുത്തു വീണ്ടെടുത്ത് തിരിച്ചുകയറുമെന്നു കരുതുന്നവരാണ് കൂടുതൽ നിരീക്ഷകർ. ഡോളർ 81 രൂപയുടെ താഴെ വരുമെന്ന് അവർ കണക്കുകൂട്ടുന്നു. പക്ഷേ ആഗോള സൂചനകൾ ഡോളറിനു കരുത്തു കൂട്ടുന്നവയാണ്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it