അദാനി പ്രതിസന്ധി മറികടക്കുന്നു; വിപണിക്കു പുതിയ ഉണർവ്; വലിയ കുതിപ്പ് കാത്തു ബുള്ളുകൾ

ഗൗതം അദാനി തൽക്കാലം പ്രതിസന്ധി മറികടന്നു. ഗ്രൂപ്പിലെ നാലു കമ്പനികളുടെ ഓഹരി വിറ്റ് 189 കോടി ഡോളർ സമാഹരിച്ചു. കൂടുതൽ ഓഹരി വിൽക്കുമോ എന്നു വ്യക്തമല്ല. ഇപ്പാേഴത്തെ വിൽപന അടുത്ത കുറേ മാസങ്ങളിലെ കടബാധ്യതകൾ തീർക്കാൻ തികയും. അംബുജ സിമന്റും എസിസിയും വാങ്ങാൻ എടുത്ത വായ്പയിൽ 50 കോടി ഡോളർ ഈ മാസം കൊടുക്കേണ്ടതുണ്ട്.

അദാനി എന്റർപ്രൈസസിന്റെ 3.39% ഓഹരി വിറ്റ് 5460 കോടി രൂപ, പോർട്സിന്റെ 4.1% ഓഹരി വിറ്റ് 5282കോടി, ട്രാൻസ്മിഷന്റെ 2.58% ഓഹരി വിറ്റ് 1898 കോടി, ഗ്രീൻ എനർജിയുടെ 3.51% ഓഹരി വിറ്റ് 2806 കോടി എന്നിങ്ങനെയാണ് ധനസമാഹരണം. എസ്ബി അദാനി ഫാമിലി ട്രസ്റ്റിന്റെ ഓഹരികളാണു വിറ്റത്. കൂടുതൽ ഓഹരികൾ വിൽക്കുമോ എന്നു വ്യക്തമായിട്ടില്ല.

രക്ഷകനായി ജയിൻ

ഇന്ത്യൻ വംശജനായ രാജീവ് ജയിൻ ചെയർമാനായ ജിക്യുജി പാർട്‌നേഴ്സ് ആണ് അദാനിക്കു രക്ഷകനായത്. യുഎസിലെ ഫ്ലോറിഡയിൽ ഫോർട്ട് ലൗഡർഡേയിലിലാണു ഗ്രൂപ്പിന്റെ തുടക്കം. പിന്നീടു ന്യൂയോർക്ക്, ലണ്ടൻ, സിയാറ്റിൽ, സിഡ്നി എന്നിവിടങ്ങളിൽ ഓഫീസ് തുറന്നു. 9200 കോടി ഡോളറിന്റെ ആസ്തികൾ കൈകാര്യം ചെയ്യുന്ന ഗ്രൂപ്പ് 2021-ൽ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ഐപിഒ നടത്തി സിഡ്നി എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. ടോം കാർവർ ആണു സിഇഒ.

യൂണിവേഴ്സിറ്റി ഓഫ് മയാമിയിൽ നിന്ന് എംബിഎ എടുത്തിട്ടുള്ള ജയിൻ മുൻപ് സ്വിസ് ബാങ്കിംഗ് കോർപറേഷനിൽ ജോലി ചെയ്തിരുന്നു. 1994 മുതൽ വോൺടാേബൽ അസറ്റ് മാനേജ്മെന്റ് കമ്പനിയിൽ പ്രവർത്തിച്ച് അതിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ ആയി. 2002-ൽ സ്വന്തം ബിസിനസ് തുടങ്ങി. ഭാവി സാധ്യത ഉള്ളതും താഴ്ന്നു നിൽക്കുന്നതുമായ ഓഹരികൾ കണ്ടെത്തി അവയിൽ വലിയ നിക്ഷേപം നടത്തി ലാഭമെടുക്കുന്നതിൽ ശ്രദ്ധിക്കുന്ന ഫണ്ട് മാനേജർ എന്നാണു ജയിൻ അറിയപ്പെടുന്നത്.

ജയിൻ അദാനിയുടെ രക്ഷകനാകുന്നതിന്റെ അണിയറയിലെ കാര്യങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.

അദാനിക്കു നല്ല ദിവസം

അദാനിക്ക് ഇന്നലെ നല്ല ദിവസമായിരുന്നു. സുപ്രീം കോടതിയിൽ നിന്നു സന്തോഷകരമായ തീരുമാനം ഉണ്ടായി. ഇതുവരെയും അദാനി വിഷയത്തിൽ ഒന്നും ചെയ്യാത്ത സെബിയോട് അദാനി ഗ്രൂപ്പ് ഓഹരികളിലെ വിപണിസംഭവങ്ങൾ അന്വഷിച്ചു രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു.

സുപ്രീം കോടതിയിലെ റിട്ടയേഡ് ജഡ്ജി എ.എം.സപ്രെ അധ്യക്ഷനായ ഒരു ആറംഗ കമ്മിറ്റിയെ വേറേ കാര്യങ്ങൾ അന്വേഷിക്കാൻ നിയോഗിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നുള്ള കാര്യങ്ങളിൽ സെബി അടക്കം അധികൃതർക്കു പാളിച്ചകൾ ഉണ്ടായാേ, പരിഹാരം എന്ത്, റെഗുലേറ്ററി സംവിധാനത്തിൽ എന്തു മാറ്റം വരണം എന്നൊക്കെയാണു കമ്മിറ്റി പഠിക്കേണ്ടത്.

അദാനിക്കു വലിയ സന്തോഷം പകർന്നതാണ് ഈ നടപടികൾ. സത്യം ജയിക്കും എന്നു പറഞ്ഞ് അദാനി കോടതി വിധിയെ സ്വാഗതം ചെയ്തു.


അദാനി ഗ്രൂപ്പ് ഓഹരി വിറ്റ് പണം നേടി. കടങ്ങൾ അടച്ചു തീർക്കാൻ വഴിയായി. അവിചാരിതമായി ഒന്നും സംഭവിക്കുന്നില്ലെങ്കിൽ അദാനിയുടെ പ്രശ്നങ്ങൾക്കു താൽക്കാലിക വിരാമമായി. വിപണിക്ക് ഇനി മറ്റു കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.

ആശങ്ക ഒതുങ്ങി വിപണി

കാൽ ശതമാനം തോതിൽ മാത്രം നിരക്ക് കൂട്ടുന്നതിനു ശ്രമിക്കും എന്നു യുഎസ് ഫെഡിലെ ഒരു പ്രമുഖ അംഗം പറഞ്ഞതാേടെ പലിശക്കാര്യത്തിലെ ആശങ്ക മാറ്റിവച്ച് യുഎസ് വിപണി കുതിച്ചു. ഇതും ഇന്നു വിപണിയെ കുതിപ്പിനു സഹായിക്കാം. ചാർട്ടുകൾ കാണിക്കുന്ന തടസമേഖലകൾ മറികടന്നുള്ള ഒരു തുടക്കം ഇന്ന് ഇന്ത്യൻ വിപണി പ്രതീക്ഷിക്കുന്നുണ്ട്. എസ്ജിഎക്സ് നിഫ്റ്റി നൽകുന്ന സൂചനയും അതാണ്.

ബുധനാഴ്ചത്തെ നേട്ടങ്ങൾ എല്ലാം നഷ്ടപ്പെടുത്തിയാണ് ഇന്നലെ വിപണി അവസാനിച്ചത്. തുടക്കം മുതൽ താഴാേട്ടായിരുന്ന വിപണിയിൽ എല്ലാ വ്യവസായമേഖലകളും നഷ്ടത്തിലായി.

ഏഷ്യൻ വിപണികൾ ഇന്നലെ ചെറിയ നഷ്ടത്തിൽ അവസാനിച്ചപ്പാേൾ യൂറോപ്യൻ വിപണികൾ ഉയർന്നു ക്ലോസ് ചെയ്തു.

യുഎസ് സൂചികകൾ നല്ല നേട്ടത്തിലാണ് അവസാനിച്ചത്. തുടക്കം മുതൽ വിപണി കയറ്റത്തിലായിരുന്നു. നിരക്കു വർധന ഉറപ്പിക്കുന്ന വിധം താെഴിലില്ലായ്മയുടെ കണക്കുകൾ വന്നു. മാസാവസാനത്തെ

ഫെഡ് യോഗത്തിൽ നിരക്കു വർധന കാൽ ശതമാനമാക്കി നിർത്താൻ താൻ സമ്മർദ്ദം ചെലുത്തുമെന്ന് അറ്റ്ലാന്റാ ഫെഡിന്റെ പ്രസിഡന്റ് പറഞ്ഞതു വിപണിക്ക് ആശ്വാസമായി. 10 വർഷ യുഎസ് കടപ്പത്രത്തിലെ നിക്ഷേപ നേട്ടം നാലു ശതമാനത്തിനു മുകളിൽ തുടർന്നു. ടെസ്ല പുതിയ തലമുറ വൈദ്യുത വാഹനം അവതരിപ്പിക്കുമെന്ന ശ്രുതികൾ തെറ്റിയത് ടെസ്ല ഓഹരി അഞ്ചു ശതമാനത്തിലധികം ഇടിയാൻ കാരണമായി. എങ്കിലും ഡൗ ജോൺസ് 1.05 ശതമാനം ഉയർന്നു ക്ലോസ് ചെയ്തു. എസ് ആൻഡ് പി 0.76 ശതമാനവും നാസ്ഡാക് 0.73 ശതമാനവും കയറി.

എന്നാൽ യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലായി. ഡൗ 56 പോയിന്റ് (0.17%) താഴ്ന്നപ്പാേൾ എസ് ആൻഡ് പി യും നാസ്ഡാക്കും 0.3 ശതമാനം വരെ ഇടിഞ്ഞു.

ഏഷ്യൻ വിപണികൾ ഇന്നു രാവിലെ നേട്ടത്തിലാണ്. ജാപ്പനീസ് വിപണി ഒന്നേകാൽ ശതമാനം ഉയർന്നു. കൊറിയൻ, തായ് വാനീസ് വിപണികളും നേട്ടം തുടർന്നു.

ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക ഒന്നര ശതമാനം കയറി. ഷാങ്ഹായ് സൂചിക കാൽ ശതമാനം നേട്ടത്തിൽ വ്യാപാരം തുടങ്ങി.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വ്യാഴാഴ്ച 17,355 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 17,464 ലേക്കു കുതിച്ചു കയറി. ഇന്നു രാവിലെ സൂചിക 17,480 നു മുകളിലെത്തിയിട്ട് 17,468 ലേക്കു താണു. ഇന്ത്യൻ വിപണി നല്ല കയറ്റത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ഇന്നലെ തുടക്കം മുതലേ ഇടിവിലായിരുന്നു. എട്ടു ദിവസത്തെ തുടർച്ചയായ ഇടിവിനു ശേഷം ലഭിച്ച ആശ്വാസ നേട്ടം അതോടെ നഷ്ടമായി. സെൻസെക്സ് 501.73 പോയിന്റ് (0.84%) ഇടിഞ്ഞ് 58,909.35ലും നിഫ്റ്റി 129 പോയിന്റ് (0.74%) താഴ്ന് 17,321.9ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.32 ഉം സ്മോൾ ക്യാപ് സൂചിക 0.17 ഉം ശതമാനം താഴ്ന്നു ക്ലോസ് ചെയ്തു.

വിപണി ക്ലോസ് ചെയ്തതിനു ശേഷം ലഭ്യമായ വിവരങ്ങൾ ഇന്നു കുതിപ്പിനു കാരണമാകുമെന്നാണു വിലയിരുത്തൽ. നിഫ്റ്റിക്ക് 17,305ലും 17,220 ലും സപ്പോർട്ട് ഉണ്ട്. 17,410 ലും 17,500 ലും തടസങ്ങൾ ഉണ്ടാകാം.

വിദേശനിക്ഷേപകർ ഇന്നലെ വലിയ വാങ്ങലുകാരായി. 20,596.11 കോടിയുടെ ഓഹരികൾ വാങ്ങി. 7825.3 കോടിയുടെ ഓഹരികൾ വിറ്റു. അറ്റ വാങ്ങൽ 12,770.81 കോടി. അദാനി ഗ്രൂപ്പിലെ വിദേശ നിക്ഷേപമാണ് ഈ കണക്കിൽ കാണുന്നത്. 15,446 കോടി രൂപ (189 കോടി ഡോളർ) യുടെ ഓഹരികളാണ് അദാനി ഗ്രൂപ്പ് പ്രാെമാേട്ടർമാർ വിറ്റത്. സ്വദേശി ഫണ്ടുകൾ 2128.8 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ക്രൂഡ് ഓയിൽ

ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. ബ്രെന്റ്‌ ഇനം 84.34 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 84.75 ഡോളറി 60ക്ക കയറി. ചൈനീസ് ഉണർവിൽ ബുധനാഴ്ച കുതിച്ച വ്യാവസായിക ലോഹങ്ങൾ ഇന്നലെ താഴ്ന്നു. ചെമ്പ് 1.9 ശതമാനം ഇടിഞ്ഞ് ടണ്ണിന് 8895 ഡോളറിലായി. അലൂമിനിയം 1.25% താഴ്ന്ന് 240 5 ഡോളറിൽ എത്തി. സിങ്ക്, ലെഡ്, ടിൻ, നിക്കൽ എന്നിവയെല്ലാം 0.55 മുതൽ 3.6 വരെ ശതമാനം താഴ്ചയിലായി.

സ്വർണം ഉയർന്ന നിലയിൽ തുടർന്നു. 1829-1841 ഡോളറിൽ കയറിയിറങ്ങിയ സ്വർണം ഇന്നു രാവിലെ 1837-1839 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 120 രൂപ വർധിച്ച് 41,400 രൂപയിലെത്തി.

രൂപ ഇന്നലെ കയറിയിറങ്ങിയ ശേഷം അൽപം താണു ക്ലോസ് ചെയ്തു. ഡോളർ 10 പെെസ കയറി 82.60 രൂപയിൽ എത്തി.

ഡോളർ സൂചിക ഇന്നലെ 105.04 വരെ കയറി. ഇന്ന് രാവിലെ 104.85ലേക്കു താഴ്ന്നു.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it